Sunday, June 19, 2016

കൊടുമുടിയോളം ഭൂതകാല കുളിര്‍


ഇന്ന് ജൂണ്‍ പത്തൊന്‍പത്‌, വായന ദിനം. കേരള ഗ്രന്ഥശാലാ സംഘത്തിന്‍റെ സ്ഥാപകനായ പി.എന്‍. പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്. 

ഇന്നലെയും ഇന്നുമായി വായിച്ചുകൊണ്ടിരുന്നത് ദീപ നിശാന്തിന്‍റെ 'കുന്നോളമുണ്ടല്ലോ ഭൂതകാല കുളിര്‍' ആണ്. പുസ്തകം പുറത്തിറങ്ങിയ നാള്‍ മുതല്‍ ആഗ്രഹിച്ചെങ്കിലും ഇത്തവണ നാട്ടില്‍ പോയപ്പോഴാണ് ഭൂതകാല കുളിരിന്‍റെ ഒരു കോപ്പി കിട്ടുന്നത്. ചുള്ളിക്കാടിന്റെ ചിദംബരസ്മരണയ്ക്കുശേഷം ഇത്ര ആവേശത്തോടെ വേറെ ഒരു ഓര്‍മ്മകുറിപ്പുകളും വായിച്ചിട്ടില്ല. കെ. രേഖ ആമുഖത്തില്‍ പറഞ്ഞത് എത്ര ശരിയാണ്... എനിക്കും അത്ഭുതം തോന്നി ‘ഇത് എന്‍റെ ബാല്യ കൗമാരങ്ങളാണല്ലോ’.

ഒരുദാഹരണം പറയാം.. ('ചില അൺ പാർലമെന്ററി വാക്കുകൾ' വായിച്ചപ്പോള്‍ ഓര്‍മ്മയില്‍ വന്നത്) ബാല്യത്തില്‍ ക്രിക്കറ്റ് കളിക്കാന്‍ കൂടെ കൂടുന്ന ചേട്ടന്മാരില്‍ നിന്ന് പഠിച്ച ഒരു വാക്കായിരുന്നു ‘നായിന്‍റെ മോനേ’. നാലിലോ അഞ്ചിലോ പഠിക്കുന്ന സമയം. ഒരുവൈകുന്നേരം. ഞാന്‍ തിണ്ണയുടെ വരമ്പില്‍ ഇരുന്ന് പഠിക്കുകയാണ്. അമ്മ മുറ്റത്ത്‌ അയല്‍വക്കത്തെ ചേച്ചിയുമായി എന്തോ സംസാരിച്ചു നില്‍ക്കുന്നു... പെട്ടന്ന്, ഞങ്ങളുടെ വീട്ടിലെ പൂവന്‍ കോഴി തിണ്ണയിലേക്ക് കയറി എന്‍റെ പുസ്തക കെട്ടിനു മുകളില്‍ കാഷ്ടിച്ചു. ഞാന്‍ ദേഷ്യത്തോടെ കോഴിയെ ഓടിച്ചു കൊണ്ട് ആക്രോശിച്ചു... “നായിന്‍റെ മോനേ”. ഇത് കേട്ട അമ്മ എന്നെ തിരിഞ്ഞൊന്നു നോക്കി. മുറ്റത്ത്‌ നിന്നിരുന്ന ഒരു മരത്തിന്‍റെ കമ്പും ഒടിച്ചുകൊണ്ട് എന്‍റെ നേരെ പാഞ്ഞടുത്തു. പിന്നെ സംഭവിച്ചത് ഞാന്‍ പറയണ്ടല്ലോ. 

ശരിക്കും, കുന്നോളമല്ല ഒരു കൊടുമുടിയോളം, ഭൂതകാല കുളിര്‍ സമ്മാനിച്ചു ഈ ഭൂതകാലകുളിര്‍... 
നന്ദി ദീപ ടീച്ചര്‍ ഈ വായനാനുഭവം സമ്മാനിച്ചതിന്.