Friday, September 28, 2018

ഞാനെന്തിനു കുമ്പസാരിക്കണം ?


"മകളേ, കാരുണ്യത്തിന്‍റെ നീരുറവയായ കുമ്പസാരമെന്ന കൂദാശയെ നീ സമീപിക്കുമ്പോള്‍ എന്‍റെ തിരുവിലാവില്‍ നിന്നൊഴുകുന്ന രക്തവും വെള്ളവും നിന്‍റെ ആത്മാവിനെ കുലീനമാക്കുന്നു. എന്‍റെ അപരിമേയമായ കാരുണ്യത്തില്‍ ആശ്രയിച്ച് നീ കുമ്പസാരത്തിനണയുമ്പോള്‍ നിന്‍റെ ആത്മാവിനെ ഞാന്‍ കൃപകളാല്‍ നിറയ്ക്കുന്നു. നീ കുമ്പസാരക്കൂടിനെ സമീപിക്കുമ്പോള്‍ നീയോര്‍ക്കണം, ഞാനവിടെ നിനക്കായി കാത്തിരിക്കുകയാണ്. അവിടെയിരിക്കുന്ന വൈദികനില്‍ മറഞ്ഞിരിക്കുന്ന ഞാന്‍ നിന്‍റെ ആത്മാവിനെ തൊടുകയാണ്. നീയെന്‍റെ കാരുണ്യത്തില്‍ ആശ്രയിക്കുമ്പോള്‍ എന്‍റെ അളവില്ലാത്ത കൃപ നിന്നിലേക്ക് ചൊരിയപ്പെടുകയാണ്". വി. ഫൗസ്റ്റീന 'എന്‍റെ അന്തരാത്മാവിലേക്ക് ഒഴുകിയിറങ്ങുന്ന ദൈവകാരുണ്യം' എന്ന ഡയറിക്കുറിപ്പില്‍ എഴുതിയിരിക്കുന്ന, അവര്‍ക്കുണ്ടായ ഈശോയുടെ ദര്‍ശനത്തിലെ വരികളാണിവ.

കുമ്പസാരമെന്ന മഹനീയ കൂദാശ ഒത്തിരിയേറെ അവഹേളനങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും വിധേയമായി ക്കൊണ്ടിരിക്കുന്ന ഒരു കാലയളവില്‍, ഈ ദിവസങ്ങളില്‍ കുമ്പസാരം എന്‍റെ പ്രാര്‍ത്ഥനാ വിഷയമായിരുന്നു. കുമ്പസാരമെന്ന കൂദാശയുടെ ദൈവശാസ്ത്രവും കാനോനിക നിയമങ്ങളുമൊക്കെ സെമിനാരിയില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഞാന്‍ പക്ഷേ, "ഞാനെന്തിനു കുമ്പസാരിക്കണം?" എന്നതിനെപ്പറ്റിയാണ് ധ്യാനിച്ചത്. ഈയൊരു ലളിതമായ, എന്നാല്‍ അത്ര ലളിതമല്ലാത്ത ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഈ ലേഖനത്തില്‍.

