Thursday, October 13, 2011

"മേരാ ജീവന്‍ കൊറാ കാഗസ്..."

കൈയ്യിലിരുന്ന 'നോസ്തി'യുടെ പായ്ക്കറ്റുകള്‍ ദീദിയുടെ നേരെ നീട്ടിക്കൊണ്ട് അറിയാവുന്ന ഹിന്ദിയില്‍ ഞാന്‍ ചോദിച്ചു: "കേസാ ഹേ ദീദി?" (നോസ്തി: പുകയില പൊടിക്ക് ദീദി പറയുന്ന പേര്; ഏതു ഭാഷയാണാവോ)
'നോസ്തി'യുടെ പായ്ക്കറ്റിലേക്ക് ആര്‍ത്തിയോടെ നോക്കിക്കൊണ്ട്‌ എന്റെ നേരെ കൈ നീട്ടി അവര്‍ പറഞ്ഞു: "ഭാലോ അച്ചേ.... ഭാലോ അച്ചേ" (എനിക്ക് സുഖമാണ്; ബംഗാളി)
ഞാന്‍ ആ പായ്ക്കറ്റുകള്‍ അവരുടെ കൈയ്യില്‍ വച്ചുകൊടുത്തു. പുകയിലകറപിടിച്ച് കറത്തുപോയ പല്ലുകള്‍ കാട്ടി അവരെന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
ഹിന്ദിയും ബംഗാളിയും പിന്നെ ഏതൊക്കെയോ ഭാഷകളും മാറി മാറി പറയുന്ന, ഹാര്‍മോണിയം വായിച്ചു മനോഹരമായി പാടുന്ന, രണ്ടു കൈകളിലും നിറയെ നിറം പോയ അലുമിനിയം വളകളിട്ട,  നെറ്റിയില്‍ വലിയ ചുവന്ന പൊട്ടുകുത്തുന്ന, ഞങ്ങളൊക്കെ ദീദിയെന്നു വിളിക്കുന്ന പാര്‍വ്വതി ദുര്‍ഗ്ഗ ഞങ്ങളുടെ അഗതി മന്ദിരത്തില്‍ എത്തിയിട്ട് രണ്ടു മാസമേ ആയുള്ളൂ. റെയില്‍വേ സ്റ്റേഷനിൽ ആരുടെയൊക്കെയോ അക്രമത്തിനിരയായി ബോധരഹിതയായി കിടന്ന അവരെ ചില പോലീസുകാരാണ് പിന്നീട് അവിടെ കൊണ്ടുവന്നത്. അമ്പതോ അറുപതോ വയസു പ്രായം കാണും അവര്‍ക്ക്. ജീവിത ക്ലേശങ്ങള്‍ മുഖത്ത് പാടുകള്‍ വീഴ്ത്തിയെങ്കിലും ചെറുപ്പത്തില്‍ അവര്‍ക്കുണ്ടായിരുന്ന അഭൗമ സൗന്ദര്യത്തിന്റെ ശേഷിപ്പുകള്‍ ഇപ്പോഴും ആ മുഖത്തുണ്ട്. അധികമൊന്നും സംസാരിക്കില്ല; സംസാരിക്കാന്‍ അവര്‍ക്കറിയാവുന്ന ഭാഷ മനസ്സിലാകുന്നവര്‍ അവിടെ ആരുമില്ലെന്നതാണ് വാസ്തവം. എനിക്കറിയാവുന്ന മുറിഹിന്ദിയില്‍ ഞാന്‍ വല്ലപ്പോഴുമൊക്കെ എന്തെങ്കിലുമൊക്കെ ചോദിക്കും. അവര്‍ അതിനുത്തരം പറയും, പിന്നെ ദൂരേയ്ക്കങ്ങനെ നോക്കിയിരിക്കും.... അത്രമാത്രം. പിന്നെ വല്ലപ്പോഴും തന്റെ സന്തതസഹചാരിയായ ഹാര്‍മോണിയത്തില്‍ വിരലോടിച്ച് മനോഹരമായി പാടും... കിഷോര്‍ കുമാറിന്റെയും മുഹമ്മദ്‌ റാഫിയുടെയും മറ്റും പഴയ ഗാനങ്ങള്‍. 
