Monday, December 19, 2011

ക്രിസ്മസ് നാളിലെ നക്ഷത്രങ്ങളുടെ പുഞ്ചിരി


നക്ഷത്രങ്ങളുടെ പുഞ്ചിരി എനിക്ക് വലിയ ഇഷ്ടമായിരുന്നു. ഏകാന്തമായ ഈ യാത്രയില്‍ പ്രതിസന്ധികളുടെ നാല്കവലകളിലും നൊമ്പരങ്ങളുടെ മരുഭൂവിലുമൊക്കെ ആകാശത്തിന്റെ അനന്തതകളില്‍ നിന്നുള്ള ആ പുഞ്ചിരികള്‍ ആശ്വാസം പകരുമായിരുന്നു. പക്ഷെ നക്ഷത്രങ്ങള്‍ സംസാരിക്കുമെന്ന്, അവരോട് ചങ്ങാത്തം കൂടാമെന്ന് എനിക്കറിയില്ലായിരുന്നു. ഒരിക്കല്‍ എന്നെ അത്ഭുതപ്പെടുത്തികൊണ്ട് അവരെന്റെ അടുത്തുവന്നു, എന്നോട് സംസാരിച്ചു, എന്നോട് ചങ്ങാത്തം കൂടി....
ഒരു ക്രിസ്മസ് രാത്രി ആയിരുന്നു അത്. ഇറയത്ത്‌ നക്ഷത്രവിളക്കുകള്‍ മിന്നിത്തിളങ്ങുന്നു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇതുപോലൊരു രാത്രിയില്‍ മരംകോച്ചുന്ന തണുപ്പത്ത് ലോകത്തിനു മുഴുവന്‍ പ്രകാശമായുദിച്ച ഒരു ദിവ്യ നക്ഷത്രത്തെ ഓര്‍ത്തു കൊണ്ടാണ് ഞാന്‍ ഉറങ്ങാന്‍ പോയത്. പെട്ടന്ന്തന്നെ ഞാന്‍ ഉറങ്ങിപോയി...
ഇപ്പോള്‍ ഞാന്‍ ഒരു സ്വരം മാത്രം കേള്‍ക്കുന്നു, തേന്‍പോലെ മധുരമായ ഒരു സ്വരം. അത് നക്ഷത്രങ്ങളുടെതാണെന്ന് എനിക്കറിയില്ലായിരുന്നു. ഞാന്‍ കേട്ടു: "ഞങ്ങള്‍ നിന്റെ അടുത്തേക്ക് വരികയാണ്". ആരാണതെന്നു ഞാന്‍ ചോദിച്ചില്ല... കാരണം ആ സ്വരത്തിനു വല്ലാത്തൊരു മാസ്മരികതയുണ്ടായിരുന്നു. അത്ഭുതത്തോടെ ഞാനത് കേള്‍ക്കുക മാത്രം ചെയ്തു. പിന്നെ ആ മാസ്മരികതയില്‍ ഞാന്‍ അലിഞ്ഞില്ലാതാകുന്നതുപോലെ എനിക്ക് തോന്നി. കുറെ നേരത്തേക്ക് ഞാനൊന്നുമറിഞ്ഞില്ല... ഒന്നും കേട്ടില്ല, ആരെയും കണ്ടതുമില്ല.
ഇപ്പോള്‍ അവ്യക്തമായി ഞാന്‍ ഞാന്‍ ചിലത് കാണുന്നു. അപരിചിതമായ രണ്ടു രൂപങ്ങള്‍ , ഏതോ അന്യഗ്രഹ ജീവികളെ പോലെ, എന്റെ അടുത്തേക്ക് വരികയാണ്. അവരെന്നോട് സംസാരിക്കുന്നുണ്ട്, എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ട്. പക്ഷെ തികഞ്ഞ അപരിചിതത്വമാണ് എനിക്ക് തോന്നിയത്.... 
ഇനി ഞാന്‍ കാണുന്നതൊരു സാന്താക്ലോസിനെയാണ്, നീണ്ട പഞ്ഞിതാടിയും, കുസൃതി നിറഞ്ഞ കണ്ണുകളും, പുഞ്ചിരിക്കുന്ന മുഖവും, തോളില്‍ ഒരു സഞ്ചി നിറയെ ക്രിസ്മസ് സമ്മാനങ്ങളും ഉള്ള ഒരു സുന്ദരന്‍ ക്രിസ്മസ് പപ്പ. ഒരു കൊച്ചു കുട്ടിയാകാന്‍ ഞാനപ്പോള്‍ ആഗ്രഹിച്ചുപോയി. ആ സമ്മാനങ്ങള്‍ മുഴുവന്‍ എനിക്ക് കിട്ടിയിരുന്നെങ്കിലെന്ന് സ്വാര്‍ത്ഥതയോടെ ഞാന്‍ ചിന്തിച്ചു. പതിഞ്ഞ സ്വരത്തില്‍ ഹൃദയം കുളിര്‍പ്പിക്കുന്ന ക്രിസ്മസ് ഈരടികള്‍ കേള്‍ക്കുന്നുണ്ടായിരുന്നു... "Silent Night... Holy Night.... All is Calm.. All is Bright..." അപ്പോള്‍ പുറത്ത് പഞ്ഞിപോലെ മഞ്ഞു പെയ്യുന്നുണ്ടായിരുന്നു. നക്ഷത്രങ്ങളുടെ പ്രകാശമുള്ള ഒരു പുഞ്ചിരിയോടെ ക്രിസ്മസ് പപ്പ എന്റെ  കയ്യില്‍ പിടിച്ചിട്ടു പറഞ്ഞു : "Happy Christmas to you"
