Monday, January 1, 2024

'ലൗദാത്തേ ദേവും' - 'ദൈവത്തെ സ്തുതിക്കുക'

 'ദൈവത്തെ അവിടുത്തെ എല്ലാ സൃഷ്ടികള്‍ക്കുംവേണ്ടി സ്തുതിക്കുക' എന്ന വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ വാക്കുകളെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് 2023 ഒക്ടോബര്‍ നാലാം തീയ്യതി ആഗോള കത്തോലിക്കാസഭയുടെ തലവന്‍ ഫ്രാന്‍സീസ് മാര്‍പാപ്പ തന്റെ പുതിയ അപ്പസ്‌തോലിക പ്രബോധനം 'ലൗദാത്തേ ദേവും' - 'ദൈവത്തെ സ്തുതിക്കുക' പുറപ്പെടുവിച്ചത്. 

എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് 2015ല്‍ നമ്മുടെ പൊതുഭവനമായ ഭൂമിയെക്കുറിച്ചും അതിനോടുള്ള കരുതലിനെക്കുറിച്ചും ഫ്രാന്‍സീസ് പാപ്പ എഴുതിയ 'ലൗദാത്തോ സീ' എന്ന ചാക്രികലേഖനത്തിന്റെ തുടര്‍ച്ചയെന്നോ പുനര്‍വ്യാഖ്യാനമെന്നോ നമുക്ക് ഈ അപ്പസ്‌തോലിക പ്രബോധനത്തെ വിലയിരുത്താം. അങ്ങേയ്ക്കു സ്തുതി അഥവാ ലൗദാത്തോ സീ എന്ന ചാക്രിക ലേഖനത്തില്‍, നാം വസിക്കുന്ന ഈ ഭൂമിയെ പ്രപഞ്ചസ്രഷ്ടാവിന്റെ മനസോടെ സ്‌നേഹിച്ച അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ ചിന്തകളെ ഏറ്റവും ഹൃദയസ്പര്‍ശിയായി ആധുനിക ലോകക്രമത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അവതരിപ്പിക്കുകയുണ്ടായി. വിശുദ്ധ ഫ്രാന്‍സീസിന്റെ 'ഹൃദയ ഗീതത്തില്‍' ആരംഭിച്ച് സമഗ്ര പരിസ്ഥിതി വീക്ഷണം എന്ന ലക്ഷ്യത്തോടെ പാരിസ്ഥിതിക മാനസാന്തരത്തിനായി സകല ജനതകളെയും ഈ ചാക്രിക ലേഖനത്തിലൂടെ മാര്‍പാപ്പ ക്ഷണിക്കുകയുണ്ടായി. എന്നാല്‍ പരിശുദ്ധ പിതാവ് എഴുതുന്നു, ''കാലക്രമേണ നമ്മുടെ പ്രതികരണങ്ങള്‍ പര്യാപ്തമല്ലെന്ന് ഞാന്‍ മനസ്സിലാക്കി. അതേ സമയം നാം ജീവിക്കുന്ന ലോകം ക്ഷയിച്ചുകൊണ്ടിരിക്കുകയും തകര്‍ച്ചയുടെ ഘട്ടത്തിലേക്ക് അടുക്കുകയും ചെയ്യുന്നു. ഈ സാധ്യതയ്ക്കു പുറമെ, കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷമായ ആഘാതം നിരവധി ആളുകളുടെ ജീവിതത്തെയും കുടുംബങ്ങളെയും കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്ക് നയിക്കുമെന്നത് നിസ്സംശയമാണ്.'' (ഘഉ.2) ഇത് ആധുനിക സമൂഹവും ആഗോളജനത ഒന്നാകെയും അഭിമുഖീകരിക്കുന്ന പ്രധാനവെല്ലുവിളികളില്‍ ഒന്നാണ്. കൂടാതെ കാലാവസ്ഥാവ്യതിയാനത്തിന്റെ രൂക്ഷ ഫലങ്ങള്‍ ലോകമെമ്പാടുമുള്ള ഏറ്റവും ദുര്‍ബലരായ ആളുകളാണ് സഹിക്കേണ്ടി വരുന്നത് എന്ന കാര്യം അത്യന്തം ദുഃഖകരവുമാണ്. ലൗദാത്തേ ദേവും എന്ന പുതിയ അപ്പസ്‌തോലിക പ്രബോധനം നമ്മുടെ പൊതുഭവനമായ ഭൂമിയുടെ സംരക്ഷണത്തിനായുള്ള മാര്‍പാപ്പയുടെ കൂടുതല്‍ തീവ്രമായ ഒരഭ്യര്‍ത്ഥനയാണ്. 

പ്രധാന ആശയങ്ങള്‍

ആറ് അധ്യായങ്ങളിലായി 73 ഖണ്ഡികകളിലൂടെ ഈ പുതിയ അപ്പസ്‌തോലിക പ്രബോധനം കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കുന്നതിനും പാരിസ്ഥിതിക സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും അടിയന്തര നടപടികള്‍ ഉണ്ടാകണമെന്ന് ലോകം മുഴുവനുമുള്ള സുമനസുകളോട് അഭ്യര്‍ത്ഥിക്കുന്നു. ഒരു നാശത്തിന്റെ വക്കിലാണ് ഭൂമി. കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തര ഫലമായി ആരോഗ്യപ്രശ്‌നങ്ങള്‍, നിര്‍ബന്ധിത കുടിയേറ്റങ്ങള്‍ എന്നിവയൊക്കെ നാം കാണുന്നുണ്ട്. ഇത് മനുഷ്യവ്യക്തിയുടെ അടിസ്ഥാനപരമായ ശ്രേഷ്ഠതയുമായി നേരിട്ടു ബന്ധമുള്ള ഒരു പ്രശ്‌നം തന്നെയാണ്. അതുകൊണ്ടുതന്നെ സഹജീവി ബോധമുള്ള ഓരോ വ്യക്തിയുടെയും സത്വരമായ ശ്രദ്ധക്ക് ഈ വിഷയങ്ങള്‍ പാത്രമാകേണ്ടതാണ്.

ആദ്യത്തെ അധ്യായത്തില്‍ ആഗോളകാലാവസ്ഥാ പ്രതിസന്ധിയെ പൊതുവായി മാര്‍പാപ്പ വിലയിരുത്തുന്നു. കാലാവസ്ഥ പ്രശ്‌നങ്ങളെ നിഷേധിക്കാനും, മറച്ചുവയ്ക്കാനും, ശ്രദ്ധയില്‍ നിന്ന് അകറ്റി നിര്‍ത്തുവാനും ആപേക്ഷികമാക്കുവാനും എല്ലാ ശ്രമങ്ങളും നടത്തിയിട്ടും കാലാവസ്ഥാവ്യതിയാനത്തിന്റെ രൂക്ഷമായ ലക്ഷണങ്ങള്‍ ഇവിടെയുണ്ട്; അത് കൂടുതലായി പ്രകടമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. മനുഷ്യരാല്‍ സംജാതമാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ തീവ്രമായ പ്രത്യാഘാതങ്ങളുടെ സാധ്യതയെ വര്‍ദ്ധിപ്പിക്കുമെന്നത് തീര്‍ച്ചയാണ്. ഒരു പക്ഷെ, ഈ സ്ഥിതി തുടരുകയാണെങ്കില്‍ ഈ ലോകത്തില്‍ പലര്‍ക്കും ഇപ്പോള്‍ അവര്‍ താമസിച്ചുകൊണ്ടിരിക്കുന്ന ഇടങ്ങള്‍ താമസയോഗ്യമല്ലാതായിത്തീരുകയും അവിടം വിട്ട് ഓടിപ്പോവുകയും ചെയ്യേണ്ട അവസ്ഥാവിശേഷം ഉണ്ടാവും. വര്‍ദ്ധിക്കുന്ന കഠിനമായ ചൂടും തണുപ്പും ഇതിന്റെ തെളിവുകളാണ്. 