അനുരഞ്ജനം മാനുഷികമായ ഒരനിവാര്യത

സാമൂഹ്യജീവിയായ മനുഷ്യന്‍റെ ഏതൊരു ചിന്തയും പ്രവൃത്തിയും നാലു തലങ്ങളില്‍ പ്രതിഫലനമുണ്ടാക്കുമെന്നു പറയാം: പ്രവൃത്തി ചെയ്യുന്ന വ്യക്തിയില്‍, അവന്‍ ജീവിക്കുന്ന സമൂഹത്തില്‍, അവന്‍റെ സ്രഷ്ടാവും പരിപാലകനുമായ ദൈവത്തോടുള്ള അവന്‍റെ ബന്ധത്തില്‍, അവന്‍ ജീവിക്കുന്ന പ്രകൃതിയില്‍. ഒരാള്‍ ചെയ്യുന്ന പ്രവൃത്തി അത് നന്മയുള്ള ഒരു പ്രവൃത്തിയാണെങ്കില്‍ ഈ നാലു തലങ്ങളിലും അത് ഉല്‍ക്കൃഷ്ടവും ഗുണാത്മകവുമായ പ്രതിഫലനങ്ങളുണ്ടാക്കും. എന്നാല്‍ അതൊരു പ്രതിലോമകരമായ പ്രവൃത്തിയാണെങ്കില്‍ അവനോടുതന്നെയും സമൂഹത്തോടും ദൈവത്തോടും പ്രകൃതിയോടുമുള്ള അവന്‍റെ ഐക്യത്തിനും ബന്ധത്തിനും അത് വിഘാതമാകുകയും ചെയ്യും. സ്വാഭാവികമായും അത് അവന്‍റെതന്നെ സമാധാനത്തിനും സ്വൈര്യ മാനസത്തിനും അലോസരമുണ്ടാക്കും. ഇവിടെ നഷ്ടപ്പെടുന്ന ഈ സന്തുലിതാവസ്ഥ തിരികെ കൊണ്ടുവരണമെങ്കില്‍ സമഗ്രമായ ഒരു അനുരഞ്ജനം സാധ്യമാകേണ്ടതുണ്ട്. യുക്തിസഹമായി ചിന്തിക്കുമ്പോള്‍ ഈ നാലു മേഖലകളിലുമുള്ള അനുരഞ്ജനത്തിനാണ് കുമ്പസാരമെന്ന കൂദാശ വഴിയൊരുക്കുന്നത്. കാരണം ഇന്നു ഇന്ന് നാം കാണുന്ന അനുരഞ്ജനമാര്‍ഗങ്ങളില്‍ കുമ്പസാരത്തോളം ശ്രേഷ്ഠവും സമഗ്രവുമായ മറ്റൊരു അനുരഞ്ജനമാര്‍ഗം നിലവിലുണ്ടെന്ന് കരുതുകവയ്യ. അതുകൊണ്ടുതന്നെ കുമ്പസാരം - സമഗ്രമായ ഒരനുരഞ്ജനം, സാധാരണ മനുഷ്യജീവിതത്തിന്‍റെ ഒരനിവാര്യതയാണെന്നു പറയാം.

അനുരഞ്ജനം സാമൂഹ്യമായ ഒരനിവാര്യത

സമൂഹജീവിയായ മനുഷ്യന്‍റെ ഓരോ ചലനവും ചിന്തയും സമൂഹത്തിന്‍റെ വിവിധ തലങ്ങളില്‍ പ്രതിഫലനമുണ്ടാക്കുന്നു എന്നു സൂചിപ്പിച്ചുവല്ലോ. ഒരു വ്യക്തിയില്‍നിന്നും തിന്മ പുറപ്പെട്ടാല്‍ അത് സമൂഹബന്ധങ്ങളെയും അതിന്‍റെ കെട്ടുറപ്പിനെയും ദോഷകരമായി ബാധിക്കും. അനുരഞ്ജനംകൂടാതെ അറ്റുപോയ ഈ ബന്ധങ്ങളുടെ പുനഃക്രമീകരണം സാധ്യമാവുകയില്ല. ഇത്തരത്തില്‍ അറ്റുപോയ ബന്ധങ്ങളുടെ പുനഃക്രമീകരണം കുമ്പസാരത്തില്‍ എളുപ്പത്തില്‍ സാധ്യമാകുന്നു. സീറോ മലബാര്‍ സഭയുടെ കുമ്പസാരത്തിലെ ആശീര്‍വാദപ്രാര്‍ത്ഥനയില്‍ കാര്‍മ്മികന്‍ ചൊല്ലുന്ന പ്രാര്‍ത്ഥന ഏറെ അര്‍ത്ഥവത്താണ്: "പാപമോചനംവഴി നിന്നെ തന്നോടു രമ്യതപ്പെടുത്തിയ ദൈവം സഭയോടും സഹോദരങ്ങളോടും ഐക്യത്തില്‍ ജീവിക്കാന്‍ നിന്നെ അനുഗ്രഹിക്കട്ടെ" എന്നാണത്. ഇത്തരത്തില്‍ സമൂഹത്തില്‍ നന്മ വളര്‍ത്തുവാനും, നിയമങ്ങളെ ബഹുമാനിക്കുവാനും, വീഴ്ച വന്നെങ്കില്‍ അതിനെ പരിഹരിക്കുവാനും, പരിഹാരക്രിയകള്‍ ചെയ്യുവാനും കുമ്പസാരം സഹായകരമാകുന്നുണ്ട്. 