ഞാന്‍ കൊടുത്ത 'നോസ്തി'യുടെ പായ്കറ്റ് പൊട്ടിച്ച് ഒരു നുള്ള് എടുത്ത് വായിലേക്കിട്ട് കട്ടിലിനു താഴെ നിലത്ത് ഭിത്തിയില്‍ ചാരി അവരിരുന്നു. ഡയറക്ടര്‍ അച്ചന്റെ വിലക്ക് അവഗണിച്ചും ഞാന്‍ 'നോസ്തി' വാങ്ങികൊടുത്തതിന്റെ സന്തോഷം ആ മുഖത്തുണ്ട്‌. അവരുടെ മുഖത്തെ സന്തോഷം കണ്ട് ഞാനും അല്‍പസമയം അവരുടെ കൂടെ ആ നിലത്തിരുന്നു. സംസാരത്തിനിടയില്‍ എനിക്കറിയാവുന്ന ഭാഷയില്‍ ഞാനവരോട് അവരുടെ ജീവിതത്തെപ്പറ്റി ചോദിച്ചു. എന്റെ ചോദ്യങ്ങള്‍ക്കുത്തരമായി, കുറെ ഹിന്ദിയിലും കുറെ ബംഗാളിയിലും പിന്നെ ഏതൊക്കെയോ ഭാഷകളിലും, പലതും അവ്യക്തമായി ദീദി അവരുടെ ജീവിതകഥ എന്നോട് പറഞ്ഞു. കുറെയൊക്കെ എനിക്ക് മനസ്സിലായി; കുറെയധികം മനസ്സിലായില്ല; ഇനിയും, ഞാന്‍ മനസ്സിലാക്കികൂട്ടിയതൊക്കെ എത്രത്തോളം ശരിയാണെന്ന് എനിക്കൊരു ഉറപ്പുമില്ല. എങ്കിലും, മനസ്സിലാക്കിയതൊക്കെ ചേര്‍ത്തുവച്ച് അവരുടെ ജീവിതകഥ കുറെയൊക്കെ ഞാന്‍ ഊഹിച്ചെടുത്തു. 
കല്‍ക്കട്ടാ നഗരത്തിന്റെ പ്രാന്തങ്ങളിലെവിടെയോ ആയിരുന്നു അവരുടെ വീട്. അച്ഛനെപറ്റി അവര്‍ക്കൊന്നുമറിയില്ല. അമ്മയും അഞ്ചു മക്കളും. മൂത്തവള്‍ പാര്‍വതി, പിന്നെ മൂന്നു സഹോദരിമാര്‍ ഒരു സഹോദരന്‍... പിന്നീടെപ്പോഴോ കല്‍ക്കത്തയില്‍ നിന്നും ഡല്‍ഹിയിലേക്ക് ആ അമ്മയും മക്കളും തങ്ങളുടെ ജീവിതം പറിച്ചു നട്ടു. അഞ്ചു മക്കളെയും പട്ടിണി കൂടാതെ പോറ്റാന്‍ ഡല്‍ഹി പോലൊരു നഗരമാണ് കൂടുതല്‍ നല്ലതെന്ന് ആ അമ്മക്ക് തോന്നിയിട്ടുണ്ടാവണം. അതിനിടെ അമ്മയും മരിച്ചു. അങ്ങനെ, തീരെ ചെറുപ്പത്തില്‍ തന്നെ പാര്‍വതിക്ക് തെരുവിലിറങ്ങേണ്ടി വന്നു... തീവണ്ടിയില്‍ പാടി ഭിക്ഷ തെണ്ടുന്ന ഒരു പാട്ടുകാരിയായി... 