രണ്ടാം അധ്യായം, വളര്‍ന്നു വരുന്ന സാങ്കേതിക മാതൃകകളെക്കുറിച്ച് പ്രതിപാദിക്കുന്നു. പുരോഗതിയുടെയും ക്ഷേമത്തിന്റെയും ആത്യന്തിക സ്രോതസ്സുകളായി സാങ്കേതിക വിദ്യയ്ക്കും സാമ്പത്തിക ശക്തിക്കും മുന്‍ഗണന നല്‍കുന്ന ആനുകാലിക മാതൃക, പ്രകൃതിയെ മനുഷ്യന്റെ നേട്ടത്തിനു മാത്രമായി ചൂഷണം ചെയ്യുവാനുള്ള കേവലം വിഭവങ്ങളായി കാണുന്ന ഒരു മാനസികാവസ്ഥയെ വളര്‍ത്തുന്നുവെന്ന് മാര്‍പാപ്പ അഭിപ്രായപ്പെടുന്നു. 

മൂന്നാമത്തെ അധ്യായത്തില്‍ നിലവിലുള്ള അന്താരാഷ്ട്ര ഭരണക്രമത്തിന്റെ ന്യൂനതകള്‍ ഭൂമിയുടെ നിലനില്‍പിനെയും പരിപാലനത്തെയും എങ്ങനെ ബാധിക്കുന്നു എന്ന് പ്രതിപാദിക്കുന്നു. പാരിസ്ഥിതിക പ്രതിസന്ധിയോടുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ അപര്യാപ്തമായ പ്രതികരണങ്ങളെക്കുറിച്ച് മാര്‍പാപ്പ ഈ അധ്യായത്തില്‍ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. സമഗ്രമായ പരിസ്ഥിതിശാസ്ത്രം എന്ന തലക്കെട്ടോടെ നാലാം അധ്യായം, എല്ലാ സൃഷ്ടവസ്തുക്കളുടെയും പരസ്പര ബന്ധത്തിലേക്ക് വെളിച്ചം വീശുന്നു. സാമൂഹികവും സാംസ്‌ക്കാരികവും സാമ്പത്തികവുമായ പ്രശ്‌നങ്ങളില്‍ നിന്ന് പാരിസ്ഥിതിക ആശങ്കകളെ വേര്‍തിരിക്കാനാവില്ലെന്ന് മാര്‍പാപ്പ അഭിപ്രായപ്പെടുന്നു. അഞ്ചാമത്തെ അധ്യായം ദുബായില്‍ നടക്കാനിരിക്കുന്ന രീു28 കാലാവസ്ഥാ സമ്മേളനത്തെക്കുറിച്ചുള്ളതാണ്. ഈ സമ്മേളനം ലോകരാഷ്ട്രങ്ങള്‍ക്ക് ഗതിമാറ്റുവാനും കാലാവസ്ഥാ പ്രതിസന്ധിയെ ഫലദായകമാം വിധം അഭിമുഖീകരിക്കുവാനുമുള്ള അവസരമാണെന്ന് മാര്‍പാപ്പ കരുതുന്നു. ആറാമത്തേതും അവസാനത്തേതുമായ അധ്യായം അത്മീയ പ്രചോദനങ്ങള്‍ എന്ന തലക്കെട്ടിലാണ്. ഈ അധ്യായത്തില്‍ കാലാവസ്ഥാ പ്രതിസന്ധിയെ അഭിസംബോധന ചെയ്യുന്നതില്‍ ആത്മീയ പ്രേരണകളുടെ പ്രാധാന്യത്തെക്കുറിച്ച് മാര്‍പാപ്പ ചര്‍ച്ച ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭൗതിക യാഥാര്‍ത്ഥ്യത്തെ മാത്രമല്ല, ദൈവവുമായും സഹസൃഷ്ടികളുമായുള്ള നമ്മുടെ ബന്ധത്തിന്റെയും ആത്മീയ യാഥാര്‍ത്ഥ്യവും നാം അഭിസംബോധന ചെയ്യണമെന്ന് അദ്ദേഹം വാദിക്കുന്നു. 

