Wednesday, April 15, 2020

ക്വാരൻ്റീനും ലോക്ക്-ഡൗണും: മാനസിക പ്രത്യാഘാതങ്ങൾ

ലോകം മുഴുവൻ കോവിഡ് 19 രോഗം പടർന്നു പിടിക്കുകയാണ്. 2019 ഡിസംബറിൽ ചൈനയിൽ ആരംഭിച്ച ഈ പകർച്ചവ്യാധി വളരെ കുറഞ്ഞ നാളുകൾ കൊണ്ടാണ് ഒന്നേകാൽ ലക്ഷത്തോളം പേരുടെ ജീവനെടുത്ത് ലോകം മുഴുവൻ പടർന്നത്. നോവൽ കൊറോണ എന്ന വൈറസ് പരത്തുന്ന ഈ മഹാമാരി ലോകത്തെ ഒട്ടൊന്നുമല്ല ഭീതിപ്പെടുത്തുന്നത്. സാമൂഹ്യ സമ്പർക്കം മൂലമാണ് ഈ വൈറസ് മറ്റുള്ളവരിലേക്ക് പകരുന്നത് എന്ന വസ്തുത, സാമൂഹ്യ അകലം പാലിക്കാൻ ആളുകളെ നിർബന്ധിതരാക്കുന്നു. ലോക രാഷ്ട്രങ്ങൾ മിക്കതും തന്നെ ആളുകൾ പുറത്തിറങ്ങി സമ്പർക്കം വഴി രോഗം പടരാതിരിക്കാൻ കർശനമായ നിയന്ത്രണങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. ആളുകൾ വീട്ടിലിരിക്കാൻ നിർബന്ധിതരായിരിക്കുകയാണ്. വിപുലവും സങ്കീർണ്ണവുമായ സാമൂഹ്യ ബന്ധങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരുന്ന ലോകജനത ഒറ്റ രാത്രികൊണ്ട് എന്നപോലെ പോലെയാണ് വീട്ടിലേക്ക് ചുരുങ്ങിയത്. അത് സാമൂഹ്യ സാമ്പത്തിക മേഖലകളിലൊക്കെ കണക്കാക്കാൻ ആവാത്തത്ര വലിയ പ്രത്യാഘാതമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അപ്രതീക്ഷിതമായ ഈ വീട്ടിൽ ഇരുപ്പ് മനുഷ്യമനസ്സുകളെ എങ്ങനെ സ്വാധീനിക്കുന്നു അഥവാ ഈ ലോക് ഡൗണിൻ്റെ പ്രത്യാഘാതങ്ങൾ എന്തൊക്കെയാവും എന്ന് ചിന്തിക്കാൻ ശ്രമിക്കുകയാണ് ഈ ലേഖനത്തിലൂടെ.
പദപരിചയം 
വിഷയത്തിലേക്ക് കടക്കും മുമ്പ് ചില പദങ്ങളെ ഈ ലേഖനത്തിൻ്റെ പശ്ചാത്തലത്തിൽ വിശദീകരിക്കേണ്ടതുണ്ട്. കോവിഡ് - 19 സാമൂഹ്യ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് നാം കേൾക്കുന്ന മൂന്ന് പദങ്ങളാണ് ഐസൊലേഷൻ, ക്വാരൻ്റീൻ, ലോക്ക് ഡൗൺ എന്നിവ.

ഐസൊലേഷൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് രോഗബാധിതരായ ആളുകളെ മറ്റുള്ളവരുമായി യാതൊരു സമ്പർക്കവും ഉണ്ടാകാതിരിക്കാൻ ഒറ്റയ്ക്ക് പാർപ്പിക്കുന്നതിനെയാണ്. ഇവരുമായി ഏതെങ്കിലും വിധത്തിൽ ബന്ധപ്പെടേണ്ടി വരുന്ന ആരോഗ്യ പ്രവർത്തകരോ മറ്റ് ശുശ്രൂഷകൾ ചെയ്യുന്നവരോ വലിയ മുൻകരുതലുകളോടു കൂടിയാണ് അവരെ സമീപിക്കുക.

