Showing posts with label Memoir. Show all posts
Showing posts with label Memoir. Show all posts

Sunday, February 10, 2013

ഞാനും അയാളെ അനാഥനാക്കി


രാത്രി പതിനൊന്നരയ്ക്കുള്ള ബാംഗളൂര്‍ എക്സ്പ്രസ്സ്‌ പോയിക്കഴിഞ്ഞു. സ്റ്റേഷനില്‍ തിരക്കൊഴിയുകയാണ്. ഭിക്ഷക്കാരും തെരുവുകുട്ടികളുമൊക്കെ കൂര്‍ക്കം വലിച്ചുറങ്ങാന്‍ തുടങ്ങിയിരിക്കുന്നു. കച്ചവടക്കാരും പിരിഞ്ഞു തുടങ്ങി. പത്തോ പന്ത്രണ്ടോ യാത്രക്കാര്‍ അവടിവിടെ ഒറ്റയ്ക്കും കൂട്ടമായും ഒക്കെ ഇരിക്കുന്നുണ്ട്. അടുത്ത വണ്ടി വരാന്‍ ഇനിയും ഒന്നര മണിക്കൂര്‍ ബാക്കി. നിശ്ശബ്ദമായ പ്ലാറ്റ്ഫോം.. നല്ല തണുപ്പ്. ബാഗു തുറന്നു ഷാളെടുത്ത് പുതച്ച് ബാഗും മടിയില്‍ വച്ച് എന്തൊക്കെയോ ആലോചിച്ചുകൊണ്ട്‌ ഞാനൊരു ബെഞ്ചിലിരുന്നു.
“മോനെങ്ങോട്ടാ...?” കട്ടപിടിച്ച നിശ്ശബ്ദതയില്‍ പിന്നില്‍ നിന്നൊരു വിളി.
പ്രാകൃതമായി വേഷം ധരിച്ച ഒരു വൃദ്ധന്‍. മുഷിഞ്ഞ ഷര്‍ട്ടും മുണ്ടും. കൈയ്യില്‍ കായത്തിന്‍റെ പരസ്യമുള്ള തുണിസഞ്ചി, ചീകിയൊതുക്കാത്ത മുടി. ക്ഷൌരം ചെയ്യാത്ത മുഖം.
“കോഴിക്കോട്ടെക്കാ...” അവജ്ഞയോടെയാണെങ്കിലും ഞാന്‍ പറഞ്ഞു.
പിന്നെ അയാളുടെ മുഖത്ത് നോക്കാതെ കുനിഞ്ഞിരുന്നു.
“ഞാന്‍ കുറ്റിപ്പൊറത്തിനാ...”
ടിക്കറ്റിന് അയാള്‍ പണം ചോദിക്കുമെന്ന് ഞാന്‍ തെറ്റിദ്ധരിച്ചിട്ടുണ്ടെന്നു കരുതിയാവണം സഞ്ചിയില്‍ നിന്ന് ടിക്കറ്റെടുത്ത് എന്നെ കാണിച്ചുകൊണ്ട് അയാള്‍ തുടര്‍ന്നു: “ടിക്കറ്റ് എന്‍റെ കയ്യിലൊണ്ട്”.
ഞാനൊന്നു മൂളി… പിന്നെയും നിലത്തേക്ക് നോക്കിയിരുന്നു.
“വണ്ടി വരുമ്പം മോനൊന്നു പറയണം അത്ര ചെയ്താ മതി... ഏതാ വണ്ടിയെന്ന് എനിക്കറിയില്ല....” എന്‍റെ സിസ്സംഗത കണ്ടിട്ടാവണം, ഇത്രയും പറഞ്ഞ് അയാള്‍ ധൃതിയില്‍ തിരിഞ്ഞു നടന്നു.
അയാളുടെ സ്വരത്തിന് വേദനയുടെയും അനാഥത്വത്തിന്‍റെയും അവഗണിക്കപ്പെടലിന്‍റെയും ചുവയുണ്ടായിരുന്നു.
“പോകണ്ട ഇവടെ ഇരുന്നോ...” ബെഞ്ചില്‍ ഞാനല്‍പം ഒതുങ്ങിയിരുന്നു.
തിരിഞ്ഞു നോക്കി അയാളൊന്നു പുഞ്ചിരിച്ചു.... എന്നിട്ട് സഞ്ചി നിലത്തുവച്ച് കുറച്ചു മാറി നിലത്ത് തൂണില്‍ ചാരി എനിക്കെതിരേ ഇരുന്നു.
“എന്താ ചേട്ടന്‍റെ പേര്?” അല്‍പ നേരത്തെ നിശ്ശബ്ദതക്കൊടുവില്‍ ഞാന്‍ ചോദിച്ചു.
“കൃഷ്ണങ്കുട്ടി... ഏഴാ എനിക്ക് മക്കള്.... കുട്ട്യോള്‍ടമ്മ നേര്‍ത്തെ മരിച്ച്... കഷ്ടപ്പെട്ടാ ഓലെ ഞാം ബളത്തീത്... ഒക്കെ ജോലിക്കാരാ.... ബലിയോരായപ്പം ഓല്ക്ക് തന്തെ കണ്ണിപിടിക്കാണ്ടായി”. അയാളുടെ കണ്ണു നിറയുന്നുണ്ടായിരുന്നു.
പേരു മാത്രം ചോദിച്ച എന്നോട് തന്‍റെ ജീവിത കഥ മുഴുവന്‍ പറഞ്ഞ അയാള്‍ എന്നോട് എന്തൊക്കെയോ പറയാന്‍ വെമ്പുന്നതു പോലെ എനിക്കു തോന്നി.
“കുറ്റിപ്പൊറത്തെവിടേക്കാ?” ഞാന്‍ വീണ്ടും ചോദിച്ചു.
“അതാ ന്‍റെ നാട്... എളയോന്‍ ന്നെ ഇവ്ടെ ഒരനാഥാലത്തി കൊണ്ടോന്നാക്കീന്... രാത്രി ആരും കാണാതെ ഞാനെറങ്ങിപ്പോന്നു... ചാക്വാണേലും എനിക്കെന്‍റെ നാട്ടീക്കെടന്നു ചാകണം”. അയാളുടെ തൊണ്ടയിടറുന്നുണ്ടായിരുന്നു...
“ആരാ അവ്ടെ ഒള്ളത്...?” ഞാന്‍ വീണ്ടും ചോദിച്ചു
ആരും ല്ല വീടും സ്ഥലോമൊക്കെ മക്കള് വിറ്റു
പിന്നെ ഞങ്ങള്‍ക്കിടയില്‍ ദീര്‍ഘമായ ഒരു നിശ്ശബ്ദതയായിരുന്നു. അനാഥമായ ആ വാര്‍ദ്ധക്യം ഊതിക്കതിച്ച തീയുടെ ചൂടേല്‍പിച്ച പൊള്ളലിന്‍റെ വേദനയോടെ ഞാനിരുന്നു.
…യാത്രക്കാരുടെ ശ്രദ്ധക്ക്... തിരുവനന്തപുരത്തു നിന്നും മംഗലാപുരം വരെ പോകുന്ന ആറായിരത്തി ഒരുന്നൂറ്റി പതിനാറാം നമ്പര്‍ മലബാര്‍ എക്സ്പ്രസ്സ്‌ മൂന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തിച്ചേരുന്നു....
ഉച്ചഭാഷിണിയുടെ സ്വരമാണ് എന്നെ ഉണര്‍ത്തിയത്. സ്റ്റേഷനില്‍ തിരക്കേറിയിരുന്നു... തൂണില്‍ ചാരിയിരുന്നു അയാള്‍ ഉറങ്ങുന്നുണ്ട്... ഉറക്കത്തിലും അയാളുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടെന്ന് എനിക്കു തോന്നി!
വണ്ടി വന്നു കഴിഞ്ഞു... സീറ്റൊന്നേ കിട്ടിയുള്ളൂ. കിട്ടിയ സീറ്റില്‍ അയാളെയിരുത്തി കംപാര്‍ട്ടുമെന്റുകള്‍ക്കിടയിലെ വരാന്തയില്‍ സ്റ്റേഷനില്‍ നിന്നു വാങ്ങിയ സായാഹ്നപത്രവും വിരിച്ചിരിക്കുമ്പോഴും അനാഥത്വത്തിന്‍റെ ആ വേദന ഒരു മുള്ളു പോലെ എന്‍റെ ഹൃദയത്തില്‍ തറച്ചിരിക്കുന്നതായി എനിക്ക് തോന്നി. ഒടുവില്‍ കുറ്റിപ്പുറത്ത്‌ അയാളെ യാത്രയാക്കി തിരികെ വന്ന് അയാളിരുന്ന സീറ്റിലിരുന്ന് യാത്ര തുടരുമ്പോള്‍ ഡയറിയെടുത്ത് ഇങ്ങനെ മാത്രം കുറിച്ചുവെച്ചു ... ഞാനും അയാളെ അനാഥനാക്കി.

