2025 ജൂബിലിയുടെ സമാരംഭം
ജൂബിലി വർഷങ്ങളുടെ പാരമ്പര്യം
കത്തോലിക്കാ സഭയിലെ ജൂബിലി വർഷം കൃപയുടെയും, കൃതജ്ഞതയുടെയും, അനുരഞ്ജനത്തിൻ്റെയും തീർത്ഥാടനത്തിൻ്റെയും ഒരു പ്രത്യേക ആഘോഷമാണ്. പരമ്പരാഗതമായി 25 വർഷത്തിലൊരിക്കൽ ആണ് ഈ ജൂബിലി ആഘോഷം നടത്തുന്നത്. ദൈവവുമായും സഹജീവികളുമായും അനുരഞ്ജനം തേടാനും, ദൈവവുമായുള്ള അവരുടെ ബന്ധം കൂടുതൽ ആഴത്തിലാക്കാനും വിശ്വാസികൾക്ക് ഈ ആഘോഷങ്ങൾ അവസരം ഒരുക്കുന്നു. സാധാരണ ജൂബിലി വർഷങ്ങൾക്ക് ഈ പതിവ് മാതൃക പിന്തുടരുമ്പോൾ, പ്രത്യേക ആത്മീയ ആവശ്യങ്ങൾ അഭിസംബോധന ചെയ്യാൻ 'അസാധാരണമായ ജൂബിലി' വർഷങ്ങൾ മാർപാപ്പമാർ പ്രഖ്യാപിക്കാറുണ്ട്. ഉദാഹരണത്തിന്, 2016-ലെ കരുണയുടെ വർഷം ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച അസാധാരണ ജൂബിലി വർഷം ആയിരുന്നു. നാം ജീവിക്കുന്ന ഈ വർത്തമാന കാലത്ത്, ദൈവത്തിൻ്റെ കരുണയിലും വിശ്വാസത്തിൻ്റെ പ്രാധാന്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഈ ജൂബിലി വിശ്വാസികളെ പ്രോത്സാഹിപ്പിച്ചു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ നേതൃത്വത്തിൽ നടന്ന 2000-ലെ മഹാ ജൂബിലിക്ക് ശേഷം, 2025 ജൂബിലി, 21-ാം നൂറ്റാണ്ടിലെ ആദ്യത്തെ സാധാരണ ജൂബിലിയെ അടയാളപ്പെടുത്തുന്നു. മഹാ ജൂബിലി ആചരണം, പുതിയ സഹസ്രാബ്ദത്തിൻ്റെ ഉദയം ആഘോഷിക്കുകയും, ക്രിസ്തുവിനോടുള്ള പ്രതിബദ്ധത പുതുക്കാൻ വിശ്വാസികളെ പ്രാപ്തരാക്കുകയും ചെയ്തു.
വിശുദ്ധ വാതിലിൻ്റെ പ്രാധാന്യം
ജൂബിലി ആഘോഷങ്ങളുടെ ഒരു പ്രധാന ശ്രദ്ധാകേന്ദ്രം, വിശുദ്ധ വാതിൽ (Holy Door) ആണ്, റോമിലെ പ്രധാന ബസിലിക്കകളിൽ പരമ്പരാഗതമായി മുദ്രയിട്ട് അടച്ചിട്ടിരിക്കുന്നതും, ജൂബിലി വർഷങ്ങളിൽ മാത്രം തുറക്കുന്നതുമായ ഒരു വാതിൽ. ശരിയായ ആത്മീയ മനോഭാവങ്ങളോടെ ഈ വാതിലിലൂടെ കടന്നുപോകുന്ന തീർത്ഥാടകർക്ക് പൂർണ്ണമായ ദണ്ഡവിമോചനം ലഭിക്കും എന്ന് സഭ പഠിപ്പിക്കുന്നു. 2024 ഡിസംബർ 24-ന് സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ വാതിൽ മാർപ്പാപ്പ തുറക്കുന്നത് ജൂബിലി വർഷത്തിൻ്റെ ആരംഭത്തെ സൂചിപ്പിക്കുന്ന ഒരു ആചാരപരമായ പ്രവൃത്തിയാണ്. ക്രിസ്തുവുമായുള്ള ആഴത്തിലുള്ള കൂട്ടായ്മയിലേക്ക് സഭാംഗങ്ങൾ ഒരുമിച്ച് പ്രവേശിക്കുന്നതിൻ്റെ പ്രതീകാത്മകമായ ആചാരം എന്ന നിലയിൽ, ഈ വാതിലിലൂടെ നടക്കാൻ എല്ലാ വിശ്വാസികൾക്കും ഉള്ള ക്ഷണമാണിത്.
