Wednesday, June 5, 2013

പ്രകൃതിയെ മറക്കുന്ന മനുഷ്യന്‍



ഞാനിപ്പോള്‍ കോഴിക്കോട് ജില്ലയിലെ ഒരു മലയോര ഗ്രാമത്തിലാണ്‌. പച്ചപ്പണിഞ്ഞ മലഞ്ചെരിവുകളും, ആറ്റുവഞ്ചികള്‍ നിറഞ്ഞ കുഞ്ഞരുവികളും, നിഷ്കളങ്കരായ മനുഷ്യരും ഒക്കെയുള്ള ഒരു കൊച്ചു ഗ്രാമം. മൂവായിരത്തില്‍ താഴെ മാത്രം ജനങ്ങള്‍, സ്വച്ഛതയാര്‍ന്ന പ്രകൃതി, കുളിര്‍മ്മയുള്ള കാലാവസ്ഥ... പക്ഷെ ഈ മനോഹാരിതകള്‍ക്കിടയിലും എന്നെ അസ്വസ്ഥതപ്പെടുത്തുന്ന ചിലതുണ്ട്. അതിലൊന്ന് ഇവിടുത്തെ പ്ലാസ്റ്റിക്‌ മാലിന്യങ്ങളുടെ ആധിക്യമാണ്. എവിടെ നോക്കിയാലും പ്ലാസ്റ്റിക്‌ കൂടുകളും, പാത്രങ്ങളും, കുപ്പികളും ചിതറി കിടക്കുന്നത് കാണാം. വഴികളിലും തോടുകളിലും പറമ്പിലും എന്നുവേണ്ട എല്ലായിടത്തും. തോട്ടിലെ ആറ്റുവഞ്ചികളിലൊക്കെ ഒഴുകി വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുരുങ്ങികിടക്കുന്നു...

പ്രകൃതിദുരന്തങ്ങളെ ഭയക്കുന്നവരാണ് നാം. കാലാവസ്ഥാ മാറ്റത്തെപ്പറ്റിയും, കൃഷികള്‍ നശിച്ചു പോകുന്നതിനെ പറ്റിയും, മഴയില്ലാത്തതിനെ പറ്റിയും, മണ്ണു വിളവു നല്‍കാത്തതിനെ പറ്റിയും വന്യമൃഗങ്ങളുടെ കാടിറക്കത്തെ പറ്റിയുമൊക്കെ നാം ആകുലപ്പെടാറുണ്ട്. എന്നാല്‍ ഇവിടെ നാം നമ്മോടു തന്നെ ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്: പ്രകൃതിയെ നാം സംരക്ഷിക്കാതെ, അതിനെ പരിഗണിക്കാതെ, സ്നേഹിക്കാതെ, എങ്ങനെയാണ് അതില്‍ നിന്നും നല്ലത് പ്രതീക്ഷിക്കാന്‍ നമുക്ക് കഴിയുക..? മണ്ണിനെ നാം നശിപ്പിച്ചിട്ട് അതില്‍ നിന്നും പൊന്ന് വിളയിക്കണമെന്ന് ശഠിക്കാന്‍ നമുക്കെങ്ങനെയാണ് കഴിയുക…?

