Wednesday, July 6, 2022

സിനഡാത്മക ഗാർഹിക സഭ

കുടുംബം ഗാർഹികസഭയാണ് എന്ന് വിശേഷിപ്പിച്ചത് രണ്ടാം വത്തിക്കാൻ സുനഹദോസാണ്. ജനതകളുടെ പ്രകാശം എന്ന പ്രമാണരേഖ (LG 11) കുടുംബത്തെ ഗാർഹികസഭ എന്നു വിളിച്ചതിന്റെ അർത്ഥം കുടുംബം എന്നത് സഭയുടെ ഏറ്റവും അടിസ്ഥാനപരമായ ഘടകം ആണെന്നതുമാത്രമല്ല, ക്രിസ്തീയ കുടുംബത്തിന് സഭയുടെ ദൗത്യവും സ്വഭാവവും ഉണ്ടെന്ന് സൂചിപ്പിക്കാൻ കൂടിയാണ്.

2023 ഒക്ടോബർ മാസത്തിൽ ആഗോള മെത്രാന്മാരുടെ പതിനാറാമത്‌ പ്രത്യേക സമ്മേളനം ഫ്രാൻസിസ് മാർപ്പാപ്പ റോമിൽ വെച്ച് വിളിച്ചുചേർത്തിരിക്കുകയാണല്ലോ. പങ്കാളിത്ത സ്വഭാവമുള്ള സഭ: കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിത ദൗത്യം എന്നവിഷയത്തെപ്പറ്റി ഈ സിനഡിൽ ചർച്ചചെയ്യപ്പെടണം എന്നാണ് മാർപ്പാപ്പ ആഗ്രഹിക്കുന്നത്. അതിന്റെ ഭാഗമായി വിവിധ ചർച്ചകളും വിഷയങ്ങളുടെ ക്രോഡീകരണവും നടന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കുടുംബം ഹ്രസ്വരൂപത്തിൽ ഉള്ള സഭ അഥവാ ഗാർഹിക സഭ എന്ന നിലയിൽ ഈ പങ്കാളിത്ത സ്വഭാവം എങ്ങനെ പ്രകടമാക്കണം എന്ന് ചിന്തിക്കുന്നത് അനുപേക്ഷണീയമാണ്.

കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതദൗത്യം 

പരിശുദ്ധാത്മാവിനാൽ നിറഞ്ഞ സഭയിൽ കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിത ദൗത്യത്തിന്റെ കാര്യക്ഷമമായ നിർവഹണം എന്നിവ ഉണ്ടാകണമെന്ന് ഈ സിനഡിന്റെ പ്രഖ്യാപനത്തിലൂടെ മാർപാപ്പ ഓർമ്മപ്പെടുത്തുകയാണ്.  ഈ മൂന്നു ഘടകങ്ങളും ഉണ്ടാവുക എന്നത് ഗാർഹിക സഭയായ കുടുംബങ്ങളുടെയും അനിവാര്യതയാണ്. 

കൂട്ടായ്മ എന്ന പദംകൊണ്ട് അർത്ഥമാക്കുന്നത് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും ഐക്യത്തിൽ ഒന്നായിരിക്കുന്ന ജനമെന്നാണ്. അതായത്, ത്രീത്വത്തിന്റെ സ്നേഹത്തിലുള്ള ഐക്യം പോലെ കുടുംബാംഗങ്ങൾ സ്നേഹത്തിൽ ഐക്യപ്പെടാൻ കഴിയുക എന്നത് ക്രിസ്തീയ കുടുംബങ്ങളുടെ അടിസ്ഥാനപരമായ ദൗത്യമാണ്. ഓരോ വ്യക്തിയും വ്യത്യസ്തതകൾ ഉള്ളവർ തന്നെയാണ്. എന്നാൽ എന്നാൽ ഈ വ്യത്യസ്തതകൾക്ക് എല്ലാം ഉപരി സ്നേഹത്തിൽ ഒന്നാകാൻ ദമ്പതികൾക്കും അവരുടെ മക്കൾക്കും സാധിക്കുമ്പോൾ ഗാർഹിക സഭയെന്ന നിലയിൽ കുടുംബങ്ങൾ ത്രീത്വത്തിന്റെ സമാനതയിലേക്ക് വളരും 

