സാൻ്റാക്ലോസ് സുന്ദരനായ ഒരപ്പൂപ്പനാണെങ്കില്‍ ബെഫാന അങ്ങനെയല്ല. വികൃതമായ മുഖവും, നീണ്ടു വളഞ്ഞ ചുവന്ന മൂക്കും, നീണ്ടു കൂര്‍ത്ത കീഴ്താടിയും, കീറിപറിഞ്ഞ, പല കഷണങ്ങള്‍ തുന്നിപിടിപ്പിച്ച പഴയ വസ്ത്രങ്ങളും ഒക്കെയുള്ള ഒരു വൃദ്ധസ്ത്രീ. കയ്യില്‍ നീണ്ട ഒരു ചൂല്‍ ഏപ്പോഴും കാണും. നമ്മുടെ ലുട്ടാപ്പി കുന്തത്തില്‍ എന്നപോലെ ഈ നീണ്ട ചൂലില്‍ ഇരുന്നാണ് അവരുടെ ആകാശയാത്ര. സാൻ്റാക്ലോസ് ക്രിസ്മസിനാണ് സമ്മാനങ്ങളുമായി എത്തുന്നതെങ്കില്‍ ക്രിസ്മസിനു ശേഷമുള്ള എപിഫനി (ജനുവരി 6) തിരുനാളിനോട് അനുബന്ധിച്ചാണ് ബെഫാന സമ്മാനങ്ങളുമായി എത്തുന്നത്. ലാറ്റിന്‍ പാരമ്പര്യം അനുസരിച്ച് മൂന്ന് രാജാക്കന്മാര്‍ ഉണ്ണീശോയെ കണ്ട് കാഴ്ച സമര്‍പ്പിച്ച് വണങ്ങിയതിൻ്റെ ഓര്‍മദിവസമാണ് അന്ന്. പാരമ്പര്യമനുസരിച്ച് ബെഫാന എത്തുന്നത് ഈ തിരുനാളിന്റെ തലേരാത്രിയില്‍ ആണ്. ഓരോ വീടിന്റെയും ചിമ്മിനി വഴി അകത്തു പ്രവേശിക്കുന്ന ബെഫാനയമ്മൂമ്മ നല്ല കുട്ടികള്‍ക്കായി മധുര പലഹാരങ്ങളും ചീത്ത കുട്ടികള്‍ക്കായി കരിക്കട്ടകളും നല്‍കുമെന്നാണ് വിശ്വാസം. അതിനായി കുട്ടികള്‍ തലേദിവസം തന്നെ ചിമ്മിനിയോടു ചേര്‍ന്ന് തങ്ങളുടെ സ്റ്റോക്കിംഗുകൾ കെട്ടിത്തൂക്കി ഇടുകയാണ് പതിവ്.
ബെഫാന എന്ന കഥാപാത്രത്തിന്റെ ഉത്ഭവത്തെപറ്റി ധാരാളം കഥകള്‍ പ്രചാരത്തില്‍ ഉണ്ട്. അതില്‍ ഞാന്‍ കേട്ടിട്ടുള്ള ഒന്ന് ഇങ്ങനെയാണ്.
ബേത്ലേഹെം പട്ടണത്തിലെ പേരുകേട്ട ഒരു സത്രം സൂക്ഷിപ്പുകാരി ആയിരുന്നു ബെഫാന. യേശുവിൻ്റെ ജനന കാലഘട്ടം. പേരെഴുതിക്കുവാനായി യൗസേപ്പും ഗര്‍ഭിണിയായ ഭാര്യ മറിയവും ആ പട്ടണത്തില്‍ എത്തിയിരിക്കുന്നു. തന്റെ ഭാര്യക്ക് പ്രസവസമയം അടുത്തപ്പോള്‍ ഗര്‍ഭിണിയായ മറിയത്തെയും കൊണ്ട് യൗസേപിതാവ് ഒരു മുറിക്കായി ബെഫാനയുടെ സത്രവാതില്‍ക്കലും മുട്ടി. എന്നാല്‍ മറ്റെല്ലായിടത്തും എന്നപോലെ അവിടെയും അവര്‍ക്ക് സ്ഥലം ലഭിച്ചില്ല. അങ്ങനെ ബെഫാനയമ്മൂമ്മയും അവരെ നിരാശരാക്കി.. യൗസേപ്പിതാവാകട്ടെ മറിയത്തെയും കൊണ്ട് ഒരു കാലിതൊഴുത്തില്‍ അഭയം പ്രാപിച്ചു.