അനുരഞ്ജനം വ്യക്തിപരമായ ഒരനിവാര്യത

മുറിഞ്ഞുപോകുന്ന ബന്ധങ്ങള്‍ ഒരു മനുഷ്യന്‍റെ മനസ്സിനെ എത്ര നൊമ്പരപ്പെടുത്തു മെന്നതിന് നമ്മുടെ ജീവിതാനുഭവങ്ങള്‍ത്തന്നെയാണ് സാക്ഷ്യം. കലഹത്തിലും വൈരാഗ്യത്തിലും കഴിയുന്നവരില്‍പ്പോലും നൈസര്‍ഗികമായ ഈ അസ്വസ്ഥത നിലനില്ക്കുന്നുണ്ടെന്നത് നിഷേധിക്കാനാവാത്ത ഒരു വസ്തുതയാണ്. അനുരഞ്ജനപ്പെടാനുള്ള അതിയായ ഒരു അഭിവാഞ്ച ഏതൊരു മനുഷ്യനുമുണ്ട്. മനുഷ്യനുണ്ടാകുന്ന ശാരീരികരോഗങ്ങളില്‍ പലതും അവന്‍റെ മനസ്സിന്‍റെ നഷ്ടപ്പെട്ട സന്തുലിതാവസ്ഥയുമായി ബന്ധപ്പെട്ടതാണെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ തകര്‍ന്ന ബന്ധങ്ങളുടെ കൂട്ടിയോജിപ്പിക്കല്‍ - അനുരഞ്ജനം, മനസ്സിന്‍റെ നഷ്ടപ്പെടുന്ന സന്തുലിതാവസ്ഥ വീണ്ടെടുക്കാന്‍ അനിവാര്യമാണന്നത് സംശയരഹിതമായ വസ്തുതയാണ്. ഇത്തരത്തില്‍ വീണ്ടെടുക്കുന്ന സന്തുലിതാവസ്ഥ മനസ്സിന്‍റെ മാത്രമല്ല ശാരീരികസൗഖ്യത്തിനും സഹായകരമാകും.

