Tuesday, December 6, 2011

അടുത്ത ക്രിസ്മസിന് അവന്‍ വരും!


ഡിസംബര്‍ തുടങ്ങുന്നു...
ഇനി ക്രിസ്മസ് കാലം... എങ്ങും നക്ഷത്രവിളക്കുകള്‍ , ദീപാലങ്കാരങ്ങള്‍ ... എല്ലാവരും ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു.
ഞങ്ങളും കരുണാഭവന് മുന്നില്‍ ഒരു നക്ഷത്രം തൂക്കാനുള്ള ഒരുക്കത്തിലാണ്. എല്ലാവരും വലിയ സന്തോഷത്തോടെ ചുറ്റും കൂടിയിട്ടുണ്ട്; അഭിപ്രായങ്ങളും ആരവങ്ങളും ഒക്കെയായി ... 
ബഹളങ്ങള്‍ക്കും തിരക്കുകള്‍ക്കും ഇടയില്‍ മറിയാമ്മാമ്മ ഒരു പ്രഖ്യാപനം നടത്തി. "ഈ ക്രിസ്മസിന് എന്റെ മോന്‍ വന്ന് എന്നെ കൊണ്ട് പോകും ... മോന്റെ കൂടെയാ ഇത്തവണത്തെ ക്രിസ്മസ്".
ആരും അന്വേഷിച്ചു വരാനില്ലാത്ത ഒരു കൂട്ടം അനാഥജന്മങ്ങള്‍ക്കിടയില്‍ സനാഥയെന്നു തെളിയിക്കാന്‍ ഒരവസരം കൈവന്നിതിലുള്ള അഭിമാനത്തോടെയാണ് അവരത് പറഞ്ഞത്. ആഴ്ചകള്‍ക്ക് മുമ്പേ തുടങ്ങി ഒരുക്കങ്ങള്‍ ... ഉള്ളതില്‍ ഏറ്റവും നല്ല രണ്ടു ജോഡി ചട്ടയും മുണ്ടും അലക്കി തേച്ചു മടക്കി ഒരു പ്ലാസ്റ്റിക്‌ കൂട്ടില്‍ അടുക്കി വച്ചു... ഒരു ജോഡി പുതിയ ചെരിപ്പുകള്‍ വാങ്ങിപ്പിച്ചു.. കാണുന്നവരോടൊക്കെ പിന്നെയും പിന്നെയും പറയും : "എന്റെ മോന്റെം പേരകുട്ടികളുടേം കൂടെയാ ഇത്തവണത്തെ ക്രിസ്മസ്".
ഞങ്ങളെ കാണുമ്പോഴൊക്കെ ചോദിക്കും "മോന്‍ വിളിച്ചോ... എന്ന വരുന്നേന്നു പറഞ്ഞോ" എന്നൊക്കെ. അങ്ങനെ കാത്തിരിപ്പിന്റെ ദിനങ്ങള്‍ ...
ഒടുവില്‍ ക്രിസ്മസിന്റെ തലേ ദിവസം... എല്ലാവരും സന്തോഷത്തിലാണ്. കുറെ പേര്‍ പുല്‍കൂടൊരുക്കുന്നു, കുറെ പേര്‍ വരാന്തകളൊക്കെ  അലങ്കരിക്കുന്നു... അങ്ങനെ ആകെ ബഹളമയം. അവിടുത്തെ പുല്‍കൂടൊരുക്കലൊക്കെ നല്ല രസമാണ്. അവിടെയുള്ള ഞങ്ങള്‍ രണ്ട്‌ സെമിനാരി വിദ്യാര്‍ഥികളും  രണ്ട്‌ കന്യാസ്ത്രീകളും ഒഴികെ ബാക്കി എല്ലാവരും എഴുപതു വയസിനു മുകളില്‍ പ്രായം ഉള്ളവരാണ്. എല്ലാവര്‍ക്കുമുണ്ട് അവരുടെ കുട്ടിക്കാലത്തെപറ്റിയും അന്നത്തെ പുല്‍കൂടൊരുക്കലിനെ പറ്റിയും, കരോളിനു പോയതിനെ പറ്റിയും, രാത്രി കുര്‍ബാനയ്ക്ക് പോയപ്പോള്‍ ആന ഓടിച്ചതും  അങ്ങനെ നൂറുനൂറു രസമുള്ള കഥകള്‍ പറയാന്‍ ... ഓരോരുത്തരുടെ പുളുവടികള്‍ കേട്ടാല്‍ ചരിച്ചു മണ്ണുകപ്പും....
അതിനിടയില്‍ ഫോണ്‍ ബെല്ലടിക്കുന്നു. ഞാനാണ് ഫോണെടുത്തത്. മറുതലക്കല്‍ പുരുഷ ശബ്ദം.
ഞാന്‍ ചോദിച്ചു: "ആരാണ് സംസാരിക്കുന്നത്"? 
"ഞാന്‍ മറിയാമ്മ എന്നയാളുടെ മകനാണ്.. സിംഗപൂരില്‍ നിന്നും വിളിക്കുന്നു. ക്രിസ്മസിന് എനിക്ക് വരാന്‍ കഴിയില്ലെന്ന് അമ്മയെ ഒന്ന് അറിയിച്ചേക്കൂ". പരുഷമായ സംസാരം. 
