Thursday, May 7, 2020

കൊറോണക്കാലത്തെ ചില ധാര്‍മിക ചിന്തകള്‍ (രണ്ടാം ഭാഗം)

കോവിഡ് 19 എന്ന മഹാമാരി മനുഷ്യകുലത്തെയൊന്നാകെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയിട്ട് നാല് മാസങ്ങള്‍ പിന്നിടുകയാണ്. ഈ ലേഖനം എഴുതി പൂര്‍ത്തിയാക്കുമ്പോള്‍ ഈ പകര്‍ച്ചവ്യാധി എടുത്തത് രണ്ട്ലക്ഷത്തിലേറെ മനുഷ്യജീവനുകളാണ്. ഈ മഹാമാരി സൃഷ്ടിച്ച ആഗോള പ്രതിസന്ധിയുടെ ആഴമെത്രയാകും എന്ന് ഇനിയും നാം കണ്ടു തന്നെ മനസ്സിലാക്കണം. അനിതരസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തില്‍ നമ്മുടെ സമൂഹ ജീവിതത്തെ ബാധിക്കുന്ന ചില ധാര്‍മ്മിക പ്രശ്നങ്ങള്‍ വിലയിരുത്താന്‍ ശ്രമിക്കുകയാണ് ഈ ലേഖനത്തിലൂടെ. 

1. ലോക്ക് ഡൗണും വ്യക്തിസ്വാതന്ത്ര്യവും
സ്വാതന്ത്ര്യമെന്നത് മനുഷ്യന്‍റെ മൗലികാവകാശങ്ങളില്‍ ഒന്നാണ്. ഇന്ത്യന്‍ ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിലും ഐക്യരാഷ്ട്രസഭയുടെ 1948ലെ സാര്‍വത്രിക മനുഷ്യാവകാശ രേഖയിലും (ആര്‍ട്ടിക്കിള്‍ 3) സ്വാതന്ത്ര്യമെന്ന മൗലികാവകാശം ഊന്നിപ്പറയുന്നുണ്ട്. വിശാലമായി പറഞ്ഞാല്‍, ഒരാള്‍ക്ക്  ഇഷ്ടമുള്ളതുപോലെ ചെയ്യാനുള്ള സാധ്യതയാണ് സ്വാതന്ത്ര്യം. ആധുനിക വീക്ഷണത്തില്‍  ഒരാളുടെ ജീവിതരീതി, പെരുമാറ്റം, അല്ലെങ്കില്‍ രാഷ്ട്രീയ മത സാംസ്കാരിക വീക്ഷണങ്ങള്‍ എന്നിവയില്‍ അധികാരം ചുമത്തുന്ന അടിച്ചമര്‍ത്തല്‍ നിയന്ത്രണങ്ങളില്‍ നിന്ന് സമൂഹത്തില്‍ സ്വതന്ത്രരായിരിക്കുന്ന അവസ്ഥയാണത്. ഇംഗ്ലീഷ് ഭാഷയിലെ 'ഫ്രീഡം' എന്ന വാക്ക് 'ലിബര്‍ട്ടി' എന്ന വാക്കില്‍ നിന്ന് വ്യത്യസ്തമാണ്. ഫ്രീഡം എന്നാല്‍ സ്വന്തം ഇച്ഛാശക്തി അനുസരിച്ച് ഒരാള്‍ക്ക് എന്തും ചെയ്യാനുള്ള സാധ്യതയെ ദ്യോതിപ്പിക്കുന്നു; 'ലിബര്‍ട്ടി' എന്ന പദമാകട്ടെ അവകാശങ്ങളുടെ മേല്‍ ഏകപക്ഷീയമായ നിയന്ത്രണങ്ങളുടെ അഭാവത്തെ സൂചിപ്പിക്കുന്നു. ഈ അര്‍ത്ഥത്തില്‍, സ്വാതന്ത്ര്യത്തിന്‍റെ (ലിബര്‍ട്ടി) പ്രയോഗം  മറ്റുള്ളവരുടെ അവകാശങ്ങളാല്‍ പരിമിതപ്പെടുത്തപെട്ടിരിക്കുന്നു. അങ്ങനെ, മറ്റാര്‍ക്കും അവരുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്താതെ നിയമവാഴ്ചയ്ക്ക് കീഴിലുള്ള സ്വാതന്ത്ര്യത്തിന്‍റെ ഉത്തരവാദിത്വപരമായ ഉപയോഗത്തെ ലിബര്‍ട്ടി  