ഒരു നോമ്പ് കാലം കൂടി വരികയാണ്. ഈ വർഷത്തെ നോമ്പു കാലത്തിന് ഒരു വലിയ പ്രത്യേകത കൂടി ഉണ്ട്: "ദൈവ പിതാവിനെപ്പോലെ നിങ്ങൾ കരുണയുള്ളവർ ആയിരിക്കുവിൻ" എന്ന ആഹ്വാനത്തോടെ ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച കരുണയുടെ വിശുദ്ധ വർഷത്തിലൂടെ നാം കടന്നു പോവുകയാണ്. അതു കൊണ്ട് തന്നെ ഈ നോമ്പുകാലത്തെ കരുണയുടെ സന്ദേശവുമായി ചേർത്തു വായിക്കുന്നത് എന്തുകൊണ്ടും ഉചിതമാണ്.
നോമ്പ് കാലം യേശുവിന്റെ പീഡാനുഭവ, കുരിശുമരണ ഉത്ഥാന രഹസ്യങ്ങളെ പ്രത്യേകമായി നാം ഓര്‍ക്കുകയും നമ്മുടെ പ്രാര്‍ത്ഥനകളോട് – ജീവിതത്തോടു തന്നെ – ഈ രക്ഷാകര രഹസ്യങ്ങളെ ചേര്‍ത്ത് വയ്ക്കുകയും ചെയ്യുന്ന സമയമാണ്. ഈ രക്ഷാകര രഹസ്യങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ദൈവത്തിന്റെ അനന്തമായ കാരുണ്യമല്ലാതെ മറ്റൊന്നുമല്ല. കരുണയുടെ വിശുദ്ധ വര്‍ഷ പ്രഖ്യാപനത്തോട് അനുബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പുറത്തിറക്കിയ ‘കരുണയുടെ മുഖം’ (മിസെരികൊര്ദിയെ വുള്തുസ്) എന്ന ലേഖനം ആരംഭിക്കുന്നത് തന്നെ ദൈവത്തിന്റെ ഈ അനന്ത കാരുണ്യത്തെ ഓര്‍മിപ്പിച്ചു കൊണ്ടാണ്. കരുണയില്‍ സമ്പന്നനായ ദൈവപിതാവിന്റെ കരുണയുടെ മുഖമാണ് യേശുവിന്റെ രക്ഷാകര രഹസ്യങ്ങളിലൂടെ ഈ ലോകത്തില്‍ പ്രകടിതമായത്.
പഴയ നിയമം പിതാവായ ദൈവത്തെ അവതരിപ്പിക്കുന്നത് കരുണാമയനായ പിതാവായിട്ടാണ്. താന്‍ സ്നേഹപൂര്‍വ്വം തിരഞ്ഞെടുത്ത ഇസ്രയേല്‍ ജനത പല തവണ തനിക്കെതിരായി തിരിഞ്ഞപ്പോഴും തളരാതെ പിന്നാലെ ചെന്ന് തന്റെ സ്നേഹത്തിലേക്ക് അവരെ ചേര്‍ത്ത് നിര്‍ത്തുന്ന ദൈവ കാരുണ്യത്തിന്റെ എത്രയെത്ര ഉദാഹരണങ്ങളാണ് പഴയ നിയമം നമുക്ക് കാണിച്ച് തരിക. ദൈവത്തിന്റെ ഈ വലിയ കാരുണ്യത്തിന്റെ സംഗീതമാണ് നൂറ്റി മൂന്നാം സങ്കീര്‍ത്തനത്തില്‍ നാം വായിക്കുന്നത്. “കര്‍ത്താവ് ആര്‍ദ്ര ഹൃദയനും കാരുണ്യവാനുമാണ്; ക്ഷമാശീലനും സ്നേഹ നിധിയുമാണ്” (സങ്കീ. 103:8). പരിശുദ്ധ കന്യാമറിയം തന്റെ സ്തോത്ര ഗീതത്തിലും ഓര്‍മ്മിച്ചത് ഈ വലിയ കാരുണ്യം തന്നെയാണ്: “തന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവിടുന്ന് തന്റെ ദാസനായ ഇസ്രയേലിനെ സഹായിച്ചു” (ലൂക്കാ 1:54).