Tuesday, July 31, 2012

ശ്രദ്ധാഞ്ജലി


സഹജീവികളുടെ മനസ്സില്‍
സ്നേഹത്തിന്റെ ജ്വലിക്കുന്നൊരോര്‍മ്മയായ്
കാലങ്ങളോളം നിലനിലനില്‍ക്കാനാവുക...
മനുഷ്യജന്മത്തിന്റെ സായൂജ്യം തന്നെ അത്!
പിതാവായ അബ്രഹത്തെപ്പോലെ
ഒരു ജനതയുടെ മുഴുവന്‍ അനുഗ്രഹമായിരിക്കുക
ജീവിതത്തിന്റെ ഭാഗ്യം തന്നെ അത്!
പ്രിയപ്പെട്ട ജോസച്ചന്‍ ...
ആയിരങ്ങളുടെ മനസ്സില്‍ (എന്റെ മനസ്സിലും)
സ്നേഹത്തിന്റെ ജ്വലിക്കുന്നൊരോര്‍മ്മയാണ്.
ഏറെ സ്വപനങ്ങള്‍ കണ്ടൊരാള്‍ !
തടസ്സങ്ങളെ പുഞ്ചിരിയോടെ നേരിട്ടൊരാള്‍ !
നേരിടാന്‍ പ്രാര്‍ത്ഥനയിലൂടെ ശക്തി കണ്ടെത്തിയൊരാള്‍ !
വീഴ്ചകളില്‍ തകര്‍ന്നു പോകാഞ്ഞോരാള്‍ !
ലാളിത്യം കൊണ്ട് ജീവിതത്തിനു നിറം കൊടുത്തൊരാള്‍ !
ആ സ്നേഹമുള്ള ഓര്‍മകള്‍ക്കു മുന്നില്‍
എന്റെ ശ്രദ്ധാഞ്ജലി !!!

Thursday, June 14, 2012

ഉടഞ്ഞുപോയ പളുങ്കുപാത്രം


തുലാമഴ കനത്തു പെയ്യുന്ന, രൌദ്രതയുള്ള ഒരു ഇരുണ്ട സന്ധ്യ.
അന്നാണ് കല ആ അഗതി മന്ദിരത്തിൽ എത്തിയത്. ഏതൊക്കെയോ അകന്ന ബന്ധുക്കളും നാട്ടുകാരുമൊക്കെ ചേർന്നാണ്  അവളെ അവിടെ കൊണ്ടുവന്നാക്കിയത്. ആയുസിന്റെ വഴികളില്‍ , എന്തുകൊണ്ടൊക്കെയോ അനാഥത്വത്തിന്റെയും അവഗണനയുടെയുമൊക്കെ സമസ്യകളെ നേരിടേണ്ടി വന്നവരായിരുന്നു അവിടുത്തെ അന്തേവാസികളൊക്കെ. അവരുടെ കൂട്ടത്തിലേക്ക് ഒരുവള്‍ കൂടി.

പതിനെട്ടോ പത്തൊമ്പതോ വയസേ അവള്‍ക്കു കാണൂ. അനാകര്‍ഷകമായ കറുപ്പ് നിറം. തീരെ ഭംഗിയില്ലാത്ത, നിരാശ തളംകെട്ടി നില്‍ക്കുന്ന, ഉള്ളിലെ എന്തൊക്കെയോ വേദനകളെ കണ്ണാടിയിലെന്നപോലെ പ്രതിഫലിപ്പിക്കുന്ന മുഖം. മുഖത്തു വല്ലപ്പോഴും വിരുയുന്ന പുഞ്ചിരികള്‍ക്കൊന്നും ഉള്ളിലെ വേദനയുടെ കനലിനെ മറയ്ക്കാനാവുന്നില്ലെന്നത് ഒറ്റനോട്ടത്തില്‍ തന്നെ ആര്‍ക്കും മനസിലാവും.

അത്താഴത്തിനു വരുമ്പോള്‍ പുതിയ അംഗങ്ങളെ പരിചയപെടുത്തുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്ന ഒരു പതിവുണ്ടവിടെ. എല്ലാവരും അവളെ കാത്തിരുന്നു. പക്ഷെ അത്താഴത്തിന് അവള്‍ വന്നില്ല. പുതിയൊരു സാഹചര്യവുമായി പൊരുത്തപ്പെടാന്‍ വൈകുന്നതാവും. ആരുമവളെ നിര്‍ബന്ധിച്ചില്ല.

പിറ്റേന്ന് പ്രാതലിനും അവളെ കാണാതെ വിളിക്കാന്‍ ചെന്ന സ്ത്രീയോട് അവള്‍ മിണ്ടാന്‍ പോലും കൂട്ടാക്കിയില്ല. സാഹചര്യങ്ങളുമായി അവള്‍ പൊരുത്തപെടട്ടെ. ഇതൊക്കെ എത്ര കണ്ടതാണെന്ന മട്ടില്‍ വീണ്ടും അവളെ ആരും നിര്‍ബന്ധിച്ചില്ല.

പക്ഷെ.... 
ഉച്ച ഭക്ഷണത്തിനും അവള്‍ വന്നില്ല. മറ്റാളുകളൊക്കെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ ഞാന്‍ അവളുടെ മുറിയിലേക്ക് ചെന്നു. അവള്‍ കട്ടിലില്‍ കണ്ണടച്ചു കിടക്കുകയായിരുന്നു. മുറിയില്‍ കാല്‍പെരുമാറ്റം കേട്ട് അവള്‍ കണ്ണ് തുറന്നെങ്കിലും എന്നെ കണ്ട ഭാവം നടിച്ചില്ല.

"നീയെന്താ ഭക്ഷണം കഴിക്കാന്‍ വരാത്തത്....?" വളരെ സൌമ്യമായിട്ടാണ് ഞാന്‍ ചോദിച്ചത്.

"എനിക്ക് വേണ്ടാഞ്ഞിട്ട് " അവളുടെ സ്വരത്തില്‍ ആരോടൊക്കെയോ ഉള്ള, നെഞ്ചില്‍ അമര്‍ത്തിവച്ച അമര്‍ഷത്തിന്റെ പൊള്ളലുകള്‍ ഉണ്ടായിരുന്നു.

അവള്‍ എന്റെ മുഖത്തേക്ക് നോക്കാതെ തിരിഞ്ഞു കിടന്നു.
കുറെ നേരത്തേക്ക് ഞാനൊന്നും മിണ്ടിയില്ല. അവിടെ വെറുതെ നിന്നതല്ലാതെ.

ഒടുവില്‍ നിശബ്തത ഞാന്‍ തന്നെ ഭേദിച്ചു. "നിനക്കെന്താ ഭക്ഷണം വേണ്ടാത്തത്...?"

അവള്‍ തിരിഞ്ഞ് ദയനീയമായി എന്നെയൊന്നു നോക്കി. ആ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു . ആ മുഖത്ത് കണ്ണീര്‍ നിലയ്കാത്ത പെരുമഴ പോലെ . എഴുന്നേറ്റ് അവള്‍ ഭിത്തിയില്‍ ചാരിയിരുന്നു. എന്റെ മുഖത്തേക്ക് നോക്കാതെ.

"എഴുന്നേറ്റ് വാ .... നമുക്കൊരുമിച്ച് ചോറ് ഉണ്ണാം" ഞാന്‍ വീണ്ടും വിളിച്ചു.