എന്ന പദം അര്‍ത്ഥമാക്കുന്നു. സഞ്ചാര സ്വാതന്ത്ര്യം, സമാധാനപരമായ സമ്മേളന സ്വാതന്ത്ര്യം, സംസാര സ്വാതന്ത്ര്യം എന്നിങ്ങനെയുള്ള സാമൂഹിക, മത, രാഷ്ട്രീയ സ്വാതന്ത്ര്യങ്ങളുടെ വിശാലമായ ശ്രേണി ഇതിന്‍റെ  പരിധിയില്‍ ഉള്‍പ്പെടുന്നു. ലിബര്‍ട്ടി  എന്നത് ഉത്തരവാദിത്വപൂര്‍ണ്ണവും നിയന്ത്രിതവുമായ സ്വാതന്ത്ര്യം ആയതുകൊണ്ടുതന്നെ, കോവിഡ് 19 അടിയന്തരാവസ്ഥ പോലെയുള്ള നിര്‍ണ്ണായക ഘട്ടങ്ങളില്‍ പൊതുജന ക്ഷേമത്തെ മുന്‍നിര്‍ത്തി   ഈ അവകാശങ്ങള്‍ക്കും സമയബന്ധിതമായ ചില പരിധികള്‍ നിശ്ചയിക്കാന്‍ സര്‍ക്കാരുകള്‍ക്ക്  അവകാശമുണ്ട്.
സഞ്ചാരസ്വാതന്ത്ര്യത്തിന്‍റെയും സാമൂഹ്യസമ്പര്‍ക്കങ്ങളുടെയും  നിയന്ത്രണങ്ങള്‍ ആളുകള്‍ തമ്മിലുള്ള സാമൂഹ്യ അടുപ്പം പരമാവധി കുറയ്ക്കുന്നതിനു വേണ്ടിയാണ്. ഇത് രോഗവ്യാപനം തടയാന്‍ അത്യന്താപേക്ഷിതമാണ് എന്ന വസ്തുത ഈ  നിയന്ത്രണങ്ങളെ ന്യായീകരിക്കുന്നു. എന്നാല്‍ ഈ മൗലികാവകാശ നിയന്ത്രണം എത്രമാത്രം ഫലവത്താകും എന്ന് ഉറപ്പുവരുത്തിയും, കൃത്യമായ തയ്യാറെടുപ്പുകളോടും കൂടി മാത്രമേ പ്രയോഗിക്കാവൂ എന്ന് ലോകാരോഗ്യ സംഘടനയുടെ Guidance for Managing Ethical Issues in Infectious Disease Outbreaks എന്ന മാര്‍ഗ്ഗരേഖ കൃത്യമായി പറയുന്നുണ്ട്. അതിനാല്‍ത്തന്നെ ഈ നിയന്ത്രണങ്ങള്‍ ആനുപാതികം ആകേണ്ടതുണ്ട്. അതായത്, ഈ നിയന്ത്രണങ്ങള്‍ കൊണ്ട് ലഭിക്കുന്ന നന്മ, നിയന്ത്രണങ്ങള്‍ ഏല്‍പ്പിക്കുന്ന ബുദ്ധിമുട്ടുകളെക്കാള്‍ വലുതായിരിക്കണം എന്നര്‍ത്ഥം. ലോക്ക് ഡൗണ്‍ കാലത്ത് പൗരന്‍മാര്‍ക്ക്  സ്വതന്ത്രമായി പുറത്തിറങ്ങുന്നതിനും, സഞ്ചരിക്കുന്നതിനും, കൂട്ടം കൂടുന്നതിനും നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ ഈ നിയന്ത്രണങ്ങള്‍ പ്രാവര്‍ത്തികമാക്കുമ്പോള്‍ അത് അനാവശ്യവും ആനുപാതികമാല്ലാത്തതുമായ ഭാരം ചുമത്തുന്നതാവരുത്. അവശ്യവസ്തുക്കള്‍ വാങ്ങാനും മറ്റടിയന്തര ആവശ്യങ്ങള്‍ക്കും, പലപ്പോഴും അനാവശ്യത്തിനും പുറത്തിറങ്ങിയ മനുഷ്യര്‍ക്ക് പോലീസുകാര്‍ തന്നെ നിരത്തില്‍ ശിക്ഷ നടപ്പാക്കിയ രീതിയും മറ്റും ഈ കാലഘട്ടത്തിന്‍റെ തുടക്കത്തില്‍തന്നെ വിമര്‍ശന വിധേയമായത് നമ്മള്‍ ഓര്‍ക്കുന്നുണ്ട്. നിയന്ത്രണങ്ങള്‍ കൃത്യതയോടെ നടപ്പാക്കുക, അല്ലെങ്കില്‍ ഏത് ആവശ്യം, ഏത് ആനാവശ്യം എന്ന് വ്യക്തമായും തിരിച്ചറിയുക എന്നതൊക്കെ നിയമപാലകരെ സംബന്ധിച്ചിടത്തോളം തികച്ചും ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. എങ്കിലും ഇക്കാര്യങ്ങളില്‍ നിയമം നടപ്പാക്കുന്നവര്‍ കൃത്യതയും സംയമനവും പാലിക്കാതെ വന്നാല്‍ അത് മനുഷ്യാവകാശങ്ങളുടെ അന്യായമായ ലംഘനമായിത്തീരും. ഇത്തരം ഉത്തരവുകള്‍ അടിച്ചേല്‍പ്പിക്കുന്നതിനേക്കാള്‍ സഹകരണത്തിന് ജനങ്ങളെ പ്രേരിപ്പിക്കുകയാണ് വേണ്ടത്. ഈ നിയന്ത്രണങ്ങള്‍ ഉണ്ടാകുമ്പോള്‍ പൊതുജനങ്ങള്‍ക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ പരമാവധി കുറയ്ക്കാന്‍ വേണ്ട എല്ലാ സാഹചര്യങ്ങളും ഒരുക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. നമ്മുടെ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഏറ്റവും ശ്രദ്ധയുണ്ട് എന്നത് എടുത്തു പറയേണ്ട ഒരു വസ്തുതയാണ്.
അതുപോലെ തന്നെ റൂട്ട് മാപ്പിങ്ങിന്‍റെയും രോഗപ്രതിരോധത്തിന്‍റെയും ഭാഗമായി സര്‍ക്കാരിന്‍റെ അദൃശ്യകരങ്ങള്‍ ഇപ്പോള്‍ത്തന്നെ ഓരോ പൗരന്‍റെയും മുകളില്‍ ഉണ്ട്. എതിര്‍ സ്വരങ്ങളെ ഇല്ലാതാക്കി അധികാരകേന്ദ്രീകരണത്തിന്‍റെയും സ്വേച്ഛാധിപത്യത്തിന്‍റെയും അത്യാപത്തിലേക്ക് ഈ നിരീക്ഷണ സംവിധാനങ്ങളും നിയന്ത്രണങ്ങളും വളരാതിരിക്കാന്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. വരുന്ന രണ്ടു വര്‍ഷത്തേക്ക് എംപി ഫണ്ട് ഒഴിവാക്കിയതിനെപ്പറ്റിയുള്ള ചര്‍ച്ചകളില്‍ ചില ബിജെപി നേതാക്കള്‍ പറഞ്ഞത് എംപി ഫണ്ടിന്‍റെ ആവശ്യമേയില്ല, എല്ലാം കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊള്ളും എന്നാണ്. ഇത്തരത്തിലുള്ള സര്‍ക്കാര്‍ നീക്കങ്ങളെ സംശയത്തോടെയല്ലാതെ നോക്കിക്കാണാനാകില്ല. ജാഗ്രതത്തോടെ ഇരുന്നില്ലെങ്കില്‍ ഭരണഘടന നമുക്ക് നല്‍കുന്ന സ്വാതന്ത്ര്യമൊക്കെ കുറെ കഴിയുമ്പോള്‍ ചില്ലുകൂട്ടില്‍ സൂക്ഷിക്കാവുന്ന പുരാവസ്തുവായി മാറും. ലോക്ക് ഡൗണ്‍ ലംഘനങ്ങളെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിരീക്ഷണ സംവിധാനങ്ങളും നിയന്ത്രണങ്ങളും മനുഷ്യന്‍റെ മൗലികാവകാശങ്ങളെയും ജനാധിപത്യത്തിന്‍റെ മൂല്യങ്ങളെയും അതിലംഘിക്കാതിരിക്കാന്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്.

