Sunday, November 3, 2024

പത്തു കല്പനകൾ എങ്ങനെ പത്ത് എണ്ണം ആയി?


കുറച്ചു നാളുകൾക്കു മുമ്പ് ഒരു സന്യാസ ഭവനത്തിൽ ഒരു തിരുനാളാഘോഷത്തിനു വേണ്ടി പോകാൻ ഇടയായി. ഭക്ഷണമുറിയിൽ എല്ലാവരും ഒരുമിച്ചു നിൽക്കുമ്പോൾ, പത്തു കൽപ്പനകൾ പ്രിൻ്റ്  ചെയ്തിട്ടുള്ള ഒരു പോസ്റ്റർ അവിടെ ഭിത്തിയിൽ പതിച്ചിട്ടുള്ളത് എൻ്റെ ശ്രദ്ധയിൽപ്പെട്ടു . അതിലൂടെ കണ്ണോടിക്കുമ്പോൾ 10 കൽപ്പനകൾ അതിൽ രേഖപ്പെടുത്തിയിട്ടുള്ളത് സാധാരണ നമ്മൾ കാണുന്നതിൽ നിന്ന് വ്യത്യസ്തമായ ഒരു രീതിയിലായിരുന്നു. ഉദാഹരണത്തിന്, അതിൽ ആറാമത്തെ കല്പന ആയി കൊടുത്തിട്ടുള്ളത് കൊല്ലരുത് എന്നതാണ്; ഏഴാമത്തേത് വ്യഭിചാരം ചെയ്യരുത് എന്നും. സാധാരണ വേദപാഠ ക്ലാസ്സിൽ നമ്മൾ പഠിച്ചിട്ടുള്ളത്, "അഞ്ച്: കൊല്ലരുത്; ആറ്: വ്യഭിചാരം ചെയ്യരുത്", എന്നിങ്ങനെയാണ്. ഭക്ഷണത്തിന് ഇരുന്നപ്പോൾ, ഒരു കൗതുകത്തിന് ഞാൻ അവരോട് ചോദിച്ചു: "നിങ്ങൾ ഇതുവരെ ശ്രദ്ധിച്ചിട്ടുണ്ടോ, ഈ ഭിത്തിയിൽ പതിച്ചിട്ടുള്ള 10 കൽപ്പനകളുടെ പോസ്റ്ററിൽ ഇത്തരത്തിലാണ് കൽപ്പനകൾ രേഖപ്പെടുത്തിയിട്ടുള്ളത്. എന്തുകൊണ്ടാണ്, ഇത്തരത്തിൽ, നാം പഠിച്ചിട്ടുള്ളതിൽ നിന്ന് ഒരു വ്യത്യാസം ഇതിലുള്ളത്?" പലരും ഇതിനു മുമ്പ് അത് ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല; പലർക്കും ഇത് എന്തുകൊണ്ടാണ് എന്ന് അറിയുമായിരുന്നില്ല. 
പിന്നീട് ഒരിക്കൽ, ഒന്നാം വർഷ ദൈവ ശാസ്ത്രവിദ്യാർഥികളുടെ ക്ലാസ്സിൽ ഞാൻ സ്‌ക്രീനിൽ ഗൂഗിൾ ഇമേജ് എടുത്ത്, അതിൽ '10 കൽപ്പനകൾ - പോസ്റ്റർ' എന്ന ടൈപ്പ് ചെയ്തതിനു ശേഷം സെർച്ച് കൊടുത്തു. ആദ്യം വന്ന പത്ത് പോസ്റ്ററുകളിൽ ഏഴെണ്ണത്തിലും, മേൽപ്പറഞ്ഞതുപോലെ ആറാമത്തെ കൽപ്പന കൊല്ലരുത് എന്നും, ഏഴാമത്തെ കൽപ്പന വ്യഭിചാരം ചെയ്യരുത് എന്നതും ആയിരുന്നു. ഞാൻ വിദ്യാർത്ഥികളോട് ചോദിച്ചു, "എന്തുകൊണ്ടായിരിക്കും നാം തിരഞ്ഞ ഈ പോസ്റ്ററുകളിൽ ഇത്തരത്തിൽ ഒരു വ്യത്യാസം?". പലർക്കും അതിനെപ്പറ്റി നേരത്തെ അറിവുണ്ടായിരുന്നില്ല. അതായത് പത്തു കൽപ്പനകളുടെ പട്ടികയിൽ, അതിൻ്റെ എണ്ണത്തിൽ (numbering) ചില മാറ്റങ്ങൾ ഉണ്ട് എന്നത് പലർക്കും അറിയാത്ത വസ്തുതയാണ്.

