സാധാരണയായി മനുഷ്യമസ്തിഷ്കം മാത്രം ചെയ്തു വന്നിരുന്ന ജോലികൾ ചെയ്യാൻ കഴിവുള്ള സ്മാർട്ട് മെഷീനുകളുടെയോ സാങ്കേതികവിദ്യകളുടെയോ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പ്യൂട്ടർ സയൻസിന്റെ ഒരു മേഖലയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), അഥവാ നിർമ്മിത ബുദ്ധി. നിർമിത ബുദ്ധിയുടെ സാധ്യതകൾ അനന്തമാണ്. നാളെ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാൻ കഴിയാത്ത വിധം ചലനാത്മകമാണ് ഈ രംഗം. നിലവിലെ സാഹചര്യങ്ങളിൽ നിന്ന് നിരീക്ഷിച്ചാൽ, നിർമ്മിത ബുദ്ധി നമ്മുടെ ജീവിതത്തിന്റെ വിവിധ മേഖലകളെ അതിവേഗം മാറ്റങ്ങൾക്ക് വിധേയമാക്കുകയും ജോലികളെ യന്ത്രവൽക്കരിക്കുകയും വിവിധ ജോലികളുടെ സാധ്യതകൾ പുനർനിർണയിക്കുകയും ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ഇന്നത്തെ ലോകത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഈ സാങ്കേതിക മാറ്റങ്ങൾ നാം അറിയാതെ തന്നെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാവുമ്പോൾ, നമ്മുടെ വിശ്വാസത്തെയും ധാർമ്മികതയെയും ഇത് എപ്രകാരം സ്വാധീനിക്കും എന്ന് ചിന്തിക്കേണ്ടത് അനിവാര്യമാണ്. അത്തരത്തിലുള്ള ഒരു അന്വേഷണമാണ് ഈ പാഠത്തിലൂടെ ഉദ്ദേശിക്കുന്നത്.
AI സാങ്കേതികവിദ്യ ജനകീയമാകാൻ തുടങ്ങിയ കാലത്തുതന്നെ ഇതിന്റെ സ്വാധീനത്തെ പറ്റിയും ധാർമികതയെ പറ്റിയും സഭയും ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ട്. ജീവനു വേണ്ടിയുള്ള വത്തിക്കാൻ വിഭാഗമായ 'പൊന്തിഫിക്കൽ കമ്മീഷൻ ഫോർ ലൈഫ്' 2020 ഫെബ്രുവരി 28 ന് പുറത്തിറക്കിയ Rome Call for AI Ethics എന്ന രേഖ ഇതിനുദാഹരണമാണ്. സാങ്കേതിക രംഗത്തെ അതികായന്മാരായ മൈക്രോസോഫ്റ്റ്, ഐബിഎം തുടങ്ങിയ കമ്പനികളെയും ലോകപ്രശസ്തരായ സാങ്കേതിക വിദഗ്ധരെയും പങ്കെടുപ്പിച്ചുകൊണ്ട് വത്തിക്കാൻ നടത്തിയ ചർച്ചകളുടെയും പഠനങ്ങളുടെയും ഫലമായിരുന്നു, അവർകൂടി ഒപ്പുവച്ചിട്ടുള്ള ഈ രേഖ. തുടർന്ന്, 'അന്തീക്വാ എത് നോവ: നിർമ്മിത ബുദ്ധിക്കും മനുഷ്യബുദ്ധിക്കും ഇടയിലുള്ള ബന്ധത്തെക്കുറിച്ചുള്ള കുറിപ്പ്' എന്ന പേരിൽ, വിശ്വാസ തിരുസംഘവും വിദ്യാഭ്യാസത്തിനും സംസ്കാരത്തിനും വേണ്ടിയുള്ള തിരുസംഘവും ചേർന്ന്, 2025 ജനുവരി 28-ന് ഒരു പുതിയ പ്രമാണരേഖ പുറത്തിറക്കി. ആധുനികലോകത്തിൽ AI ഉയർത്തുന്ന മാനുഷികവും (anthropological) ധാർമ്മികവുമായ (moral) വെല്ലുവിളികളെ അഭിസംബോധന ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ രേഖ കത്തോലിക്കാ സഭ പുറത്തിറക്കിയത്. കത്തോലിക്കാ ദൈവശാസ്ത്ര വീക്ഷണത്തിൽ നിർമ്മിത ബുദ്ധിയുടെ (AI) ധാർമികവും മാനുഷികവുമായ (moral and anthropological) പ്രത്യാഘാതങ്ങളെ ഈ പ്രമാണ രേഖ അഭിസംബോധന ചെയ്തു. മനുഷ്യന്റെ അന്തസ്സ്, സാങ്കേതികവിദ്യയുടെ ഉത്തരവാദിത്വപരമായ ഉപയോഗം, പൊതുനന്മയുടെ ഉന്നമനം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന സഭയുടെ ദാർശനികവും ദൈവശാസ്ത്രപരവുമായ പാരമ്പര്യത്തിൽ വേരൂന്നിയതാണ് ഈ പഠനം. മനുഷ്യന്റെ വ്യക്തിത്വം, ധാർമ്മിക ഉത്തരവാദിത്വം, സമൂഹത്തിന്റെ ഭാവി എന്നിവയെക്കുറിച്ച് പ്രസക്തമായ ചോദ്യങ്ങൾ ഉയർത്തിയ നിർമ്മിത ബുദ്ധിയുടെ (AI) ദ്രുതഗതിയിലുള്ള പുരോഗതികളെ വിമർശന ബുദ്ധിയോടെ ഈ സഭാ പ്രബോധനങ്ങൾ വിശകലനം ചെയ്യുന്നുണ്ട്.
AI സാങ്കേതിക വിദ്യയ്ക്ക് സകാരാത്മകവും ഋണാത്മകവുമായ (positive and negative) വശങ്ങൾ ഉണ്ട്. മനുഷ്യന്റെ ജീവിതം കൂടുതൽ സുഖകരമാക്കാനോ, കാര്യക്ഷമമാക്കാനോ, എന്നാൽ, ദുരുപയോഗം ചെയ്താൽ ഗുരുതരമായ അപകടസാധ്യതകൾ സൃഷ്ടിക്കാനോ കഴിയുന്ന ശക്തമായ ഒരു ഉപകരണമായാണ് AI സാങ്കേതികവിദ്യയെ നാം വിലയിരുത്തേണ്ടത്. മനുഷ്യന്റെ അന്തസ്സിനെ ബഹുമാനിക്കുകയും, നീതി പ്രോത്സാഹിപ്പിക്കുകയും, സമഗ്രമായ മനുഷ്യവികസനം വളർത്തുകയും ചെയ്യുന്ന വിധത്തിൽ AI-യുടെ വികസനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു സമതുലിതമായ സമീപനമാണ് കത്തോലിക്കാസഭ ആവശ്യപ്പെടുന്നത്. AI ചെയ്യുന്നതുപോലെ, മനുഷ്യബുദ്ധിയെ വെറും പ്രവർത്തനക്ഷമതയിലേക്ക് മാത്രം ചുരുക്കുന്നതിന്റെ അപകടങ്ങൾക്കെതിരെ നാം ജാഗ്രതയുള്ളവരായിരിക്കണം; കൂടാതെ സാങ്കേതികവിദ്യകളോട് ഒരു മനുഷ്യകേന്ദ്രീകൃതമായ സമീപനം നിലനിർത്തേണ്ടതിന്റെ പ്രാധാന്യവും നാം മനസ്സിലാക്കണം.
I. മനുഷ്യ ബുദ്ധി ദൈവത്തിന്റെ വിലയേറിയ ഒരു സമ്മാനം
ദൈവത്തിന്റെ സമ്മാനമായ മനുഷ്യബുദ്ധിയുടെ അനന്ത സാധ്യതകളുടെ വിശാലമായ പശ്ചാത്തലത്തിൽ ആണ് AI സാങ്കേതികവിദ്യയെക്കുറിച്ചുള്ള ചർച്ചകൾ നാം നടത്തേണ്ടത്.