ഒരു പ്രകാശ വലയമെന്നെ മൂടി...! പിന്നെയെന്താണു സംഭവിച്ചതെന്ന് എനിക്കറിയില്ല.... ഇപ്പോള്‍ സാന്താക്ലോസുമില്ല, മുമ്പു കണ്ട അപരിചിതരൂപങ്ങളുമില്ല... എന്റെ ചുറ്റും കണ്ണഞ്ചിപ്പിക്കുന്ന കുറെയധികം നക്ഷത്രങ്ങള്‍ മാത്രം... എനിക്കെണ്ണി തീര്‍ക്കാന്‍ പറ്റാത്തത്ര... അവയൊക്കെ മിന്നിത്തിളങ്ങുന്നു.... എല്ലാം എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ടേയിരുന്നു!!! മധുരമായ സ്വരത്തില്‍ അവരൊന്നിച്ച് പാടുന്നുണ്ടായിരുന്നു... "Merry Merry Merry Christmas... Happy Happy Happy Christmas... എന്റെ കണ്ണുകള്‍ നിറഞ്ഞു.... സന്തോഷം കൊണ്ട്...
കൈനിറയെ അവരെനിക്കു ക്രിസ്മസ് സമ്മാനങ്ങള്‍ തന്നു. ഞാനും ഒരു നക്ഷത്രമായതുപോലെ എനിക്ക് തോന്നി.
ഞാനും പ്രകാശിക്കുന്നുണ്ടായിരുന്നു. 
പെട്ടെന്ന് ഞാന്‍ കണ്ണുതുറന്നു....
വല്ലാത്ത ജാള്യത!
കണ്ടതൊക്കെ വെറും സ്വപ്നമായിരുന്നു...
പക്ഷെ ഞാന്‍ ഉറക്കമുണര്‍ന്നപ്പോള്‍ മുറിയാകെ സ്നേഹത്തിന്റെ നിറഞ്ഞ സൌരഭ്യമുണ്ടായിരുന്നു സൌഹൃദത്തിന്റെ മഴവില്‍ നിറങ്ങളുണ്ടായിരുന്നു.... നക്ഷത്രങ്ങളുടെ പ്രകാശമുണ്ടായിരുന്നു. എന്നെ അത്യധികം അത്ഭുതപ്പെടുത്തുമാറ് ഞാനൊന്നുകൂടി കണ്ടു... എന്റെ കിടക്കയ്ക്കരികെ ഒരു ചുവന്ന സഞ്ചി. അതില്‍ നിറയെ ക്രിസ്മസ് സമ്മാനങ്ങള്‍ . ആകാംഷയോടെ ഞാനോരോന്നും തുറന്നു.. ഒരു കൊച്ചു കുട്ടിയെപ്പോലെ ഞാന്‍ ആഗ്രഹിച്ചതൊക്കെ. അതിനുമുകളില്‍ സ്നേഹത്തിന്റെ നിറമുള്ള അക്ഷരങ്ങള്‍ കൊണ്ട് എഴുതിയിട്ടുണ്ടായിരുന്നു... You are our dear Friend....! സ്നേഹപൂര്‍വ്വം നക്ഷത്രങ്ങള്‍ !!!
ഇപ്പോള്‍ ഞാനറിയുന്നു നക്ഷത്രങ്ങള്‍ എന്നെനോക്കി പുഞ്ചിരിക്കുന്നവര്‍ മാത്രമല്ല, എന്നെ സ്നേഹിക്കുന്നവര്‍ കൂടിയാണ്... എന്നോട് ചങ്ങാത്തം കൂടുന്നവരാണ്... ഞാനവരുടെ സുഹൃത്താണ്...
നക്ഷത്രങ്ങളേ നിങ്ങള്‍ക്ക് ഒരായിരം നന്ദി!!! 

3 comments:

  1. നക്ഷത്രങ്ങളുടെ കൂട്ടുകാരനോ..?
    ഹി ഹി നന്നായിരിക്കുന്നു..

    ReplyDelete
  2. നല്ലൊരു ക്രിസ്മസ് വായന സമ്മാനിച്ചല്ലോ... അഭിനന്ദനങ്ങള്‍...ആശംസകള്‍!! ഒരു ഫോളോവര്‍ ഗാഡ്ജറ്റ് തുറക്കൂ.

    ReplyDelete
    Replies
    1. നന്ദി ബെന്‍ജി... ഫോളോവര്‍ ഗാഡ്ജറ്റ് തുറക്കാം; ഇനിയും വായനയും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു

      Delete

You are Welcome to Comment