"വരാതിരിക്കരുത്. അമ്മ താങ്കളെ കാത്തിരിക്കുകയാണ്" ... ഞാന്‍ പറഞ്ഞു.
"താങ്കള്‍ക്ക് കാര്യം പറഞ്ഞാല്‍ മനസിലാവില്ലേ... ഞങ്ങള്‍ കുടുംബസമേതം ഒരു യാത്ര പോകുകയാണ്. പെട്ടെന്ന് പ്ളാന്‍ ചെയതതാണ്.. അതുകൊണ്ട് എന്തായാലും വരാന്‍ കഴിയില്ലെന്ന് അമ്മയോട് പറഞ്ഞേക്കൂ"
എന്റെ മറുപടിക്ക് കാത്തു നില്‍ക്കാതെ അയാള്‍ ഫോണ്‍ വെച്ചു.
എങ്ങനെ മറിയാമ്മാമ്മയോടിത് പറയും ... ഞാനാകെ അങ്കലാപ്പിലായി... ആ പാവം എത്ര ദിവസമായി കാത്തിരിക്കുന്നു.. എങ്ങനെ പറയും എന്നറിയാതെ മറിയാമ്മാമ്മയുടെ മുറി ലക്ഷ്യമാക്കി ഞാന്‍ നടന്നു. ബഹളങ്ങളിലൊന്നും പെടാതെ മകന്‍ വരുന്നതും കാത്ത് മുറിയില്‍തന്നെ ഇരിപ്പാണവര്‍ .
എന്നെ കണ്ടപാടെ ആവേശത്തോടെ അവര്‍ ചോദിച്ചു: 
"മോന്‍ വിളിച്ചോ?... എപ്പളാ അവന്‍ വരുന്നേ"?
എന്ത് പറയണമെന്നറിയാതെ ഞാന്‍ ആ കട്ടിലില്‍ ഇരുന്നു. 
"അവന്‍ ഇത് വരെ വിളിച്ചില്ലേ... അവന്‍ എന്താ വിളിക്കാത്തെ.." ജിജ്ഞാസയടക്കാന്‍ ആവുന്നില്ല അവര്‍ക്ക്. 
ഞാന്‍ ആ അമ്മയെ തോളില്‍ കൈയ്യിട്ട് ചേര്‍ത്ത് പിടിച്ചു... 
"അതേ മറിയാമ്മാമ്മേ.... പിന്നെയേ... മോന്‍ വിളിച്ചിരുന്നു... അവനവിടെ എന്തോ വല്യ തെരക്കാ... ഇപ്പൊ വരാന്‍ പറ്റത്തില്ലാന്ന് പറഞ്ഞു".
ഒരുവിധം ഞാന്‍ പറഞ്ഞൊപ്പിച്ചു. എനിക്കാ മുഖത്തേക്ക് നോക്കാന്‍ കഴിയുമായിരുന്നില്ല...
ഒരു തേങ്ങല്‍ കേട്ടു... ആ കണ്ണുകളില്‍ നിന്ന് കണ്ണുനീരിന്റെ ഒരു കടല്‍ ... എന്റെ കണ്ണും നിറയുന്നു... ഞാനാ കൈകള്‍ ചേര്‍ത്തു പിടിച്ചു. 
"ഇവിടെ ഞങ്ങളൊക്കെ ഇല്ലേ അമ്മക്ക് മക്കളായിട്ട് ... നമുക്ക് ക്രിസ്മസ് ഇവിടെ ആഘോഷിക്കാം" എന്റെ വാക്കുകള്‍ക്കൊന്നിനും അവരെ സമാധാനിപ്പിക്കാന്‍ സാധിക്കില്ലെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു.
"സാരമില്ല അടുത്ത ക്രിസ്മസിന് അവന്‍ വരും" തേങ്ങലുകള്‍ക്കിടയില്‍ അവര്‍ പറഞ്ഞു. 
അവരെന്റെ കൈകളില്‍ ചുണ്ടുകള്‍ ചേര്‍ത്തു. ചുടുകണ്ണുനീര്‍ എന്റെ കൈകളിലൂടെ ഒഴുകി....അതു കണ്ണുനീരല്ല അവരുടെ രക്തം തന്നെയാണെന്ന് എനിക്ക് തോന്നി. ആ രംഗം എങ്ങനെ അവസാനിച്ചു എന്നെനിക്കറിയില്ല...!
അന്ന് രാത്രി പാതിരാ കുര്‍ബാന കഴിഞ്ഞു മിന്നിത്തിളങ്ങുന്ന പുല്‍കൂടിനരികെ ഉണ്ണീശോയുടെയും ഉണ്ണിക്കരികില്‍ കണ്ണിമ വെട്ടാതെ കാത്തിരിക്കുന്ന യൌസേപ്പിതാവിന്റെയും മാതാവിന്റെയും രൂപങ്ങള്‍ കണ്ടപ്പോള്‍ ഞാനോര്‍ത്തു.... മറിയാമ്മാമ്മയും ഇത് പോലെ എത്ര രാത്രികള്‍ തന്റെ മകന്റെ കിടക്കക്കരികില്‍ ഉറക്കമിളച്ച് കാത്തിരുന്നിട്ടുണ്ടാകണം.
കണ്ണുകള്‍ നിറഞ്ഞത്‌ ആരും കാണാതെ ഞാന്‍ ഇരുളിലേക്ക് നീങ്ങി നിന്നു... 