പിന്നീട് ഞാൻ മനസ്സിലാക്കിയതനുസരിച്ച്, ധാരാളം കത്തോലിക്ക വിശ്വാസികൾക്ക് പത്ത് കൽപ്പനകളുടെ വിവരണത്തിൽ ഇത്തരത്തിൽ ചില മാറ്റങ്ങൾ ഉണ്ട് എന്നതിനെപ്പറ്റി യാതൊരു അറിവും ഉണ്ടായിരുന്നില്ല. ഈയൊരു സാഹചര്യത്തിൽ, 10 കൽപ്പനകളുടെ ബൈബിൾ വിവരണങ്ങളെ പറ്റിയും, അതിൻ്റെ എണ്ണത്തെപ്പറ്റിയുമുള്ള  ലളിതമായ ഒരു ലേഖനമാണ് ഇത്.

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം പത്തു കൽപ്പനകളെ പറ്റി ഇങ്ങനെ എഴുതുന്നു: "തിരുവെഴുത്തുകളോടുള്ള വിശ്വസ്തതയിലും യേശു ക്രിസ്തുവിൻ്റെ പ്രബോധനങ്ങൾക്ക് അനുസൃതമായും, കത്തോലിക്കാ സഭയുടെ പാരമ്പര്യം, പത്തു കല്പനയുടെ പ്രാഥമികമായ പ്രാധാന്യവും പ്രാമുഖ്യവും അംഗീകരിച്ചിട്ടുണ്ട്" (CCC 2064).  അതായത് ക്രിസ്തീയ ധാർമികതയുടെ അടിസ്ഥാനം പത്തു കൽപ്പനകൾ ആണ്. നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തു ചെയ്യണം എന്നുള്ള യുവാവിൻ്റെ ചോദ്യത്തിന് ഉത്തരം നൽകുമ്പോൾ ഈശോ തന്നെ പത്തുകൽപ്പനകളുടെ പ്രാധാന്യം വെളിവാക്കിയിട്ടുണ്ട് (മത്താ 19: 16 -19).
പത്തു കൽപ്പനകൾ ബൈബിളിൽ പ്രധാനമായും രണ്ടിടങ്ങളിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്: പുറപ്പാട് 20: 1-17 ലും നിയമാവർത്തനം 5: 6-21 ലും. ലേവിയരുടെ പുസ്തകത്തിലും ഇതിൻ്റെ വിശദമായ മറ്റൊരു വിവരണം കാണാം (ലേവി 19: 1-37).
എന്നാൽ ഈ വിവരണങ്ങളിലൊന്നും നോക്കിയാൽ പത്ത് കൽപ്പനകൾ, പത്തെണ്ണം ആയി, ഒന്ന്, രണ്ട്, മൂന്ന്, എന്ന വിധത്തിൽ  വിവരിച്ചിട്ടുള്ളത് നമുക്ക് കാണാൻ സാധിക്കുകയില്ല. പിന്നെ എങ്ങനെയാണ് കൽപ്പനകൾ പത്ത് എണ്ണം ആണുള്ളത് എന്ന് നമ്മൾ വ്യാഖ്യാനിക്കുന്നത്? ഇതിനുത്തരം ബൈബിളിൽ തന്നെയുണ്ട് 10 കൽപ്പനകൾ വിവരിക്കുന്നിടത്ത് ഇത് 10 കൽപ്പനകൾ ആണ് എന്ന് പറയുന്നില്ലെങ്കിലും, ബൈബിളിൽ മറ്റുചിലയിടങ്ങളിൽ ഇതിനെ '10 കൽപ്പനകൾ' എന്ന് തന്നെയാണ് വിളിക്കുന്നത്. അതുകൊണ്ട് ഇത് 10 കൽപ്പനകൾ തന്നെയാണ് എന്ന് ബൈബിളിൻ്റെ വെളിച്ചത്തിൽ തന്നെ നമുക്ക് അനുമാനിക്കാം. ഉദാഹരണത്തിന്, പുറപ്പാടിൻ്റെ  പുസ്തകം 34:28 ലും നിയമാവർത്തന പുസ്തകം 10:4 ലും ദൈവം മോശക്ക് കൊടുത്തത് 10 കൽപ്പനകൾ ആണ് എന്ന് തന്നെ കൃത്യമായി പറയുന്നുണ്ട്. 
എന്നാൽ ഇവിടെ ഒരു പ്രശ്നമുണ്ട്. ഈ രണ്ടു വിവരണങ്ങളിലും കൽപ്പനകൾ വിവരിക്കുന്നിടത്ത് പത്തിൽ കൂടുതൽ വാക്യങ്ങൾ ഉണ്ട്. ഈ വാക്യങ്ങളെ പത്താക്കി എങ്ങനെ നമുക്ക് ചുരുക്കാം, അല്ലെങ്കിൽ പത്തായി എങ്ങനെ നമുക്ക് വിഭജിക്കാം എന്നിടത്താണ് ഇത് പത്ത് കൽപ്പനകൾ ആയി മാറുന്നത്; അവിടെയാണ് ഈ വിഭജനം വ്യത്യസ്തങ്ങളായി മാറുന്നതും