ക്വാരൻ്റീൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് രോഗികളുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കം ഉണ്ടായിട്ടുള്ള വ്യക്തികളെ, അല്ലെങ്കിൽ സാഹചര്യങ്ങളിൽ നിന്ന് രോഗാണുക്കളുമായി സമ്പർക്കം വന്നിട്ടുണ്ടാകുമെന്ന് സംശയിക്കുന്ന വ്യക്തികളെ, അവർക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് വേണ്ടിയും, അവർ ബാധിതരാണെങ്കിൽ അവരിൽ നിന്നും ആർക്കും ഇനി പകരാതിരിക്കുന്നതിനും വേണ്ടി മാറ്റി നിർത്തുന്ന പ്രക്രിയയാണ്. അതിൽ നിന്നും അവരുടെ മറ്റുള്ളവരുമായുള്ള സമ്പർക്കം പൂർണ്ണമായും നിയന്ത്രിക്കപ്പെടുന്നു. കുഷ്ഠരോഗവുമായി ബന്ധപ്പെട്ട് ഇറ്റലിയിലാണ് 1127 ൽ ക്വരൻ്റീൻ എന്ന പദം   ആദ്യം ഉപയോഗിക്കപ്പെട്ടത്. പിന്നീട് പതിനാലാം നൂറ്റാണ്ടിൽ യൂറോപ്പിലും മറ്റും പടർന്നുപിടിച്ച പ്ലേഗുമായി (ബ്ലാക് ഡെത്ത്) ബന്ധപ്പെട്ടും ഈ പദം ഉപയോഗിക്കപ്പെട്ടു.