അനുരഞ്ജനം ആത്മീയമായ ഒരനിവാര്യത

പാപമെന്നത് അനിഷേധ്യമായ ഒരു യാഥാര്‍ത്ഥ്യമാണ്. പാപത്തെപ്പറ്റിയുള്ള ക്രൈസ്തവ വീക്ഷണമനുസരിച്ച് അത് ദൈവകല്പനകളുടെ ലംഘനമാണ്. ഇത്തരത്തില്‍ ദൈവകല്പനകള്‍ ലംഘിക്കപ്പെടുമ്പോള്‍ സ്വാഭാവികമായും അത് ദൈവമനുഷ്യബന്ധത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കുന്നു. ഇങ്ങനെ പാപംവഴി വിച്ഛേദിക്കപ്പെടുന്ന ദൈവമനുഷ്യബന്ധത്തിന്‍റെ പുനഃസ്ഥാപനമെന്നത് ആത്മീയജീവിതത്തിന്‍റെ ഒരനിവാര്യതതന്നെയാണ്. അണകെട്ടി തടയപ്പെടുന്ന ഒരരുവിയുടെ പ്രശാന്തമായ ഒഴുക്കുപോലെ, നമ്മിലേക്ക് സ്വാഭാവികമായി ഒഴുകിയെത്തേണ്ട ദൈവപ്രസാദവരത്തിന്‍റെ ഒഴുക്കിനെ പാപം തടഞ്ഞുനിര്‍ത്തും. ഈ തടഞ്ഞു നിര്‍ത്തപ്പെടുന്ന ദൈവവരപ്രസാദത്തിന്‍റെ ഒഴുക്കിന്‍റെ പുനഃസ്ഥാപനമാണ് കുമ്പസാരമെന്ന ദൈവസ്ഥാപിതമായ കൂദാശയാല്‍ സാധിതമാകുന്നത്. അതുകൊണ്ടുതന്നെ തന്‍റെ ആത്മാവിന്‍റെ ആരോഗ്യത്തെപ്പറ്റി ചിന്തിക്കുന്ന ഒരു വ്യക്തിക്കുപോലും അനുരഞ്ജനത്തില്‍ നിന്ന് - കുമ്പസാരമെന്ന കൂദാശയില്‍നിന്ന് അകന്നു നില്ക്കാനാവില്ല.

ഉപസംഹാരം

കത്തോലിക്കാസഭയുടെ ഏഴു പാവനകൂദാശകളിലൊന്നും, സൗഖ്യദായക കൂദാശയുമായിട്ടാണ് കുമ്പസാരം പരിഗണിക്കപ്പെടുന്നത്. എക്കാലത്തും ആദരവോടും അത്ഭുതത്തോടുംകൂടിത്തന്നെയാണ് കത്തോലിക്കരും, ഇതര ക്രൈസ്തവരും, ഇതര മതസ്ഥരുമൊക്കെ ഈ കൂദാശയെ നോക്കിക്കണ്ടിട്ടുള്ളത്. അതേ ആദരവും പരിപാവനതയും തുടര്‍ന്നുള്ള തലമുറയ്ക്കും കൈമാറേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വം തന്നെയാണ്. അല്ലെങ്കില്‍ മനുഷ്യജീവിതത്തിന്‍റെ സര്‍വ മേഖലകളെയും സ്വാധീനിക്കുന്ന, സൗഖ്യപ്പെടുത്തുന്ന, മനുഷ്യന്‍റെ ആത്മാവിനെ കുലീനമാക്കുന്ന, ദൈവത്തിന്‍റെ അപരിമേയമായ കാരുണ്യം നമ്മിലേക്കൊഴുകിയിറങ്ങുന്ന ഈ സൗഖ്യദായകവാതില്‍ നാം പുതുതലമുറയ്ക്കു മുമ്പില്‍ കൊട്ടിയടയ്ക്കുക യായിരിക്കും ചെയ്യുന്നത്. ആ അപകടം നമുക്കു സംഭവിക്കാതിരിക്കട്ടെ.


Saturday, August 4, 2018

വി. ജോൺ വിയാനി


പാരിതിൽ കാരുണ്യ നിറദീപമായി,
പതിതരാം ഞങ്ങൾക്ക് വഴികാട്ടുവാൻ 
പാരിൽ പ്രകാശിച്ച ജോൺ വിയാനി,
പാരിതിൻ മക്കൾക്ക് തുണയേകണേ.

തിന്മകൾ നിറയും ആഴ്സിൻ്റെ വീഥിയിൽ,
തീമഴ പോലെ വചനം വിതച്ചു നീ,
മാനസാന്തരത്തിൻ്റെ സദ്ഫലങ്ങൾ,
മാനവ മക്കൾക്ക് പകർന്നരുളി.