"എനിക്ക് വേണ്ട...." അതോരപേക്ഷയായിരുന്നു. ആ വാക്കുകളിലെ വേദനയുടെ നീറ്റല്‍ ഞാനറിഞ്ഞു. വീണ്ടും ആ കണ്ണുകള്‍ കണ്ണീര്‍ കടലായി.
ഞാന്‍ അവളുടെ കൂടെ ആ കട്ടിലില്‍ ഇരുന്നു. അവളുടെ കൈകളില്‍ മുറുകെ പിടിച്ചു. എന്റെ സ്പര്‍ശം അവള്‍ക്കു ഏറെ ആശ്വാസം പകരുന്നു എന്നെനിക്കു തോന്നി.

കുറച്ചു നേരം പിന്നെയും നിശബ്തതയായിരുന്നു, ഭീകരമായ ഒരു നിശബ്തത.

ഇത്തവണ നിശബ്തത ഭേദിച്ചത് അവളായിരുന്നു.
"ഞാന്‍ തീറ്റി വളര്‍ത്തുന്നത് എന്റെ വയറ്റില്‍ കിടക്കുന്ന എന്റെ സ്വന്തം അച്ഛന്റെ കുഞ്ഞിനെയാണെന്ന് ഓര്‍ക്കുമ്പോള്‍ എനിക്ക് എങ്ങനെ ഭക്ഷണം കഴിക്കാന്‍ തോന്നും...." അവള്‍ക്കു പറഞ്ഞു മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല. അതിനുമുമ്പേ തൊണ്ടയിടറി. അവള്‍ വിങ്ങിപൊട്ടുകയായിരുന്നു. അപ്പോഴേ ഞാന്‍ അറിഞ്ഞുള്ളൂ അവള്‍ ഗര്‍ഭിണി ആണെന്നും അവളുടെ വയറ്റില്‍ വളരുന്നത്‌ അവളുടെ സ്വന്തം അപ്പന്റെ കുഞ്ഞ് ആണെന്നും.

പിന്നെ അവള്‍ എന്നോട് പറഞ്ഞ കഥയ്ക്ക് കര്‍ക്കടകരാത്രിയിലെ പെയ്തൊഴിയാത്ത പടുമഴയുടെയും ഇടിമിന്നലിന്റെയും ഭീകരതയുണ്ടായിരുന്നു.

ഹൈറേഞ്ചിലെ ഏതോ വിദൂര ഗ്രാമത്തിലായിരുന്നു അവളുടെ വീട്. രണ്ടു പെണ്മക്കളില്‍ ഇളയവള്‍ . കയ്യില്‍ കിട്ടുന്ന കൂലി മുഴുവന്‍ കുടിച്ചു തീര്‍ക്കുന്ന കൂലിപണിക്കാരനായ അച്ഛന്‍ . വര്‍ഷങ്ങള്‍ക്കു മുമ്പേ അയാളുടെ ശല്യം സഹിക്കവയ്യാതെ ഏതോ തമിഴന്റെ ഒപ്പം നാടുവിട്ട അമ്മ. പ്രായ പൂര്‍ത്തിയായപ്പോള്‍ അമ്മയുടെ അതേ വഴി പിന്തുടര്‍ന്ന ചേച്ചി. ഒടുവില്‍ അവളും അച്ഛനും മാത്രം. മൂന്നു മാസങ്ങള്‍ക്ക് മുമ്പ് ഒരു മഴക്കാല സന്ധ്യയില്‍ , ഇടമുറിയാത്ത കര്‍ക്കടമഴയുടെ മറവില്‍ അരുതാത്തത് സംഭവിച്ചു. കുടിച്ചു ലെക്കുകെട്ട അയാളെ പ്രതിരോധിക്കാന്‍ അവള്‍ക്കു കരുത്തുപോരായിരുന്നു.

ഹൃദയം വിങ്ങുന്ന വേദനയോടെ... നിലക്കാത്ത കണ്ണീരിന്റെ അകമ്പടിയോടെ... തൊണ്ടയില്‍ തങ്ങി മുറിഞ്ഞു പോകുന്ന വാക്കുകളോടെയാണ് അവള്‍ എന്നോട് ഇത്രയും പറഞ്ഞത്.

ഞാനാകെ വല്ലാത്തൊരു അവസ്ഥയില്‍ ആയി. എന്തവളോട് പറയണമെന്ന് എനിക്ക് അറിയില്ലായിരുന്നു. എനിക്കപ്പോള്‍ ഒന്നും പറയാന്‍ കഴിയുമായിരുന്നുമില്ല. ഞാനാ കൈകളില്‍ അമര്‍ത്തി പിടിച്ചു. 

നിര്‍ത്താതെ കരയുകയായിരുന്നു അവള്‍. എത്ര നേരമവിടെ ഇരുന്നു എന്നെനിക്കറിയില്ല. ഞങ്ങള്‍ രണ്ടു പേരും അന്ന് ഊണ് കഴിച്ചില്ല.

വൈകുന്നേരം അത്താഴത്തിന് അവള്‍ എല്ലാവരുടെയും കൂടെ വന്നു. കല ഏറെ മാറിയെന്നു ഞങ്ങള്‍ക്ക് തോന്നി. സാധാരണ ജീവിതത്തിലേക്ക് അവള്‍ മടങ്ങി വരികയാണെന്ന് ഞങ്ങള്‍ കരുതി. പിന്നീടുള്ള ദിനങ്ങള്‍ അവള്‍ കൂടുതൽ സന്തോഷവതി ആയി കാണപ്പെട്ടു. ചിരിച്ചും ഉല്ലസിച്ചും എല്ലാവരുമായി ചങ്ങാത്തം കൂടിയും ഒക്കെ. അവളെ എല്ലാവര്ക്കും ഏറെ ഇഷ്ടമായി.

രണ്ടാഴ്ചകള്‍ക്കു ശേഷമൊരു വൈകുന്നേരം....

അവളുടെ മുറിയിലെ ഒരു സ്ത്രീ ഓടി വന്നു പറഞ്ഞു... "കലയെ കുറെ നേരമായി കാണുന്നില്ല"

എല്ലാവരും പകച്ചു പോയി.

"വല്ല അവിവേകവും കാണിച്ചിരിക്കുമോ ദൈവമേ"
കുറെ നേരത്തെ അവള്‍ മുറ്റത്ത്‌ നില്‍ക്കുന്നത് കണ്ടവരുണ്ട്. ഞങ്ങള്‍ പറ്റാവുന്നിടത്തൊക്കെ അന്വേഷിച്ചു. ഒടുവില്‍ പോലീസിലും വിവരം അറിയിച്ചു.

വിഹ്വലതയുടെ നിമിഷങ്ങള്‍ ... മണിക്കൂറുകള്‍ ... നീണ്ട രാത്രി...

പിറ്റേന്നു രാവിലെ പോലീസിന്റെ ഫോണ്‍. "റെയില്‍വെ ട്രാക്കില്‍ ഒരു അജ്ഞാത ജഡം. നിങ്ങള്‍ വന്നൊന്നു നോക്കണം".

ജീപ്പില്‍ പോലിസ് പറഞ്ഞ സ്ഥലത്തേക്ക് പാഞ്ഞു പോകുമ്പോള്‍ മനസ്സില്‍ ഒരായിരം തവണ പ്രാര്‍ഥിച്ചു. "ദൈവമേ ഇതവളാകല്ലേ".

അവിടെ ചെന്നപ്പോള്‍ ട്രാക്കിന്റെ സമീപത്ത്, ശരീര ഭാഗങ്ങളുടെ ചിതറിയ തുണ്ടുകള്‍ ... ചതഞ്ഞരഞ്ഞ്‌.... പായ കൊണ്ട് മൂടി...

പോലിസ് മൂടി ഉയര്‍ത്തി കാണിച്ചു.
അറ്റു പോയ കയ്യില്‍ പച്ച നിറമുള്ള കുപ്പി വളകള്‍ ... വെള്ള പൂക്കളുള്ള, റോസ് ചുരിദാറിന്റെ കീറിയ കഷണങ്ങള്‍....
ഞങ്ങള്‍ തിരിച്ചറിഞ്ഞു. അതെ ഇതവള്‍ തന്നെ...