ഇപ്പോൾ പടർന്നുപിടിച്ച കോവിഡ് -19 ഒരു പകർച്ചവ്യാധി ആയതിനാൽ രോഗത്തിൻ്റെ സമൂഹ വ്യാപനം നടക്കാതിരിക്കാൻ സാമൂഹ്യ സമ്പർക്കം ഇല്ലാതാക്കുക എന്നതാണ് ഏറ്റവും പ്രധാനവും പ്രായോഗികവുമായ മാർഗ്ഗം.
ഈ ലക്ഷ്യത്തെ മുൻനിർത്തി സാമൂഹ്യ സമ്പർക്കങ്ങൾക്ക് കർശനമായ നിയന്ത്രണങ്ങൾ വരുത്തി ആളുകളോട് വീട്ടിൽ തന്നെ ഇരിക്കാൻ ആവശ്യപ്പെടുന്ന സാഹചര്യത്തെയാണ് ലോക്ക് - ഡൗൺ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇക്കാലയളവിൽ ഇടതടവില്ലാതെ നടന്നുകൊണ്ടിരുന്ന ലോക സാമൂഹ്യക്രമം പൊടുന്നനെ  നിശ്ചലമാകുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ആളുകൾ ലോക്ക് - ഡൗൺ പ്രഖ്യാപിച്ചപ്പോൾ എവിടെയായിരുന്നുവോ അവിടെത്തന്നെ നിൽക്കുവാൻ നിർബന്ധിതരാകുന്നു. പലരും വീടുകളിൽ നിന്ന് അകലെ ആവാം,  വീടുകളിൽ ഉള്ളവർക്കാവട്ടെ അവിടെ നിന്ന് പുറത്തിറങ്ങാനുള്ള നിയന്ത്രണങ്ങളും. ഇത്തരമൊരു സാഹചര്യത്തിൽ മനുഷ്യൻ കഴിയുന്ന മനുഷ്യൻ്റെ മാനസിക പരിസരങ്ങളെ പഠിക്കാനാണ് ഈ ലേഖനം ശ്രമിക്കുന്നത്. ക്വാരൻ്റീനും ലോക്ക് - ഡൗണും എങ്ങനെ മനുഷ്യമനസ്സുകളെ സ്വാധീനിക്കുന്നു എന്നൊരു ചിന്ത.
മാനസിക പ്രത്യാഘാതങ്ങൾ
ക്വാരൻ്റീൻ, ലോക്ക് - ഡൗൺ ഇതൊക്കെ അസുഖകരമായ അനുഭവങ്ങൾ ആണെന്നതിൽ ആർക്കും സംശയമില്ല. ഇതിൻ്റെ ഫലമായി പ്രിയപ്പെട്ടവരിൽ നിന്ന് അകന്നു നിൽക്കേണ്ടി വരിക, ഇതുവരെ പരിചയിച്ച ശീലങ്ങൾ മാറ്റേണ്ടി വരിക, സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുക, രോഗാവസ്ഥയെ കുറിച്ച് അനിശ്ചിതത്വം ഉണ്ടാവുക, സാമ്പത്തിക പരാധീനത അനുഭവപ്പെടുക എന്നിവ ജീവിതത്തിൽ അസുഖകരമായ, അശുഭകരമായ പ്രതിഫലനങ്ങൾ ഉണ്ടാകും. ദേഷ്യം വർദ്ധിക്കുക, കുടുംബവഴക്ക്, മദ്യപാനശീലം, ആത്മഹത്യാപ്രവണത, വിഷാദരോഗം, എന്നിവ ഇപ്പോൾ തന്നെ പലയിടത്തും റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. രോഗപ്രതിരോധത്തിൻ്റെ ഭാഗമായി നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് പോലെ തന്നെ പ്രാധാന്യമുള്ളതാണ് അതുമൂലം മനുഷ്യമനസ്സുകളിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ ഏറ്റവും കുറയ്ക്കാൻ ശ്രമം നടത്തുക എന്നത്.
ഈ സാഹചര്യങ്ങളെ നേരിടാൻ മനുഷ്യമനസ്സുകളെ ഒരുക്കുകയും മാർഗ്ഗനിർദ്ദേശങ്ങളും സഹായവും നൽകുകയും ചെയ്യണമെന്ന് ലോകാരോഗ്യ സംഘടന ഇതിനകംതന്നെ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.(WHO നിർദ്ദേശങ്ങൾ ഇവിടെ വായിക്കാം) അതോടൊപ്പം, സമ്മർദ്ദം അനുഭവിക്കുന്നവർക്ക് വേണ്ടി പൊതുവായ നിർദ്ദേശങ്ങളും ലോകാരോഗ്യ സംഘടനയുടെ ഈ രേഖ പങ്കുവെക്കുന്നു. ക്വാരൻ്റീൻ ലോക്ക്‌ - ഡൗൺ കാലത്തിൻ്റെ മാനസിക പ്രത്യാഘാതങ്ങളെ പറ്റി SK Brook എന്ന സാമൂഹ്യശാസ്ത്രജ്ഞൻ്റെ നേതൃത്വത്തിൽ നടത്തിയ ഒരു പഠന റിപ്പോർട്ട് 2020 ഏപ്രിൽ 11 ന് പുറത്തിറങ്ങിയ The Lancet Journal പ്രസിദ്ധീകരിച്ചിട്ടുണ്ട്. (ഇവിടെ വായിക്കാം) ഈ പഠന റിപ്പോർട്ട് അനുസരിച്ച്, ഉത്കണ്ഠ, ക്ഷോഭം, ഉക്കമില്ലായ്മ, ഏകാഗ്രത നഷ്ടമാകൽ, വിരസത, അലസത, ജോലി ചെയ്യാനുള്ള താല്പര്യം നഷ്ടമാകൽ, ജോലിയുടെ പ്രകടന ക്ഷമത മോശമാകൽ എന്നിവ ക്വാരൻ്റീൻ ലോക്ക് ഡൗൺ ദിനങ്ങളുടെ ഫലമായി പ്രകടമാകാൻ സാധ്യതയുള്ള മാനസികപ്രശ്നങ്ങളിൽ ചിലതാണ്.

