പുറത്ത് മഴ പെയ്യുന്നുണ്ട് ; ചെറിയ കാറ്റും.
എൻ്റെ ജനാലയ്ക്കരികിലെ മേപ്പിള്‍ മരങ്ങളൊക്കെ
ഇല പൊഴിച്ച് നില്‍ക്കുന്നു.
ശിശിരകാല സൂര്യൻ നേരത്തേ കൂടണഞ്ഞു.
ഈ കുഞ്ഞു മുറിയ്ക്കുള്ളിൽ
നീണ്ട നാളത്തെ പഠനസപര്യക്കൊടുവിൽ
ഞാന്‍ അവസാന പരീക്ഷയ്ക്കൊരുങ്ങുകയാണ് .
അടുത്ത ചൊവ്വാഴ്ചയാണത്.
മുന്നിൽ എഴുതിയുണ്ടാക്കിയ പ്രബന്ധം,
പുസ്തകക്കെട്ടുകൾ
പുറത്ത് നല്ല തണുപ്പ്.
പക്ഷെ, എൻ്റെ നെഞ്ചൊരു നെരിപ്പോടാണ്,
ഹൃദയം കത്തിക്കുന്നൊരു നെരിപ്പോട്.
ഹൃദയമിടിപ്പിന്റെ താളം ഇപ്പോള്‍ ദ്രുതമാണ്.
ചിലപ്പോഴൊക്കെ ഒരാത്മവിശ്വാസം തോന്നും,
മറ്റു ചിലപ്പോഴൊക്കെ ആകെ ഒരിരുട്ടും.
ആരൊക്കെയോ എനിക്കുവേണ്ടി പ്രാര്‍ഥിക്കുന്നുണ്ട്,
ഞാനറിയുന്നവരും അറിയാത്തവരും.
ഞാനും പ്രാര്‍ഥിക്കുന്നു,
വെളിച്ചം, ആത്മവിശ്വാസം, പിന്നെയൊരല്പം ശാന്തത!