ഈയടുത്തകാലത്ത് കേരള കത്തോലിക്കാ മെത്രാന്‍ സമിതി പ്രകൃതി സംരക്ഷണത്തെപറ്റി ഒരു പ്രബോധന രേഖ പുറപ്പെടുവിക്കുകയുണ്ടായി. പ്രകൃതിക്കെതിരേയുള്ള ഏതു ചൂഷണ / നശീകരണ പ്രവൃത്തിയും ദൈവത്തിനെതിരെയുള്ള തിന്മയാണെന്ന് അതില്‍ അവര്‍ പഠിപ്പിച്ചു; അത് കുമ്പസാരത്തില്‍ ഏറ്റു പറയേണ്ട പാപമാണെന്നും. വളരെ കാലികവും അവസരോചിതവുമാണ് ഈ പ്രബോധനം എന്നു പറയാതെ വയ്യ. പ്രത്യേകിച്ച് ഈ നൂറ്റാണ്ടിന്റെ ആരംഭത്തില്‍, കാരണം ഇപ്പോള്‍ നാം തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്, നാം പ്രപഞ്ചത്തില്‍ മനുഷ്യകുലം എന്ന സമൂഹത്തിലെ അംഗങ്ങള്‍ മാത്രമല്ല, മറിച്ച് മൃഗങ്ങളും പക്ഷികളും പ്രകൃതിയുമൊക്കെയടങ്ങുന്ന ഒരു വിശാലസമൂഹത്തിലെ അംഗങ്ങള്‍ കൂടിയാണ് - ഒരു multi species സമൂഹത്തിലെ അംഗങ്ങള്‍. അത് പ്രപഞ്ചത്തിലെ സര്‍വ്വചരാചരങ്ങളെയും ഉള്‍ക്കൊള്ളുന്നു. അതുകൊണ്ട് നാം മനസ്സിലാക്കണം, മനുഷ്യന്‍ ഈ ഭൂമിയില്‍ ജീവിക്കുന്നത് മനുഷ്യ സമൂഹത്തില്‍ മാത്രമല്ല, മനുഷ്യ സമൂഹത്തിനു വേണ്ടി മാത്രമല്ല, മറിച്ച് സര്‍വ്വചരാചരങ്ങളെയും ഉള്‍കൊള്ളുന്ന വിവിധവും വിശാലവുമായ ഒരു സമൂഹത്തിലാണ്, ഒരു സമൂഹത്തിനു വേണ്ടിയാണ്.