AI പോലെയുള്ള ശാസ്ത്രീയവും സാങ്കേതികവുമായ പുരോഗതികൾ സർവ്വ സൃഷ്ടികളുടെയും സംരക്ഷണത്തിനും പൊതുനന്മയ്ക്കും വേണ്ടി, ഉത്തരവാദിത്വത്തോടെ ഉപയോഗിക്കുകയാണെങ്കിൽ, നാം അതിന് സമ്പൂർണ്ണമായ പിന്തുണ നൽകേണ്ടതുണ്ട്. അതേസമയം, മനുഷ്യബുദ്ധിയെ അനുകരിക്കാനും, മനുഷ്യന്റെ മൗലികമായ സർഗ്ഗസൃഷ്ടികൾക്ക് പകരമാകാവുന്ന പുതിയ ഉള്ളടക്കങ്ങൾ (artifacts) സൃഷ്ടിക്കാനും, സ്വയം തീരുമാനങ്ങൾ എടുക്കാനും പ്രവർത്തിക്കാനും ഉള്ള AI-യുടെ കഴിവിനെക്കുറിച്ചുമുള്ള ആശങ്കകളും നാം മനസിലാക്കണം; ഇത് പൊതു വ്യവഹാരങ്ങളിൽ ധാർമ്മിക പ്രതിസന്ധികളിലേക്കും സത്യത്തിന് എതിരായ പ്രതിസന്ധിയിലേക്കും നയിച്ചേക്കാം.
മനുഷ്യ ബുദ്ധിയെ AI-യുമായി തുലനം ചെയ്യുന്ന പ്രവർത്തനവാദ വീക്ഷണത്തെയും (functionalist view) നാം വിമർശന ബുദ്ധിയോടെ കാണണം. കാരണം, മനുഷ്യ ബുദ്ധി എന്നത് വെറും പ്രവൃത്തികളുടെ പ്രകടനത്തേക്കാൾ കൂടുതൽ വ്യക്തിപരത ഉൾക്കൊള്ളുന്നതാണ് - അതിൽ സർഗ്ഗാത്മകത, വികാരങ്ങൾ, ധാർമ്മിക വിവേചനബുദ്ധി, മനുഷ്യർ തമ്മിലുള്ള പരസ്പര ബന്ധങ്ങൾ എന്നിവ ഉൾപ്പെടുന്നു.
II. മനുഷ്യ ബുദ്ധിയെക്കുറിച്ചുള്ള ക്രിസ്തീയ അവബോധം
മനുഷ്യ ബുദ്ധിയെക്കുറിച്ചുള്ള ക്രിസ്തീയ വീക്ഷണം ദാർശനിക - ദൈവശാസ്ത്ര പാരമ്പര്യങ്ങളിൽ വേരൂന്നിയതാണ്. മനുഷ്യന്റെ യുക്തിബോധം, ശാരീരികഭാവം (embodiment), ബന്ധങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ, മനുഷ്യ ബുദ്ധി എന്നത് കേവലം പ്രവർത്തനക്ഷമത മാത്രമല്ല, മറിച്ച് മനുഷ്യ വ്യക്തിയുടെ ആത്മീയ, വൈകാരിക, സാമൂഹിക മാനങ്ങളുമായി ഇത് ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. ബുദ്ധിയെക്കുറിച്ചുള്ള കത്തോലിക്കാസഭയുടെ വീക്ഷണം സമഗ്രമാണ്; യുക്തി, മനുഷ്യന്റെ ഇച്ഛാശക്തി, സത്യം കണ്ടെത്താനുള്ള മനുഷ്യന്റെ അഭിവാഞ്ഛ, നന്മ, സൗന്ദര്യം എന്നിവയെ സമന്വയിപ്പിക്കുന്ന ഒരു വീക്ഷണമാണ് അത്.