ഞാനാകെ മരവിച്ചു പോയി... തല കറങ്ങുന്നു... കണ്ണുകള്‍ക്ക്‌ കാഴ്ച പോയപോലെ... കൈയും കാലുമൊക്കെ വിറക്കുന്നു.... ഒന്നും സംസാരിക്കാന്‍ ആകുന്നില്ല... വേച്ചു വീഴാതെ ആരുടെയോ തോളില്‍ താങ്ങി...

മടക്കയാത്രയില്‍ , ജീപ്പിന്റെ പിന്‍ സീറ്റില്‍ കണ്ണടച്ചിരിക്കുമ്പോള്‍ , ഇരുമ്പു ചക്രങ്ങള്‍ക്കിടയില്‍ പെട്ട് ചതഞ്ഞരഞ്ഞ കലയുടെയും, അവളുടെ ഗര്‍ഭസ്ഥശിശുവിന്റെയും മുഖം, ഭീകരമായ ഒരു സ്വപ്നം പോലെ എന്റെ കണ്ണുകള്‍ക്ക്‌ മുമ്പില്‍ മായാതെ നിന്നു.

ഒരുപക്ഷേ... ഒരല്പം കൂടി സ്നേഹം... ഒരല്പം കൂടി സാന്ത്വനം... അവളെ ജീവിക്കാന്‍ പ്രേരിപ്പിച്ചേനെ... ഈ ചിന്തകള്‍ എന്നെ വീണ്ടും വീണ്ടും കുത്തി മുറിവേല്‍പ്പിച്ചു.

മുഖത്ത് കണ്ണീര്‍ പാടുകള്‍ വീഴ്ത്തിയത് ഞാന്‍ അറിഞ്ഞില്ല.....

Thursday, May 3, 2012

പറന്നു പോയ ചേച്ചിപ്പക്ഷി

കുട്ടിക്കാലത്തെ ഏറ്റവും സന്തോഷകരമായ ദിനങ്ങൾ അവധിക്കാലങ്ങൾ ആയിരുന്നു; പ്രത്യേകിച്ച് ഓണാവധി. മഴയൊക്കെ മാറി, മാനം തെളിഞ്ഞ്, പൂക്കളൊക്കെ വിരിയുന്ന കാലം. എൻറെ എട്ടാം ക്ലാസിലെ ഓണാവധിക്കാലത്തെ ഒരു ഓർമ്മക്കുറിപ്പാണിത്. എനിക്ക് ഓർമ്മയുണ്ട്, അന്നൊരു വെള്ളിയാഴ്ചയായിരുന്നു. വൈകുന്നേരത്തെ ചിത്രഗീതത്തിൽ കണ്ണും നട്ടിരിക്കുകയായിരുന്നു ഞാൻ. 

അതിനിടയ്ക്ക് പറയട്ടെ, ഞാൻ അന്ന് എൻറെ സ്വന്തം വീട്ടിൽ നിന്ന് കുറച്ച് അകലെയുള്ള തറവാട്ടിലാണ് താമസം. ഞാൻ അപ്പച്ചി എന്ന് വിളിക്കുന്ന വല്യപ്പനും അമ്മച്ചി എന്ന് വിളിക്കുന്ന  വല്ല്യമ്മയുമാണ് അവിടെയുള്ളത്. അവർക്ക് കൂട്ടായി എന്നെ അവിടെ നിർത്തിയിരിക്കുകയാണ്. 

അങ്ങനെ, അന്നത്തെ ചിത്രഗീതം ഞാൻ ആസ്വദിച്ചു കൊണ്ടിരിക്കെ, തിണ്ണയിൽ അപരിചിതമായ ഒരു കാൽപെരുമാറ്റം. തിരിഞ്ഞുനോക്കുമ്പോൾ പതിനെട്ടോ ഇരുപതോ വയസ്സുള്ള, എനിക്ക് തീർത്തും അപരിചിതയായ ഒരു പെൺകുട്ടി സ്വാതന്ത്ര്യത്തോടെ വീട്ടിലേക്ക് വരുന്നു. ഇത്ര സ്വാതന്ത്ര്യത്തോടെ അകത്തേക്ക് വരുന്ന ഈ പെൺകുട്ടി ആരാണെന്ന് അറിയാൻ എനിക്ക് വല്ലാത്ത ജിജ്ഞാസ ഉണ്ടായെങ്കിലും എഴുന്നേറ്റുപോയി അന്വേഷിക്കാൻ തുനിഞ്ഞില്ല. സത്യം പറഞ്ഞാൽ പെൺകുട്ടികളോട് സംസാരിക്കാൻ എനിക്കന്ന് ഭയങ്കര നാണമായിരുന്നു. പിന്നെ ചിത്രഗീതത്തിലെ പാട്ടും നഷ്ടപ്പെടരുതല്ലോ.  ഞാൻ ജിജ്ഞാസ അടക്കി ചിത്രഗീതം മുഴുവൻ കണ്ടു തീർത്തു. 

അത്താഴത്തിന് അമ്മച്ചി വിളിക്കുന്നു. അന്നൊക്കെ ഡൈനിങ് റൂമിൽ ഇരുന്ന് അപ്പച്ചി മാത്രമേ ഭക്ഷണം കഴിക്കൂ. പിന്നെ ആരെങ്കിലും വിരുന്നുകാരും. എന്റെ ഭക്ഷണമുറി അടുക്കള തന്നെയാണ്. അമ്മച്ചിയുടെ വിളികേട്ട് ഓടി അടുക്കളയിൽ എത്തിയപ്പോൾ ഉണ്ട് നേരത്തെ വന്ന ചേച്ചി എന്നെക്കാൾ മുൻപേ അവിടെ ഉണ്ട്. നാണം കാരണം ഞാൻ കുനിഞ്ഞിരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി. "നീ ഈ ചേച്ചിയെ പരിചയപ്പെട്ടോ?"  അമ്മച്ചി ചോദിച്ചു. ഇല്ലെന്ന് ശബ്ദമുണ്ടാക്കാതെ, തല ഉയർത്താതെ, ഞാൻ തലയാട്ടി. "അവൻ ഭയങ്കര നാണക്കാരനാ", അമ്മച്ചി ചേച്ചിയോട് പറഞ്ഞു ചിരിച്ചു. എനിക്കന്ന് അമ്മച്ചിയോട് എന്തെന്നില്ലാത്ത ദേഷ്യം തോന്നി, ചേച്ചിയോട് അങ്ങനെയൊക്കെ പറയേണ്ട വല്ല കാര്യവും ഉണ്ടോ. ചേച്ചി എന്നെ നോക്കി ചിരിക്കുന്നു; കളിയാക്കി ചിരിച്ച താണോ ആവോ. ഞാൻ മിണ്ടിയില്ല. "നിനക്ക് ചേച്ചിയെ അറിയാമോ?" അമ്മച്ചി വിടാൻ ഭാവമില്ല. ഇല്ലെന്ന് ഞാൻ വീണ്ടും തലയാട്ടി. "മുമ്പ് ഇവിടെ വന്നിട്ടുള്ള സിറിൽ ചേട്ടൻറെ അനിയത്തിയാ",  അമ്മച്ചി ചേച്ചിയെ എനിക്ക് പരിചയപ്പെടുത്തി. 

