“മോനെങ്ങോട്ടാ...?” കട്ടപിടിച്ച നിശ്ശബ്ദതയില്‍ പിന്നില്‍ നിന്നൊരു വിളി.
പ്രാകൃതമായി വേഷം ധരിച്ച ഒരു വൃദ്ധന്‍. മുഷിഞ്ഞ ഷര്‍ട്ടും മുണ്ടും. കൈയ്യില്‍ കായത്തിന്‍റെ പരസ്യമുള്ള തുണിസഞ്ചി, ചീകിയൊതുക്കാത്ത മുടി. ക്ഷൌരം ചെയ്യാത്ത മുഖം.
“കോഴിക്കോട്ടെക്കാ...” അവജ്ഞയോടെയാണെങ്കിലും ഞാന്‍ പറഞ്ഞു.
പിന്നെ അയാളുടെ മുഖത്ത് നോക്കാതെ കുനിഞ്ഞിരുന്നു.
“ഞാന്‍ കുറ്റിപ്പൊറത്തിനാ...”
ടിക്കറ്റിന് അയാള്‍ പണം ചോദിക്കുമെന്ന് ഞാന്‍ തെറ്റിദ്ധരിച്ചിട്ടുണ്ടെന്നു കരുതിയാവണം സഞ്ചിയില്‍ നിന്ന് ടിക്കറ്റെടുത്ത് എന്നെ കാണിച്ചുകൊണ്ട് അയാള്‍ തുടര്‍ന്നു: “ടിക്കറ്റ് എന്‍റെ കയ്യിലൊണ്ട്”.
ഞാനൊന്നു മൂളി… പിന്നെയും നിലത്തേക്ക് നോക്കിയിരുന്നു.
“വണ്ടി വരുമ്പം മോനൊന്നു പറയണം അത്ര ചെയ്താ മതി... ഏതാ വണ്ടിയെന്ന് എനിക്കറിയില്ല....” എന്‍റെ സിസ്സംഗത കണ്ടിട്ടാവണം, ഇത്രയും പറഞ്ഞ് അയാള്‍ ധൃതിയില്‍ തിരിഞ്ഞു നടന്നു.
അയാളുടെ സ്വരത്തിന് വേദനയുടെയും അനാഥത്വത്തിന്‍റെയും അവഗണിക്കപ്പെടലിന്‍റെയും ചുവയുണ്ടായിരുന്നു.
“പോകണ്ട ഇവടെ ഇരുന്നോ...” ബെഞ്ചില്‍ ഞാനല്‍പം ഒതുങ്ങിയിരുന്നു.
തിരിഞ്ഞു നോക്കി അയാളൊന്നു പുഞ്ചിരിച്ചു.... എന്നിട്ട് സഞ്ചി നിലത്തുവച്ച് കുറച്ചു മാറി നിലത്ത് തൂണില്‍ ചാരി എനിക്കെതിരേ ഇരുന്നു.
“എന്താ ചേട്ടന്‍റെ പേര്?” അല്‍പ നേരത്തെ നിശ്ശബ്ദതക്കൊടുവില്‍ ഞാന്‍ ചോദിച്ചു.
“കൃഷ്ണങ്കുട്ടി... ഏഴാ എനിക്ക് മക്കള്.... കുട്ട്യോള്‍ടമ്മ നേര്‍ത്തെ മരിച്ച്... കഷ്ടപ്പെട്ടാ ഓലെ ഞാം ബളത്തീത്... ഒക്കെ ജോലിക്കാരാ.... ബലിയോരായപ്പം ഓല്ക്ക് തന്തെ കണ്ണിപിടിക്കാണ്ടായി”. അയാളുടെ കണ്ണു നിറയുന്നുണ്ടായിരുന്നു.
പേരു മാത്രം ചോദിച്ച എന്നോട് തന്‍റെ ജീവിത കഥ മുഴുവന്‍ പറഞ്ഞ അയാള്‍ എന്നോട് എന്തൊക്കെയോ പറയാന്‍ വെമ്പുന്നതു പോലെ എനിക്കു തോന്നി.
“കുറ്റിപ്പൊറത്തെവിടേക്കാ?” ഞാന്‍ വീണ്ടും ചോദിച്ചു.
“അതാ ന്‍റെ നാട്... എളയോന്‍ ന്നെ ഇവ്ടെ ഒരനാഥാലത്തി കൊണ്ടോന്നാക്കീന്... രാത്രി ആരും കാണാതെ ഞാനെറങ്ങിപ്പോന്നു... ചാക്വാണേലും എനിക്കെന്‍റെ നാട്ടീക്കെടന്നു ചാകണം”. അയാളുടെ തൊണ്ടയിടറുന്നുണ്ടായിരുന്നു...
“ആരാ അവ്ടെ ഒള്ളത്...?” ഞാന്‍ വീണ്ടും ചോദിച്ചു
ആരും ല്ല വീടും സ്ഥലോമൊക്കെ മക്കള് വിറ്റു
പിന്നെ ഞങ്ങള്‍ക്കിടയില്‍ ദീര്‍ഘമായ ഒരു നിശ്ശബ്ദതയായിരുന്നു. അനാഥമായ ആ വാര്‍ദ്ധക്യം ഊതിക്കതിച്ച തീയുടെ ചൂടേല്‍പിച്ച പൊള്ളലിന്‍റെ വേദനയോടെ ഞാനിരുന്നു.
…യാത്രക്കാരുടെ ശ്രദ്ധക്ക്... തിരുവനന്തപുരത്തു നിന്നും മംഗലാപുരം വരെ പോകുന്ന ആറായിരത്തി ഒരുന്നൂറ്റി പതിനാറാം നമ്പര്‍ മലബാര്‍ എക്സ്പ്രസ്സ് മൂന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തിച്ചേരുന്നു....
ഉച്ചഭാഷിണിയുടെ സ്വരമാണ് എന്നെ ഉണര്‍ത്തിയത്. സ്റ്റേഷനില്‍ തിരക്കേറിയിരുന്നു... തൂണില്‍ ചാരിയിരുന്നു അയാള്‍ ഉറങ്ങുന്നുണ്ട്... ഉറക്കത്തിലും അയാളുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടെന്ന് എനിക്കു തോന്നി!
വണ്ടി വന്നു കഴിഞ്ഞു... സീറ്റൊന്നേ കിട്ടിയുള്ളൂ. കിട്ടിയ സീറ്റില്‍ അയാളെയിരുത്തി കംപാര്‍ട്ടുമെന്റുകള്‍ക്കിടയിലെ വരാന്തയില്‍ സ്റ്റേഷനില്‍ നിന്നു വാങ്ങിയ സായാഹ്നപത്രവും വിരിച്ചിരിക്കുമ്പോഴും അനാഥത്വത്തിന്‍റെ ആ വേദന ഒരു മുള്ളു പോലെ എന്‍റെ ഹൃദയത്തില്‍ തറച്ചിരിക്കുന്നതായി എനിക്ക് തോന്നി. ഒടുവില്‍ കുറ്റിപ്പുറത്ത് അയാളെ യാത്രയാക്കി തിരികെ വന്ന് അയാളിരുന്ന സീറ്റിലിരുന്ന് യാത്ര തുടരുമ്പോള്‍ ഡയറിയെടുത്ത് ഇങ്ങനെ മാത്രം കുറിച്ചുവെച്ചു ... ഞാനും അയാളെ അനാഥനാക്കി.