പരിസ്ഥിതി മലിനീകരണം എന്നത് ഇന്ന് ഒരു ജൈവ പ്രശ്നം മാത്രമല്ല, ഒരു ധാര്‍മ്മിക പ്രശ്നം കൂടിയാണ് (a moral problem). എന്തെന്നാല്‍, പരിസ്ഥിതി സംബന്ധമായ പ്രശ്നങ്ങള്‍ മനുഷ്യാവകാശങ്ങളോടുള്ള, സഹജീവികളോടുള്ള, അവയുടെ അവകാശങ്ങളോടുള്ള, പ്രകൃതിയോടുള്ള നമ്മുടെ ധാര്‍മ്മിക നിലപാടുകള്‍ തന്നെയാണ് വ്യക്തമാക്കുന്നത്. സാമൂഹിക ധാര്‍മ്മിക വിചക്ഷണന്‍മാര്‍ നമ്മെ നിരതരമായി ഓര്‍മ്മിപ്പിക്കുന്ന ഒരു കാര്യമുണ്ട്: പ്രകൃതിയില്‍ മനുഷ്യസമൂഹവും മനുഷ്യേതരസമൂഹവും തമ്മിലുള്ള തുലനസൂചിക ഗൌരവവും ഭയാനകവുമായ വിധത്തില്‍ തകര്‍ക്കപ്പെട്ടിരികുന്നു, ഇനിയും തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അത് മനുഷ്യേതര പ്രകൃതിക്കു മാത്രമല്ല, മനുഷ്യസമൂഹത്തിനും വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിതെളിച്ചുകൊണ്ടിരിക്കുന്നു.
ദൈവം മനുഷ്യനെ സൃഷ്ടിയുടെ മകുടമായി സൃഷ്ടിച്ചതും അവന് സര്‍വ്വസൃഷ്ടജാലങ്ങളുടെയും മേല്‍ അവകാശവും അധികാരവും നല്കിയതും മനുഷ്യന്‍ പ്രകൃതിയെ സംരക്ഷിക്കാനും സ്നേഹിക്കാനുമാണ്, അല്ലാതെ മനുഷ്യകേന്ദ്രീകൃതമായ ധാര്‍ഷ്ട്യത്തോടെ (anthropocentic arrogance) അതിനെ ചൂഷണം ചെയ്യാനും നശിപ്പിക്കാനുമല്ല. പ്രകൃതിക്കുമേലുള്ള മനുഷ്യന്‍റെ അധികാരം സൃഷ്ടപ്രകൃതിയുടെ മൂല്യം അവന്‍ തിരിച്ചറിയാനും അത് അംഗീകരിക്കാനുമുള്ള അവന്റെ ഉത്തരവാദിത്വം തന്നെയാണ്. പ്രകൃതിയില്‍ നിന്നുള്ള മനുഷ്യന്‍റെ ഒറ്റപ്പെടലും അകല്‍ച്ചയും അതിന്‍റെ പ്രത്യാഘാതങ്ങളും, പ്രപഞ്ചവും പ്രകൃതിയും അതിന്‍റെ വിശാലതയും വൈവിധ്യവും സമൃദ്ധിയുമാണ്‌ ദൈവത്തിന്‍റെ ആദ്യത്തെ വെളിപാട് എന്ന തിരിച്ചറിവുകൊണ്ടുതന്നെ സുഖപ്പെടുത്തപ്പെടണം.
കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം അതിന്‍റെ പത്തു കല്പനകളെ പറ്റിയുള്ള പ്രബോധനത്തില്‍ ഏഴാമത്തെ കല്പനയെ പറ്റി ഇങ്ങനെ പ്രസ്താവിക്കുന്നു: “ഏഴാമത്തെ കല്പന, അന്യായമായി മറ്റുള്ളവരുടെ വസ്തുക്കള്‍ എടുക്കുന്നതോ സൂക്ഷിക്കുന്നതോ അത് നശിപ്പിക്കുന്നതോ വിലക്കുന്നു. പ്രകൃതിയെയും മനുഷ്യാധ്വാനത്തിന്‍റെ ഫലങ്ങളേയും ശ്രദ്ധയോടും നീതിയോടും ഉപവിയോടും കൂടെ സൂക്ഷിക്കേണ്ടതാണെന്നും ഈ കല്പന നമ്മെ ഓര്‍മിപ്പിക്കുന്നു”. അതുകൊണ്ട് മനുഷ്യന്‍റെയും സര്‍വ്വപ്രപഞ്ചത്തിന്‍റെയും ഉപരിനന്മയ്ക്കുവേണ്ടി പ്രകൃതിയെയും പ്രകൃതി വിഭവങ്ങളേയും ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതാണെന്നും സൃഷ്ടവസ്തുക്കളുടെ സമഗ്രതയെ ബഹുമാനിക്കണമെന്നും ഈ കല്പന നമ്മെ ഓര്‍മ്മിപ്പിക്കുന്നു. സകല സൃഷ്ടവസ്തുക്കളും ആദിമുതലുള്ള എല്ലാ തലമുറകള്‍ക്കും ഇപ്പോള്‍ ജീവിച്ചിരിക്കുന്ന തലമുറകള്‍ക്കും ഇനി വരാനിരിക്കുന്ന എല്ലാ തലമുറകള്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. മനുഷ്യന് സൃഷ്ടപ്രപഞ്ചത്തിന്‍മേലുള്ള അവകാശം അത്യന്തികമല്ല (not absolute); മറിച്ച് തന്‍റെ അയല്‍ക്കാരന്‍റെയും വരാനിരിക്കുന്ന തലമുറകളുടെയും പൊതുനന്മയെ അടിസ്ഥാനമാക്കി അത് ചുരുക്കപ്പെട്ടിരിക്കുന്നു. (കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 2415). പ്രകൃതിയുടെ (eco system) ഒരു മേഖലയിലും, മനുഷ്യന്‍റെ ഇടപെടലിന്‍റെ പ്രത്യാഘാതങ്ങളെ പറ്റി യും, മനുഷ്യകുലത്തിന്‍റെയും പ്രകൃതിയുടെയും സുസ്ഥിരതയെ പറ്റിയും ശരിയായ ശ്രദ്ധ കൂടാതെ ഇടപെടാന്‍ മനുഷ്യന്‍ തുനിയരുതെന്ന് ഭാഗ്യസ്മരണാര്‍ഹാനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. നമുക്ക് നമ്മോടു മാത്രമോ നാം ഇന്ന് ജീവിക്കുന്ന സമൂഹത്തോടു മാത്രമോ അല്ല ഉത്തരവാദിത്വമുള്ളത്, പിന്നെയോ, ഇനിയും വരാനിരിക്കുന്ന കാലത്തോടും വരാനിരിക്കുന്ന എത്രയോ തലമുറകളോടും അവയിലെ കോടിക്കണക്കിന് മനുഷ്യരോടും ജീവജാലങ്ങളോടും കൂടിയാണ്. അവര്‍ക്കും നമ്മേപോലെ പച്ചപ്പുള്ള മനോഹരമായ പ്രകൃതിയില്‍ ജീവിക്കാന്‍ അവകാശമുണ്ട്‌, മഴക്കാലത്ത് മഴലഭിക്കാനും, നീരൊഴുക്കുള്ള തോട്ടിലും പുഴയിലും മുങ്ങിക്കുളിക്കാനും, വൃക്ഷങ്ങളുടെയും ചെടികളുടെയും ഫലങ്ങള്‍ ആസ്വദിക്കാനും, കിളികളുടെ പാട്ടു കേള്‍ക്കാനും അവകാശമുണ്ട്‌. 

