ചില സ്വപ്നങ്ങൾ അങ്ങനെയാണ്!
നിനച്ചിരിക്കാത്ത നേരത്ത്
അത് അനുവാദമില്ലാതെ കടന്നുവരും.
ഉത്സവപ്പറമ്പിലെ കമനീയമായ ദീപാലങ്കാരങ്ങൾ പോലെ,
അത് വർണ്ണശബളമായിരിക്കും.
കൊടിതോരണങ്ങളും, കൊട്ടും പാട്ടും നൃത്തവും,
പലഹാരക്കടകളും, കളിപ്പാട്ടങ്ങളും,
ആൾക്കൂട്ടത്തിന്റെ ആരവങ്ങളും.
മനസ്സിനെ അത് വല്ലാതെ കുളിർപ്പിക്കും,
നമ്മളതിൽ അതിയായി മതിമറക്കും.
സത്യമാണെന്ന് അതെല്ലാമെന്ന് വെറുതെ കരുതും.
ഒരിക്കലും അത് തീർന്നു പോകരുത് എന്ന്
ഒരു കുഞ്ഞിനെപ്പോലെ ആഗ്രഹിക്കും.
പക്ഷേ,
പൊടുന്നനെ
അത് അർദ്ധോക്തിയിൽ തീർന്നു പോകും.
തീർന്നു കഴിയുമ്പോഴാണ് നമ്മൾ അറിയുക
അത് സ്വപ്നമായിരുന്നു.
ചിലപ്പോൾ കുറച്ചു നേരത്തേക്ക് ഒരു സങ്കടം തോന്നും.
പിന്നെ അതങ്ങ് മറക്കും!
No comments:
Post a Comment
You are Welcome to Comment