2. സ്വകാര്യത എന്ന മൗലികാവകാശം
സ്വാതന്ത്ര്യം പോലെ തന്നെ മനുഷ്യന്‍റെ മൗലിക അവകാശങ്ങളില്‍ ഒന്നാണ് സ്വകാര്യത. സ്വകാര്യത എന്നത് ഓരോ വ്യക്തിക്കും അടിസ്ഥാനപരമായി ഉള്ള മഹത്വത്തിന്‍റെ (Human Dignity) ഭാഗമാണ്. ഐക്യരാഷ്ട്ര സംഘടനയുടെ 1948 ലെ മനുഷ്യാവകാശ പ്രമാണരേഖ 'സ്വകാര്യത' എന്ന അവകാശം എടുത്തുപറയുന്നുണ്ട്. ഇന്ത്യാരാജ്യത്തെ പൗരന്മാര്‍ക്ക് സ്വകാര്യതയ്ക്കുള്ള മൗലിക അവകാശം ഉണ്ട് എന്ന സുപ്രീം കോടതിയുടെ നിര്‍ണായക വിധി ഉണ്ടായത് 2017 ഓഗസ്റ്റ് 24നാണ്. ആധാര്‍ വിവരങ്ങള്‍ സ്വകാര്യകമ്പനികള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്ന ആധാര്‍ നിയമത്തിലെ അമ്പത്തിയേഴാം വകുപ്പ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി ഈ വിധി പുറപ്പെടുവിച്ചത്. ഇന്ത്യന്‍ ഭരണഘടനയിലെ മൗലികാവകാശങ്ങളുടെ പട്ടികയായ മൂന്നാം ഭാഗം, അനുച്ഛേദം 21 ല്‍ വിവരിച്ചിരിക്കുന്ന ജീവിക്കാനുള്ള അവകാശങ്ങളുടെ തുടര്‍ച്ചയായി തന്നെയാണ് സ്വകാര്യതയ്ക്കുള്ള അവകാശത്തെയും ഇന്ത്യന്‍ ജുഡീഷ്യറി വിശേഷിപ്പിച്ചത്. ജീവിക്കാനുള്ള അവകാശം എന്നത് 'ശ്രേഷ്ഠമായ ജീവിതം' (Life with dignity) എന്ന അര്‍ത്ഥത്തിലാണ് ഇവിടെ മനസ്സിലാക്കേണ്ടത്. പൂര്‍ണമായും ശ്രേഷ്ഠതയോടെ ജീവിക്കണമെങ്കില്‍ ഒരു വ്യക്തിയുടെ ശരീരത്തിനും സ്വത്തിനും മാത്രമല്ല വികാരങ്ങള്‍ക്കും ബുദ്ധിക്കും വ്യക്തിത്വത്തിനും ആത്മീയതയ്ക്കുമൊക്കെ സംരക്ഷണം ലഭിക്കണം. അതുകൊണ്ടാണ് സ്വകാര്യതയ്ക്ക് ഒരു വ്യക്തിയുടെ ശ്രേഷ്ഠതയുമായി ബന്ധപ്പെട്ട് അതിപ്രാധാന്യമുണ്ടെന്ന് നാം മനസ്സിലാക്കുന്നത്. സ്വകാര്യത ഓരോ വ്യക്തിയുടെയും മൗലിക അവകാശമാണ്.