ദിവസങ്ങള്‍ക്ക് ശേഷം കാലിതൊഴുത്തില്‍ ജനിച്ച ദിവ്യശിശുവിനെ അന്വേഷിച്ച്, ഒരു നക്ഷത്രത്തെ പിന്തുടര്‍ന്ന്, ദൂരദേശത്തുനിന്നും മൂന്നു രാജാക്കന്മാര്‍ അവിടെ എത്തി. ഇവര്‍ ഒരു രാത്രി തങ്ങാന്‍ തിരഞ്ഞെടുത്തത് ബെഫാനയമ്മൂമ്മയുടെ ഈ സത്രം തന്നെ ആയിരുന്നു. കാരണം ആ പട്ടണത്തിലെ ഏറ്റവും മനോഹരമായതും, സൗകര്യങ്ങള്‍ ഉള്ളതും, നല്ല പരിചരണത്തിന് പേരുകേട്ടതും ആയിരുന്നു ഈ സത്രം. അവരില്‍നിന്നും ബെഫാനയമ്മൂമ്മ അറിഞ്ഞു, തങ്ങളുടെ പട്ടണത്തില്‍ ഒരു കാലിത്തൊഴുത്തില്‍ ഒരു ദിവ്യശിശു പിറന്നിരിക്കുന്നു. പറഞ്ഞു കേട്ട കാര്യങ്ങള്‍ ഒക്കെ കേട്ടപ്പോള്‍ അമ്മൂമ്മയ്ക്കു മനസ്സിലായി, അവര്‍ ആ രാത്രിയില്‍ ഒരു ഇടത്തിനായി തൻ്റെ വാതില്‍ക്കലും മുട്ടിയിരുന്നു. ബെഫാനയമ്മൂമ്മയ്ക്ക് ആകെ നിരാശയായി. എങ്ങനെയെങ്കിലും ആ ദിവ്യശിശുവിനെ ഒന്ന് കാണാന്‍ അവര്‍ ആഗ്രഹിച്ചു. രാജാക്കന്മാരാകട്ടെ അവരെ തങ്ങളുടെ കൂടെ ചെല്ലാന്‍ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ പിറ്റേന്ന് ജോലി തിരക്ക് കാരണം രാജാക്കന്മാര്‍ പുറപ്പെട്ടപ്പോള്‍ ബെഫാനയമ്മൂമ്മയ്ക്ക് അവരുടെ കൂടെ പുറപ്പെടാനൊത്തില്ല. നാളെ ആയാലും പോകാമല്ലോ എന്നവര്‍ ഒരു നിമിഷം ചിന്തിച്ചു പോയി.
പിറ്റേന്ന് ഒരു സഞ്ചിനിറയെ മധുരപലഹാരങ്ങളുമായി ബെഫാനയമ്മൂമ്മ ദിവ്യശിശുവിനെ അന്വേഷിച്ചിറങ്ങി. പക്ഷെ കാര്യങ്ങളൊക്കെ മാറിമറിഞ്ഞത് പെട്ടന്നായിരുന്നു. നിര്‍ഭാഗ്യകരം എന്നുപറയട്ടെ, ആ രാത്രിയില്‍ മാലാഖയുടെ നിര്‍ദ്ദേശ പ്രകാരം യൗസേപ്പിതാവും മാതാവും ഉണ്ണിയേശുവിനെയും കൊണ്ട് ഈജിപ്തിലേക്ക് പലായനം ചെയ്തിരുന്നു. പക്ഷെ ഇതൊന്നുമറിയാതെ ബെഫാനയമ്മൂമ്മ തൻ്റെ സമ്മാനങ്ങളുമായി ഉണ്ണിയേശുവിനെ അന്വേഷിച്ചു നടന്നു. കുറെ അലച്ചിലിനൊടുവില്‍ അവര്‍ക്ക് മനസ്സിലായി ആ മഹാഭാഗ്യം തനിക്കു എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു.
ഒരിക്കല്‍ ഒരു ദിവ്യശിശു തൻ്റെ സത്രത്തില്‍ ജനിക്കുന്നതിനുള്ള അവസരം നഷ്ടപെടുത്തി. ഇപ്പോഴിതാ, തൻ്റെ അശ്രദ്ധ കൊണ്ട്, ആ ശിശുവിനെ കണ്ട് കാഴ്ചകള്‍ സമര്‍പ്പിക്കാനുള്ള അവസരവും താന്‍ നഷ്ടപെടുത്തിയിരിക്കുന്നു.
fine Renjith. all the best . go ahead. my regards.
ReplyDeleteBennycha... Thanks!
DeleteGreat!! Thanks for the story of Befana!!!
ReplyDeleteThanks Jessy!
Delete