പെട്ടെന്ന് തന്നെ ഭക്ഷണം കഴിച്ചു ഞാൻ എഴുന്നേറ്റു. ഭക്ഷണം കഴിച്ചു കഴിഞ്ഞു കഴിഞ്ഞ് ഇനി ഒന്നും ചെയ്യാൻ ഇല്ലാത്തതിനാൽ ഞാൻ മുറിയിലേക്ക് തന്നെ പോയി. ഇനിയും ടിവി വെക്കാൻ അപ്പച്ചി സമ്മതിക്കത്തില്ല. തന്നെയുമല്ല, എട്ടേ മുക്കാൽ കഴിഞ്ഞാൽ അന്നൊക്കെ പിന്നെ ടിവിയിൽ മലയാളം പരിപാടികളുമില്ല. കിടന്നുറങ്ങാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു ഞാൻ. അപ്പോഴുണ്ട് ആ ചേച്ചി മുറിയിലേക്ക് കയറി വരുന്നു. ഞാൻ ചിരിക്കാൻ ശ്രമിച്ചു; അത്ര വിജയിച്ചില്ല. ചേച്ചി അടുത്തുവന്നു തോളിൽ കയ്യിട്ടു, എനിക്ക് കുറച്ച് മിഠായികൾ തന്നു. അപ്പോഴാണ് ഞാൻ ചേച്ചിയുടെ മുഖത്ത് നോക്കിയത്. നല്ല സുന്ദരിയായിരുന്നു ചേച്ചി. ഞങ്ങൾ പരിചയപ്പെട്ടു. ഞാനും സംസാരിക്കാൻ തുടങ്ങി. പതുക്കെ പതുക്കെ എൻറെ നാണം ഒക്കെ മാറി. എത്ര പെട്ടെന്നാണ് ഞങ്ങൾ കൂട്ടുകാരായി മാറിയത്. രാത്രി കുറെ നേരം ഞങ്ങൾ വർത്തമാനം പറഞ്ഞിരുന്നു. എനിക്ക് അത്ര പരിചിതമല്ലാത്ത ഒരു ഭാഷാശൈലി ആയിരുന്നു ചേച്ചിയുടെ. കേൾക്കാൻ നല്ല രസമുണ്ടായിരുന്നു.
പിറ്റേന്ന് എനിക്ക് വലിയ സന്തോഷമായിരുന്നു. കൂട്ടുകൂടാൻ ഒരാളെ കിട്ടിയല്ലോ. ഞങ്ങൾ പറമ്പിലും മുറ്റത്തും ഒക്കെ തുള്ളിക്കളിച്ചു നടന്നു. തുമ്പിയെ പിടിച്ചു; ചിലതിനെ കൊണ്ട് കല്ലെടുപ്പിച്ചു; മറ്റു ചിലതിന്റെ പുറകിൽ നൂലു കെട്ടി പറപ്പിച്ചു. ചാമ്പങ്ങയും പേരക്കയും പറിച്ചു തിന്നു. നടന്ന വഴി മുഴുവനും ചേച്ചി എനിക്ക് തൻറെ നാടിനെ പറ്റിയും പഠിക്കുന്ന കോളേജിനെ പറ്റിയും ഒക്കെ പറഞ്ഞു തന്നു. ആലപ്പുഴയിൽ, കായൽ ഒക്കെ ഉള്ള ഏതോ ഒരു സ്ഥലത്തായിരുന്നു ചേച്ചിയുടെ വീട്. അവരുടെ നാടിൻറെ വിസ്മയങ്ങളെയും സൗന്ദര്യത്തെയും, കോളേജിലെ തമാശകളേയും  ഞാൻ കൗതുകത്തോടെ കേട്ടു. എന്നെ ആ നാട്ടിൽ ജനിപ്പിക്കാതിരുന്ന ദൈവത്തോട് എനിക്ക് ദേഷ്യം തോന്നി. ചേച്ചി പച്ചക്കറിയും മീനും  മുറിക്കുന്നത് ഒക്കെ ഒരു പ്രത്യേക രീതിയിലായിരുന്നു. അമ്മച്ചി ഒക്കെ മുകളിൽ നിന്ന് താഴേക്ക് മുറിക്കുമ്പോൾ ചേച്ചി താഴെ നിന്ന് മുകളിലേക്ക് ഒരു പ്രത്യേക രീതിയിൽ. എനിക്ക് അതൊക്കെ വലിയ കൗതുകമായിരുന്നു. ഞാൻ അതൊക്കെ കണ്ണും മിഴിച്ച് കണ്ടിരുന്നു.  ഓണത്തിന് മുറ്റത്തെ മാവിൽ കെട്ടിയ ഊഞ്ഞാലിൽ ഞങ്ങൾ മാറിമാറിയും ഒരുമിച്ചും  ആടിക്കളിച്ചു സൈക്കിളുകാരൻറെ കൈയിൽനിന്ന് ചോളാപൊരിയും കോലൈസും വാങ്ങിത്തിന്നു. 

ചെറുപ്പത്തിൽ എൻറെ ഏറ്റവും വലിയ സങ്കടങ്ങളിൽ ഒന്ന് എനിക്ക് ചേച്ചിമാർ ഇല്ലായിരുന്നു എന്നതാണ്.  ഒരു ചേച്ചിക്കുവേണ്ടി യുള്ള എൻറെ ആഗ്രഹത്തിന്, കുറച്ചു ദിവസത്തേക്ക് ആണെങ്കിലും ദൈവം എനിക്ക് തന്ന ഒരു ഉത്തരമായിരുന്നു ചേച്ചി എന്ന് എനിക്ക് തോന്നി. ഒരു ചേച്ചിയുടെ വാത്സല്യമുള്ള സ്പർശനങ്ങൾക്ക്, മധുരശ്രുതികൾക്ക്, വഴക്കിന്, പിണങ്ങിയിരിപ്പിന്, ശേഷമുള്ള അനുരഞ്ജനത്തിന്, ഒക്കെയുള്ള എൻറെ മോഹങ്ങൾക്ക് ഞാൻ ചേച്ചിയിൽ ഉത്തരം കണ്ടതുപോലെ.
അവധി തീർന്നത് പെട്ടെന്നായിരുന്നു. എനിക്ക് സ്കൂൾ തുറന്നു. ചേച്ചിക്കും തിരിച്ചു പോകണം. അതോർത്തപ്പോഴേ എനിക്ക് സങ്കടമായി. രണ്ടു മൂന്ന് ദിവസങ്ങൾ കൊണ്ട് ഞാൻ ചേച്ചിയോട് അത്രയ്ക്കും അടുത്തിരുന്നു. തിങ്കളാഴ്ച ഞാൻ മനസ്സില്ലാമനസ്സോടെയാണ് സ്കൂളിൽ പോയത്. എനിക്ക് ക്ലാസ്സിൽ ഇരിക്കാനേ തോന്നിയില്ല. ചേച്ചിയും ചേച്ചിയുടെ കൂടെയുള്ള ദിവസങ്ങളും ആയിരുന്നു എൻറെ മനസ്സ് നിറയെ. 

ഞാൻ തിരിച്ചു വന്നപ്പോൾ ചേച്ചി വീട്ടിൽ ഇല്ല. ചേച്ചിയും തിരിച്ചു പോയിരുന്നു. ഈ അനിയനെ തനിച്ചാക്കി ചേച്ചിപ്പക്ഷി പറന്നു പോയി.
കാലം നിലയ്ക്കാത്ത പ്രവാഹം പോലെ മുന്നോട്ട് ഒഴുകി. പിന്നീട് ഒരിക്കലും ആ ചേച്ചിയെ ഞാൻ കണ്ടിട്ടില്ല. എങ്കിലും ജീവിതത്തിലെ ഏകാന്തതയുടെ ഏതൊക്കെയോ നിമിഷങ്ങളിൽ ചേച്ചിയോടൊപ്പം ഉണ്ടായിരുന്ന ആ കുറച്ച് ദിവസങ്ങളുടെ മാധുര്യം ഞാൻ ഓർമ്മിച്ചെടുത്തു നുണയാറുണ്ടായിരുന്നു. ഞാനോർത്തു: ഖസാക്കിലെ രവി പറഞ്ഞതുപോലെ "ജനിമൃതികളുടെ ഈ ലോകത്തിൽ വിരഹവും ദുഃഖവും മാത്രമേയുള്ളൂ".  

(ഈ കുറിപ്പ് പ്രീ ഡിഗ്രി പഠിക്കുന്ന സമയത്ത്  - 1996 ൽ - ഡയറിയിൽ എഴുതിയതാണ്). 




Tuesday, December 6, 2011

അടുത്ത ക്രിസ്മസിന് അവന്‍ വരും!