വഴിതെറ്റിയലഞ്ഞൊരു ആട്ടിൻകൂട്ടം,
വഴികാണാതൂഴിയിൽ പതറിടുമ്പോൾ,
വഴിയായ നാഥൻ്റെ ശബ്ദമായ് നീ,
വഴിവിളക്കായി പ്രകാശമേകി.

കനിവിൻ്റെ കൂടാരമാകും,
കുമ്പസാരക്കൂടൊരുക്കിവെച്ച്,
കനിവാർന്ന താതൻ്റെ ദിവ്യസ്നേഹം,
കനൽ പോലെ തനയർക്ക് പകർന്നുനൽകി.

(കോറസ്)
വിശുദ്ധനായ ജോൺ വിയാനീ,
വൈദിക ഗണത്തിൻ്റെ മധ്യസ്ഥനേ,
ഞങ്ങൾക്കായ് എന്നെന്നും പ്രാർത്ഥിക്കണേ!

Thursday, July 26, 2018

വിശുദ്ധി - നമ്മുടെ ഉത്തരവാദിത്വം

ഫ്രാൻസിസ് മാർപാപ്പയുടെ 'ആനന്ദിച്ച് ആഹ്ലാദിക്കുവിൻ' (Gaudete et Exsultate) എന്ന അപ്പസ്തോലിക പ്രബോധനത്തെ അധികരിച്ച് വിശുദ്ധിയിലേക്കുള്ള വിളിയെപ്പറ്റി ഒരു ചെറു ലേഖനം.


 

 

Friday, July 6, 2018

വി മരിയാ ഗൊരേത്തി



വിശുദ്ധമാം നറുപുഷ്പം പോലെ,
സ്വർഗ്ഗത്തിൽ സുഗന്ധം പൊഴിക്കും,
നിർമ്മലമാം പനിനീർപ്പൂവേ,
വിശുദ്ധയാം മരിയാ ഗൊരേത്തി.

മരണത്തെക്കാളും വിശുദ്ധിയെന്ന്,
ജീവിതത്താലെ പഠിപ്പിച്ചു നീ.
ശുദ്ധത കാത്തു സൂക്ഷിച്ചിടുവാൻ,
ജീവൻ കൊടുത്തു നീ മാതൃകയായ്, 

വഴിതെറ്റി അലയുന്ന ഞങ്ങളെല്ലാം,
സ്വർഗ്ഗീയ വഴിയെ ചരിച്ചിടുവാൻ,
വിശുദ്ധി തൻ മാർഗ്ഗത്തെ പിന്തുടരാൻ,
സ്വർഗീയ മധ്യസ്ഥേ കനിവേകണേ.

കുരിശിൽ പിടയുന്ന ക്രിസ്തുവേപ്പോൽ, 
കൊലയാളിയോടും പൊറുത്തു ധന്യേ,
ക്രിസ്തുവിൻ ക്രൂശിലെ വേദനകൾ 
സ്വന്തം ശരീരത്തിൽ ചേർത്ത് വച്ചു.

(കോറസ് )
ശുദ്ധതയുടെ മധ്യസ്ഥേ മരിയാ ഗൊരേത്തി 
തനയരാം ഞങ്ങൾക്കായി പ്രാർത്ഥിക്കണേ 
ഞങ്ങൾ തൻ കുഞ്ഞുങ്ങൾ വിശുദ്ധരാകാൻ 
മരിയാ ഗൊരേത്തി പ്രാർത്ഥിക്കണേ ...

Thursday, May 17, 2018

നാഥാ നീ കൂടെയുണ്ടെങ്കിൽ

2002 മാർച്ച് മാസത്തിൽ 'കേരള സഭ' മാസികയിൽ പ്രസിദ്ധീകരിക്കപ്പെട്ടത് ! ട്രാൻസ്ഫറിന്റെ ഭാഗമായി പഴയ ചില ഡയറികൾ തുറന്നപ്പോൾ അതിനകത്തിരുന്നു. 
അതതേപടി ഇവിടെ ഇടുന്നു!!!