III. AI യുടെ വികസനത്തിലും ഉപയോഗത്തിലും ഉണ്ടാവേണ്ട ധാർമ്മികത
AI മനുഷ്യ പുരോഗതിക്ക് ശക്തമായ ഒരു ഉപകരണമാകുമ്പോഴും, അത് എല്ലായ്പ്പോഴും സമൂഹത്തിന്റെ പൊതുനന്മയ്ക്കും മനുഷ്യന്റെ അന്തസ്സിനോടുള്ള ആദരവിനും ഉപകരിക്കുമെന്ന് ഉറപ്പാക്കാൻ ഇതിന്റെ നിർമ്മാതാക്കൾക്കും ഗുണഭോക്താക്കൾക്കും കടമയുണ്ട്. മനുഷ്യന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം (surveillance), കൃത്രിമത്വവും അതിലൂടെയുള്ള ചൂഷണങ്ങളും (manipulation), മനുഷ്യ വിഭവശേഷിയുടെ ദ്രവീകരണം (erosion of human agency) എന്നിവ പോലുള്ള ദോഷകരമായ കാര്യങ്ങൾക്കായി AI ദുരുപയോഗം ചെയ്യുന്നുവെങ്കിൽ അതിനെ നാം എതിർക്കേണ്ടതുണ്ട്. AI സംവിധാനങ്ങളുടെ രൂപകൽപ്പനയിലും വിന്യാസത്തിലും സുതാര്യത, ഉത്തരവാദിത്വം, മനുഷ്യാവകാശ സംരക്ഷണം എന്നിവ ഏറ്റവും ആവശ്യമാണ്.
AI ധാർമ്മിക വെല്ലുവിളികൾ ഉയർത്തുന്ന പ്രധാന മേഖലകൾ
* AI-യും സമൂഹവും: സമഗ്രമായ മനുഷ്യവികസനം പ്രോത്സാഹിപ്പിക്കാനുള്ള കഴിവ് AI-യ്ക്കുണ്ട്, എന്നാൽ അസമത്വവും സാമൂഹിക വിഘടനവാദവും വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയും AI-യ്ക്കുണ്ട്.
* AI-യും മനുഷ്യബന്ധങ്ങളും: AI-ക്ക് ബന്ധങ്ങൾ സുഗമമാക്കാൻ കഴിയുമെങ്കിലും, വ്യക്തിഗത വളർച്ചയ്ക്കും സമൂഹനിർമ്മാണത്തിനും അത്യന്താപേക്ഷിതമായ ആധികാരിക മനുഷ്യബന്ധങ്ങൾക്ക് പകരമാകാൻ അതിന് കഴിയില്ല.
* AI, സമ്പദ്‌വ്യവസ്ഥ, തൊഴിൽ: AI-ക്ക് ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാൻ കഴിയും, പക്ഷേ തൊഴിൽ നഷ്ടത്തിനും മനുഷ്യ അധ്വാനത്തിന്റെ മൂല്യത്തകർച്ചയ്ക്കും അത് ചിലപ്പോഴെങ്കിലും കാരണമായേക്കാം. തൊഴിലാളികളെ സംരക്ഷിക്കുകയും, AI മനുഷ്യ ജോലിക്ക് പകരം ആകുന്നതിനു പകരം, മനുഷ്യ ജോലിക്ക് പൂരകമാകുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന നയങ്ങൾ നാം നടപ്പിൽ വരുത്തേണ്ടതുണ്ട്.
* AI-യും ആരോഗ്യ സംരക്ഷണവും: AI-ക്ക് ആരോഗ്യരംഗത്ത് രോഗനിർണയവും ചികിത്സയും മെച്ചപ്പെടുത്താൻ കഴിയും, പക്ഷേ, രോഗികളും ആരോഗ്യ പ്രവർത്തകരും സേവനദാതാക്കളും തമ്മിലുള്ള വ്യക്തിബന്ധത്തിന് AI ഒരിക്കലും പകരമാകില്ല.