ആഗോളസഭയിലെ ആഘോഷങ്ങൾ
2025 ജൂബിലിയുടെ സാർവത്രിക സ്വഭാവം വ്യക്തമാക്കുന്നതിന് , ലോകമെമ്പാടുമുള്ള എല്ലാ കത്തോലിക്കാ കത്തീഡ്രലുകളിലും 2024 ഡിസംബർ 29-ന് ജൂബിലി വർഷത്തിൻ്റെ യുക്തമായ ഉദ്ഘാടനം ആഘോഷിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ നിർദ്ദേശിച്ചു. ജൂബിലിയുടെ ആത്മീയ നേട്ടങ്ങൾ എല്ലാ വിശ്വാസികൾക്കും പ്രാപ്യമാണെന്ന് ഇത് ഉറപ്പാക്കുന്നു. റോമിലേക്ക് യാത്ര ചെയ്യുവാനും അവിടുത്തെ വിശുദ്ധ വാതിലിലൂടെ പ്രവേശിക്കാനും എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല. പ്രാദേശിക സഭകളിലെ ഈ പ്രത്യേക ആഘോഷങ്ങൾ അതിനായി അവരെ പ്രാപ്തരാക്കുകയും, അവരുടെ ആഘോഷങ്ങളിൽ പ്രാദേശിക പാരമ്പര്യങ്ങൾ ഉൾപ്പെടുത്താൻ അവസരം നൽകുകയും ചെയ്യുന്നു. അങ്ങനെ വൈവിധ്യമാർന്ന സാംസ്കാരിക പ്രകടനങ്ങളിലൂടെ ഈ ആഘോഷത്തെ വിശ്വാസത്തിൻ്റെ ഊർജ്ജസ്വലമായ പ്രകടനമാക്കി മാറ്റാൻ സാഹചര്യമൊരുങ്ങുന്നു. ആഗോള പങ്കാളിത്തത്തിന് മാർപ്പാപ്പ നൽകുന്ന ഈ ഊന്നൽ, വൈവിധ്യത്താൽ സമ്പന്നമായ ഒരു സഭയെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ - സഭയുടെ - വിശാലമായ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നതാണ്.
ആത്മീയ വളർച്ചയ്ക്കുള്ള അവസരങ്ങൾ
ജൂബിലി 2025 ആഘോഷങ്ങൾ ആത്മീയ വളർച്ചയ്ക്കും നവീകരണത്തിനും ധാരാളം അവസരങ്ങൾ നൽകും. പ്രത്യാശ എന്ന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, ധ്യാനങ്ങൾ, കർമ്മ പദ്ധതികൾ, വിശ്വാസ പരിശീലന പരിപാടികൾ എന്നിവ സംഘടിപ്പിക്കാൻ പ്രാദേശിക സഭകളും, രൂപതകളും, ഇടവകകളും ശ്രദ്ധിക്കേണ്ടതാണെന്ന് മാർപാപ്പ ഓർമ്മപ്പെടുത്തുന്നു. കൂടാതെ, അനുരഞ്ജനത്തിൻ്റെ കൂദാശയ്ക്ക് ഊന്നൽ നൽകുകയും, ദൈവത്തിൻ്റെ അതിരുകളില്ലാത്ത കരുണയെക്കുറിച്ച് വിശ്വാസികളെ ഓർമ്മിപ്പിക്കുകയും ചെയ്യണം. തങ്ങളുടെ വ്യക്തിപരവും സാമൂഹികവുമായ വിശ്വാസയാത്രയെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ ഈ സമയം ഉപയോഗിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു. പ്രത്യാശയുടെയും സ്നേഹത്തിൻ്റെയും മൂർത്തമായ പ്രകടനങ്ങളായ ജീവകാരുണ്യ പ്രവർത്തനങ്ങളും, സേവന പദ്ധതികളും ഈ ജൂബിലി വർഷത്തിൽ കൂടുതലായി ചെയ്യേണ്ടതുണ്ടെന്ന് മാർപാപ്പ സഭ മുഴുവനും ഓർമ്മപ്പെടുത്തുന്നു.