പരിശുദ്ധാത്മാവിൽ നിന്ന് തങ്ങൾ ഓരോരുത്തരും സ്വീകരിച്ച ദാനങ്ങളിലൂടെ പരസ്പരം ശുശ്രൂഷിക്കാൻ ഓരോ കുടുംബാംഗങ്ങളും യോഗ്യരാക്കപ്പെടുകയും വിളിക്കപ്പെടുകയും ചെയ്തിരിക്കുന്നു എന്ന വസ്തുതയിലാണ് പങ്കാളിത്തം അടിസ്ഥാനപെട്ടിരിക്കുന്നത്. കുടുംബങ്ങളിൽ എടുക്കപ്പെടുന്ന തീരുമാനങ്ങളിൽ ദൈവത്തിന്റെ ഇഷ്ടത്തോട് അനുരൂപപ്പെടുന്നതിനും, പരസ്പരം ശ്രവിക്കാനും വിശകലനം ചെയ്യാനും സംവദിക്കാനും വിവേചിക്കാനും ഉപദേശം നൽകാനും സ്വീകരിക്കാനും കുടുംബം ഒരുമിച്ച്‌  അതിൻറെ അംഗങ്ങളുടെ വൈവിധ്യത്തിലും സ്വാതന്ത്ര്യത്തിലും സമ്പന്നതയിലും വിളിക്കപ്പെട്ടിരിക്കുന്നു. ഈ തീരുമാനങ്ങളിൽ കുടുംബത്തിലെ ഏറ്റവും ചെറിയ അംഗത്തിന്റെ സാന്നിധ്യം കൂടി ഉണ്ടാകുമ്പോഴാണ് പങ്കാളിത്ത സ്വഭാവം അതിന്റെ പൂർണ്ണതയിൽ സംജാതമാവുക.

സഭ നിലകൊള്ളുന്നത് സുവിശേഷവൽക്കരണത്തിനു വേണ്ടിയാണ്. മനുഷ്യകുടുംബത്തിന്റെ മുഴുവൻ മധ്യത്തിൽ ദൈവത്തിന്റെ സ്നേഹത്തിന് സാക്ഷ്യം വഹിക്കുക എന്നതാണ് നമ്മുടെ പ്രേഷിത ദൗത്യം. ഗാർഹിക സഭയായ കുടുംബത്തിന്റെയും ദൗത്യം മറ്റൊന്നല്ല. സുവിശേഷത്തിന് സവിശേഷമായ സാക്ഷ്യം നൽകാൻ ഓരോ കുടുംബങ്ങൾക്കും കഴിയും. ഇത്തരത്തിൽ ദൈവരാജ്യത്തിന്റെ വരവിനായുള്ള ശുശ്രൂഷയിലെ പുളിമാവ് എന്ന നിലയിൽ കുടുംബങ്ങൾ കൂടുതൽ ഫലപ്രദമായി സുവിശേഷവത്കരണം ദൗത്യം പൂർത്തിയാക്കുക എന്നതിനുള്ള വഴിയാണ് സിനഡാത്മകത. ദമ്പതികളുടെ മാതൃകാപരമായ ജീവിതം, മക്കളുടെ കാര്യക്ഷമമായ വിശ്വാസപരിശീലനം, കുടുംബാംഗങ്ങൾ ഒന്നിച്ചു ചെയ്യുന്ന ഉപവി പ്രവർത്തനങ്ങൾ, സ്നേഹത്തിൽ അധിഷ്ഠിതമായ അയൽപക്ക ബന്ധങ്ങൾ, സാമൂഹിക സാംസ്കാരിക മേഖലകളിലെ ഇടപെടലുകൾ എന്നിവയൊക്കെ ഈ പ്രേഷിത ദൗത്യത്തിന്റെ പൂർത്തീകരണമാണ്.

മൂന്നാം സഹസ്രാബ്ദത്തിലെ സഭ ഒരു സിനഡാത്മക സഭ ആയിരിക്കണം എന്ന ലക്ഷ്യത്തോടെ നാം മുന്നോട്ട് നീങ്ങുമ്പോൾ ആ ലക്ഷ്യത്തിലേക്ക് അടിസ്ഥാനപരമായി നമ്മുടെ കുടുംബങ്ങളും വളരേണ്ടതുണ്ട്.