* AI-യും വിദ്യാഭ്യാസവും: AI-ക്ക് വിദ്യാഭ്യാസത്തെ മെച്ചപ്പെടുത്താൻ കഴിയും, പക്ഷേ വിമർശനാത്മക ചിന്താശേഷി വളർത്തുന്നതിലും ധാർമ്മിക രൂപീകരണത്തിലും അധ്യാപകരുടെ പങ്കിനും അധ്യാപക-വിദ്യാർത്ഥി ബന്ധത്തിനും അത് പകരമാകരുത്. അതുപോലെ, AI യുടെ അമിതമായ ഉപയോഗം വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകളുടെയും മൗലികമായ ചിന്തയുടെയും വളർച്ചയെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്.
* AI- തെറ്റായ വിവരങ്ങൾ, അതിവിദഗ്ദ്ധ വ്യാജ നിർമ്മിതികൾ (Deep Fake), ദുരുപയോഗം: തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനോ, പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിൽ സമൂഹത്തെ തെറ്റായി സ്വാധീനിക്കുന്നതിനോ, AI ഉപയോഗിക്കപ്പെടുന്നതിനെതിരെ നാം ശക്തമായ നിലപാടുകൾ സ്വീകരിക്കേണ്ടതുണ്ട്. അതോടൊപ്പം, ജാഗ്രതയും ധാർമ്മികതയിൽ ഊന്നിയ നിയമ-നിയന്ത്രണങ്ങളും ഇക്കാര്യങ്ങളിൽ ഉണ്ടാവേണ്ടതും ആവശ്യമാണ്.
* AI, സ്വകാര്യത, നിരീക്ഷണം: സ്വകാര്യത എന്നത് ഒരു വ്യക്തിയുടെ അടിസ്ഥാനപരമായ ഒരു അവകാശമാണ്. എന്നാൽ AI പ്രവർത്തിക്കുന്നത് വിവിധ രീതികളിലൂടെ സമാഹരിക്കപ്പെടുന്ന വ്യക്തികളുടെ സ്വകാര്യ വിവരങ്ങളുടെയും അവരെ നിരീക്ഷിക്കുന്നതിലൂടെയുള്ള വിവര ശേഖരണത്തിന്റെയും പശ്ചാത്തലത്തിൽ ആണ്. ഇവിടെ മനുഷ്യന്റെ അടിസ്ഥാനപരമായ സ്വകാര്യതയും അന്തസ്സും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
AI-യും നമ്മുടെ പൊതുഭവനമായ ഭൂമിയുടെ സംരക്ഷണവും: പരിസ്ഥിതി സുസ്ഥിരതയ്ക്ക് ഗണ്യമായ സംഭാവനകൾ നൽകാൻ AI ക്ക് സാധിക്കും, എന്നാൽ അതേസമയം തന്നെ ഇത് ഗണ്യമായ തോതിൽ വിഭവങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഇവയുടെ ഉപയോഗത്തിന് സന്തുലിതമായ സമീപനം ആവശ്യമാണ്.
AI-യും യുദ്ധവും: AI ഉപയോഗത്തിലൂടെ സ്വയം നിയന്ത്രണ കഴിവുകളുള്ള ആയുധങ്ങൾ നിർമ്മിക്കുന്നത് ധാർമികതയ്ക്ക് നിരക്കാത്തതും ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നതും അപലപിക്കപ്പെടേണ്ടതുമാണ് .
AI-യും ദൈവവുമായുള്ള നമ്മുടെ ബന്ധവും: ദൈവവുമായുള്ള മനുഷ്യന്റെ വ്യക്തി ബന്ധത്തിന് AI ഒരിക്കലും പകരമാവില്ല. അതുകൊണ്ടുതന്നെ AI-യെ വിഗ്രഹവൽക്കരിച്ച് സാങ്കേതികവിദ്യയിലൂടെ മനുഷ്യന്റെ ജീവിതസാക്ഷാത്കാരം പൂർത്തീകരിക്കാൻ ഉള്ള പ്രലോഭനത്തിനെതിരെയും നാം ജാഗ്രത ഉള്ളവരായിരിക്കണം. ശാസ്ത്രമാണ് ദൈവത്തേക്കാൾ വലുതെന്ന് നാം കരുതരുത്. മറിച്ച്, ശാസ്ത്രം ദൈവം മനുഷ്യനു നൽകിയ ബുദ്ധി എന്ന മഹാദാനത്തിന്റെ ഫലമാണെന്നും; വിശ്വാസവും ശാസ്ത്രവും പരസ്പര വിരുദ്ധമല്ല മറിച്ച് പരസ്പരപൂരകങ്ങൾ ആണെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്.
