വിശ്വാസപരിശീലന ക്ളാസ്സിൽ അദ്ധ്യാപിക ഈശോയുടെ തിരുഹൃദയത്തെപ്പറ്റി കുട്ടികൾക്ക് വിശദീകരിച്ചു കൊടുക്കുകയാണ്: "കുട്ടികളേ, എന്താണ് ഈശോയുടെ തിരുഹൃദയവും നമ്മുടെ ഹൃദയവും തമ്മിലുള്ള പ്രാധാന വ്യത്യാസം"? ഒരു കുസൃതിക്കുട്ടിയുടെ മറുപടി ഇങ്ങനെയായിരുന്നു. "നമ്മുടെയൊക്കെ ഹൃദയം ശരീരത്തിന് അകത്താണ്; എന്നാൽ ഈശോയുടെ തിരുഹൃദയം ശരീരത്തിന് പുറത്താണ്". ഉത്തരം ക്ളാസ്സിൽ ചിരി പടർത്തി; പക്ഷെ അദ്ധ്യാപിക ഗൗരവത്തോടെ പറഞ്ഞു: "നമ്മുടെയൊക്കെ ഹൃദയം മൂടിവയ്ക്കപ്പെട്ടിരിക്കുകയാണ്, എന്നാൽ ഈശോയുടെ തിരുഹൃദയമാകട്ടെ നമ്മെയൊക്കെ സ്നേഹിക്കാൻ വേണ്ടി പുറത്തേക്ക് വന്നിരിക്കുകയാണ്".
ഇന്ന് തിരുഹൃദയ തിരുനാൾ...! തിരുഹൃദയഭക്തിക്ക് വേണ്ടി പ്രത്യേകം സമർപ്പിക്കപ്പെട്ട ദിനം. സഭയുടെ ചരിത്രം പരിശോധിച്ചാൽ ആദിമ നൂറ്റാണ്ടുകൾ മുതൽ തന്നെ തിരുഹൃദയഭക്തി സഭയില്‍ നില നിന്നിരുന്നതായി കാണാൻ സാധിക്കും. സഭാപിതാവായ ഒരിജെനും, വി. അംബ്രോസും, വി. ജെറോമും, വി. ജസ്റ്റിനും, വി. സിപ്രിയാനുമൊക്കെ ആദിമ നൂറ്റാണ്ടുകളില്‍ തന്നെ തിരുഹൃദയഭക്തി പ്രചരിപ്പിച്ചവരായിരുന്നു. മനുഷ്യ കുലത്തോടു മുഴുവനുമുള്ള ഈശോയുടെ അനിര്‍വചനീയമായ സ്നേഹത്തിന്റെ പ്രതീകം എന്ന നിലയിലാണ് ഇവരൊക്കെ തിരുഹൃദയത്തെ കണ്ടത്. പിന്നീട് പന്ത്രണ്ടാം നൂറ്റാണ്ടില്‍ വി. ബെര്‍ണാര്‍ഡ് ക്ലെയര്‍വോയും, പതിമൂന്നാം നൂറ്റാണ്ടില്‍ വി. ബൊനവന്തൂരയും, വി. ജെര്‍ത്രൂദും തിരുഹൃദയഭക്തി പ്രചരിപ്പിച്ചു. എന്നാല്‍ പതിനേഴാം നൂറ്റാണ്ടിൽ ഫ്രഞ്ചുകാരിയായ വി. മാര്‍ഗ്ഗരീത്ത മറിയം അലക്കോക്കിന് ഉണ്ടായ തിരുഹൃദയദര്‍ശനത്തോടെയാണ് തിരുഹൃദയഭക്തി ലോകത്താകമാനം പ്രചരിക്കാന്‍ ഇടയായത്. 1673 ഡിസംബര്‍ 27 മുതൽ വി. മാര്‍ഗ്ഗരീത്ത മറിയം അലക്കോക്കിന് ഉണ്ടായ വിവിധ ദര്‍ശനങ്ങളിൽ ഈശോ തന്‍റെ തിരുഹൃദയ രഹസ്യം ഈ വിശുദ്ധക്ക് വെളിപ്പെടുത്തി. ഈശോയുടെ തിരുഹൃദയം സഭയിൽ പ്രത്യേകം വണങ്ങപ്പെടണം എന്നും തിരുഹൃദയ തിരുനാള്‍ സഭയിൽ ആഘോഷിക്കപ്പെടണം എന്നും ഈ ദര്‍ശനങ്ങളിൽ ഈശോ വിശുദ്ധയോട് നിര്‍ദ്ദേശിച്ചു. ഈശോയുടെ തിരുഹൃദയത്തിന്‍റെ ചിത്രം എല്ലാ ഭവനങ്ങളിലും സ്ഥാപനങ്ങളിലും വണങ്ങപ്പെടണം എന്നും, തിരുഹൃദയത്തിന്‍റെ മുമ്പില്‍ എന്നും പ്രാര്‍ത്ഥനയോടെ ഒരുമിച്ചു കൂടുന്ന കുടുംബങ്ങളെ പ്രത്യേകം അനുഗ്രഹിക്കുമെന്നും അവരെ ആപത്തുകളില്‍നിന്നും രക്ഷിക്കും എന്നും ഈശോ വിശുദ്ധയോട് വാഗ്ദാനം ചെയ്യുകയുണ്ടായി. 1765 ൽ ക്ലമന്റ് പതിമൂന്നാമന്‍ മാര്‍പാപ്പയാണ് തിരുഹൃദയ വണക്കം സഭയിൽ ഔദ്യോഗികമായി അംഗീകരിക്കുകയും സ്ഥാപിക്കുകയും ചെയ്തത്.