"പ്രത്യാശയുടെ തീർത്ഥാടകർ": 2025 ജൂബിലി വർഷത്തിൻ്റെ ആപ്തവാക്യം
2025 ജൂബിലി വർഷത്തിൻ്റെ ആപ്തവാക്യം "പ്രത്യാശയുടെ തീർത്ഥാടകർ" എന്നതാണ്. സ്വയം നവീകരിക്കപ്പെടാനും, ദൈവവുമായുള്ള ബന്ധത്തിൽ ആഴപ്പെടാനും, അതുവഴി അവരുടെ ആത്മീയ യാത്രയിൽ കൂടുതൽ ശക്തിപ്പെടാനും, പ്രത്യാശയോടെ മുന്നോട്ടുനീങ്ങുവാനും ഈ ആപ്തവാക്യം എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു. ഒപ്പം തന്നെ, ഈ ആപ്തവാക്യം, എല്ലാ വിശ്വാസികളെയും ഒരു തീർത്ഥാടക സംഘത്തെപ്പോലെ ഒരുമിച്ച്, വിശ്വാസത്തിൽ സഞ്ചരിക്കാൻ ക്ഷണിക്കുന്നു. പ്രത്യേകിച്ച്, വെല്ലുവിളികൾ നിറഞ്ഞ ഈ വർത്തമാന ലോകത്തിൽ, ഒരുമിച്ച് നടക്കുന്നതിനും പ്രത്യാശയുടെ പരിവർത്തന ശക്തിയാൽ നയിക്കപ്പെടുന്നത്തിനും പ്രത്യേകമായ പ്രാധാന്യമുണ്ട്. ഒപ്പം തന്നെ, ലോകത്തിൽ പ്രത്യാശയുടെ സാക്ഷികളാകാനുള്ള ആഹ്വാനവുമായി ഒത്തുചേരുന്ന ഈ ജൂബിലി, സ്നേഹവും, ഐക്യവും, ജീവകാരുണ്യ പ്രവർത്തനങ്ങളും വഴി, ക്രിസ്തുവിൽ നാം കണ്ടെത്തുന്ന സന്തോഷത്തിൻ്റെയും കൃപയുടെയും പുനർനിർമ്മാണത്തെയും ലക്ഷ്യം വയ്ക്കുന്നു. കൂടാതെ, വിശ്വാസ സമൂഹത്തിന്, പാപമോചനത്തിലൂടെ അനുരഞ്ജനത്തിൻ്റെ പാതയിലേക്ക് കടന്നു വരാൻ കഴിയുന്ന കൃപയുടെ സമയമാണിത്. അതുകൊണ്ടുതന്നെ, യുദ്ധങ്ങൾ, COVID-19 മഹാവ്യാധി, കാലാവസ്ഥാ വ്യതിയാനം എന്നിവയുടെയൊക്കെ പ്രത്യാഘാതങ്ങൾ നേരിടുന്ന ഇന്നിന്റെ സമൂഹത്തിന്, ഈ ജൂബിലി 2025 പ്രതീക്ഷയുടെ വർഷമാണ്.
ജൂബിലി ലോഗോ
പ്രത്യാശയുടെയും രക്ഷയുടെയും ഉറവിടമായി ക്രിസ്തുവിനെ പ്രതിനിധീകരിക്കുന്ന ചലനാത്മകമായ ഒരു കുരിശ് ആണ് ജൂബിലി 2025-ൻ്റെ ലോഗോയുടെ മധ്യഭാഗത്ത് ഉള്ളത്. ലോഗോയിൽ ഭൂമിയുടെ നാല് കോണുകളിൽ നിന്ന് വരുന്ന, മുഴുവൻ മനുഷ്യരാശിയെയും പ്രതിനിധീകരിക്കുന്ന നാല് മനുഷ്യ രൂപങ്ങൾ ഉണ്ട്. ഈ രൂപങ്ങൾ ഒരു ഒരു വൃത്തം രൂപീകരിക്കുന്നു. ഈ വൃത്തം സഭയുടെ ഐക്യം, സാർവത്രികത, എല്ലാവരെയും ഉൾക്കൊള്ളുന്ന മനോഭാവം, തീർത്ഥാടന സ്വഭാവം എന്നിവയെ ആണ് സൂചിപ്പിക്കുന്നത്. എല്ലാ ജനങ്ങളെയും ഒന്നിപ്പിക്കേണ്ട ഐക്യദാർഢ്യവും സാഹോദര്യവും സൂചിപ്പിക്കാൻ ഈ നാലു പേരും പരസ്പരം ആലിംഗനം ചെയ്യുന്നുണ്ട്. മുന്നിലെ വ്യക്തി കുരിശിൽ ആലിംഗനം ചെയ്ത് പിടിച്ചിരിക്കുന്നു. ഈ ആലിംഗനം വിശ്വാസത്തിൻ്റെ അടയാളം മാത്രമല്ല, ഒരിക്കലും ഉപേക്ഷിക്കാൻ കഴിയാത്ത പ്രത്യാശയുടെ അടയാളം കൂടിയാണ് അത്; കാരണം