പിന്നെ തെരുവും തീവണ്ടിസ്റേഷനും ഒക്കെയായി ദീദിയുടെ വീട്. അതിനിടയിലൊരിക്കല്‍ ഡല്‍ഹിയിലെ ഏതോ തീവണ്ടിസ്റേഷനിലെ കീഴ്ജീവനക്കാരനായ മനോഹറുമായി അവര്‍ ചങ്ങാത്തത്തിലായി... സൗഹൃദം പ്രണയത്തിലേക്ക് വളര്‍ന്നു... പിന്നെ വിവാഹം കഴിച്ചു... പക്ഷെ അയാളിലൂടെ അവര്‍ എത്തിപ്പെട്ടത് ഒരു ചുവന്ന തെരുവിലായിരുന്നു... കുറെനാള്‍ അയാളുടെ അടിമയായി അവിടെ... പിന്നെ അവിടെ നിന്നും എങ്ങനെയോ രക്ഷപെട്ടു... അതിനിടയിലെപ്പോഴോ അവര്‍ക്ക് സമനില തെറ്റിയിരുന്നു... പിന്നെയും തെരുവുകളില്‍ നിന്നും തെരുവുകളിലേക്ക്‌... ഒരു തീവണ്ടി സ്റേഷനില്‍ നിന്നും മറ്റൊന്നിലേക്ക്... ഒടുവില്‍ ഏതോ ക്രൂരമനുഷ്യന്റെ അക്രമത്തിനിരയായി കേരളത്തിലെ ഒരു സ്റ്റേഷനിൽ... ബോധരഹിതയായി.... പിന്നെ കുറെ നാള്‍ ഏതോ സര്‍ക്കാര്‍ ആശുപത്രിയില്‍.... അങ്ങനെ ഇപ്പോള്‍ ഞങ്ങളുടെ അഗതി മന്ദിരത്തില്‍...
പിന്നെയും എന്തൊക്കെയോ അവര്‍ പറഞ്ഞു... അരുന്ധതി, രാജുബാബു, ഹൗറ, ധാപ... തുടങ്ങി കുറെ പേരുകളും സ്ഥലപേരുകളും അല്ലാതെ മറ്റൊന്നും എനിക്ക് മനസ്സിലായില്ല... ജീവിതത്തിന്റെ നരകയാതനകള്‍ക്കിടയില്‍ സഹായിച്ചവരോ ഉപദ്രവിച്ചവരോ ആയ ചില മനുഷ്യരോ, കടന്നു പോയ ചില സ്ഥലങ്ങളോ ഒക്കെ ആയിരിക്കും അവയൊക്കെ എന്ന് ഞാന്‍ ഊഹിച്ചു.
ഇത്രയുമൊക്കെ പറഞ്ഞു നിര്‍ത്തി ഒരു നുള്ളുകൂടി 'നോസ്തി'യെടുത്ത് വായിലേക്കിട്ടിട്ട് എന്നോടവര്‍ ചോദിച്ചു.. " നോസ്തി കിത്നാ രൂപയാ??"
"ഏക്‌ പായ്ക്കറ്റ് കോ, സോ രൂപയെ" തമാശ മട്ടില്‍ ഞാന്‍ പറഞ്ഞു...
തന്റെ കൈയിലുള്ള ഭാണ്ഡം തുറന്ന് എന്റെ മുന്നിലേക്ക്‌ വച്ചിട്ട് അവര്‍ പറഞ്ഞു: "ലേ ലോ... ലേ ലോ"
കുറെ പഴന്തുണികളും, അലുമിനിയം വളകളും, പ്ലാസ്റിക് കുപ്പികളും അല്ലാതെ മറ്റൊന്നും അതില്‍ ഉണ്ടായിരുന്നില്ല...
"മേ തുംസെ പേസാ അഗ്‌ലി ബാര്‍ ലേലൂംഗാ...." ചിരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു...
പിന്നെ ഒന്നും ശ്രദ്ധിക്കാതെ ഹാര്‍മോണിയത്തില്‍ വിരലോടിച്ച് അകലേക്ക്‌ നോക്കി മനോഹരമായി അവര്‍ പാടാന്‍ തുടങ്ങി... "മേരാ ജീവന്‍ കൊറാ കാഗസ് കൊരഹി രേ ഗയാ..... ജോ ലിഖാ ഥാ - ആസുവോ കേ സംഗ് ബേ ഗയാ..."