ഉപസംഹാരം
അതിനാൽ AI-യുടെ ഈ യുഗത്തിൽ, മനുഷ്യന്റെ ബുദ്ധിശക്തിയെയും ജ്ഞാനത്തെയും കുറിച്ചുള്ള പുതുക്കിയ വിലയിരുത്തലിനും (evaluation) ഗുണഗ്രഹണത്തിനും (appreciation) സഭ ആഹ്വാനം ചെയ്യുന്നു. യഥാർത്ഥ പുരോഗതി അളക്കപ്പെടുന്നത് സാങ്കേതിക പുരോഗതിയിലൂടെ മാത്രമല്ല, മറിച്ച് മനുഷ്യന്റെ അഭിവൃദ്ധിക്കും നീതിക്കും പൊതുനന്മയ്ക്കും അവ എത്രത്തോളം സംഭാവന ചെയ്യുന്നു എന്നതിലൂടെയാണ്. യുക്തി, ധാർമ്മികത, ആത്മീയത എന്നിവ സമന്വയിപ്പിക്കുന്ന ഒരു "ഹൃദയത്തിന്റെ ജ്ഞാനം" പ്രോത്സാഹിപ്പിക്കുക വഴി, കത്തോലിക്കാസഭ AI സാങ്കേതിക വിദ്യയുടെ ഉത്തരവാദിത്വപരമായ ഉപയോഗവും, അതിലൂടെ കൈവരുന്ന ലോക സമാധാനം, ഐക്യദാർഢ്യം, മനുഷ്യ വ്യക്തിയുടെ സമഗ്രവികസനം എന്നിവയും ലക്ഷ്യം വയ്ക്കുന്നു.
കത്തോലിക്കാ സഭയുടെ ഈ ധാർമിക പ്രബോധനങ്ങൾ സഭയിലെ അംഗങ്ങൾക്ക് മാത്രമല്ല, സന്മനസ്സുള്ള എല്ലാ ആളുകൾക്കും, AI ഉയർത്തുന്ന ധാർമ്മിക വെല്ലുവിളികളെ മറികടക്കാൻ സമഗ്രമായ ഒരു വഴികാട്ടിയായി മാറും എന്നതിൽ സംശയമില്ല. സാങ്കേതികവിദ്യയോടുള്ള മനുഷ്യകേന്ദ്രീകൃത സമീപനത്തിന് ആഹ്വാനം ചെയ്യുന്ന ഈ പ്രബോധനങ്ങൾ, പൊതുനന്മയെ സേവിക്കുന്നതിനും, മനുഷ്യന്റെ അന്തസ്സ് സംരക്ഷിക്കുന്നതിനും, കൂടുതൽ നീതിയുക്തവും അനുകമ്പയുള്ളതുമായ ഒരു ലോകം വളർത്തിയെടുക്കുന്നതിനും AI - ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യവും വെളിവാക്കുന്നു. അതോടൊപ്പം, വിശ്വാസവും ശാസ്ത്രവും പരസ്പര വിരുദ്ധമാണെന്ന് ചിന്തിക്കുന്ന ഒരു ലോകത്തോട് ആധുനിക ശാസ്ത്രത്തിന്റെ വളർച്ചയോടും സമൂഹത്തിലുള്ള അതിന്റെ സ്വാധീനത്തെക്കുറിച്ചും സഭയുടെ സമീപനം എത്രമാത്രം തുറവി ഉള്ളതും സകാരാത്മകവുമാണെന്ന് തെളിയിക്കുക കൂടിയാണ് ഈ പ്രബോധനങ്ങൾ.
No comments:
Post a Comment
You are Welcome to Comment