2017 മാര്‍ച്ച് മാസത്തില്‍ The Economist പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ടിന്‍റെ തലക്കെട്ട്, 'ലോകത്തിലെ ഏറ്റവും മൂല്യവത്തായ വിഭവം ഇനി എണ്ണയല്ല, ഡാറ്റയാണ്' എന്നായിരുന്നു. ഇന്നത്തെ ലോകത്തില്‍ വ്യക്തി വിവരങ്ങളുടെ വിപണിമൂല്യം സാധാരണക്കാര്‍ ചിന്തിക്കുന്നതിനേക്കാള്‍ എത്രയോ അധികമാണ്. ബ്രാന്‍ഡിംഗ് അല്ലെങ്കില്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏതൊരു കമ്പനിയുടെയും അസംസ്കൃത വിഭവം  എന്നുപറയുന്നത് വ്യക്തി വിവരങ്ങളാണ്. അതാണ് ഈ വിവരങ്ങളുടെ വിപണി മൂല്യം. ഈ ഒരു സാഹചര്യത്തിലാണ് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പൊട്ടിപ്പുറപ്പെട്ട സ്പ്രിംക്ലര്‍ വിവാദത്തിന്‍റെ പ്രസക്തി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ശേഖരിക്കുന്ന വ്യക്തിവിവരങ്ങള്‍ വിശകലനം ചെയ്യാനും സൂക്ഷിച്ചു വയ്ക്കാനും സര്‍ക്കാര്‍ സ്പ്രിംക്ലര്‍ എന്നൊരു സ്വകാര്യ കമ്പനിയ്ക്ക് ചുമതല കൊടുത്തിരുന്നു എന്നതാണ് ഈ വിവാദത്തിന് അടിസ്ഥാനം. ഒരു വ്യക്തിയില്‍ നിന്ന് വിവരശേഖരണം നടത്തുമ്പോള്‍ അയാളുടെ അനുവാദം വാങ്ങണം എന്ന് Indian Information Technology Act 2000 വ്യക്തമാക്കുന്നുണ്ട്. സ്പ്രിംക്ലര്‍ വിവാദവുമായി ബന്ധപ്പെട്ട ഹൈക്കോടതി പരാമര്‍ശം, വിവരങ്ങള്‍ കൈമാറുമ്പോള്‍ സര്‍ക്കാര്‍ പൗരന്‍റെ അനുവാദം വാങ്ങിയിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തണം എന്നാണ്. വ്യക്തിവിവരങ്ങളുടെ സ്വകാര്യത ഉറപ്പാക്കുന്ന വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി നേരിട്ടോ അല്ലാതെയോ കമ്പനി ഈ വിവരങ്ങള്‍ ഉപയോഗിക്കരുത്. വിശകലനം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് വിവരങ്ങള്‍ സര്‍ക്കാരിന് തിരിച്ചുനല്‍കണം. രോഗികളില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ വിശകലനത്തിനായി കൈമാറുമ്പോള്‍ വ്യക്തികളെ തിരിച്ചറിയാന്‍ കഴിയുന്ന വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുകയും ചെയ്യണം.  വ്യക്തിവിവരങ്ങള്‍ അവലോകനത്തിനായി കമ്പനിക്ക് കൈമാറുമെന്ന കാര്യം വിവരദാതാവിനെ ധരിപ്പിച്ച് അനുമതി വാങ്ങണം എന്നും കോടതി നിര്‍ദ്ദേശിച്ചു.
വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തുവിട്ട കരാര്‍ രേഖകളില്‍ 'വിവരങ്ങളുടെ മേല്‍ അവകാശം പൗരനാണെന്നും അനുവാദം കൂടാതെ ഈ വിവരങ്ങള്‍ കൈമാറ്റം ചെയ്യില്ല' എന്നു വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇത്തരമൊരു കരാര്‍ ഉണ്ടാക്കിയത് വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിനു ശേഷം മാത്രമാണ് എന്നത് ആശങ്കയ്ക്ക് വക നല്കുന്നു. അതുപോലെ തന്നെ ഈ ദിവസങ്ങളില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കോവിഡ് രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസ് തയ്യാറാക്കിയ മൊബൈല്‍ ആപ്പില്‍ നിന്ന് രോഗികളുടെ മൊബൈല്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ചോര്‍ന്നതായുള്ള വാര്‍ത്തയും പുറത്തുവന്നു. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യസേതു ആപ്പിലും ഇത്തരത്തില്‍ സുരക്ഷാ വീഴ്ചകളുണ്ടെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.
ഒരുപക്ഷേ, ഒരടിയന്തര സാഹചര്യത്തില്‍ പെട്ടെന്ന് എടുക്കേണ്ടി വന്ന ഒരു തീരുമാനത്തില്‍ വന്നുഭവിച്ച പാളിച്ച ആയി സ്പ്രിംക്ലര്‍ പ്രശ്നത്തെ വ്യാഖ്യാനിക്കാം. എങ്കിലും അതിനു മുകളിലായി ഇത് ഉയര്‍ത്തുന്ന ചില ധാര്‍മ്മികപ്രശ്നങ്ങളുണ്ട്. ഒരു വ്യക്തിയുടെ മുന്‍കൂട്ടിയുള്ള അനുവാദം ഇല്ലാതെ അയാളുടെ വ്യക്തിപരവും ആരോഗ്യപരവുമായ വിവരങ്ങള്‍ ഒരു സ്വകാര്യ കമ്പനിക്ക് നല്‍കുന്നത് ആ വ്യക്തിയുടെ സ്വകാര്യതയെന്ന മൗലികാവകാശ ലംഘനമാണ് എന്ന വസ്തുതയാണത്. കോവിഡ് 19 പോലെയുള്ള അടിയന്തര സാഹചര്യങ്ങളില്‍ ഇത്തരം വിവാദങ്ങള്‍ വേണോ എന്ന് നമുക്ക് ന്യായമായി തോന്നാമെങ്കിലും പൗരന്മാരുടെ മൗലികാവകാശങ്ങളുടെ ലംഘനത്തിന് ഒരു സാധ്യത ഇവിടെ നിലനില്‍ക്കുന്നിടത്തോളം കാലം ഇത് പരിഗണിക്കപ്പെടുകയും ആവശ്യമെങ്കില്‍ പരിഹരിക്കപ്പെടുകയും ചെയ്യേണ്ട വിഷയമാണ്.

3. പങ്കാളിത്തനീതിയുടെ (Contributive Justice) അനിവാര്യത
സമൂഹജീവിയായ മനുഷ്യന് വേണ്ട ഏറ്റവും അടിസ്ഥാനപരമായ മൂല്യങ്ങളില്‍ ഒന്നാണ് നീതിബോധം. ലോകാരോഗ്യസംഘടനയുടെ Guidance for Managing Ethical Issues in Infectious Disease Outbreaks എന്ന മാര്‍ഗ്ഗരേഖ മനുഷ്യകുലത്തിനു പൊതുവായും, കോവിഡ് പോലെയൊരു അടിയന്തര സാഹചര്യത്തില്‍ പ്രത്യേകിച്ചും, ഈ മൂല്യം എത്ര അനിവാര്യമാണെന്ന് വ്യക്തമാക്കുന്നുണ്ട്. നീതിബോധത്തെപ്പറ്റി പറയുമ്പോള്‍, നീതിയുടെ അവശ്യ മുഖങ്ങളില്‍ ഒന്നായി പറയപ്പെടുന്നത് പങ്കാളിത്തനീതിയാണ്. മാനവക്ഷേമത്തിനും പൊതുസമൂഹത്തിന്‍റെ നډയ്ക്കുമായി ഓരോ വ്യക്തിയും നല്‍കേണ്ട സംഭാവനയെ ഓര്‍മിപ്പിക്കുന്ന നീതിയുടെ മുഖമാണ് പങ്കാളിത്തനീതി. ഇന്ന് ഒരുപക്ഷേ നമ്മുടെ സമൂഹത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടാതെ പോകുന്ന നീതിയുടെ ഭാവവും ഇതുതന്നെയാണ്. എന്തൊക്കെ തനിക്ക് സമൂഹത്തില്‍ നിന്നും സര്‍ക്കാരില്‍ നിന്നും ലഭിക്കും എന്നതാണ് നമ്മെ കൂടുതല്‍ ചിന്തിപ്പിക്കുന്നത്; എന്നാല്‍ സമൂഹത്തിന് തന്‍റെ പങ്കാളിത്തം, സഹകരണം എത്ര ആവശ്യമുണ്ടെന്ന് കൂടെ ഗൗരവമായി ഓരോ പൗരനും ചിന്തിക്കണം.