നമ്മുടെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ നിമിഷങ്ങളിൽ പ്രത്യാശ തളരാതെ നമ്മെ മുന്നോട്ട് നയിക്കും. ജീവിത തീർത്ഥാടനം എല്ലായ്പ്പോഴും ശാന്തമായും സുഗമമായും നടക്കുന്നില്ല എന്ന വസ്തുതയെ സൂചിപ്പിക്കുന്ന പരുക്കൻ തിരമാലകൾ ഇവിടെ കാണാം. കുരിശിൻ്റെ താഴത്തെ ഭാഗം നീളമേറിയതും തിരമാലകളിലേക്ക് നീണ്ടുനിൽക്കുന്ന നങ്കൂരത്തിൻ്റെ ആകൃതിയിലേക്ക് മാറിയതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നങ്കൂരം പ്രത്യാശയുടെ പ്രതീകമായി അറിയപ്പെടുന്നു. തിരമാലകളും കൊടുങ്കാറ്റുകളും അലട്ടുന്ന ഈ ലോകയാത്രയിൽ, പ്രത്യാശയാകുന്ന നങ്കൂരമിട്ട് നിൽക്കുന്ന കുരിശ് ഓരോ വ്യക്തിക്കും പ്രത്യാശയുടെ ഉറപ്പുള്ള അഭയകേന്ദ്രമാണ്. ലോഗോയുടെ ചുവടെ 2025 ജൂബിലി വർഷത്തിൻ്റെ മുദ്രാവാക്യം പച്ച അക്ഷരങ്ങളിൽ എഴുതിയിരിക്കുന്നു: Pilgrims of Hope (പ്രത്യാശയുടെ തീർത്ഥാടകർ). ഈ ലോഗോയുടെ ഊർജ്ജസ്വലമായ ബഹുവർണ്ണ രൂപകല്പന ആഗോള കത്തോലിക്കാ സമൂഹത്തിനുള്ളിലെ സന്തോഷവും സംസ്കാരങ്ങളുടെ വൈവിധ്യവും പ്രതിഫലിപ്പിക്കുന്നു. ചുരുക്കത്തിൽ ജൂബിലി ആഘോഷങ്ങളുടെ ചൈതന്യവും, 'പ്രത്യാശയുടെ തീർത്ഥാടകർ' എന്ന ജൂബിലിയുടെ ആപ്തവാക്യവും വളരെ കൃത്യമായി ദ്യോതിപ്പിക്കുന്ന ഒരു ലോഗോയാണ് ഇത്.
ജൂബിലി പ്രഖ്യാപിച്ചു കൊണ്ടുള്ള Spes non Confundit എന്ന പേപ്പൽ ബൂളയുടെ സംക്ഷിപ്തം
ജൂബിലി 2025 ഔപചാരികമായി പ്രഖ്യാപിച്ചു കൊണ്ട് 2024 മെയ് 9 ന് ഫ്രാൻസിസ് മാർപാപ്പ സ്പെസ് നോൺ കോൺഫുന്തിത് എന്നപേരിൽ ഒരു പേപ്പൽ ബൂള പുറത്തിറക്കി.
വിശുദ്ധ പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, അഞ്ചാം അധ്യായം അഞ്ചാം വാക്യം, "പ്രത്യാശ ഒരിക്കലും നിരാശപ്പെടുത്തുന്നില്ല" എന്ന വാക്യത്തോടെയാണ് ഈ ലേഖനം ആരംഭിക്കുന്നത്. ദൈവസ്നേഹം ഒരിക്കലും നിരാശപ്പെടുത്താത്ത അചഞ്ചലമായ പ്രത്യാശയുടെ ഉറവിടമാണെന്ന് പ്രമാണം ഊന്നിപ്പറയുന്നു. 25 ഖണ്ഡികകൾ മാത്രം ഉൾക്കൊള്ളുന്ന ഈ ചെറു ലേഖനം ജൂബിലി വർഷത്തിന്റെ പ്രാധാന്യവും അതിന്റെ ആചരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അതിന്റെ നടത്തിപ്പു രീതികളും വിശദമായി പ്രതിപാദിക്കുന്നു. പ്രത്യാശയുടെ ഒരു വാക്ക്, പ്രത്യാശയുടെ ഒരു യാത്ര, പ്രത്യാശയുടെ അടയാളങ്ങൾ, പ്രത്യാശയോടെയുള്ള അപേക്ഷകൾ, പ്രത്യാശയിൽ നങ്കൂരമിടുക എന്നീ 5 ഉപ ശീർഷകങ്ങളിലാണ് ഈ ലേഖനം മുന്നോട്ടുപോകുന്നത്.