കാലാവസ്ഥാ പ്രതിസന്ധി: ഒരു ധാര്‍മ്മിക പ്രശ്‌നം 

കാലാവസ്ഥാ പ്രതിസന്ധിയെന്നത് കേവലം ഭൗതികമായ ഒരു യാഥാര്‍ത്ഥ്യം മാത്രമല്ല; അതിന് ആഴമായ ധാര്‍മ്മിക മാനങ്ങളുണ്ട്. കാരണം അത് ദരിദ്രരെയും ദുര്‍ബലരെയും ആനുപാതികമല്ലാത്ത വിധത്തില്‍ ബാധിക്കുന്നുണ്ട്. നമ്മുടെ പൊതുഭവനമായ ഭൂമിയെ വരും തലമുറകള്‍ക്കായി സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. സുസ്ഥിരമായ ഭാവിക്ക് നമ്മുടെ മനോഭാവങ്ങളിലൂള്ള മാറ്റവും ജീവിതത്തോടു കൂടുതല്‍ സമഗ്രമായ സമീപനങ്ങളും ആവശ്യമാണ്. ഇനിയും നമുക്ക് പ്രതീക്ഷയുണ്ട്. എന്നാല്‍ കാലാവസ്ഥാ പ്രതിസന്ധിയുടെ രൂക്ഷമായ ആഘാതങ്ങള്‍ ചെറുക്കാന്‍ നാം ഇപ്പോഴെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. മതപരമായ ഒരു പ്രബോധനമെന്നതിലുപരി സുമനസുകളായ എല്ലാ മനുഷ്യര്‍ക്കുമുള്ള സന്ദേശം ഉള്‍ക്കൊള്ളുന്ന പ്രബോധനമാണ് ലൗദാത്തേ ദേവും. വര്‍ത്തമാന തലമുറയ്ക്കും ഭാവിതലമുറയ്ക്കും വേണ്ടി നമ്മുടെ പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കാന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ നമുക്കെല്ലാവര്‍ക്കും മാര്‍ഗ്ഗദീപമാകേണ്ട പാഠങ്ങളാണ് ഈ അപ്പസ്‌തോലിക പ്രബോധനം. ആത്യന്തികമായി നമ്മള്‍ ഭൂമിയുടെ ഉടയവന്മാരല്ല മറിച്ച് വിശ്വസ്തരായ കാര്യസ്ഥന്മാര്‍ മാത്രമാണെന്ന സന്ദേശം മാര്‍പാപ്പ ഒരിക്കല്‍ കൂടി നമ്മെ ഓര്‍മിപ്പിക്കുന്നു.


#laudatedeum
#laudatedeummalayalam
#popefrancis
#ecology
#laudatosi

Thursday, April 6, 2023

ചില സ്വപ്നങ്ങൾ അങ്ങനെയാണ്

ചില സ്വപ്നങ്ങൾ അങ്ങനെയാണ്!
നിനച്ചിരിക്കാത്ത നേരത്ത്
അത് അനുവാദമില്ലാതെ കടന്നുവരും.
ഉത്സവപ്പറമ്പിലെ കമനീയമായ ദീപാലങ്കാരങ്ങൾ പോലെ,
അത് വർണ്ണശബളമായിരിക്കും.
കൊടിതോരണങ്ങളും, കൊട്ടും പാട്ടും നൃത്തവും,
പലഹാരക്കടകളും, കളിപ്പാട്ടങ്ങളും,
ആൾക്കൂട്ടത്തിന്റെ ആരവങ്ങളും.
മനസ്സിനെ അത് വല്ലാതെ കുളിർപ്പിക്കും,
നമ്മളതിൽ അതിയായി മതിമറക്കും.
സത്യമാണെന്ന് അതെല്ലാമെന്ന് വെറുതെ കരുതും.
ഒരിക്കലും അത് തീർന്നു പോകരുത് എന്ന്
ഒരു കുഞ്ഞിനെപ്പോലെ ആഗ്രഹിക്കും.

പക്ഷേ,
പൊടുന്നനെ
അത് അർദ്ധോക്തിയിൽ തീർന്നു പോകും.
തീർന്നു കഴിയുമ്പോഴാണ് നമ്മൾ അറിയുക
അത് സ്വപ്നമായിരുന്നു.
ചിലപ്പോൾ കുറച്ചു നേരത്തേക്ക് ഒരു സങ്കടം തോന്നും.
പിന്നെ അതങ്ങ് മറക്കും!