പ്രായമായവർ 
പൊതുവായി പറഞ്ഞാൽ ഈ കാലത്തിൻറെ ഏറ്റവും കുറവ് സമ്മർദ്ദം അനുഭവപ്പെടാൻ സാധ്യതയുള്ള സമൂഹം പ്രായമായവരാണ്. എന്നാൽ കോവിഡ് 19 രോഗം വരാൻ ഏറ്റവും സാധ്യതയുള്ള വിഭാഗവും ഇതുതന്നെയാണ്. അതുകൊണ്ടുതന്നെ സാമൂഹിക സമ്പർക്കങ്ങളിൽ നിന്ന് രോഗം പകരാതിരിക്കാൻ ഈ വിഭാഗത്തിൽപ്പെട്ട ആളുകൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.
പ്രായമായവർ കൂടുതൽ സമയവും വീടുകളിൽ സമയം ചെലവഴിക്കുന്നവർ ആയതുകൊണ്ട്, വീട്ടിൽ ഇരിക്കേണ്ടി വരുന്ന അവസ്ഥ ഒരുപക്ഷേ അധികമൊന്നും അവരെ ആകുലപ്പെടുത്തുന്നില്ല; എന്ന് മാത്രമല്ല ഈ ലോക്ക് - ഡൗൺ കാലത്ത് കുടുംബാംഗങ്ങൾ ഒരുമിച്ച് നല്ലൊരു ഒഴിവുകാലം ആസ്വദിക്കാനും അവർക്കു കഴിയും. അതുകൊണ്ടുതന്നെ കുടുംബങ്ങളിലെ ചെറുപ്പക്കാർക്ക് തങ്ങളുടെ മുതിർന്ന കുടുംബാംഗങ്ങളുമായി സമയം ചെലവഴിച്ച് അവർക്ക് ആസ്വാദ്യകരമായ ഒരു സമയം ഒരുക്കി കൊടുക്കാൻ കഴിയണം.
എന്നാൽ ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായവരുടെ സ്ഥിതി വ്യത്യസ്തമാണ്. ഒരുപക്ഷേ സായാഹ്നങ്ങളിൽ പുറത്തിറങ്ങി സുഹൃത്തുക്കളെയോ, അയൽപക്കംകാരെയോ കണ്ട് സംസാരിച്ച്‌ സമയം ചെലവഴിച്ചിരുന്ന ആളുകൾക്ക് അത് നിഷേധിക്കപ്പെടുന്നു. അതുകൊണ്ട് ഇക്കൂട്ടർ അനുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങളെ ശ്രദ്ധയോടെ നാം കൈകാര്യം ചെയ്യണം. അയൽക്കാരും ബന്ധുക്കളും ഇവരുടെ വിവരങ്ങൾ അന്വേഷിക്കാനും നിയന്ത്രണങ്ങൾക്ക് ഉള്ളിൽ നിന്നുകൊണ്ടുതന്നെ, ശ്രദ്ധയും സംരക്ഷണവും കൊടുക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെതന്നെ മാധ്യമങ്ങളിൽ വരുന്ന രോഗത്തെക്കുറിച്ചും മരണത്തെക്കുറിച്ചുള്ള ഉള്ള നെഗറ്റീവ് വാർത്തകളുടെ ആധിക്യം അവരിൽ ഭയം ജനിപ്പിക്കാൻ സാധ്യതയുണ്ട്. അത് അവരെ വിഷാദത്തിലേക്കും ആത്മഹത്യാ പ്രവണതയ്ക്ക് ഒക്കെ ചെയ്യാം നയിക്കുകയും ചെയ്യാം.