1. പ്രത്യാശയുടെ ഒരു വാക്ക്
പരീക്ഷണങ്ങൾക്കിടയിലും പ്രത്യാശ നിലനിർത്തുന്ന ദൈവസ്നേഹത്തിൽ വിശ്വാസമർപ്പിക്കാൻ റോമാക്കാരെ ഉദ്ബോധിപ്പിച്ച പൗലോസ് ശ്ലീഹായുടെ വാക്കുകളോടെയാണ് (റോമാ 5:5) ഫ്രാൻസിസ് മാർപാപ്പ ഈ ലേഖനം ആരംഭിക്കുന്നത്. ഭയവും അനിശ്ചിതത്വങ്ങളും നിറയുന്ന ഒരു ലോകത്ത് പ്രത്യാശയുടെ കിരണങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് ഈ ജൂബിലി ലക്ഷ്യമിടുന്നത് എന്ന് ഇവിടെ ഫ്രാൻസിസ് മാർപാപ്പ സഭയെ മുഴുവൻ ഉദ്ബോധിപ്പിക്കുന്നു.
2. പ്രതീക്ഷയുടെ ഒരു യാത്ര
ജീവിത പരിവർത്തനത്തിന്റെയും ആത്മീയ നവീകരണത്തിൻ്റെയും സുപ്രധാനമായ മാർഗം അനുരഞ്ജനത്തിൻ്റെ കൂദാശയാണ്. ജീവിതത്തിന്റെ നിരാശകളിൽ ദൈവ കരുണയിൽ ആശ്രയം വെക്കാൻ ഈ കൂദാശ നമുക്ക് അവസരം ഒരുക്കുന്നു. ഈ ജൂബിലി ആഘോഷങ്ങൾ അനുരഞ്ജന കൂദാശയുടെ സ്വീകരണത്തിനും ജീവിത നവീകരണത്തിനും എല്ലാ വിശ്വാസികൾക്കും കാരണമാകണമെന്ന് ഫ്രാൻസിസ് മാർപാപ്പ നമ്മെ ഓർമ്മപ്പെടുത്തുകയാണ്.
3. പ്രതീക്ഷയുടെ അടയാളങ്ങൾ
സഭ മനസ്സിലാക്കുകയും പരിശ്രമിക്കുകയും ചെയ്യേണ്ട പ്രത്യാശയുടെ ചില മൂർത്തമായ അടയാളങ്ങൾ മാർപ്പാപ്പ ഇവിടെ അവതരിപ്പിക്കുന്നു. തടവുകാർ, കുടിയേറ്റക്കാർ, പ്രായമായവർ, ദരിദ്രർ എന്നിവരുൾപ്പെടെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കാനുള്ള സംരംഭങ്ങൾക്ക് ഈ ജൂബിലി വർഷത്തിൽ സഭ കൂടുതൽ ഊന്നൽ നൽകണം . സമാധാനം, പാരിസ്ഥിതിക സംരക്ഷണം, മനുഷ്യൻ്റെ അന്തസ്സ് സംരക്ഷിക്കൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലും സഭ മുന്നിൽ നിന്ന് നയിക്കണം. കുറഞ്ഞുവരുന്ന ജനനനിരക്കിനും പ്രായമായവർ നേരിടുന്ന ഏകാന്തതയ്ക്കും പരിഹാരം കാണേണ്ടതിൻ്റെ അടിയന്തിര ആവശ്യത്തിന് അദ്ദേഹം അടിവരയിടുന്നു. യുവജനങ്ങളെ പ്രചോദിപ്പിക്കാനും അവർക്ക് പ്രതീക്ഷാനിർഭരമായ ഭാവി കെട്ടിപ്പടുക്കാനുള്ള അവസരങ്ങൾ നൽകാനും സഭയോട് അടിയന്തരമായി അദ്ദേഹം ആവശ്യപ്പെടുന്നു.