ജീവന്‍റെ സംരക്ഷണത്തിന് കത്തോലിക്കാ സഭ എന്നും വലിയ പ്രാധാന്യം കൊടുത്തിട്ടുണ്ട്‌. ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയുടെ സത്യത്തില്‍ സ്നേഹം എന്ന ചാക്രിക ലേഖനത്തില്‍ പറയുന്നു: ജീവന്‍റെ സംരക്ഷണം അതിന്‍റെ സമഗ്രതയില്‍ നടപ്പിലാകണം എങ്കില്‍ പ്രകൃതിയും അതിന്‍റെ സമഗ്രതയില്‍ സംരക്ഷിക്കപ്പെടണം, പ്രകൃതിക്ക് ദോഷകരമായ പെരുമാറ്റങ്ങള്‍ ജീവന്‍റെ മേലുള്ള കടന്നു കയറ്റം തന്നെയാണ്. (C.V. 51)

കേരളത്തിലെ ഗ്രാമ പ്രദേശങ്ങളില്‍ പോലും ഇന്ന് പ്രകൃതി അനിയന്ത്രിതമായ ചൂഷണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. വനനശീകരണവും, മലയിടിക്കലും, പ്ലാസ്റിക് മാലിന്യങ്ങളും, രാസവളങ്ങളുടെ അനിയന്ത്രിതമായ ഉപയോഗവും സമൂഹത്തെ വലിയ ദുരന്തങ്ങളിലേക്ക്‌ നയിച്ചുകൊണ്ടിരിക്കുന്നു. പുഴകളിലെ അനിയന്ത്രിതമായ മണല്‍വാരല്‍ പുഴകളെയും നീരൊഴുക്കുകളെയും എന്നെന്നേക്കുമായി നശിപ്പിക്കുന്നു. വരള്‍ച്ചയും, ഉയരുന്ന താപനിലയും, മഴയുടെ കുറവും, പ്രകൃതിദുരന്തങ്ങളും, കൃഷി നാശവും, മൃഗങ്ങളുടെ കാടുവിട്ട്‌ നാട്ടിലേക്കിറക്കവുമൊക്കെ ഈ ദുരന്തങ്ങളുടെ വിളംബരങ്ങളാവുന്നു. ശുദ്ധജല ദൌര്‍ലഭ്യവും, മലിനമാകുന്ന പുഴകളും തടാകങ്ങളും, മാലിന്യം നിറയുന്ന നാടും നഗരവും തുടങ്ങി എത്രയെത്ര പരിസ്ഥിതി നാശത്തിന്റെ ഭയപ്പെടുത്തുന്ന അടയാളങ്ങള്‍.