കുടുംബങ്ങൾ 
കുടുംബങ്ങൾക്ക് ഈ അടച്ചുപൂട്ടൽ കാലം കാലം വ്യത്യസ്തമായ അനുഭവങ്ങൾ സമ്മാനിക്കുന്നു. കുടുംബാംഗങ്ങൾ ഒന്നിച്ചിരിക്കാൻ ഒരു നല്ല സമയം ലഭിക്കുന്നു എന്നത് ഈ കാലത്തിൻറെ നന്മയായി പറയാം. എന്നാൽ അടച്ചുപൂട്ടൽ കാലം കുടുംബങ്ങൾക്ക് ആകുലതകളുടെതു കൂടെയാണ്.
ജോലി നഷ്ടപ്പെടുന്ന കുടുംബങ്ങൾക്ക് തങ്ങളുടെ സാമ്പത്തികഭദ്രതയെപ്പറ്റി ഉണ്ടാവുന്ന ആകുലത കഠിനമാണ്. ഇത് ആളുകളെ നിരാശയിലേക്കും അമിത ഉത്കണ്ഠയിലേക്കും നയിക്കും. അതുപോലെ തന്നെ പതിവിൽനിന്ന് വ്യത്യസ്തമായി മാതാപിതാക്കളും മക്കളും വീട്ടിൽ മാത്രം ആയിരിക്കുന്നത് കുടുംബ വഴക്കുകളിലേക്ക് നയിക്കാൻ സാധ്യതയുണ്ട്. ലോക്ക് - ഡൗൺ കാലത്തിൽ കുടുംബ വഴക്കുകൾ വർധിച്ചിട്ടുണ്ടെന്ന് സർക്കാർ ഏജൻസികൾ തരുന്ന കണക്കുകൾ തന്നെ വ്യക്തമാക്കുന്നുണ്ട്. (click here to read news). ഇത് കുടുംബാംഗങ്ങളിൽ, പ്രത്യേകിച്ച് മക്കളിൽ മാനസിക സമ്മർദങ്ങൾക്ക് കാരണമാകാം. മദ്യപാനശീലം ഉണ്ടായിരുന്നവർക്ക് അത് കിട്ടാതാകുമ്പോൾ ഉണ്ടാകുന്ന മാനസിക പിരിമുറുക്കവും അതിനെ തുടർന്ന് കുടുംബാന്തരീക്ഷത്തിൽ ഉണ്ടാകാവുന്ന പ്രതിഫലനങ്ങളും എടുത്തുപറയേണ്ടതാണ്. കുടുംബങ്ങളിൽ നിന്ന് അകലെ ആയിരിക്കുന്ന അംഗങ്ങളെ പറ്റിയുള്ള ആകുലതകളും, അത് നൽകുന്ന മാനസിക സമ്മർദ്ദങ്ങളും തീർച്ചയായും പരിഗണിക്കപ്പെടേണ്ടതാണ്..