ഈ വലിയ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മൂര്‍ത്തീ രൂപമായിരുന്നു യേശുവില്‍ തെളിഞ്ഞു കണ്ടത്. രോഗികളോടും ആകുലരോടും കഷ്ടത അനുഭവിക്കുന്നവരോടും വിശക്കുന്നവരോടും അനുകമ്പ കാണിക്കുന്ന തായിരുന്നു അവിടുത്തെ സുവിശേഷം. രോഗികളെ സുഖപ്പെടുത്തിയപ്പോഴും, തന്റെ മുന്നിലിരുന്ന വിശക്കുന്ന ജനങ്ങളെ സംതൃപ്തരാക്കിയപ്പോഴും, കഷ്ടപ്പെടുന്നവരും ഭാരം വഹിക്കുന്നവരും അവിടുത്തെ അടുക്കലേക്ക് ചെല്ലാന്‍ ആഹ്വാനം ചെയ്തപ്പോഴും ഈ കരുണയുടെ മുഖമായിരുന്നു നാം തെളിഞ്ഞു കണ്ടത്.
യോഹന്നാന്റെ സുവിശേഷം എട്ടാം അധ്യായത്തില്‍ ഹൃദയ സ്പര്‍ശിയായ ഒരു രംഗമുണ്ട്. യേശുവിനെ പറ്റിയുള്ള സിനിമകളിലൊക്കെ ഈ രംഗം നമ്മുടെ കണ്ണു നനയിക്കാറുണ്ട്. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെ യഹൂദ പ്രമാണിമാര്‍ കല്ലെറിഞ്ഞു കൊല്ലാനായി യേശുവിന്റെ അരികില്‍ കൊണ്ട് വരുന്ന രംഗമാണ് അത്. ഒരു സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലാന്‍ ക്രൌര്യത്തോടെ നില്ക്കുന്ന ഒരു കൂട്ടം ജനങ്ങളുടെ ഇടയില്‍ നിന്ന് അവളെ രക്ഷിച്ച് അവളുടെ മുഖത്ത് നോക്കി ശാന്തതയോടെ അവിടുന്ന് പറഞ്ഞു: “മകളേ നീ സമാധാനത്തോടെ പോവുക, ഇനി മേലില്‍ പാപം ചെയ്യരുത്” (യോഹ. 8: 14). അവിടുന്ന് നമുക്ക് കാണിച്ചു തരുന്ന മാതൃക കാരുണ്യത്തിന്റെ മാതൃകയാണ്. അതുകൊണ്ട് തന്നെ കരുണയുടെ വിശുദ്ധ വര്‍ഷത്തിലെ ഈ നോമ്പാചരണം കാരുണ്യ പ്രവര്‍ത്തികള്‍ കൊണ്ട് സമ്പന്നമാവണം.
നോമ്പുകാല ചൈതന്യത്തെപ്പറ്റി ഏശയ്യാ പ്രവാചകനിലൂടെ ദൈവം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് വളരെ ശ്രദ്ധേയമാണ്: “ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും, നുകത്തിന്റെ കയറുകള്‍ അഴിക്കുകയും, മര്‍ദ്ദിതരെ സ്വതന്ത്രരാക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം. വിശക്കുന്നവനുമായി ആഹാരം പങ്കു വയ്ക്കുകയും, ഭവനരഹിതനെ വീട്ടില്‍ സ്വീകരിക്കുകയും, നഗ്നനെ ഉടുപ്പിക്കുകയും ചെയ്യുന്നതല്ലേ അത്” (ഏശ 58: 6–7). അതെ, നോമ്പുകാലം ഫലവത്തായി തീരുന്നത് നാം കരുണയുള്ളവരായി തീരുമ്പോള്‍ മാത്രമാണ്. ഉപവാസവും പ്രാര്‍ഥനകളുമൊക്കെ അര്‍ത്ഥവത്താകുന്നത് നാം പങ്കു വയ്ക്കുമ്പോള്‍ മാത്രമാണ്.