ഡിസംബര്‍ തുടങ്ങുന്നു...
ഇനി ക്രിസ്മസ് കാലം... എങ്ങും നക്ഷത്രവിളക്കുകള്‍ , ദീപാലങ്കാരങ്ങള്‍ ... എല്ലാവരും ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു.
ഞങ്ങളും കരുണാഭവന് മുന്നില്‍ ഒരു നക്ഷത്രം തൂക്കാനുള്ള ഒരുക്കത്തിലാണ്. എല്ലാവരും വലിയ സന്തോഷത്തോടെ ചുറ്റും കൂടിയിട്ടുണ്ട്; അഭിപ്രായങ്ങളും ആരവങ്ങളും ഒക്കെയായി ... 
ബഹളങ്ങള്‍ക്കും തിരക്കുകള്‍ക്കും ഇടയില്‍ മറിയാമ്മാമ്മ ഒരു പ്രഖ്യാപനം നടത്തി. "ഈ ക്രിസ്മസിന് എന്റെ മോന്‍ വന്ന് എന്നെ കൊണ്ട് പോകും ... മോന്റെ കൂടെയാ ഇത്തവണത്തെ ക്രിസ്മസ്".
ആരും അന്വേഷിച്ചു വരാനില്ലാത്ത ഒരു കൂട്ടം അനാഥജന്മങ്ങള്‍ക്കിടയില്‍ സനാഥയെന്നു തെളിയിക്കാന്‍ ഒരവസരം കൈവന്നിതിലുള്ള അഭിമാനത്തോടെയാണ് അവരത് പറഞ്ഞത്. ആഴ്ചകള്‍ക്ക് മുമ്പേ തുടങ്ങി ഒരുക്കങ്ങള്‍ ... ഉള്ളതില്‍ ഏറ്റവും നല്ല രണ്ടു ജോഡി ചട്ടയും മുണ്ടും അലക്കി തേച്ചു മടക്കി ഒരു പ്ലാസ്റ്റിക്‌ കൂട്ടില്‍ അടുക്കി വച്ചു... ഒരു ജോഡി പുതിയ ചെരിപ്പുകള്‍ വാങ്ങിപ്പിച്ചു.. കാണുന്നവരോടൊക്കെ പിന്നെയും പിന്നെയും പറയും : "എന്റെ മോന്റെം പേരകുട്ടികളുടേം കൂടെയാ ഇത്തവണത്തെ ക്രിസ്മസ്".
ഞങ്ങളെ കാണുമ്പോഴൊക്കെ ചോദിക്കും "മോന്‍ വിളിച്ചോ... എന്ന വരുന്നേന്നു പറഞ്ഞോ" എന്നൊക്കെ. അങ്ങനെ കാത്തിരിപ്പിന്റെ ദിനങ്ങള്‍ ...
ഒടുവില്‍ ക്രിസ്മസിന്റെ തലേ ദിവസം... എല്ലാവരും സന്തോഷത്തിലാണ്. കുറെ പേര്‍ പുല്‍കൂടൊരുക്കുന്നു, കുറെ പേര്‍ വരാന്തകളൊക്കെ  അലങ്കരിക്കുന്നു... അങ്ങനെ ആകെ ബഹളമയം. അവിടുത്തെ പുല്‍കൂടൊരുക്കലൊക്കെ നല്ല രസമാണ്. അവിടെയുള്ള ഞങ്ങള്‍ രണ്ട്‌ സെമിനാരി വിദ്യാര്‍ഥികളും  രണ്ട്‌ കന്യാസ്ത്രീകളും ഒഴികെ ബാക്കി എല്ലാവരും എഴുപതു വയസിനു മുകളില്‍ പ്രായം ഉള്ളവരാണ്. എല്ലാവര്‍ക്കുമുണ്ട് അവരുടെ കുട്ടിക്കാലത്തെപറ്റിയും അന്നത്തെ പുല്‍കൂടൊരുക്കലിനെ പറ്റിയും, കരോളിനു പോയതിനെ പറ്റിയും, രാത്രി കുര്‍ബാനയ്ക്ക് പോയപ്പോള്‍ ആന ഓടിച്ചതും  അങ്ങനെ നൂറുനൂറു രസമുള്ള കഥകള്‍ പറയാന്‍ ... ഓരോരുത്തരുടെ പുളുവടികള്‍ കേട്ടാല്‍ ചരിച്ചു മണ്ണുകപ്പും....
അതിനിടയില്‍ ഫോണ്‍ ബെല്ലടിക്കുന്നു. ഞാനാണ് ഫോണെടുത്തത്. മറുതലക്കല്‍ പുരുഷ ശബ്ദം.
ഞാന്‍ ചോദിച്ചു: "ആരാണ് സംസാരിക്കുന്നത്"? 
"ഞാന്‍ മറിയാമ്മ എന്നയാളുടെ മകനാണ്.. സിംഗപൂരില്‍ നിന്നും വിളിക്കുന്നു. ക്രിസ്മസിന് എനിക്ക് വരാന്‍ കഴിയില്ലെന്ന് അമ്മയെ ഒന്ന് അറിയിച്ചേക്കൂ". പരുഷമായ സംസാരം. 
"വരാതിരിക്കരുത്. അമ്മ താങ്കളെ കാത്തിരിക്കുകയാണ്" ... ഞാന്‍ പറഞ്ഞു.
"താങ്കള്‍ക്ക് കാര്യം പറഞ്ഞാല്‍ മനസിലാവില്ലേ... ഞങ്ങള്‍ കുടുംബസമേതം ഒരു യാത്ര പോകുകയാണ്. പെട്ടെന്ന് പ്ളാന്‍ ചെയതതാണ്.. അതുകൊണ്ട് എന്തായാലും വരാന്‍ കഴിയില്ലെന്ന് അമ്മയോട് പറഞ്ഞേക്കൂ"
എന്റെ മറുപടിക്ക് കാത്തു നില്‍ക്കാതെ അയാള്‍ ഫോണ്‍ വെച്ചു.
എങ്ങനെ മറിയാമ്മാമ്മയോടിത് പറയും ... ഞാനാകെ അങ്കലാപ്പിലായി... ആ പാവം എത്ര ദിവസമായി കാത്തിരിക്കുന്നു.. എങ്ങനെ പറയും എന്നറിയാതെ മറിയാമ്മാമ്മയുടെ മുറി ലക്ഷ്യമാക്കി ഞാന്‍ നടന്നു. ബഹളങ്ങളിലൊന്നും പെടാതെ മകന്‍ വരുന്നതും കാത്ത് മുറിയില്‍തന്നെ ഇരിപ്പാണവര്‍ .
എന്നെ കണ്ടപാടെ ആവേശത്തോടെ അവര്‍ ചോദിച്ചു: 
"മോന്‍ വിളിച്ചോ?... എപ്പളാ അവന്‍ വരുന്നേ"?
എന്ത് പറയണമെന്നറിയാതെ ഞാന്‍ ആ കട്ടിലില്‍ ഇരുന്നു. 
"അവന്‍ ഇത് വരെ വിളിച്ചില്ലേ... അവന്‍ എന്താ വിളിക്കാത്തെ.." ജിജ്ഞാസയടക്കാന്‍ ആവുന്നില്ല അവര്‍ക്ക്. 
ഞാന്‍ ആ അമ്മയെ തോളില്‍ കൈയ്യിട്ട് ചേര്‍ത്ത് പിടിച്ചു... 
"അതേ മറിയാമ്മാമ്മേ.... പിന്നെയേ... മോന്‍ വിളിച്ചിരുന്നു... അവനവിടെ എന്തോ വല്യ തെരക്കാ... ഇപ്പൊ വരാന്‍ പറ്റത്തില്ലാന്ന് പറഞ്ഞു".
ഒരുവിധം ഞാന്‍ പറഞ്ഞൊപ്പിച്ചു. എനിക്കാ മുഖത്തേക്ക് നോക്കാന്‍ കഴിയുമായിരുന്നില്ല...
ഒരു തേങ്ങല്‍ കേട്ടു... ആ കണ്ണുകളില്‍ നിന്ന് കണ്ണുനീരിന്റെ ഒരു കടല്‍ ... എന്റെ കണ്ണും നിറയുന്നു... ഞാനാ കൈകള്‍ ചേര്‍ത്തു പിടിച്ചു. 
"ഇവിടെ ഞങ്ങളൊക്കെ ഇല്ലേ അമ്മക്ക് മക്കളായിട്ട് ... നമുക്ക് ക്രിസ്മസ് ഇവിടെ ആഘോഷിക്കാം" എന്റെ വാക്കുകള്‍ക്കൊന്നിനും അവരെ സമാധാനിപ്പിക്കാന്‍ സാധിക്കില്ലെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു.
"സാരമില്ല അടുത്ത ക്രിസ്മസിന് അവന്‍ വരും" തേങ്ങലുകള്‍ക്കിടയില്‍ അവര്‍ പറഞ്ഞു. 
അവരെന്റെ കൈകളില്‍ ചുണ്ടുകള്‍ ചേര്‍ത്തു. ചുടുകണ്ണുനീര്‍ എന്റെ കൈകളിലൂടെ ഒഴുകി....അതു കണ്ണുനീരല്ല അവരുടെ രക്തം തന്നെയാണെന്ന് എനിക്ക് തോന്നി. ആ രംഗം എങ്ങനെ അവസാനിച്ചു എന്നെനിക്കറിയില്ല...!
അന്ന് രാത്രി പാതിരാ കുര്‍ബാന കഴിഞ്ഞു മിന്നിത്തിളങ്ങുന്ന പുല്‍കൂടിനരികെ ഉണ്ണീശോയുടെയും ഉണ്ണിക്കരികില്‍ കണ്ണിമ വെട്ടാതെ കാത്തിരിക്കുന്ന യൌസേപ്പിതാവിന്റെയും മാതാവിന്റെയും രൂപങ്ങള്‍ കണ്ടപ്പോള്‍ ഞാനോര്‍ത്തു.... മറിയാമ്മാമ്മയും ഇത് പോലെ എത്ര രാത്രികള്‍ തന്റെ മകന്റെ കിടക്കക്കരികില്‍ ഉറക്കമിളച്ച് കാത്തിരുന്നിട്ടുണ്ടാകണം.
കണ്ണുകള്‍ നിറഞ്ഞത്‌ ആരും കാണാതെ ഞാന്‍ ഇരുളിലേക്ക് നീങ്ങി നിന്നു... 

