അതൊരു സ്വപ്നം തന്നെയാണെന്നാണ് ഞാന്‍ കരുതുന്നത്
അതോ അത് സത്യമായിരുന്നോ
എനിക്കുറപ്പില്ല
ഞാനിന്നലെ സ്വര്‍ണചിറകുകളുള്ള മാലാഖമാരുടെ തോളിലേറി
ഒരു യാത്ര പോയി
നിറങ്ങളുടെ ലോകത്തിലേക്ക്
അവിടെ നിറങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ
എനിക്കും തന്നു മാലാഖമാര്‍
ഒന്നല്ല ഒത്തിരി നിറങ്ങള്‍
പക്ഷെ... എന്നെ അത്ഭുതപ്പെടുത്തുമാറ്
ആ നിറങ്ങളുടെ മുഖത്ത് നിരാശ പടര്‍ന്നിരുന്നു
ആ മുഖങ്ങളില്‍ വേദനയുണ്ടായിരുന്നു
അതെനിക്കൊരു പുതിയ അറിവായിരുന്നു....
എന്തേ നിറങ്ങള്‍ക്കു നിരാശ
എന്തേ അവരുടെ മുഖത്തും വേദന
ഞാന്‍ ചുവന്ന നിറത്തോട് സംശയം ചോദിച്ചു...
അവള്‍ പറഞ്ഞു
ചുവപ്പ് അപകട സൂചനയല്ലേ
മഞ്ഞ നിറം പറഞ്ഞു
പഴുത്ത് വീഴാറായ ഇലകള്‍ക്ക് നിറം മഞ്ഞയല്ലേ
കറുപ്പു നിറം പറഞ്ഞു
കറുപ്പ് തിന്മയുടെ സൂചനയല്ലേ
ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു
മനുഷ്യര്‍ മാത്രമല്ല
നിറങ്ങളും കുറ്റങ്ങള്‍ മാത്രം കാണുന്നവരാണ്.