Tuesday, January 11, 2022

സിനഡാലിറ്റിയെപ്പറ്റിയുള്ള സിനഡ്: ചര്‍ച്ചാ സഹായി

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വത്തില്‍ ആഗോള മെത്രാന്മാരുടെ പതിനാറാമത് പൊതുസമ്മേളനം 2023 ഒക്ടോബറില്‍ നടക്കുകയാണ്.  സമ്മേളനത്തില്‍ 'ഒരു സിനഡല്‍ സഭയ്ക്കായി: കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം' എന്ന വിഷയത്തെപ്പറ്റി ചിന്തിക്കാനാണ് മാര്‍പാപ്പ ആവശ്യപ്പെടുന്നത്. 

സാര്‍വത്രിക സുനഹദോസുകളുടെ ചെറിയ പതിപ്പായി, മെത്രാന്മാരുടെ ആലോചനാ സമ്മേളനം എന്ന വിധത്തില്‍ വിശുദ്ധ പോള്‍ ആറാമന്‍ മാര്‍പാപ്പ 1965 ല്‍ 'അപ്പൊസ്തോലിക്ക സോളിചിത്തുദൊ' എന്ന സ്വാധികാര (motu proprio) അപ്പസ്തോലിക പ്രമാണരേഖ വഴിയാണ് സാര്‍വത്രികസഭയുടെ മെത്രാന്‍ സിനഡ് രൂപീകരിച്ചത്. ഇത്തരത്തിലുള്ള മെത്രാന്മാരുടെ പതിനാറാമത് പൊതു സമ്മേളനം 2023 ഒക്ടോബര്‍ മാസത്തില്‍ വത്തിക്കാനില്‍ വച്ച് നടക്കുകയാണ്. 1965 ലെ പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ പ്രമാണരേഖയുടെ തുടര്‍ച്ചയായി 2018 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പുറപ്പെടുവിച്ച 'എപ്പിസ്കോപാലിസ് കൊമ്മ്യൂണിയോ' എന്ന പ്രമാണരേഖ ആഗോള സഭയുടെ മെത്രാന്‍ സിനഡിനെ മൂന്നു ഘട്ടങ്ങളിലായി സജ്ജീകരിക്കാന്‍ ആവശ്യപ്പെടുന്നു. ഒരുക്കത്തിന്‍റെ ഘട്ടം, കൂടിയാലോചനകളുടെ ഘട്ടം, തീരുമാനങ്ങള്‍ നടപ്പിലാക്കുന്ന ഘട്ടം എന്നിവയാണവ. ഇവയില്‍ കൂടിയാലോചനകളുടെ ഘട്ടത്തിലും തീരുമാനങ്ങള്‍ നടപ്പിലാക്കുന്ന ഘട്ടത്തിലും പ്രാദേശിക സഭകള്‍ക്ക്, പ്രത്യേകിച്ച് രൂപതകള്‍ക്ക് സവിശേഷമായ ഉത്തരവാദിത്വവും പങ്കാളിത്ത വുമുണ്ട്.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഈ പുതിയ പ്രമാണരേഖയുടെ അടിസ്ഥാനത്തില്‍ വിളിച്ചു ചേര്‍ക്കപ്പെടുന്ന ആദ്യത്തെ മെത്രാന്മാരുടെ പൊതുസമ്മേളനമാണ് 2023 ല്‍ നടക്കാന്‍ പോകുന്നത്. ഈ സമ്മേളനത്തിന്‍റെ കൂടിയലോചന കള്‍ക്കായി രണ്ട് വര്‍ഷക്കാലമാണ് നല്‍കപ്പെട്ടിരിക്കുന്നത്.

2023 ഒക്ടോബര്‍ മാസത്തില്‍ നടക്കുന്ന മെത്രാന്മാരുടെ പതിനാറാമത് സമ്മേളനത്തില്‍ "ഒരു സിനഡല്‍ സഭയ്ക്കായി: കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം" എന്ന വിഷയത്തെപ്പറ്റി ചിന്തിക്കാനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെടുന്നത്. കൃത്യമായും മൂന്നാം സഹസ്രാബ്ദത്തിലെ സഭയില്‍ നിന്ന് ദൈവം പ്രതീക്ഷിക്കുന്നത് ഈ 'സിനഡാലിറ്റി'യാണെന്ന് അദ്ദേഹം ഉദ്ബോധി പ്പിക്കുന്നു.

'സിനഡാലിറ്റി' എന്ന വാക്കുകൊണ്ട് സഭയുടെ ജീവിതത്തിലും ദൗത്യത്തിലും മുഴുവന്‍ ദൈവജനത്തിന്‍റെയും പങ്കാളിത്തം എന്ന ആശയമാണ് സൂചിപ്പിക്കപ്പെടുന്നത്. സിനഡ് എന്ന പദം ഗ്രീക്ക് ഭാഷയിലെ സിനോദോസ് എന്ന പദത്തില്‍ നിന്നുമാണ് ഉത്ഭവിക്കുന്നത്. ഗ്രീക്കിലെ സിന്‍ (syn), ഹോദോസ് (hodos) എന്നീ രണ്ട്  പദങ്ങളുടെ സങ്കലനമാണ് ഇത്. 'സിന്‍' എന്നാല്‍ ഒരുമിച്ച് എന്നും ഹോദോസ് എന്നാല്‍ വഴി, യാത്ര എന്നുമാണ് അര്‍ത്ഥം. അതായത് സിനോദോസ് എന്നാല്‍ ഒരുമിച്ച് യാത്ര ചെയ്യുകയെന്നര്‍ത്ഥം. 