ഓരോ വ്യക്തിയുടെയും കഴിവിനും സമൂഹത്തില്‍ അയാള്‍ വഹിക്കുന്ന പങ്കിനും (role) ആനുപാതികമായാണ് ഈ പങ്കാളിത്തം നിര്‍വഹിക്കേണ്ടത്. ഇതിന് രണ്ട് മാനങ്ങളുണ്ട്: ഒന്നാമതായി സമൂഹത്തിന്‍റെ നന്മയ്ക്കും ക്ഷേമത്തിനും ദോഷകരമല്ലാത്ത വിധത്തില്‍ ജീവിതം ക്രമീകരിക്കുക എന്നത് പങ്കാളിത്തനീതിയുടെ അടിസ്ഥാന മുഖമാണ്. സാമൂഹ്യ സമ്പര്‍ക്കങ്ങള്‍ ഒഴിവാക്കി വീട്ടില്‍ ഇരിക്കുക എന്നതും, സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുക എന്നതും അത്തരത്തില്‍ പങ്കാളിത്തനീതിയുടെ അവശ്യ നിബന്ധനയായി മാറുന്നു. രണ്ടാമതായി, സ്വന്തം കഴിവില്‍ നിന്നും സ്വത്തില്‍ നിന്നും ആനുപാതികമായ ഒരു വിഹിതം സമൂഹത്തിന്‍റെ നന്മയ്ക്കുവേണ്ടി ചെലവഴിക്കാന്‍ ഓരോ പൗരനും ഉത്തരവാദിത്വമുണ്ട്. കോവിഡ് 19 പോലെ സമൂഹം അടിയന്തരമായ സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോള്‍ നീതിയുടെ ഈ മുഖത്തിന് പ്രസക്തിയേറുന്നു. കഴിഞ്ഞുപോയ പോയ പ്രളയത്തിന്‍റെ നാളുകളില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി കയ്യും മെയ്യും മറന്ന് സഹായത്തിന് ഇറങ്ങിയവരും, തങ്ങളുടെ ഇല്ലായ്മയില്‍ നിന്നു പോലും സംഭാവന ചെയ്തവരുമൊക്കെ നമ്മുടെ ഓര്‍മ്മകളില്‍ മായാതെ നില്‍ക്കുന്നുണ്ട്. വിവിധ ജാതി മത സംഘടനകള്‍ എല്ലാ വ്യത്യാസങ്ങളും മറന്ന് ഈ സംരംഭത്തില്‍ പങ്കു ചേരുകയുണ്ടായി. ഈ കൊറോണക്കാലവും നമ്മെ ഓര്‍മിപ്പിക്കുന്നത് അത്തരമൊരു സഹകരണത്തിന്‍റെയും സഹാനുഭൂതിയുടെയും ആവശ്യകത തന്നെയാണ്. നമുക്കുചുറ്റും വേദനിക്കുന്നവരും കഷ്ടപ്പെടുന്നവരും ഉണ്ടെന്നുള്ള ബോധ്യം അവരെ ചേര്‍ത്തുനിര്‍ത്താന്‍ നമ്മെ പ്രചോദിപ്പിക്കണം. അതു നമ്മുടെ ഔദാര്യം എന്നതിനേക്കാളുപരി സമൂഹത്തോടുള്ള നമ്മുടെ നീതിബോധത്തിന്‍റെ കടമ തന്നെയാണ്.
