Thursday, April 6, 2023

ചില സ്വപ്നങ്ങൾ അങ്ങനെയാണ്

ചില സ്വപ്നങ്ങൾ അങ്ങനെയാണ്!
നിനച്ചിരിക്കാത്ത നേരത്ത്
അത് അനുവാദമില്ലാതെ കടന്നുവരും.
ഉത്സവപ്പറമ്പിലെ കമനീയമായ ദീപാലങ്കാരങ്ങൾ പോലെ,
അത് വർണ്ണശബളമായിരിക്കും.
കൊടിതോരണങ്ങളും, കൊട്ടും പാട്ടും നൃത്തവും,
പലഹാരക്കടകളും, കളിപ്പാട്ടങ്ങളും,
ആൾക്കൂട്ടത്തിന്റെ ആരവങ്ങളും.
മനസ്സിനെ അത് വല്ലാതെ കുളിർപ്പിക്കും,
നമ്മളതിൽ അതിയായി മതിമറക്കും.
സത്യമാണെന്ന് അതെല്ലാമെന്ന് വെറുതെ കരുതും.
ഒരിക്കലും അത് തീർന്നു പോകരുത് എന്ന്
ഒരു കുഞ്ഞിനെപ്പോലെ ആഗ്രഹിക്കും.

പക്ഷേ,
പൊടുന്നനെ
അത് അർദ്ധോക്തിയിൽ തീർന്നു പോകും.
തീർന്നു കഴിയുമ്പോഴാണ് നമ്മൾ അറിയുക
അത് സ്വപ്നമായിരുന്നു.
ചിലപ്പോൾ കുറച്ചു നേരത്തേക്ക് ഒരു സങ്കടം തോന്നും.
പിന്നെ അതങ്ങ് മറക്കും!



Sunday, January 29, 2023

ജൂബിലി ഗാനം

കൃപയുടെ അനുഗ്രഹ വർഷങ്ങൾക്കായ്,
കൃതജ്ഞതാപൂർവ്വം വരുന്നു ഞങ്ങൾ,
കനിവോടെ ഞങ്ങൾക്കായ് നീ ചൊരിഞ്ഞ,
കൃപകൾക്ക് സാദരം നന്ദിയേകാൻ.

(കോറസ്)
നന്ദി ചൊല്ലീടുന്നു നാഥാ,
ജൂബിലി വർഷത്തിൽ ഞങ്ങൾ,
നിൻ ദിവ്യ സ്നേഹത്തിൻ മുമ്പിൽ,
സാദരം ഞങ്ങളെ നൽകീടുന്നു.

1. ഇടവക നല്ലൊരു കുടുംബമായി,
    ഇടയനാം നാഥന്റെ കൂടെയായി,
    ഇരുളിന്റെ ദീർഘമാം പാതയതിൽ,
    ഇടറാതെ നീങ്ങുവാൻ തുണയ്ക്ക നാഥാ.

2. സുവിശേഷ പാതയിൽ ചരിച്ചിടുവാൻ,
    സോദര സ്നേഹത്തിൽ മുന്നേറുവാൻ,
    സാക്ഷ്യമായി ജീവിതം മാറ്റീടുവാൻ,
    സ്നേഹ താതാ ഞങ്ങളിൽ നീ കനിയൂ.

(കാക്കവയൽ സെന്റ് അൽഫോൻസാ ഇടവകയുടെ രജത ജൂബിലിയോടനുബന്ധിച്ച്‌ രചിച്ച ജൂബിലി ഗാനം)