'ഒരു സിനഡല്‍ സഭയ്ക്കു വേണ്ടി: കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതത്വം' എന്ന പേരില്‍ ഈ കൂടിയാലോചനകളെ സഹായിക്കുന്നതിനു വേണ്ടി  2021 സെപ്റ്റംബര്‍ ഏഴിന് തയ്യാറെടുപ്പിനുള്ള മാര്‍ഗ്ഗരേഖയും പ്രവര്‍ത്തന മാര്‍ഗ്ഗരേഖയും വത്തിക്കാനില്‍ നിന്ന് പ്രസിദ്ധീകൃതമായി. 2021 ഒക്ടോബര്‍ 10ന് ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിയാലോചനകളുടെ ഘട്ടം ഉദ്ഘാടനം ചെയ്യുകയുണ്ടായി. 

വത്തിക്കാന്‍ സിനഡല്‍ കാര്യാലയത്തില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ച്, 2022 ആഗസ്റ്റ് 15നുള്ളില്‍ കൂടിയാലോചനകളുടെ റിപ്പോര്‍ട്ടുകള്‍ സിനഡല്‍ കാര്യാലയത്തിനു നല്‍കണം.

പ്രാദേശികസഭകളിലെ കൂടിയാലോചനകള്‍ 

പ്രാദേശികസഭയില്‍ കൂടിയാലോചനകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി മാര്‍ഗനിര്‍ദേശക രേഖയില്‍ കൃത്യമായി പറയുന്നുണ്ട്. രൂപതയിലെ വൈദികര്‍, സന്യസ്തര്‍, അല്മായര്‍, മറ്റ് ക്രൈസ്തവ സഭാംഗങ്ങള്‍, മറ്റു മതസ്ഥര്‍ തുടങ്ങി സമൂഹത്തിലെ എല്ലാ മനുഷ്യരെയും കേള്‍ക്കുന്ന, സഭയെക്കുറിച്ചുള്ള അവരുടെ പ്രതീക്ഷകളും അഭിപ്രായങ്ങളും ഉത്കണ്ഠകളും വിമര്‍ശനങ്ങളും, വിലയിരുത്തലുകളും, തിരുത്തലുകളും പങ്കുവയ്ക്കപ്പെടുന്ന വേദികളായി ഈ പ്രാദേശിക (രൂപതാതല) കൂടിയാലോചനകള്‍ മാറണം എന്ന് ഈ രേഖ ഉദ്ബോധിപ്പിക്കുന്നു. ഏറ്റവും പ്രധാനമായി സമൂഹത്തിന്‍റെ മുഖ്യധാരയില്‍ നിന്നും മാറ്റി നിറുത്തപ്പെട്ടവരും അവഗണിക്കപ്പെട്ടവരും എന്നിങ്ങനെ സാധാരണമായി കേള്‍ക്കപ്പെടാതെ പോകുന്ന സ്വരങ്ങളെ കേള്‍പ്പിക്കാനുള്ള ശ്രമം ബോധപൂര്‍വ്വകമായി ഉണ്ടാകണമെന്ന് ഓര്‍മ പ്പെടുത്തുന്നു. 

ഓരോ രൂപതയും പ്രാദേശിക സഭകളും തങ്ങളുടെ പ്രത്യേകസാഹചര്യങ്ങള്‍ മനസിലാക്കിക്കൊണ്ട് കൂടിയാലോചനകളുടെ ഈ ഘട്ടം നിര്‍വഹിക്കേ ണ്ടതുണ്ട്. കൂടിയാലോചനകള്‍ക്കു വേണ്ടി കൃത്യമായ മാര്‍ഗദര്‍ശനങ്ങള്‍ പ്രവര്‍ത്തന മാര്‍ഗ്ഗരേഖയുടെ അഞ്ചാം ഭാഗം നല്‍കുന്നുണ്ട്. അവയില്‍ നിന്ന് ഓരോ രൂപതയും പ്രാദേശികസഭകളും തങ്ങള്‍ക്ക് പ്രസക്തമായ വിഷയങ്ങള്‍ തിരഞ്ഞെടുക്കുകയും അതാത് പ്രദേശങ്ങള്‍ക്ക് പ്രസക്തമായ തനതു വിഷയങ്ങള്‍ കണ്ടെത്തുകയും ചെയ്യേണ്ടതുണ്ട്.