4. പ്രത്യാശയോടെയുള്ള അപേക്ഷകൾ
ദരിദ്ര രാജ്യങ്ങളുടെ തിരിച്ചടയ്ക്കാനാവാത്ത കടങ്ങൾ റദ്ദാക്കാനും, പാരിസ്ഥിതിക അനീതികൾ പരിഹരിക്കാനും സമ്പന്ന രാജ്യങ്ങളോട് ഫ്രാൻസിസ് മാർപാപ്പ അഭ്യർത്ഥിക്കുന്നു. പരിഹരിക്കാൻ ഒരു ആഗോള ഐക്യദാർഢ്യം ഉണ്ടാകേണ്ടതാണെന്ന് അദ്ദേഹം മനസ്സിലാക്കുന്നു. ക്രൈസ്തവ ഐക്യത്തിൻ്റെ നാഴികക്കല്ലായ ഒന്നാം നിഖ്യ സുനഹദോസിന്റെ 1700-ാം വാർഷികത്തോടനുബന്ധിച്ചാണ് ജൂബിലി നടക്കുന്നത് എന്ന വസ്തുതയും അദ്ദേഹം ഓർമിക്കുന്നുണ്ട്. എക്യുമെനിക്കൽ സംരംഭങ്ങളിലും സഭകളുടെ ഐക്യത്തിലും മുന്നേറാനുള്ള ഒരു വേദിയായി ജൂബിലി ഉപയോഗിക്കാൻ മാർപ്പാപ്പ എല്ലാ ക്രിസ്ത്യാനികളെയും ക്ഷണിക്കുന്നു.
5. പ്രത്യാശയിൽ നങ്കൂരമിടുക
ക്രിസ്തീയ പ്രത്യാശ യേശുവിൻ്റെ മരണത്തിലും പുനരുത്ഥാനത്തിലും അധിഷ്ഠിതമാണ്, അത് നിത്യജീവൻ്റെ ഉറപ്പ് നൽകുന്നു. പ്രത്യാശ ജീവിതത്തെയും മരണത്തെയും പരിവർത്തനം ചെയ്യുന്നു. ക്രിസ്തുവിൻ്റെ മടങ്ങിവരവിൻ്റെ സന്തോഷകരമായ പ്രതീക്ഷയിൽ ജീവിക്കാൻ അത്അചഞ്ചലമായ പ്രത്യാശയുടെ സാക്ഷികളായി, വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻരക്തസാക്ഷികൾ വിശ്വാസികളെ പ്രേരിപ്പിക്കുന്നു. "പ്രത്യാശയുടെ അമ്മ" യായ മറിയം ജൂബിലിയിലെ ഒരു കേന്ദ്ര വ്യക്തിയാണ്. കഷ്ടപ്പാടുകൾക്കിടയിലും അവളുടെ ഉറച്ച വിശ്വാസം എല്ലാ വിശ്വാസികൾക്കും ഒരു മാതൃകയാണ്.
ഉപസംഹാരം
ക്രിസ്തുവിനോടുള്ള നവീകരിക്കപ്പെട്ട ഒരു പ്രതിബദ്ധത വളർത്തിയെടുത്തു കൊണ്ട് ആഗോള സഭയ്ക്കുള്ളിൽ ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും പ്രശ്നബാധിതമായ ലോകത്ത് പ്രത്യാശയുടെ വാഹകരാകാൻ വിശ്വാസികളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന, ഐക്യത്തോടെയുള്ള ഒരു ആത്മീയ സംരംഭമായാണ് 2025 ജൂബിലിയെ ഫ്രാൻസിസ് മാർപാപ്പ വിഭാവനം ചെയ്യുന്നത്. പ്രത്യാശയുടെ തീർത്ഥാടകർ എന്ന ആപ്തവാക്യത്തിന് യോജിക്കും വിധം, ജീവിത നവീകരണത്തിൽ ഊന്നിയ പ്രത്യാശയോടെ, ഓരോ ക്രൈസ്തവനും ഈ ലോകത്തിൽ ജീവിക്കാൻ കഴിയുമ്പോൾ, ആ പ്രത്യാശ ഈ ലോകത്തിനു മുഴുവൻ പകർന്നു കൊടുക്കാൻ അവർക്ക് കഴിയുമ്പോൾ, ഈ ജൂബിലി ആഘോഷങ്ങൾ തീർത്തും അർത്ഥവത്തായി തീരും.
തയ്യാറാക്കിയത് :
ഡോ. രഞ്ജിത് ചക്കുംമൂട്ടിൽ