ഒരു താലിയുടെ ഉൾകരുത്തിൽ
വാക്കിന്റെ വിരൽത്തുമ്പിൽ
ഒരിക്കലും അവസാനിക്കാത്ത
ഓർമകളുടെ പച്ചത്തുരുത്തിൽ
ചിറകു കരിഞ്ഞ ചിത്രശലഭങ്ങളായ്
നീയെന്റെയും ഞാൻ നിന്റെയും
കൂട്ടിന്റെ വക്കിലിരുന്നു
കാലത്തിന്റെ ദുർമേദസകറ്റി
ജീവിച്ചതല്ലേ പ്രിയേ.
നീയും ഞാനും ചോരയൂറ്റി
നയിച്ച യുദ്ധങ്ങളൊക്കെയും
തോൽക്കുന്നതറിഞ്ഞിട്ടും
ഇനിയും ജയിക്കാനായ്
പൊരുതി നിന്നവർ നാം..
നമ്മളെത്ര വിശപ്പറിഞ്ഞു,
നമ്മളെത്ര വെയിൽ കൊണ്ടു,
നമ്മുടെ പക്ഷിക്കുരുന്നിനു
ജീവനേകാൻ നാമെത്ര
കൊടുമുടികൾ താണ്ടി..
നിന്റെ അവസാന ശ്വാസം
വരെയും നീയെനിക്കേകിയ
തണൽമരം ഇന്നെന്റെ മുറ്റത്തു
കടപുഴകി കിടക്കുന്നു.
ആ തണൽമരത്തിൽ നാം
കെട്ടിയ കൂടിതാ താഴെ
വീണു ചിതറി കിടക്കുന്നു..
നീയറിഞ്ഞില്ല; നീയെന്റെ
പ്രാണനുമെടുത്താണ്
തിരികെ പോയതെന്ന്..
നിന്നെയും ചുമന്നു ഞാൻ
പാതകൾ താണ്ടവേ
ഞാനറിഞ്ഞില്ല ദൂരവും കാലവും.
നോക്കരുത് നീ പാതക്കിരുവശവും
നിന്നെ തുറിച്ചു നോക്കുന്ന
നിർജീവ നയനങ്ങളെ.
തിമിരമാണവർക്ക്
കാണില്ലവർ നിന്റെ ചങ്ക്
പിടഞ്ഞു ചോര പൊഴിയുന്നതും
വയറ് കരിയുന്നതും
കാലിടറി നീ തട്ടി വീഴുന്നതും.
അരുത്... നീ തളരരുത്
നിന്റെ കുഞ്ഞുകിളിക്കിനി
കാവലായ് ഞാൻ തനിച്ചാണെന്ന
സത്യം നീ മറക്കാതിരിക്കുക.