Sunday, October 9, 2011

ഒരു വീഡിയോ ക്യാമറ പറഞ്ഞ കഥ

ഞാനൊരു വീഡിയോ ക്യാമറയാണ്.... ശരിക്കും ഞാനൊരു വിദേശിയാ... അങ്ങ് ജപ്പാനിലെ പാനസോണിക് എന്ന ഒരു കമ്പനിയിലാണ് എന്റെ ജനനം. പക്ഷെ ജനിച്ച ഉടനെ എന്റെ മുതലാളിമാര്‍ എന്നെ ഇങ്ങോട്ട് കൊണ്ടുപോന്നു. ഇപ്പോള്‍ കേരളത്തിലെ ഒരു നഗരത്തില്‍ അജന്തയെന്ന പേരില്‍ ഒരു സ്റ്റുഡിയോ നടത്തുന്ന ജീവന്‍ ആണ് എന്റെ മുതലാളി. ജീവന് എന്നെ എന്ത് സ്നേഹമാണെന്ന് അറിയാമോ... ഒരു പൊടി പോലും എന്റെ ദേഹത്ത് പറ്റാന്‍ സമതിക്കത്തില്ല.. ഈയിടെ എനിക്കൊരു പുതിയ കുപ്പായം വാങ്ങിത്തന്നു... എന്തു സുഖമാണെന്നോ അതിനകത്തിരിക്കാന്‍ . പിന്നെ അരുണ്‍ എന്റെ കൊച്ചുമുതലാളി, ജീവന്റെ ലൈറ്റ് ബോയ്‌, ഒരു പാവം. എന്നെ പറ്റി ഞാന്‍ ഇത്രയൊക്കെ നിങ്ങളോട് പറഞ്ഞത് എനിക്കുണ്ടായ വളരെ വ്യത്യസ്തമായ ഒരനുഭവം നിങ്ങളോട് പറയാന്‍ വേണ്ടിയാണ്.

കല്യാണങ്ങളും കലോത്സവങ്ങളും, ഫാഷന്‍ ഷോകളും ഒന്നും എനിക്കൊരു പുത്തിരി അല്ല. എവിടെ ചെന്നാലും ഞാന്‍ വിഐപിയാ.. കല്യാണത്തിനൊക്കെ ചെന്നാല്‍ ഏറ്റവും മുന്നില്‍ തന്നെ കിട്ടും എനിക്ക് സ്ഥാനം. എത്ര ഗൌരവക്കാരന്‍ ആയാലും എന്നെ കണ്ടാല്‍ എല്ലാവരും ഒന്നു ചിരിക്കും. പിന്നെ ഈ ഫാഷന്‍ ഷോയ്ക്ക് പോക്ക് ഒരു രസം തന്നെയാ.. രാത്രിയിലായിരിക്കും പരിപാടി... സുന്ദരിമാരുടെ പൂച്ചനടത്തം കണ്ട് ജീവന്റെ തോളില്‍ ഏറ്റവും മുന്നില്‍ ഗമയ്ക്കങ്ങനെ നില്‍ക്കാം.
നമുക്ക് കാര്യത്തിലേക്ക് വരാം.... പറഞ്ഞു വന്നത് എനിക്കുണ്ടായ വ്യത്യസ്തമായ ഒരനുഭവത്തെ കുറിച്ചാണ്...
തലേ ദിവസം നടന്ന ഒരു ഫാഷന്‍ഷോയുടെ ആലസ്യത്തിലായിരുന്നു എല്ലാവരും. ഞാന്‍ സ്റ്റുഡിയോയിലെ എയര്‍കണ്ടീഷന്റെ തണുപ്പില്‍ എന്റെ പതുപതുത്ത കൂട്ടിനുള്ളില്‍ ചെറിയൊരു മയക്കത്തിലായിരുന്നു. പെട്ടെന്ന് സ്റ്റുഡിയോയിലെ ടെലിഫോണ്‍ ബെല്ലടിച്ചു. ഉറക്കത്തിനു തടസം നേരിട്ടതിനെ ശപിച്ച് ഞാന്‍ വീണ്ടും കണ്ണടയ്ക്കാന്‍ ഒരുങ്ങി. മിനിട്ടുകള്‍ക്കുള്ളില്‍ ജീവന്‍ എന്റെ അടുത്തേക്ക് പാഞ്ഞു വന്ന് എന്നെയുമെടുത്തു തിരക്കിട്ട് പുറത്തേക്കു പോയി. പിന്നാലെ അരുണും. എങ്ങോട്ടാണെന്ന് ഞാന്‍ അന്വേഷിച്ചില്ല... ഒരിക്കലും അന്വേഷിക്കാറുമില്ല. ജീവന്റെ ഒമ്നിവാന്‍ നഗരത്തിരക്കിലൂടെ പാഞ്ഞു. പിന്നിലെ സീറ്റില്‍ അരുണിന്റെ മടിയില്‍ ഞാന്‍ വീണ്ടും ആലസ്യത്തില്‍ കണ്ണടച്ചു....