(കരുവാരുകുണ്ട് ഹോളി ഫാമിലി ഇടവക ബുള്ളറ്റിനില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്)
കരുണയുടെ വിശുദ്ധ വര്‍ഷത്തിലെ ഈ നോമ്പുകാലാചരണം മനസ്സില്‍ കരുണ നിറയ്ക്കാന്‍ ഉതകുന്നതാവട്ടെ. ഹൃദയത്തില്‍ കരുണയുള്ളവന്‍ മറ്റുള്ളവരുടെ നോവുകള്‍ കണ്ടിട്ട് മുഖം തിരിച്ചു പോകാനാവില്ല; വിശക്കുന്നവര്‍ ചുറ്റുമുള്ളപ്പോള്‍ അവനുമായി പങ്കു വയ്ക്കാതെ മന:സമാധാനത്തോടെ വിഭവ സമൃദ്ധമായ മേശക്കു മുമ്പില്‍ ഇരിക്കാനാവില്ല; തല ചായ്ക്കാന്‍ കൂരയില്ലാത്തവന് അയല്പക്കത്തുള്ളപ്പോള് സമാധാനത്തോടെ കിടന്നുറങ്ങാന്‍ ആവില്ല; കരയുന്നവര്‍ ചുറ്റുമുള്ളപ്പോള്‍ അവന്റെ കണ്ണീര് തുടയ്ക്കാതെ ഉള്ളു തുറന്നു ചിരിക്കാനുമാവില്ല. ദേവാലയത്തില്‍ ചെമ്പു തുട്ടുകള്‍ നിക്ഷേപിച്ച വിധവയെ പറ്റി സുവിശേഷത്തില്‍ നാം വായിക്കുന്നുണ്ട്. സ്വര്‍ണത്തേക്കാള്‍, വെള്ളിയെക്കാള് ഈ നാണയത്തുട്ടുകള്‍ക്ക് വിലയുണ്ടായത് എന്തുകൊണ്ടാണ്? ആ വിധവ തന്റെ ഇല്ലായ്മയില്‍ നിന്ന് പങ്കുവയ്ക്കാന്‍ മനസ്സുകാണിച്ചതു കൊണ്ടാണത്. ധാരാളിത്തത്തില്‍ നിന്നല്ല, മറിച്ച് ഇല്ലായ്മ യില്‍ നിന്ന് പങ്കു വയ്ക്കുമ്പോഴാണ് ആ പങ്കുവയ്ക്കലിന് കൂടുതല്‍ മാധുര്യമുണ്ടാവുക; ദൈവ സന്നിധിയില്‍ കൂടുതല്‍ വിലയുണ്ടാവുക. ഈ കരുണയുടെ വിശുദ്ധ വര്‍ഷത്തിലെ നോമ്പുകാലത്തില്‍ വേദനിക്കുന്ന സഹോദരങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ നമുക്കാവില്ല; അവനുമായി പങ്കു വയ്ക്കാതിരിക്കാന്‍ നമുക്കാവില്ല. ദൈവത്തിന്റെ കരുണ നമ്മിലൂടെ ഒഴുകപ്പെടുന്നതില് തടസങ്ങള്‍ ഉണ്ടാകാതിരിക്കട്ടെ. ഈ നോമ്പുകാലം കരുണ നിറഞ്ഞതാകട്ടെ.
(കരുവാരുകുണ്ട് ഹോളി ഫാമിലി ഇടവക ബുള്ളറ്റിനില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്)