ഇത്തരമൊരു സാഹചര്യത്തിലാണ് കേരള സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന സാലറി ചലഞ്ച് ചര്‍ച്ചാ വിഷയമാകുന്നത്. പകര്‍ച്ചവ്യാധി പ്രതിരോധത്തിന്‍റെ  ഭാഗമായി സര്‍ക്കാരിന് ഉണ്ടാകുന്ന ഭീമമായ അധിക ചെലവും, ലോക്ക് ഡൗണ്‍ മൂലമുണ്ടാകുന്ന വരുമാന നഷ്ടവും പരിഹരിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വരുന്ന അഞ്ചു മാസങ്ങളില്‍ ആറു ദിവസത്തെ ശമ്പളം വീതം സര്‍ക്കാരിന് നല്‍കണം എന്നതാണ് ഈ ഉത്തരവിന്‍റെ ഉള്ളടക്കം. പ്രതിമാസ വരുമാനം കൃത്യമായ ആസൂത്രണത്തോടെ മാത്രം ഉപയോഗിക്കുന്നവരും, ഭവന-വാഹന-വിദ്യാഭ്യാസ വായ്പ എന്നിവയൊക്കെ പ്രതിമാസം തിരിച്ചടയ്ക്കേണ്ടവരും ഈ നിയന്ത്രണം കൊണ്ട് ബുദ്ധിമുട്ടും എന്നത് തീര്‍ച്ചയാണ്. എന്നാല്‍ ഈ സാഹചര്യങ്ങളെ സഹാനുഭൂതിയോടെ നേരിടുന്നതിന് ഇത്തരം ചില ബുദ്ധിമുട്ടുകള്‍ ഏറ്റെടുക്കാന്‍ പങ്കാളിത്തനീതി നമുക്ക് ബാധ്യത നല്‍കുന്നുണ്ട്.
അതേസമയം ഇത്തരത്തില്‍ സ്വരൂപിക്കപ്പെടുന്ന പണം കൃത്യമായ കരങ്ങളില്‍ എത്തിച്ചേരുന്നു എന്നും, അത് സമൂഹ ക്ഷേമത്തിന് ഉപയോഗപ്പെടുന്നു എന്നും ഉറപ്പുവരുത്താനും, നടപടികള്‍ കൃത്യതയോടെയും സുതാര്യതയോടെയും പൂര്‍ത്തിയാക്കാനും സര്‍ക്കാരിന് ഉത്തരവാദിത്വം ഉണ്ട്. അതുപോലെതന്നെ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും കൃത്യമായ ചെലവുചുരുക്കല്‍ നടപടികളും ഉണ്ടാകണം. ജനങ്ങളെ കൂടുതല്‍ കഷ്ടപ്പെടുത്തുകയും സര്‍ക്കാര്‍ ധൂര്‍ത്തുകള്‍ തുടരുകയും ചെയ്യുന്നത് സ്വാഭാവിക നീതിയ്ക്ക് വിരുദ്ധമാണ്.

ഉപസംഹാരം
ഇനിയുമെത്ര നീളുമെന്നറിയാത്ത ഒരു കഠിന പ്രതിസന്ധിയിലൂടെ ലോകം കടന്നു പോവുകയാണ്. അപകടകാരിയായ ഈ പകര്‍ച്ചവ്യാധി തടഞ്ഞുനിര്‍ത്താന്‍ ഓരോ വ്യക്തിയുടെയും സഹകരണവും പങ്കാളിത്തവും അത്യാവശ്യമാണ്. ഒരു ചെറിയ വീഴ്ച പോലും വലിയ ദുരന്തങ്ങളിലേക്കാവും ലോകത്തെ നയിക്കുക. ശരിയായ മാര്‍ഗ്ഗങ്ങളിലൂടെയുള്ള കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വേണം നമുക്ക് അതിനെ അതിജീവിക്കാന്‍.