യുവജനങ്ങൾ 
ജീവിതത്തിൻറെ ഏറ്റവും ഊർജസ്വലമായ കാലഘട്ടമാണ് യുവത്വം. അതുകൊണ്ടുതന്നെ ദിവസങ്ങളോളം അടങ്ങിയൊതുങ്ങി വീട്ടിൽ മാത്രം ആയിരിക്കുക എന്നത് യുവജനങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസകരവും സമ്മർദ്ദജനകവും ആണ്. ഇക്കാലയളവിൽ പുറത്തിറങ്ങി കളിക്കാനോ സുഹൃത്തുക്കളെ കാണാനോ അവർക്ക് സാധിക്കുന്നില്ല. യുവജനങ്ങൾ പൊതുവേ കുടുംബാംഗങ്ങളേക്കാൾ കൂടുതൽ അടുത്ത ബന്ധം സൂക്ഷിക്കുന്നത് സുഹൃത്തുക്കളുമായാണ്. ഇക്കാലയളവിൽ യുവജനങ്ങൾ വീട്ടിൽ ആയിരിക്കുമ്പോൾ കൂടുതൽ അസ്വസ്ഥരാകാനും ക്ഷോഭിക്കാനും സാധ്യതയുണ്ട്. അനുഭവിക്കുന്ന വിരസത അവരെ തെറ്റായ പ്രവണതകളിലേക്ക് നയിച്ചേക്കാം. ലോക്ക് - ഡൗൺ കാലത്തെ അശ്ലീല വീഡിയോകളുടെ കാഴ്ച ഇന്റർനെറ്റിൽ 95 ശതമാനം വർധിച്ചിരിക്കുന്നു എന്നാണ് India Today റിപ്പോർട്ട് ചെയ്യുന്നത് (News). അതുപോലെ മൊബൈൽ ഗെയിമുകളോട് ഉള്ള ആസക്തിയും യുവജനങ്ങൾക്കിടയിൽ ഇക്കാലയളവിൽ വർദ്ധിച്ചിട്ടുണ്ട് എന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു (News). ഇങ്ങനെ സ്വന്തം മുറികളിൽ ഒതുങ്ങി കൂടേണ്ടി വരുന്ന യുവജനങ്ങളിൽ ഉത്കണ്ഠ, നിരാശ, ആത്മഹത്യാപ്രവണത എന്നിവ വർദ്ധിക്കാൻ സാധ്യതയുണ്ട്. ഇക്കാര്യങ്ങളെ കുറിച്ച് മാതാപിതാക്കൾ ബോധവാന്മാരാകേണ്ടതുണ്ട്. അതിനേക്കാളുപരി യുവജനങ്ങൾ തന്നെ ഇക്കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കി മാനസികോല്ലാസത്തിനായി ക്രിയാത്മകമായ മാർഗങ്ങൾ കണ്ടെത്തുകയും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ കൂടുതൽ ശ്രമിക്കുകയും ചെയ്യണം.

കുട്ടികൾ 
ഇക്കൊല്ലം പരീക്ഷ പോലുമില്ലാതെ മധ്യവേനലവധി നേരത്തെ കിട്ടിയതിൻ്റെ സന്തോഷത്തിലാണ് കുട്ടികൾ. പക്ഷേ പ്ലാൻ ചെയ്തത കാര്യങ്ങൾ ഒന്നും നടക്കാതെ വീട്ടിൽ തന്നെ ഇരിക്കേണ്ട അവസ്ഥയാണ് അവർക്ക്. കുട്ടികളിലും ഈ വീട്ടിൽ ഇരിപ്പ് പല മാനസിക പിരിമുറുക്കങ്ങക്കും കാരണമാകും. വീട്ടിൽ തന്നെ ഇരിക്കുന്ന കുട്ടികൾ യുവജനങ്ങളെ പറ്റി പറഞ്ഞതുപോലെ പോലെ മൊബൈൽ ഫോണിൽ കൂടുതൽ സമയം ചെലവഴിക്കാനും അതിനോട് ആസക്തി വർധിക്കാനും സാധ്യതയുണ്ട്. കുട്ടികളെ അടക്കിയിരുത്താനായി മാതാപിതാക്കൾ പലപ്പോഴും മൊബൈൽ ഫോൺ കുട്ടികൾക്ക് കൊടുക്കാറുണ്ട്. അവർ അതിൽ എന്ത് ചെയ്യുന്നു എന്നോ എന്ത് കാണുന്നു എന്നോ അവർ ശ്രദ്ധിക്കാറുമില്ല. പലപ്പോഴും. കുടുംബ വഴക്കുകൾ ഉള്ള വീടുകളിലെ കുട്ടികൾക്കും വീട്ടിൽ ഇരിപ്പ് സമയം മാനസിക പിരിമുറുക്കങ്ങൾക്ക് കാരണമാകാം.

ക്വാരൻ്റീൻ, ലോക്ക് - ഡൗൺ കാലത്തെ മാനസികാരോഗ്യത്തിന് പത്തു കാര്യങ്ങൾ 

1. രോഗത്തെക്കുറിച്ചും വൈറസിനെക്കുറിച്ചുമൊക്കെയുള്ള  അനാവശ്യവും അതിശയോക്തി നിറഞ്ഞതുമായ വാർത്തകളിൽ നിന്ന് മാറി നിൽക്കുക. അത്യാവശ്യം ഉള്ള വാർത്തകളും വിവരങ്ങളും മാത്രം കാണുക. അങ്ങനെ അനാവശ്യ ഭയം ഉള്ളിൽ ഉണ്ടാക്കാതിരിക്കുക.. 