അടിസ്ഥാനപരമായ ചോദ്യങ്ങള്‍

നിങ്ങളുടെ രൂപതയില്‍, ഇടവകയില്‍ ഉണ്ടായിട്ടുള്ള ഏതനുഭവങ്ങള്‍ ആണ് സിനഡാലിറ്റി എന്ന വാക്ക് നിങ്ങളുടെ മനസ്സിലേക്ക് കൊണ്ട് വരുന്നത്?

അവ സന്തോഷമാണോ, മുറിവുകള്‍ ആണോ, പ്രതിസന്ധികള്‍ ആണോ നിങ്ങള്‍ക്ക് നല്‍കിയത്?

സ്ഥിരീകരിക്കപ്പെടേണ്ട ഘടകങ്ങള്‍, വ്യത്യാസപ്പെടുത്തേണ്ട ഘടകങ്ങള്‍, എടുക്കേണ്ട നടപടികള്‍ ഏവ?

ചോദ്യാവലിയില്‍ കണ്ടെത്തേണ്ട പ്രമേയപരമായ പത്തുകാര്യങ്ങള്‍

തയ്യാറെടുപ്പിനു വേണ്ടിയുള്ള സഹായക ഗ്രന്ഥത്തിന്‍റെ മുപ്പതാമത്തെ ഖണ്ഡികയില്‍ സജീവമായ ചര്‍ച്ചകളിലേക്ക് വഴിതെളിക്കാന്‍ സഹായിക്കുന്ന പത്ത് പ്രമേയങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 

1. സഞ്ചാരത്തിലെ സഹകാരികള്‍-ഒരുമിച്ച് യാത്ര ചെയ്യുന്ന സുഹൃത്തുക്കള്‍: ആരൊക്കെ ഒപ്പമുണ്ട്, ഒപ്പമില്ല, ആരൊക്കെ ചേര്‍ക്കപ്പെടണം?

2. ശ്രവണം-കേള്‍ക്കാനുള്ള മനസ്, മുന്‍വിധികളില്ലാതെ ശ്രവിക്കണം.

3. എല്ലാവര്‍ക്കും തുറന്ന് സംസാരിക്കാനുള്ള അവസരം, സംസാരിക്കാനുള്ള ധൈര്യവും സത്യസന്ധതയും.

4. ഒരുമിച്ചുള്ള യാത്രയെ ശക്തിപ്പെടുത്തുന്ന വിശുദ്ധ കുര്‍ബാനയുടെ ആഘോഷം: വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിലും മറ്റ് ആചരണങ്ങളിലും പങ്കാളിത്തം എങ്ങനെ ഉറപ്പുവരുത്താം?

5. പ്രേഷിത ദൗത്യങ്ങളില്‍ കൂട്ടുത്തരവാദിത്വം എങ്ങനെ ഉറപ്പുവരുത്താം?

6. സംവാദങ്ങള്‍ക്കുള്ള അവസരങ്ങള്‍ എത്രമാത്രം തുറന്നു കൊടുക്കപ്പെടുന്നു?

7. ഇതര ക്രൈസ്തവ സമൂഹങ്ങളും ഇതര മതങ്ങളുമായുള്ള സഹകരണവും ബന്ധങ്ങളും വളര്‍ത്താന്‍ ഏതു രീതിയിലുള്ള ശ്രമം നടത്തുന്നു?

8. അധികാരവും പങ്കാളിത്തവും: രൂപതയില്‍ അധികാരം വിനിയോഗി ക്കപ്പെടുന്നത് എങ്ങനെ?

9. വിവേചിച്ചറിയലും തീരുമാനങ്ങളും.

10. സിനഡാത്മകതയില്‍ നമ്മെത്തന്നെ എങ്ങനെ രൂപീകരിക്കുന്നു?: ഒരുമിച്ചു നടക്കാന്‍ സ്വയം പരിശീലിപ്പിക്കല്‍.

രൂപതാതല നടപടികളുടെ മാതൃക

കേവലം ചോദ്യാവലികളോട് പ്രതികരിക്കുക എന്നതിനേക്കാള്‍ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ട് പരസ്പരം ശ്രവിച്ച് ഒരുമിച്ച് മുന്നോട്ടു പോകാനുള്ള ശ്രമവും, സമൂഹത്തില്‍ നിന്ന് മാറ്റി നിറുത്തപ്പെട്ടവരെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും വിസ്മരിക്കപ്പെട്ടവരെയും ഒരുമിച്ച് നിറുത്താനുള്ള ശ്രമവും ഉണ്ടാകണം.

സുവിശേഷവത്കരണം ലക്ഷ്യമാക്കിയുള്ള സഭയുടെ ജീവിതത്തിന്‍റെ എല്ലാ തലങ്ങളിലും പരിശുദ്ധാത്മാവിന്‍റെ നിമന്ത്രണങ്ങള്‍ക്കനുസരിച്ച് ഒരുമിച്ച് യാത്ര ചെയ്യാന്‍ ദൈവ ജനത്തെ ഒന്നാകെ ഒരുക്കുകയെന്ന ലക്ഷ്യമാണ് വരാന്‍ പോകുന്ന ഈ സിനഡ് മുന്നോട്ടു വയ്ക്കുന്നത്.