ഭാരത സര്‍ക്കാര്‍ 2012 ഇല്‍ പ്രസിദ്ധീകരിച്ച Kerala Developement Report ന്‍റെ അടിസ്ഥാനത്തില്‍ വീടുകളിലെയും വ്യക്തിപരവുമായ വൃത്തിയിലും ആരോഗ്യ പരിപാലനത്തിലും കേരളം ഏറെ മുന്‍പന്തിയില്‍ ആണെങ്കിലും അതിനപ്പുറത്തേക്കുള്ള മാലിന്യ നിര്‍മാര്‍ജ്ജനത്തിന്‍റെ കാര്യത്തില്‍ കേരളം വളരെ പിന്നിലാണ്. (K.D.R. p. 39) ‘എന്‍റെ വീടിന്‍റെ വൃത്തി എന്‍റെ മുറ്റം വരെ’ എന്നതാണ് എല്ലാവരുടെയും മുദ്രാവാക്യം.

ഈ തിന്മയ്ക്കെതിരെയുള്ള പോരാട്ടം ആരംഭിക്കേണ്ടത് വ്യക്തികളില്‍ നിന്നും കുടുംബങ്ങളില്‍ നിന്നുമാണ്. വിദ്യാലയങ്ങളും ആരാധനാലയങ്ങളുമൊക്കെ ഇതില്‍ വലിയ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. പ്രകൃതിയെന്നത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും നാം പിന്തുടരുന്ന ജീവിത ശൈലി അതിന് കടക വിരുദ്ധമാണെന്നും ഉള്ള ബോധ്യം ആദ്യം നമുക്കുണ്ടാകണം, ആ ബോധ്യം പുതിയ തലമുറയ്ക്ക് പകര്‍ന്നു കൊടുക്കാന്‍ നമുക്ക് കഴിയണം. പ്രകൃതി സംരക്ഷണം ആത്യന്തികമായി ഒരു ജീവിത ശൈലിയാണ്. ജീവിതത്തിന്‍റെ എല്ലാ മണ്ഡലങ്ങളിലും സ്വാധീനം ചെലുത്തുന്ന ഒരു ജീവിത ശൈലിയായി ഇതു മാറിയാലേ ഇതിനു ഫലമുണ്ടാവൂ. ഏതാനും പ്രതീകാത്മക പ്രവര്‍ത്തനങ്ങളോ ഒറ്റപ്പെട്ട ചില മുന്നേറ്റങ്ങളോ വലിയ ഫലം ചെയ്യില്ല. ഇതൊരു ജീവിത ശൈലിയാകുമ്പോള്‍ നമ്മുടെ ഭക്ഷണ, താമസ, യാത്രാ, കൃഷി, ഊര്‍ജ്ജവിനിയോഗ, വിനോദശീലങ്ങള്‍ തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളെയും നാം പുന:ക്രമീകരിക്കേണ്ടി വരും. അപ്പോഴേ പ്രകൃതി സംരക്ഷണം ചലനാത്മകമാവൂ. കേരള കത്തോലിക്കാ മെത്രാന്‍ സമിതി ഇതിനു വേണ്ടിയൊരു മാര്‍ഗ്ഗരേഖ നല്‍കുന്നുണ്ട്: Recycle, Reuse and Reduce (പുന:ചക്രണം, പുനരുപയോഗം, കുറഞ്ഞ ഉപയോഗം). വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്നവ ഉപയോഗിക്കുക, പുന:ചക്രണം ചെയ്യാന്‍ കഴിയുന്നവ അങ്ങനെ ചെയ്യുക, പ്രകൃതിക്കു ചേരാത്ത പ്ലാസ്റ്റിക്‌ പോലുള്ള വസ്തുക്കളുടെ ഉപയോഗം പരമാവധി കുറയ്ക്കുക.

അങ്ങനെ നല്ലൊരു നാളേക്കായി നമുക്കിന്നേ പ്രവര്‍ത്തിച്ചു തുടങ്ങാം.


6 comments:

  1. Good!!!! Please publish this in some magazines and reviews...

    ReplyDelete
  2. Fine Dr Renjith. you deserve a good applause.you did well. congratulations.

    ReplyDelete
  3. motive words.... very good

    ReplyDelete
  4. Dear Fr.Congrats.one of the thing i liked in this article is that you have seen the things from different angle and also very relevant topic which is need of the hour.one humble suggestion is that you can use Malayalam+ English translation also so that your idea can reach out to wider community.

    ReplyDelete

You are Welcome to Comment