4 comments:

  1. പ്രീയ രഞ്ജിത്ത് .. വരികളിലെവിടെയൊക്കെയോ
    നീര്‍മുത്തുകള്‍ തങ്ങി നില്പ്പുണ്ട് ..
    അനാഥരും സനാഥരും തുല്യ ദുഖിതരാവാം അല്ലേ ??
    അല്ലാ എന്നു തോന്നും ചിലപ്പൊഴൊക്കേ ..
    അനാഥത്വം നമ്മുടേ മനസ്സിനേ ജീവിക്കാന്‍
    പ്രേരിപ്പിക്കും , ഏതു സാഹചര്യത്തിലും ..
    പക്ഷേ സനാഥര്‍ എപ്പൊഴും ബന്ധങ്ങളില്‍ ബന്ധിതരാണ് ..
    ഒരു കുഞ്ഞ് അവഗണന പോലും ഹൃത്തിനേ തകര്‍ക്കും .. ഈ പാവം
    അമ്മയ്ക്ക് വന്ന പൊലെ .. ഒരു മനസ്സ് എന്തൊക്കെ ആഗ്രഹങ്ങളുടേ -
    പിടിയിലായിരിക്കുമെന്ന് നിര്‍വചിക്കാന്‍ കഴിയില്ല ,
    എന്നാല്‍ ചെറിയ ചെറിയ ആശകള്‍ , അല്ലെങ്കില്‍ അവര്‍ അര്‍ഹിക്കുന്ന
    കാര്യങ്ങള്‍ പൊലും ചെയ്തു കൊടുക്കാന്‍ കഴിയാത്ത രക്തങ്ങള്‍
    എന്താണ് നേടുന്നത് .. എന്താണീ രക്തബന്ധം എന്ന് കൊട്ടിഘോഷിക്കുന്നത്
    നാളേ ദൈവ വിളിയില്‍ എന്നേക്കുമായീ പൊകുമ്പൊള്‍ എന്താണീവരൊക്കെ
    ഈ ഭൂവില്‍ ബാക്കി വയ്ക്കുന്നത് ??
    വരികളിലൂടേ വന്ന ഗദ്ഗദം എന്നെയും പിടി കൂടീ ..
    ഇട വരികളില്‍ കണ്ണൊന്നു നീറീ .. സഖേ ...
    നേരിന്റേ മുന്നില്‍ ഇടറീ പോകുന്ന ഈ പാവം മനുഷ്യരുടേ
    നേരിന്റേ വരികള്‍ ഈ കരങ്ങളിലൂടേ ഇനിയും വരട്ടേ ..
    നോവ് ഒന്നു പൊട്ടീ . അതിപ്പൊഴും നീറുന്നുണ്ട് ഉള്ളില്‍ ..
    ആത്മാവുള്ള വരികള്‍ക്ക് നന്ദീ സഖേ ..

    ReplyDelete
  2. നല്ല വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും നന്ദി, റിനി ശബരി.....
    ഇനിയും വരിക ....
    കമന്റുകള്‍ പ്രതീക്ഷിക്കുന്നു....

    ReplyDelete
  3. രഞ്ജിത്ത്,ഈ കരങ്ങളിലൂടേ ഇനിയും ആത്മാവുള്ള വരികള്‍ വരട്ടേ..congras..

    ReplyDelete
  4. ഒരുപാട് അലിവുള്ള കരളിൻറെ ഉടമയാണ് അല്ലേ....

    ReplyDelete

You are Welcome to Comment