Thursday, October 13, 2011

"മേരാ ജീവന്‍ കൊറാ കാഗസ്..."

കൈയ്യിലിരുന്ന 'നോസ്തി'യുടെ പായ്ക്കറ്റുകള്‍ ദീദിയുടെ നേരെ നീട്ടിക്കൊണ്ട് അറിയാവുന്ന ഹിന്ദിയില്‍ ഞാന്‍ ചോദിച്ചു: "കേസാ ഹേ ദീദി?" (നോസ്തി: പുകയില പൊടിക്ക് ദീദി പറയുന്ന പേര്; ഏതു ഭാഷയാണാവോ)
'നോസ്തി'യുടെ പായ്ക്കറ്റിലേക്ക് ആര്‍ത്തിയോടെ നോക്കിക്കൊണ്ട്‌ എന്റെ നേരെ കൈ നീട്ടി അവര്‍ പറഞ്ഞു: "ഭാലോ അച്ചേ.... ഭാലോ അച്ചേ" (എനിക്ക് സുഖമാണ്; ബംഗാളി)
ഞാന്‍ ആ പായ്ക്കറ്റുകള്‍ അവരുടെ കൈയ്യില്‍ വച്ചുകൊടുത്തു. പുകയിലകറപിടിച്ച് കറത്തുപോയ പല്ലുകള്‍ കാട്ടി അവരെന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
ഹിന്ദിയും ബംഗാളിയും പിന്നെ ഏതൊക്കെയോ ഭാഷകളും മാറി മാറി പറയുന്ന, ഹാര്‍മോണിയം വായിച്ചു മനോഹരമായി പാടുന്ന, രണ്ടു കൈകളിലും നിറയെ നിറം പോയ അലുമിനിയം വളകളിട്ട,  നെറ്റിയില്‍ വലിയ ചുവന്ന പൊട്ടുകുത്തുന്ന, ഞങ്ങളൊക്കെ ദീദിയെന്നു വിളിക്കുന്ന പാര്‍വ്വതി ദുര്‍ഗ്ഗ ഞങ്ങളുടെ അഗതി മന്ദിരത്തില്‍ എത്തിയിട്ട് രണ്ടു മാസമേ ആയുള്ളൂ. റെയില്‍വേ സ്റ്റേഷനിൽ ആരുടെയൊക്കെയോ അക്രമത്തിനിരയായി ബോധരഹിതയായി കിടന്ന അവരെ ചില പോലീസുകാരാണ് പിന്നീട് അവിടെ കൊണ്ടുവന്നത്. അമ്പതോ അറുപതോ വയസു പ്രായം കാണും അവര്‍ക്ക്. ജീവിത ക്ലേശങ്ങള്‍ മുഖത്ത് പാടുകള്‍ വീഴ്ത്തിയെങ്കിലും ചെറുപ്പത്തില്‍ അവര്‍ക്കുണ്ടായിരുന്ന അഭൗമ സൗന്ദര്യത്തിന്റെ ശേഷിപ്പുകള്‍ ഇപ്പോഴും ആ മുഖത്തുണ്ട്. അധികമൊന്നും സംസാരിക്കില്ല; സംസാരിക്കാന്‍ അവര്‍ക്കറിയാവുന്ന ഭാഷ മനസ്സിലാകുന്നവര്‍ അവിടെ ആരുമില്ലെന്നതാണ് വാസ്തവം. എനിക്കറിയാവുന്ന മുറിഹിന്ദിയില്‍ ഞാന്‍ വല്ലപ്പോഴുമൊക്കെ എന്തെങ്കിലുമൊക്കെ ചോദിക്കും. അവര്‍ അതിനുത്തരം പറയും, പിന്നെ ദൂരേയ്ക്കങ്ങനെ നോക്കിയിരിക്കും.... അത്രമാത്രം. പിന്നെ വല്ലപ്പോഴും തന്റെ സന്തതസഹചാരിയായ ഹാര്‍മോണിയത്തില്‍ വിരലോടിച്ച് മനോഹരമായി പാടും... കിഷോര്‍ കുമാറിന്റെയും മുഹമ്മദ്‌ റാഫിയുടെയും മറ്റും പഴയ ഗാനങ്ങള്‍. 
ഞാന്‍ കൊടുത്ത 'നോസ്തി'യുടെ പായ്കറ്റ് പൊട്ടിച്ച് ഒരു നുള്ള് എടുത്ത് വായിലേക്കിട്ട് കട്ടിലിനു താഴെ നിലത്ത് ഭിത്തിയില്‍ ചാരി അവരിരുന്നു. ഡയറക്ടര്‍ അച്ചന്റെ വിലക്ക് അവഗണിച്ചും ഞാന്‍ 'നോസ്തി' വാങ്ങികൊടുത്തതിന്റെ സന്തോഷം ആ മുഖത്തുണ്ട്‌. അവരുടെ മുഖത്തെ സന്തോഷം കണ്ട് ഞാനും അല്‍പസമയം അവരുടെ കൂടെ ആ നിലത്തിരുന്നു. സംസാരത്തിനിടയില്‍ എനിക്കറിയാവുന്ന ഭാഷയില്‍ ഞാനവരോട് അവരുടെ ജീവിതത്തെപ്പറ്റി ചോദിച്ചു. എന്റെ ചോദ്യങ്ങള്‍ക്കുത്തരമായി, കുറെ ഹിന്ദിയിലും കുറെ ബംഗാളിയിലും പിന്നെ ഏതൊക്കെയോ ഭാഷകളിലും, പലതും അവ്യക്തമായി ദീദി അവരുടെ ജീവിതകഥ എന്നോട് പറഞ്ഞു. കുറെയൊക്കെ എനിക്ക് മനസ്സിലായി; കുറെയധികം മനസ്സിലായില്ല; ഇനിയും, ഞാന്‍ മനസ്സിലാക്കികൂട്ടിയതൊക്കെ എത്രത്തോളം ശരിയാണെന്ന് എനിക്കൊരു ഉറപ്പുമില്ല. എങ്കിലും, മനസ്സിലാക്കിയതൊക്കെ ചേര്‍ത്തുവച്ച് അവരുടെ ജീവിതകഥ കുറെയൊക്കെ ഞാന്‍ ഊഹിച്ചെടുത്തു. 
കല്‍ക്കട്ടാ നഗരത്തിന്റെ പ്രാന്തങ്ങളിലെവിടെയോ ആയിരുന്നു അവരുടെ വീട്. അച്ഛനെപറ്റി അവര്‍ക്കൊന്നുമറിയില്ല. അമ്മയും അഞ്ചു മക്കളും. മൂത്തവള്‍ പാര്‍വതി, പിന്നെ മൂന്നു സഹോദരിമാര്‍ ഒരു സഹോദരന്‍... പിന്നീടെപ്പോഴോ കല്‍ക്കത്തയില്‍ നിന്നും ഡല്‍ഹിയിലേക്ക് ആ അമ്മയും മക്കളും തങ്ങളുടെ ജീവിതം പറിച്ചു നട്ടു. അഞ്ചു മക്കളെയും പട്ടിണി കൂടാതെ പോറ്റാന്‍ ഡല്‍ഹി പോലൊരു നഗരമാണ് കൂടുതല്‍ നല്ലതെന്ന് ആ അമ്മക്ക് തോന്നിയിട്ടുണ്ടാവണം. അതിനിടെ അമ്മയും മരിച്ചു. അങ്ങനെ, തീരെ ചെറുപ്പത്തില്‍ തന്നെ പാര്‍വതിക്ക് തെരുവിലിറങ്ങേണ്ടി വന്നു... തീവണ്ടിയില്‍ പാടി ഭിക്ഷ തെണ്ടുന്ന ഒരു പാട്ടുകാരിയായി... 
പിന്നെ തെരുവും തീവണ്ടിസ്റേഷനും ഒക്കെയായി ദീദിയുടെ വീട്. അതിനിടയിലൊരിക്കല്‍ ഡല്‍ഹിയിലെ ഏതോ തീവണ്ടിസ്റേഷനിലെ കീഴ്ജീവനക്കാരനായ മനോഹറുമായി അവര്‍ ചങ്ങാത്തത്തിലായി... സൗഹൃദം പ്രണയത്തിലേക്ക് വളര്‍ന്നു... പിന്നെ വിവാഹം കഴിച്ചു... പക്ഷെ അയാളിലൂടെ അവര്‍ എത്തിപ്പെട്ടത് ഒരു ചുവന്ന തെരുവിലായിരുന്നു... കുറെനാള്‍ അയാളുടെ അടിമയായി അവിടെ... പിന്നെ അവിടെ നിന്നും എങ്ങനെയോ രക്ഷപെട്ടു... അതിനിടയിലെപ്പോഴോ അവര്‍ക്ക് സമനില തെറ്റിയിരുന്നു... പിന്നെയും തെരുവുകളില്‍ നിന്നും തെരുവുകളിലേക്ക്‌... ഒരു തീവണ്ടി സ്റേഷനില്‍ നിന്നും മറ്റൊന്നിലേക്ക്... ഒടുവില്‍ ഏതോ ക്രൂരമനുഷ്യന്റെ അക്രമത്തിനിരയായി കേരളത്തിലെ ഒരു സ്റ്റേഷനിൽ... ബോധരഹിതയായി.... പിന്നെ കുറെ നാള്‍ ഏതോ സര്‍ക്കാര്‍ ആശുപത്രിയില്‍.... അങ്ങനെ ഇപ്പോള്‍ ഞങ്ങളുടെ അഗതി മന്ദിരത്തില്‍...
പിന്നെയും എന്തൊക്കെയോ അവര്‍ പറഞ്ഞു... അരുന്ധതി, രാജുബാബു, ഹൗറ, ധാപ... തുടങ്ങി കുറെ പേരുകളും സ്ഥലപേരുകളും അല്ലാതെ മറ്റൊന്നും എനിക്ക് മനസ്സിലായില്ല... ജീവിതത്തിന്റെ നരകയാതനകള്‍ക്കിടയില്‍ സഹായിച്ചവരോ ഉപദ്രവിച്ചവരോ ആയ ചില മനുഷ്യരോ, കടന്നു പോയ ചില സ്ഥലങ്ങളോ ഒക്കെ ആയിരിക്കും അവയൊക്കെ എന്ന് ഞാന്‍ ഊഹിച്ചു.
ഇത്രയുമൊക്കെ പറഞ്ഞു നിര്‍ത്തി ഒരു നുള്ളുകൂടി 'നോസ്തി'യെടുത്ത് വായിലേക്കിട്ടിട്ട് എന്നോടവര്‍ ചോദിച്ചു.. " നോസ്തി കിത്നാ രൂപയാ??"
"ഏക്‌ പായ്ക്കറ്റ് കോ, സോ രൂപയെ" തമാശ മട്ടില്‍ ഞാന്‍ പറഞ്ഞു...
തന്റെ കൈയിലുള്ള ഭാണ്ഡം തുറന്ന് എന്റെ മുന്നിലേക്ക്‌ വച്ചിട്ട് അവര്‍ പറഞ്ഞു: "ലേ ലോ... ലേ ലോ"
കുറെ പഴന്തുണികളും, അലുമിനിയം വളകളും, പ്ലാസ്റിക് കുപ്പികളും അല്ലാതെ മറ്റൊന്നും അതില്‍ ഉണ്ടായിരുന്നില്ല...
"മേ തുംസെ പേസാ അഗ്‌ലി ബാര്‍ ലേലൂംഗാ...." ചിരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു...
പിന്നെ ഒന്നും ശ്രദ്ധിക്കാതെ ഹാര്‍മോണിയത്തില്‍ വിരലോടിച്ച് അകലേക്ക്‌ നോക്കി മനോഹരമായി അവര്‍ പാടാന്‍ തുടങ്ങി... "മേരാ ജീവന്‍ കൊറാ കാഗസ് കൊരഹി രേ ഗയാ..... ജോ ലിഖാ ഥാ - ആസുവോ കേ സംഗ് ബേ ഗയാ..."