2. മരണസംഖ്യ, രോഗികളുടെ എണ്ണം എന്നിവയുടെ കണക്കുകളോട് അധിക താത്പര്യം  പുലർത്താതിരിക്കുക. ഏറ്റവും പുതിയ സ്കോർ നോക്കിയിരിക്കാൻ ഇതൊരു ക്രിക്കറ്റ് മത്സരമല്ല. അത് ഒഴിവാക്കുക.

3. തെറ്റായതും അതിശയോക്തി നിറഞ്ഞതുമായ സന്ദേശങ്ങൾ കൈമാറുന്നത് ഒഴിവാക്കുക. എല്ലാവർക്കും ഒരുപോലെയുള്ള മാനസിക ശക്തിയില്ല ഉള്ളത്. സഹായിക്കുന്നതിനുപകരം, ഇങ്ങനെ ചെയ്യുമ്പോൾ  വിഷാദം, ഭയം എന്നിവ പോലുള്ള മാനസിക പ്രശ്നങ്ങൾ നിങ്ങൾ പരത്തുകയാവാം ചെയ്യുന്നത്.

4. വേണ്ടത്ര വ്യായാമം ചെയ്യുന്നത് അത്യാവശ്യമാണ്. ഇത് മികച്ച ഉറക്കം നൽകുകയും, സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുകയും ചെയ്യുന്നു. ഇപ്പോഴും ഇരുന്നുകൊണ്ടോ കിടന്നുകൊണ്ടോ മൊബൈൽ നോക്കുകയോ ഗെയിം കളിക്കുകയോ ചെയ്യുന്നത് ആരോഗ്യത്തിനും മനസ്സിനും ഹാനികരമാണ്.

5. മനോഹരമായ സംഗീതം കേൾക്കുക. കുട്ടികളെ രസിപ്പിക്കുന്നതിനും മറ്റും കുടുംബാംഗങ്ങൾ ഒരുമിച്ച് കഥകളും ഭാവി പദ്ധതികളും പറയുക, ചെറിയ കളികളിൽ ഏർപ്പെടുക. നല്ല പുസ്തകങ്ങൾ വായിക്കാൻ തിരഞ്ഞെടുക്കുക. ദൈവത്തിൽ വിശ്വസിക്കുന്നവരാണെങ്കിൽ പ്രാർത്ഥനക്കായും വിശുദ്ധ ഗ്രന്ഥങ്ങളുടെ വായനയ്ക്കും സമയം കണ്ടെത്തുക.

6. പൂന്തോട്ട-പച്ചക്കറിത്തോട്ട പരിപാലനത്തിൽ ഏർപ്പെടാനുള്ള മികച്ച അവസരമായി ഈ ദിവസങ്ങളെ ഉപയോഗിക്കുക. വിനോദത്തിനായി സമയം ചെലവഴിക്കുന്നതിനുള്ള ഒരു മാർഗ്ഗം എന്നതിലുപരി, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും പ്രകൃതി എത്ര അത്ഭുതകരമാണെന്ന് കുട്ടികളെ (നിങ്ങളെത്തന്നെയും) പഠിപ്പിക്കുന്നതിനുള്ള വളരെ ആരോഗ്യകരമായ മാർഗ്ഗം കൂടിയാണിത്. അതുപോലെ സർഗാത്മകമായ മറ്റു ജോലികൾക്കും സമയം കണ്ടെത്തുക. 

