Thursday, May 3, 2012

പറന്നു പോയ ചേച്ചിപ്പക്ഷി


കുട്ടിക്കാലത്തെ ഏറ്റവും സന്തോഷകരമായ ദിനങ്ങൾ അവധിക്കാലങ്ങൾ ആയിരുന്നു; പ്രത്യേകിച്ച് ഓണാവധി. മഴയൊക്കെ മാറി, മാനം തെളിഞ്ഞ്, പൂക്കളൊക്കെ വിരിയുന്ന കാലം. എൻറെ എട്ടാം ക്ലാസിലെ ഓണാവധിക്കാലത്തെ ഒരു ഓർമ്മക്കുറിപ്പാണിത്. എനിക്ക് ഓർമ്മയുണ്ട്, അന്നൊരു വെള്ളിയാഴ്ചയായിരുന്നു. വൈകുന്നേരത്തെ ചിത്രഗീതത്തിൽ കണ്ണും നട്ടിരിക്കുകയായിരുന്നു ഞാൻ. 

അതിനിടയ്ക്ക് പറയട്ടെ, ഞാൻ അന്ന് എൻറെ സ്വന്തം വീട്ടിൽ നിന്ന് കുറച്ച് അകലെയുള്ള തറവാട്ടിലാണ് താമസം. ഞാൻ അപ്പച്ചി എന്ന് വിളിക്കുന്ന വല്യപ്പനും അമ്മച്ചി എന്ന് വിളിക്കുന്ന  വല്ല്യമ്മയുമാണ് അവിടെയുള്ളത്. അവർക്ക് കൂട്ടായി എന്നെ അവിടെ നിർത്തിയിരിക്കുകയാണ്. 

അങ്ങനെ, അന്നത്തെ ചിത്രഗീതം ഞാൻ ആസ്വദിച്ചു കൊണ്ടിരിക്കെ, തിണ്ണയിൽ അപരിചിതമായ ഒരു കാൽപെരുമാറ്റം. തിരിഞ്ഞുനോക്കുമ്പോൾ പതിനെട്ടോ ഇരുപതോ വയസ്സുള്ള, എനിക്ക് തീർത്തും അപരിചിതയായ ഒരു പെൺകുട്ടി സ്വാതന്ത്ര്യത്തോടെ വീട്ടിലേക്ക് വരുന്നു. ഇത്ര സ്വാതന്ത്ര്യത്തോടെ അകത്തേക്ക് വരുന്ന ഈ പെൺകുട്ടി ആരാണെന്ന് അറിയാൻ എനിക്ക് വല്ലാത്ത ജിജ്ഞാസ ഉണ്ടായെങ്കിലും എഴുന്നേറ്റുപോയി അന്വേഷിക്കാൻ തുനിഞ്ഞില്ല. സത്യം പറഞ്ഞാൽ പെൺകുട്ടികളോട് സംസാരിക്കാൻ എനിക്കന്ന് ഭയങ്കര നാണമായിരുന്നു. പിന്നെ ചിത്രഗീതത്തിലെ പാട്ടും നഷ്ടപ്പെടരുതല്ലോ.  ഞാൻ ജിജ്ഞാസ അടക്കി ചിത്രഗീതം മുഴുവൻ കണ്ടു തീർത്തു. 

അത്താഴത്തിന് അമ്മച്ചി വിളിക്കുന്നു. അന്നൊക്കെ ഡൈനിങ് റൂമിൽ ഇരുന്ന് അപ്പച്ചി മാത്രമേ ഭക്ഷണം കഴിക്കൂ. പിന്നെ ആരെങ്കിലും വിരുന്നുകാരും. എന്റെ ഭക്ഷണമുറി അടുക്കള തന്നെയാണ്. അമ്മച്ചിയുടെ വിളികേട്ട് ഓടി അടുക്കളയിൽ എത്തിയപ്പോൾ ഉണ്ട് നേരത്തെ വന്ന ചേച്ചി എന്നെക്കാൾ മുൻപേ അവിടെ ഉണ്ട്. നാണം കാരണം ഞാൻ കുനിഞ്ഞിരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി. "നീ ഈ ചേച്ചിയെ പരിചയപ്പെട്ടോ?"  അമ്മച്ചി ചോദിച്ചു. ഇല്ലെന്ന് ശബ്ദമുണ്ടാക്കാതെ, തല ഉയർത്താതെ, ഞാൻ തലയാട്ടി. "അവൻ ഭയങ്കര നാണക്കാരനാ", അമ്മച്ചി ചേച്ചിയോട് പറഞ്ഞു ചിരിച്ചു. എനിക്കന്ന് അമ്മച്ചിയോട് എന്തെന്നില്ലാത്ത ദേഷ്യം തോന്നി, ചേച്ചിയോട് അങ്ങനെയൊക്കെ പറയേണ്ട വല്ല കാര്യവും ഉണ്ടോ. ചേച്ചി എന്നെ നോക്കി ചിരിക്കുന്നു; കളിയാക്കി ചിരിച്ച താണോ ആവോ. ഞാൻ മിണ്ടിയില്ല. "നിനക്ക് ചേച്ചിയെ അറിയാമോ?" അമ്മച്ചി വിടാൻ ഭാവമില്ല. ഇല്ലെന്ന് ഞാൻ വീണ്ടും തലയാട്ടി. "മുമ്പ് ഇവിടെ വന്നിട്ടുള്ള സിറിൽ ചേട്ടൻറെ അനിയത്തിയാ",  അമ്മച്ചി ചേച്ചിയെ എനിക്ക് പരിചയപ്പെടുത്തി. 