ഹൃദയം സ്നേഹത്തിന്‍റെ പ്രതീകമാണ്! ഈശോയുടെ തിരുഹൃദയമാവട്ടെ, സഭാപിതാക്കള്‍ നമ്മെ പഠിപ്പിച്ചതുപോലെ, മനുഷ്യ കുലത്തോടു മുഴുവനുമുള്ള അവിടുത്തെ അനിര്‍വചനീയമായ സ്നേഹത്തിന്റെ രത്നച്ചുരുക്കം! ഈ ഹൃദയമാണ് നമുക്കായ് കുന്തത്താൽ കുത്തി തുറക്കപ്പെട്ടത്. നമ്മോടുള്ള സ്നേഹത്താല്‍ ഇല്ലായ്മയാകുവാൻ, എല്ലാം പൂര്‍ണമായി കൊടുക്കാന്‍, എല്ലാവരെയും ഒരുപോലെ സ്വീകരിക്കാന്‍ തുറക്കപ്പെട്ട ഹൃദയമാണ് അത്. വി. യോഹന്നാന്‍ ശ്ലീഹ ദൈവത്തെ നിര്‍വചിച്ചത് സ്നേഹമെന്നാണ്. അതുകൊണ്ടു തന്നെ തിരുഹൃദയം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ഹൃദയമുള്ള മനുഷ്യരായി തീരുക എന്നതാണ്. സ്നേഹിക്കുന്ന, ഔദാര്യം കാണിക്കുന്ന, ആശ്വസിപ്പിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന, സഹോദരന്‍റെ സന്തോഷത്തിലും ദുഖത്തിലും പങ്കുചേരുന്ന മനുഷ്യരാവുക. മനുഷ്യന്‍റെ മുഖത്തുനോക്കി നിര്‍വ്യാജം പുഞ്ചിരിക്കാനാവുക, കരയുന്നവന്‍റെ നെടുവീര്‍പ്പുകളും തേങ്ങുന്നവന്‍റെ ഗദ്ഗദങ്ങളും ഏറ്റുവാങ്ങുക. കാരണം ഈശോ - ഈശോയുടെ തിരുഹൃദയം - അങ്ങനെയായിരുന്നു.
എസക്കിയേല്‍ പ്രവാചകനിലൂടെ ദൈവം നമുക്ക് തരുന്നൊരു വാഗ്ദാനമുണ്ട്: "നിങ്ങള്‍ക്കു ഞാനൊരു പുതിയ ഹൃദയം നല്‍കും, ഒരു പുതിയ ചൈതന്യം അവരില്‍ ഞാന്‍ നിക്ഷേപിക്കും". (എസ. 11,19) നാം പ്രാര്‍ഥിക്കേണ്ടത് ഈ പുതിയ ഹൃദയത്തിനു വേണ്ടിയാണ്; നാം ആഗ്രഹിക്കേണ്ടത് ഈ പുതിയ ചൈതന്യം നമ്മുടെ ഹൃദയത്തില്‍ നിറയപ്പെടുന്നതിന് വേണ്ടിയാണ്. ഈശോയുടെ തിരുഹൃദയം നമ്മെയും നമ്മുടെ കുടുംബങ്ങളെയും അനുഗ്രഹിക്കട്ടെ!
This is sth special.nice thoughts
ReplyDeleteഗുഡ് രഞ്ജിത്
ReplyDeleteനന്ദി റോഷിൻ!
ReplyDeleteലളിതം...!
ReplyDeleteനല്ല ചിന്തകൾ
തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
Grazie di cuore!
DeleteEnlightening thoughts Achaa... God bless you..
ReplyDeletethanks achayan!
DeleteThanks acha
ReplyDeletevery good Renji,,
ReplyDelete🙏🙏🙏
ReplyDelete