മിനിട്ടുകള്‍ക്കുള്ളില്‍ വണ്ടി ഒരു വലിയ കെട്ടിടത്തിനുമുന്നില്‍ പോര്‍ച്ചില്‍ നിന്നു. അതൊരു വൃദ്ധമന്ദിരം ആണെന്ന് സാഹചര്യങ്ങളില്‍ നിന്ന്‌ ഞാന്‍ ഊഹിച്ചു. വണ്ടി നിര്‍ത്തി ജീവന്‍ ധൃതിയില്‍ ചാടിയിറങ്ങി. പിന്നാലെ എന്നെയും കൊണ്ട് അരുണും. വണ്ടി വന്ന ശബ്ദം കേട്ട് അകത്തുനിന്നും നെറ്റിയില്‍ ചുവന്ന കുരിശുള്ള തലമുണ്ടണിഞ്ഞ ചെറുപ്പക്കാരിയായ ഒരു കന്യാസ്ത്രീ തിടുക്കത്തില്‍ ഇറങ്ങി വന്നു. "വേഗം പോന്നോളൂ... ആദ്യം നമുക്ക് മദറിനെ ഒന്നു കാണാം..." ജീവനും പിന്നാലെ എന്നെയും കൊണ്ട് അരുണും കന്യാസ്ത്രീയുടെ പിന്നാലെ ധൃതിയില്‍ നടന്നു. ഇരുണ്ട, നീളമുള്ള വരാന്ത... വശങ്ങളില്‍ വിശുദ്ധരുടെ ചിത്രങ്ങളും ദൈവ വചനങ്ങളും ഫ്രെയിം ചെയ്തു വെച്ചിരിക്കുന്നു. വരാന്തയുടെ അരികില്‍ ഒരു മുറി ആ കന്യാസ്ത്രീ ഞങ്ങള്‍ക്കായി തുറന്നു. ഭംഗിയായി സൂക്ഷിച്ചിരിക്കുന്ന ലളിതമായ മുറി.. മേശപ്പുറത്ത് വെളുത്ത പുതിയ റോസാപൂക്കള്‍... അടുക്കിവച്ച ചില ഫയലുകള്‍... കസേരയില്‍ പ്രായമുള്ള മറ്റൊരു കന്യാസ്ത്രീ... മദര്‍. "നിങ്ങള്‍ വേഗം തന്നെ എത്തിയത് നന്നായി.... സിസ്റര്‍... ഇവരെ അങ്ങോട്ട്‌ കൂട്ടിക്കോളൂ..." മുഖവുര കൂടാതെ മദര്‍ പറഞ്ഞു...
ഞങ്ങള്‍ മദറിന്റെയും മറ്റേ കന്യാസ്ത്രീയുടെയും പിന്നാലെ വരാന്തയുടെ മറ്റൊരു വശത്തേക്ക് നടന്നു. അവിടെയൊരു മുറിയുടെ അരികില്‍ ചെറിയൊരു ആള്‍കൂട്ടം... സ്ത്രീകളും പുരുഷന്മാരും.... എല്ലാവരും വൃദ്ധര്‍... ജീവന്‍ അരുണിന്റെ കൈയ്യില്‍ നിന്ന്‌ എന്നെ വാങ്ങി; ലൈറ്റ് ശരിയാക്കാന്‍ നിര്‍ദേശം നല്‍കി. മുറിയിലേക്ക് കടന്നപ്പോള്‍ കട്ടിലില്‍ ഒരു വൃദ്ധന്‍ അബോധാവസ്ഥയില്‍ ഊര്‍ദ്ധ്വശ്വാസം വലിക്കുന്നു. അവിടെയും കുറെ വൃദ്ധര്‍. ക്ഷൌരം ചെയ്യാത്ത മുഖങ്ങള്‍... ജീവന്‍ എന്റെ മുഖം കട്ടിലില്‍ കിടക്കുന്ന ആ വൃദ്ധന്റെ നേരെ തിരിച്ചു... അരുണ്‍ വെളിച്ചം അങ്ങോട്ടേക്ക് നീക്കിപ്പിടിച്ചു... തീക്ഷ്ണമായ ആ പ്രകാശം അയാളെ അലോസരപ്പെടുത്തുന്നു എന്ന് എനിക്ക് തോന്നി. പക്ഷെ വ്യക്തമായ ചിത്രം ലഭിക്കാന്‍ അത് അത്യാവശ്യം ആയിരുന്നതിനാല്‍ അരുണിന് വേറെ മാര്‍ഗം ഇല്ലായിരുന്നു..