7. വീട്ടിൽ കൃത്യമായ അച്ചടക്കം പാലിക്കുക. അധികമൊന്നും ചെയ്യാനില്ലെന്നു കരുതി അലസത വളർത്താതിരിക്കുക. ലളിതമായ ഒരു ടൈം ടേബിൾ വീട്ടിൽ ഉണ്ടാവുക. അതിനനുസരിച്ച് കാര്യങ്ങൾ ക്രമീകരിക്കുക. നിങ്ങളുടെ പോസിറ്റീവ് മാനസികാവസ്ഥ നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ സംരക്ഷിക്കാൻ സഹായിക്കും, അതേസമയം നെഗറ്റീവ് ചിന്തകൾ നിങ്ങളുടെ രോഗപ്രതിരോധ ശേഷി കുറയ്ക്കുകയും വൈറസുകൾക്കെതിരെ ശരീരം ദുർബലമാക്കുകയും ചെയ്യും. മൊബൈൽ ഉപയോഗത്തിനും മറ്റും സ്വയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക.

8. കഴിയുന്നത്ര ആരോഗ്യപരമായി ഭക്ഷണം കഴിക്കുന്നത് നമ്മുടെ ശാരീരിക ആരോഗ്യത്തിന് മാത്രമല്ല, നമ്മുടെ മാനസിക ക്ഷേമത്തിനും പ്രധാനമാണ്. അത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും വൈറസുകൾക്കെതിരെ ശരീരത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, അമിതവണ്ണം, വിഷാദം, ഉത്കണ്ഠ തുടങ്ങിയ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണക്രമം സഹായകമാണ്.

9. ശരീര കോശങ്ങളുടെ വളർച്ചക്കും തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിനും നമ്മുടെ ശരീരത്തിന് ഉറക്കം അത്യാവശ്യമാണ്. ഉറക്കക്കുറവ് നമ്മുടെ ആരോഗ്യത്തെ വലിയ തോതിൽ ബാധിക്കുമെന്നതിൽ സംശയമില്ല. ഇത് നമ്മുടെ മാനസിക ക്ഷേമത്തെയും, ഏകാഗ്രതയെയും വൈകാരികതയെയും   പ്രതികൂലമായി ബാധിക്കുന്നു. അതേസമയം ആവശ്യത്തിൽ അധികം ഉറങ്ങാതിരിക്കുക.  

10. ഏറ്റവും പ്രധാനമായി, ഇതും കടന്നുപോകുമെന്നും, ഞങ്ങൾ സുരക്ഷിതരായിരിക്കുമെന്നും ഉറച്ചു വിശ്വസിക്കുക ....!

19 comments:

  1. The effort taken for the detailed study is commendable.. well organized content

    ReplyDelete
  2. Congrats father... You are really making use of the time to edify others..

    ReplyDelete
  3. Congrats father... You are really making use of the time to edify others.

    ReplyDelete
  4. I appreciate your efforts in writing this timely article. At this time of lockdown,while being confined to our own little space, your article motivate us to live a quality life, enjoying one another's company. Thank you🙏

    ReplyDelete
  5. Dear Fr Renjith, you have done a marvelous effort in understanding the present situation very constructively. Congratulations for the effort.

    ReplyDelete
  6. As we are all waging a war against a common enemy which is capable of eliminating the whole humanity, your article is very timely and pertinent to discuss the topic. The attempt to uplift the human spirit is really inspiring. The media right now are bombarded with one topic to discuss about "Coronavirus". You really made a point to shift from negativity to positivity without losing the seriousness of this killing disease. Please continue to write more. God's blessings.

    ReplyDelete
  7. Great work! Systematic analysis of the reality! May everyone get inspired...

    ReplyDelete
  8. Yes, you have done a great job. God bless you...

    ReplyDelete
  9. Thank you dear father Renjith

    ReplyDelete
  10. A relevant article

    ReplyDelete
  11. Dear Renjith, you have systematically and scientifically written it with much clarity and nuances. The section on its impact upon the different categories of people is very informative and the suggestions given at the end are really creative. Continue to write. It would be more attractive if the size of the article could be reduced by avoiding the information that everybody knows and which you include for the integral vision of the subject. kundus

    ReplyDelete

You are Welcome to Comment