പെട്ടെന്ന് തന്നെ ഭക്ഷണം കഴിച്ചു ഞാൻ എഴുന്നേറ്റു. ഭക്ഷണം കഴിച്ചു കഴിഞ്ഞു കഴിഞ്ഞ് ഇനി ഒന്നും ചെയ്യാൻ ഇല്ലാത്തതിനാൽ ഞാൻ മുറിയിലേക്ക് തന്നെ പോയി. ഇനിയും ടിവി വെക്കാൻ അപ്പച്ചി സമ്മതിക്കത്തില്ല. തന്നെയുമല്ല, എട്ടേ മുക്കാൽ കഴിഞ്ഞാൽ അന്നൊക്കെ പിന്നെ ടിവിയിൽ മലയാളം പരിപാടികളുമില്ല. കിടന്നുറങ്ങാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു ഞാൻ. അപ്പോഴുണ്ട് ആ ചേച്ചി മുറിയിലേക്ക് കയറി വരുന്നു. ഞാൻ ചിരിക്കാൻ ശ്രമിച്ചു; അത്ര വിജയിച്ചില്ല. ചേച്ചി അടുത്തുവന്നു തോളിൽ കയ്യിട്ടു, എനിക്ക് കുറച്ച് മിഠായികൾ തന്നു. അപ്പോഴാണ് ഞാൻ ചേച്ചിയുടെ മുഖത്ത് നോക്കിയത്. നല്ല സുന്ദരിയായിരുന്നു ചേച്ചി. ഞങ്ങൾ പരിചയപ്പെട്ടു. ഞാനും സംസാരിക്കാൻ തുടങ്ങി. പതുക്കെ പതുക്കെ എൻറെ നാണം ഒക്കെ മാറി. എത്ര പെട്ടെന്നാണ് ഞങ്ങൾ കൂട്ടുകാരായി മാറിയത്. രാത്രി കുറെ നേരം ഞങ്ങൾ വർത്തമാനം പറഞ്ഞിരുന്നു. എനിക്ക് അത്ര പരിചിതമല്ലാത്ത ഒരു ഭാഷാശൈലി ആയിരുന്നു ചേച്ചിയുടെ. കേൾക്കാൻ നല്ല രസമുണ്ടായിരുന്നു.
പിറ്റേന്ന് എനിക്ക് വലിയ സന്തോഷമായിരുന്നു. കൂട്ടുകൂടാൻ ഒരാളെ കിട്ടിയല്ലോ. ഞങ്ങൾ പറമ്പിലും മുറ്റത്തും ഒക്കെ തുള്ളിക്കളിച്ചു നടന്നു. തുമ്പിയെ പിടിച്ചു; ചിലതിനെ കൊണ്ട് കല്ലെടുപ്പിച്ചു; മറ്റു ചിലതിന്റെ പുറകിൽ നൂലു കെട്ടി പറപ്പിച്ചു. ചാമ്പങ്ങയും പേരക്കയും പറിച്ചു തിന്നു. നടന്ന വഴി മുഴുവനും ചേച്ചി എനിക്ക് തൻറെ നാടിനെ പറ്റിയും പഠിക്കുന്ന കോളേജിനെ പറ്റിയും ഒക്കെ പറഞ്ഞു തന്നു. ആലപ്പുഴയിൽ, കായൽ ഒക്കെ ഉള്ള ഏതോ ഒരു സ്ഥലത്തായിരുന്നു ചേച്ചിയുടെ വീട്. അവരുടെ നാടിൻറെ വിസ്മയങ്ങളെയും സൗന്ദര്യത്തെയും, കോളേജിലെ തമാശകളേയും  ഞാൻ കൗതുകത്തോടെ കേട്ടു. എന്നെ ആ നാട്ടിൽ ജനിപ്പിക്കാതിരുന്ന ദൈവത്തോട് എനിക്ക് ദേഷ്യം തോന്നി. ചേച്ചി പച്ചക്കറിയും മീനും  മുറിക്കുന്നത് ഒക്കെ ഒരു പ്രത്യേക രീതിയിലായിരുന്നു. അമ്മച്ചി ഒക്കെ മുകളിൽ നിന്ന് താഴേക്ക് മുറിക്കുമ്പോൾ ചേച്ചി താഴെ നിന്ന് മുകളിലേക്ക് ഒരു പ്രത്യേക രീതിയിൽ. എനിക്ക് അതൊക്കെ വലിയ കൗതുകമായിരുന്നു. ഞാൻ അതൊക്കെ കണ്ണും മിഴിച്ച് കണ്ടിരുന്നു.  ഓണത്തിന് മുറ്റത്തെ മാവിൽ കെട്ടിയ ഊഞ്ഞാലിൽ ഞങ്ങൾ മാറിമാറിയും ഒരുമിച്ചും  ആടിക്കളിച്ചു സൈക്കിളുകാരൻറെ കൈയിൽനിന്ന് ചോളാപൊരിയും കോലൈസും വാങ്ങിത്തിന്നു. 