മദര്‍ ആ കട്ടിലില്‍ ഇരുന്നു... അയാളുടെ കൈപിടിച്ച് എന്തൊക്കെയോ പ്രാര്‍ത്ഥനകള്‍ ചൊല്ലി കൊടുക്കുന്നു. അടുത്തു നില്‍ക്കുന്നവരും അവ്യക്തമായ രീതിയില്‍ എന്തൊക്കെയോ പ്രാര്‍ഥനകള്‍ ചൊല്ലുന്നുണ്ട്. ജീവന്‍ അതെല്ലാം സൂക്ഷ്മമായി പകര്‍ത്തി. ഇപ്പോള്‍ വൃദ്ധന്‍ ശ്വാസം വലിക്കുന്നത് ഉച്ചസ്ഥായിയിലായി... എല്ലാവരും അയാളുടെ മുഖത്തേക്ക് ഉറ്റു നോക്കുന്നു... ജീവന്‍ വീണ്ടും എന്നെ വൃദ്ധന്റെ മുഖത്തേക്ക് തിരിച്ചു....
കഴുത്തറക്കപ്പെട്ട കിളിയുടെ അവസാന പിടച്ചില്‍ പോലെ അയാള്‍... അവസാനത്തെ ശ്വാസം... പിന്നെ ശാന്തമായ നിശബ്തത...
എന്റെ നെഞ്ചു പിടഞ്ഞു.... കണ്ണ് നിറഞ്ഞു.... ആദ്യമായിട്ടാണ് ഇതുപോലൊരനുഭവം... എങ്കിലും ഭാവഭേദമില്ലാതെ ഞാന്‍ നിന്നു... അരികില്‍ നിന്നിരുന്ന വൃദ്ധരുടെ ഇടയില്‍ ചിലര്‍ തേങ്ങുന്നു... ജീവന്‍ എന്റെ കണ്ണുകളെ അവരുടെ നേരെയും തിരിച്ചു.. എല്ലാവരും പതുക്കെ പിരിയുന്നു...
മുറിയില്‍ ഇനിയൊന്നും ചിത്രീകരിക്കാന്‍ ഇല്ലെന്നു കണ്ട ജീവന്‍ എന്നെയും കൊണ്ട് പുറത്തു കടന്നു... എന്നെ കണ്ടപ്പോള്‍ പുറത്തു നിന്ന വൃദ്ധരില്‍ ചിലരുടെ മുഖത്ത് പുഞ്ചിരി... അരുണ്‍ അവരെ ശാസിച്ചു... "നിങ്ങള്‍ക്ക് ചിരിക്കാതിരുന്നുകൂടെ".
"സാരമില്ല നമുക്കത് മായിച്ചു കളയാം". ജീവന്‍ അരുണിനെ ശാന്തമാക്കി.
വരാന്തയിലൂടെ ഞങ്ങള്‍ പുറത്തേക്കു നടന്നു... പുറത്തെ പൂന്തോട്ടത്തില്‍ ഒരു ബെഞ്ചില്‍ ഞങ്ങള്‍ ഇരുന്നു... അവിടെയുള്ള മനോഹരമായ കുറെ പൂവുകള്‍ ജീവന്‍ ചിത്രീകരിച്ചു... സമയം കടന്നു പോകുന്നു....