10 കൽപ്പനകളുടെ പട്ടികയുടെ വിഭജനം
കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം (CCC 2066) ഇങ്ങനെ പറയുന്നു: "ചരിത്രത്തിൻറെ ഗതിവിഗതികളിൽ ഈ 10 കൽപ്പനകളുടെ വിഭജനം പലവിധത്തിൽ നടന്നിട്ടുണ്ട്. കത്തോലിക്കാ സഭ ഇപ്പോൾ ഉപയോഗിക്കുന്നത് വിശുദ്ധ അഗസ്തീനോസ് ചിട്ടപ്പെടുത്തിയ വിഭജനമാണ്". അതായത്, ഇത് വ്യക്തമാക്കുന്നത്, ചരിത്രത്തിൽ പലയിടങ്ങളിലും പത്തു കൽപ്പനകൾ പലവിധത്തിൽ വിഭജിക്കപ്പെട്ടിട്ടുണ്ട്. അതിൽ പ്രധാനമായും നമുക്ക് കാണാൻ കഴിയുക മൂന്ന് തരത്തിലുള്ള വിഭജനങ്ങൾ ആണ്. അതിലൊന്ന് മേൽ സൂചിപ്പിച്ചതുപോലെ വിശുദ്ധ അഗസ്തീനോസ് ചിട്ടപ്പെടുത്തിയതാണ്. മറ്റൊന്ന് പൗരസ്ത്യ ഓർത്തഡോക്സ് സഭകളിൽ ഉപയോഗിക്കപ്പെടുന്ന വിഭജനമാണ്. മൂന്നാമത്തെത് ആധുനിക യഹൂദന്മാർ ചിട്ടപ്പെടുത്തിയ വിഭജനമാണ്. ഇത്തരത്തിൽ പ്രധാനമായും മൂന്ന് തരത്തിലുള്ള ആധുനിക വിഭജനങ്ങളെ  നമുക്ക് കാണാൻ സാധിക്കും. കത്തോലിക്കാ സഭ ഇന്ന് ഉപയോഗിക്കുന്ന പട്ടിക ചില ലൂതറൻ സഭകളും ഉപയോഗിക്കുന്നുണ്ട്. പൗരസ്ത്യ ഓർത്തഡോക്സ് സഭകൾ ഉപയോഗിക്കുന്ന വിഭജനമാണ് പ്രൊട്ടസ്റ്റൻ്റ്  സഭകൾ സ്വീകരിച്ചിരിക്കുന്നത്. 
പത്തു കൽപ്പനകളുടെ ബൈബിൾ വിവരണത്തെ എങ്ങനെയാണ് ചരിത്രത്തിൽ, വിവിധ തരങ്ങളിൽ വിഭജിച്ചിട്ടുള്ളത് എന്നത് താഴെ കാണുന്ന വിവരണത്തിൽ നിന്ന് വിശദമായി നമുക്ക് മനസ്സിലാക്കാവുന്നതാണ്.