ചെറുപ്പത്തിൽ എൻറെ ഏറ്റവും വലിയ സങ്കടങ്ങളിൽ ഒന്ന് എനിക്ക് ചേച്ചിമാർ ഇല്ലായിരുന്നു എന്നതാണ്.  ഒരു ചേച്ചിക്കുവേണ്ടി യുള്ള എൻറെ ആഗ്രഹത്തിന്, കുറച്ചു ദിവസത്തേക്ക് ആണെങ്കിലും ദൈവം എനിക്ക് തന്ന ഒരു ഉത്തരമായിരുന്നു ചേച്ചി എന്ന് എനിക്ക് തോന്നി. ഒരു ചേച്ചിയുടെ വാത്സല്യമുള്ള സ്പർശനങ്ങൾക്ക്, മധുരശ്രുതികൾക്ക്, വഴക്കിന്, പിണങ്ങിയിരിപ്പിന്, ശേഷമുള്ള അനുരഞ്ജനത്തിന്, ഒക്കെയുള്ള എൻറെ മോഹങ്ങൾക്ക് ഞാൻ ചേച്ചിയിൽ ഉത്തരം കണ്ടതുപോലെ.
അവധി തീർന്നത് പെട്ടെന്നായിരുന്നു. എനിക്ക് സ്കൂൾ തുറന്നു. ചേച്ചിക്കും തിരിച്ചു പോകണം. അതോർത്തപ്പോഴേ എനിക്ക് സങ്കടമായി. രണ്ടു മൂന്ന് ദിവസങ്ങൾ കൊണ്ട് ഞാൻ ചേച്ചിയോട് അത്രയ്ക്കും അടുത്തിരുന്നു. തിങ്കളാഴ്ച ഞാൻ മനസ്സില്ലാമനസ്സോടെയാണ് സ്കൂളിൽ പോയത്. എനിക്ക് ക്ലാസ്സിൽ ഇരിക്കാനേ തോന്നിയില്ല. ചേച്ചിയും ചേച്ചിയുടെ കൂടെയുള്ള ദിവസങ്ങളും ആയിരുന്നു എൻറെ മനസ്സ് നിറയെ. 

ഞാൻ തിരിച്ചു വന്നപ്പോൾ ചേച്ചി വീട്ടിൽ ഇല്ല. ചേച്ചിയും തിരിച്ചു പോയിരുന്നു. ഈ അനിയൻ പക്ഷിയെ തനിച്ചാക്കി ചേച്ചിപ്പക്ഷി പറന്നു പോയി.
കാലം നിലയ്ക്കാത്ത പ്രവാഹം പോലെ മുന്നോട്ട് ഒഴുകി. പിന്നീട് ഒരിക്കലും ആ ചേച്ചിയെ ഞാൻ കണ്ടിട്ടില്ല. എങ്കിലും ജീവിതത്തിലെ ഏകാന്തതയുടെ ഏതൊക്കെയോ നിമിഷങ്ങളിൽ ചേച്ചിയോടൊപ്പം ഉണ്ടായിരുന്ന ആ കുറച്ച് ദിവസങ്ങളുടെ മാധുര്യം ഞാൻ ഓർമ്മിച്ചെടുത്തു നുണയാറുണ്ടായിരുന്നു. ഞാനോർത്തു: ഖസാക്കിലെ രവി പറഞ്ഞതുപോലെ "ജനിമൃതികളുടെ ഈ ലോകത്തിൽ വിരഹവും ദുഃഖവും മാത്രമേയുള്ളൂ".  

(ഈ കുറിപ്പ് പ്രീ ഡിഗ്രി പഠിക്കുന്ന സമയത്ത്  -1996 ൽ - ഡയറിയിൽ എഴുതിയതാണ്. കുറെ നാൾ അത് അവിടെ കിടന്നു. ഇപ്പോൾ പഴയ ഡയറികൾ നോക്കുമ്പോ കണ്ട ആ സ്വകാര്യ കുറിപ്പ് ഇവിടെ ഇടുന്നു.)