Wednesday, August 10, 2011

In Loving Memory


ജീവിതത്തിലെ ഏറ്റവും ഉറപ്പായ യാദാര്‍ത്ഥ്യം 'മരണം'...
എന്നാല്‍ മരണത്തെക്കാള്‍ ഉറപ്പില്ലാത്ത മറ്റൊരു കാര്യം ഇല്ലതാനും!!
എത്ര അപ്രതീക്ഷിതമായാണ് ചിലരൊക്കെ നമ്മില്‍ നിന്നും വേര്‍പെട്ടുപോകുന്നത്!
അറക്കപറമ്പില്‍ അച്ചനും അങ്ങനെ ആയിരുന്നു...
അപ്രതീക്ഷിതമായ ഒരു വേര്‍പാട്‌!!!
അച്ചനെപറ്റി മധുരമുള്ള ഏറെ ഓര്‍മ്മകള്‍ മനസ്സിലുണ്ട്...
അതിലൊന്ന് ഞങ്ങള്‍ ഒരുമിച്ചു നടത്തിയ ഒരു യാത്രയാണ്.
എന്‍റെ പൌരോഹിത്യത്തിന്റെ ആദ്യദിനങ്ങളിലൊന്നില്‍ ആയിരുന്നു അത്
വയനാട്ടിലേക്ക്.. രാജേഷും ഷെനിഷും, ജോസഫും, ഞാനും പിന്നെ അച്ചനും.
എന്‍റെ പൌരോഹിത്യ സ്വീകരണത്തിന്റെ ആഘോഷമായിരുന്നു അത്.
വഴിയില്‍ ഏതോ ഒരു വലിയ ഹോട്ടലില്‍ കയറിയിട്ട്
അവിടെയുള്ള ഏറ്റവും വിശിഷ്ടമായത്‌ മാത്രം വാങ്ങി മുന്നില്‍ നിരത്തി
അച്ചനൊന്നും കഴിച്ചില്ല ... കഴിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിക്കുക മാത്രം..
അത് ഇപ്പോഴും അങ്ങനെ തന്നെ ആയിരുന്നു താനും.
തിരികെ പോരും വഴി ഒരു വലിയ വാച്ചുകടയുടെ മുന്നില്‍ വണ്ടി നിര്‍ത്തി
അവിടെയുള്ളതില്‍ ഏറ്റവും വിലകൂടിയ
സ്വര്‍ണ ചെയിനുള്ള ഒരു വാച്ചു എനിക്ക് വാങ്ങിത്തന്നു.
പൌരോഹിത്യ സ്വീകരണത്തിന് എനിക്കുള്ള സമ്മാനം.
കൊടുക്കുന്നതില്‍ ഇതുപോലെ സന്തോഷം കണ്ടെത്തുന്ന
മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല.
ആ ചിരി ഒരിക്കലും മായാതെ മനസ്സില്‍ നില്‍ക്കുന്നു....