കൽപ്പന അഗസ്തീനോസ്
പൗര.
ഓർത്തഡോക്സ്
യഹൂദന്മാർ

I

പുറ: 20, 2-3

പുറ: 20, 2-3

പുറ: 20, 2

II

പുറ: 20, 7

പുറ: 20, 4-6

പുറ: 20, 3-6

III

പുറ: 20, 8-11

പുറ: 20, 7

പുറ: 20, 7

IV

പുറ: 20, 12

പുറ: 20, 8-11

പുറ: 20, 8-11

V

പുറ: 20, 13

പുറ: 20, 12

പുറ: 20, 12

VI

പുറ: 20, 14

പുറ: 20, 13

പുറ: 20, 13

VII

പുറ: 20, 15

പുറ: 20, 14

പുറ: 20, 14

VIII

പുറ: 20, 16

പുറ: 20, 15

പുറ: 20, 15

IX

പുറ: 20, 17a

പുറ: 20, 16

പുറ: 20, 16

X

പുറ: 20, 17b

പുറ: 20, 17

പുറ: 20, 17


അതായത്, എല്ലാ പാരമ്പര്യങ്ങളും പത്ത് എന്ന സംഖ്യയെ അംഗീകരിക്കുന്നുണ്ടെങ്കിലും, വിവരണത്തിൻ്റെ വിഭജനത്തിൽ അവ അല്പം വ്യത്യാസപ്പെട്ടിരിക്കുന്നു.  ഓരോ കല്പനകളും, ഈ വിവരണത്തിൻ്റെ എവിടെ തുടങ്ങി എവിടെ അവസാനിക്കുന്നു എന്നതിൻ്റെ അടിസ്ഥാനത്തിലാണ് ഈ വ്യത്യാസം വന്നിട്ടുള്ളത്.
താഴെ കൊടുത്തിരിക്കുന്ന ടേബിളിൽ നിന്ന് ഇതിൻ്റെ കൂടുതൽ വ്യക്തമായ ഒരു ചിത്രം നമുക്ക് ലഭിക്കും.

പുറപ്പാട് ഇരുപതാം അധ്യായത്തിൽ നിന്നുള്ള വാക്യം കത്തോ/
ലൂഥ/ ആംഗ്ലി.
പൗര. ഓർത്ത/ പ്രൊട്ട ആധു. യഹൂദ

ഞാനാകുന്നു നിൻ്റെ ദൈവം (2)

I a

I a

I

മറ്റു ദൈവങ്ങൾ നിനക്ക് ഉണ്ടാകരുത് (3)

I b

I b

II a

വിഗ്രഹങ്ങൾ ഉണ്ടാക്കരുത് (4-6)

---

II

II b

ദൈവനാമം വൃഥാ പ്രയോഗിക്കരുത് (7)

II

III

III

സാബത്ത് ആചരിക്കണം  (8-11)

III

IV

IV

മാതാവിനെയും പിതാവിനെയും ബഹുമാനിക്കണം (12)

IV

V

V

കൊല്ലരുത് (13)

V

VI

VI

വ്യഭിചാരം ചെയ്യരുത് (14)

VI

VII

VII

മോഷ്ടിക്കരുത് (15)

VII

VIII

VIII

കള്ള സാക്ഷ്യം പറയരുത് (16)

VIII

IX

IX

അന്യൻ്റെ വസ്തുക്കൾ ആഗ്രഹിക്കരുത് (17a)

IX

X a

X a

അന്യൻ്റെ ഭാര്യയെ ആഗ്രഹിക്കരുത് (17b)

X

X b

X b


മുകളിൽ കൊടുത്തിരിക്കുന്ന വിവരണങ്ങളിൽ നിന്ന് എങ്ങനെയാണ് ചരിത്രത്തിൽ പലയിടങ്ങളിലായി പത്തു കൽപ്പനകളെ വിവിധ തരങ്ങളിൽ വിഭജിച്ചിട്ടുള്ളത് എന്ന് നമ്മൾ മനസ്സിലാക്കി. കൽപ്പനകളുടെ വിഭജനങ്ങളിലെ വൈവിധ്യം ഒരിക്കലും അതിൻ്റെ ആധികാരികതയെയോ  അതിൻ്റെ പ്രാധാന്യത്തെയോ ചോദ്യം ചെയ്യുന്നതല്ല.  അതുകൊണ്ടുതന്നെ പത്തു കൽപ്പനകളുടെ പ്രാധാന്യത്തെ മനസ്സിലാക്കി അതിൻ്റെ ചൈതന്യത്തിൽ ജീവിക്കുക എന്നത് മാത്രമാണ് ഓരോ ക്രൈസ്തവൻ്റെയും മുന്നിലുള്ള വഴി.


No comments:

Post a Comment

You are Welcome to Comment