അതിനിടയില്‍ മദര്‍ പുറത്തേക്കു വന്നു... "മണിക്കൂര്‍ ഒന്നായി ആംബുലന്‍സ് വരാമെന്ന് പറഞ്ഞിട്ട്... ഇതു വരെ എത്തിയിട്ടില്ല..." അക്ഷമയോടെ അവര്‍ പറഞ്ഞു... ജീവന്‍ തല കുലുക്കി. സമയം വീണ്ടും മുന്നോട്ടു പോകുന്നു. വീണ്ടും ഒരു മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നു ആംബുലന്‍സ് വരാന്‍... ആംബുലന്‍സ് ഗെയ്റ്റ് കടന്നു വരുന്നത് കണ്ട് ജീവന്‍ പെട്ടെന്ന് എന്നെയുംകൊണ്ട് ചാടിയെണീറ്റു. പോര്‍ച്ചില്‍ വണ്ടി നിര്‍ത്തി, ക്യാമറ കണ്ട് ചിരിച്ചു കൊണ്ട് ഡ്രൈവര്‍ ചാടിയിറങ്ങി.. "നിങ്ങള്‍ ചിരിക്കാതെ വരൂ..." അരുണ്‍ വീണ്ടും ഒരു ഡയറക്ടരുടെ റോള്‍ ഏറ്റെടുക്കുകയാണ്. "അതിനെന്താ.. ഇപ്പോള്‍തന്നെ ശരിയാക്കാം..." അയാള്‍ തിരിച്ച് വണ്ടിയിലേക്ക് കയറി.... വണ്ടി പിന്നോട്ടെടുത്ത് വീണ്ടും മുന്നോട്ടു വന്നു... പഴയതുപോലെ തന്നെ വണ്ടി നിര്‍ത്തി അയാള്‍ ചാടി ഇറങ്ങി... ഇത്തവണ അയാള്‍ ചിരിച്ചില്ല... ആ ഷോട്ട് ഗംഭീരമായി...!
അടുത്ത ഷോട്ടില്‍ നാലുപേര്‍ വൃദ്ധന്റെ മൃതശരീരവുമായി ആംബുലന്‍സിലേക്ക്... പിന്നെ കടല്‍ തീരത്തെ ചിതയില്‍ അസ്തമയ സൂര്യനൊപ്പം എരിയുന്ന വൃദ്ധന്‍.... "ഈ ഷോട്ടുകള്‍ക്കിടയില്‍ മുമ്പ് കണ്ട ആ വൃദ്ധരുടെയോ ആ കന്യാസ്ത്രീകളുടെയോ ചില ദൃശ്യങ്ങള്‍കൂടി ചേര്‍ത്താലോ...?" എഡിറ്റിംഗ് റൂമിലിരുന്ന് ജീവന്‍ അരുണിനോട് അഭിപ്രായം ചോദിക്കുകയാണ്...
ടെലിഫോണ്‍ ബെല്ലടിക്കുന്നു...കോപ്പികള്‍ റെഡിയായോ എന്നറിയാന്‍ മദര്‍ ആണ്...
"ഇന്ന് വൈകുന്നേരത്തോടെ റെഡി ആകും... എഡിറ്റിംഗ് നടന്നു കൊണ്ടിരിക്കുകയാണ്". ജീവന്‍ മറുപടി പറഞ്ഞു...
"മക്കളൊക്കെ വിളിച്ച് ശല്യപ്പെടുത്തികൊണ്ടിരിക്കുകയാണ്... കിട്ടിയാല്‍ വേഗം അവര്‍ക്കൊക്കെ അയച്ചുകൊടുക്കാമായിരുന്നു". മദര്‍ പറഞ്ഞു.
"എത്ര കോപ്പികള്‍ വേണ്ടി വരും....?" ജീവന്‍ ചോദിച്ചു.
"അല്ലാ ... അതു പറഞ്ഞില്ലേ... ഒന്നും രണ്ടും അല്ലല്ലോ മക്കള്‍ ... ഏഴു കോപ്പികള്‍ വേണം". മദറിന്റെ മറുപടി.
ജീവന്റെ മുന്നിലിരിക്കുന്ന മോണിറ്ററില്‍ അസ്തമയസൂര്യന്റെ ബാക്ഗ്രൌണ്ടില്‍ ചിത എരിയുകയാണ്...
ഏഴു മക്കള്‍ക്ക്‌ ജന്മം നല്‍കി... കണ്ണിലെ കൃഷ്ണമണിപോലെ നോക്കിവളര്‍ത്തി... അധ്വാനിച്ച് അവരെ വലിയവരാക്കിയ ഒരു മനുഷ്യന്‍.... അനാഥനായി അവിടെ എരിഞ്ഞുതീരുന്നു.
ഞാന്‍ പതിവുപോലെ എന്റെ പഞ്ഞികൂടിനുള്ളില്‍ ചുരുണ്ടുകൂടി.... മനസ്സില്‍ എവിടെയോ ഒരു നീറ്റല്‍ ..