മനുഷ്യരാശിയുടെ ഭാവി എങ്ങോട്ടാണ്? (Quo Vadis, Humanitas? - "ക്വോ വാദിസ്, ഹ്യുമാനിത്താസ്?" ) എന്ന പേരിൽ വത്തിക്കാനിലെ അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷൻ (ITC) ഒരു രേഖ പ്രസിദ്ധീകരിച്ചത് മാർച്ച് നാലാം തിയതി ആണ്. രണ്ടാം വത്തിക്കാൻ സുനഹദോസിന്റെ, സഭ ആധുനിക ലോകത്തിൽ (Gaudium et Spes) എന്ന അതിപ്രധാന രേഖയുടെ അറുപതാം വാർഷികത്തോട് അനുബന്ധിച്ച് പുറത്തിക്കിയ ഈ രേഖ, കൃത്രിമബുദ്ധി, സാങ്കേതിക വികസനം, മനുഷ്യത്വാനന്തര ചിന്ത (trans- and post-humanism) എന്നിവ ഉയർത്തുന്ന അഗാധമായ ചോദ്യങ്ങൾ അഭിസംബോധന ചെയ്യുന്നു. മനുഷ്യരാശിയുടെ ഭാവിയെക്കുറിച്ചും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക യുഗത്തിൽ ക്രിസ്തീയ നരവംശശാസ്ത്രത്തിന്റെ പ്രസക്തിയെക്കുറിച്ചും ഈ രേഖ വെളിച്ചം വീശുന്നുണ്ട്.
വളർന്നുവരുന്ന സാങ്കേതികവിദ്യകൾ, പ്രത്യേകിച്ച്, നിർമ്മിത ബുദ്ധി, ബയോടെക്നോളജി, ഡിജിറ്റൽ സംവിധാനങ്ങൾ എന്നിവ, പ്രകൃതി, സമൂഹം, വ്യക്തിഗത സ്വത്വം എന്നിവയോടുള്ള മനുഷ്യബന്ധങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്നും പുനർനിർണ്ണയിക്കുന്നുവെന്നും ഈ രേഖ പരിശോധിക്കുന്നുണ്ട്. ഇത് പുതിയ അവസരങ്ങളും അതേസമയം അപകടസാധ്യതകളും ഉയർത്തുന്നു. സാങ്കേതികവിദ്യയ്ക്ക് മനുഷ്യന്റെ അഭിവൃദ്ധിക്കും വികസനത്തിനും സംഭാവന നൽകാൻ കഴിയുമെങ്കിലും, മനുഷ്യന്റെ ജൈവപരമായ പരിധികൾ മറികടക്കാനോ, മനുഷ്യനായിരിക്കുക എന്നതിന്റെ അർത്ഥമെന്താണെന്ന് പുനർനിർവചിക്കാനോ ശ്രമിക്കുന്ന ട്രാൻസ്ഹ്യൂമനിസ്റ്റ്, പോസ്റ്റ്ഹ്യൂമനിസ്റ്റ് പ്രത്യയശാസ്ത്രങ്ങളിൽ വഴി, മനുഷ്യ വ്യക്തിയുടെ മഹത്വം കുറയ്ക്കുന്ന കാഴ്ചപ്പാടുകൾ പ്രോത്സാഹിപ്പിക്കാനും ഇതിന് കഴിയും.
എപ്പോഴും എവിടെയും മനുഷ്യന്റെ അന്തസ്സും അവന്റെ സമഗ്രമായ ജീവിത ലക്ഷ്യവും സംരക്ഷിക്കുപ്പെടുക എന്നതാണ് രേഖയുടെ പ്രധാന ആശങ്ക. മനുഷ്യർ കേവലം ജീവശാസ്ത്രപരമോ, ഗണനപരമോ ആയ സംവിധാനങ്ങളല്ല, മറിച്ച്, സഹമനുഷ്യരുമായും സൃഷ്ടിയുമായും ദൈവവുമായുമുള്ള ബന്ധത്തിൽ സൃഷ്ടിക്കപ്പെട്ട വ്യക്തികളാണെന്ന് ക്രിസ്തീയ നരവംശശാസ്ത്രം സ്ഥിരീകരിക്കുന്നു. അതിനാൽ സാങ്കേതിക പുരോഗതി പൊതു നന്മയിലേക്ക് കേന്ദ്രീകരിക്കുകയും മനുഷ്യരാശിയുടെ സമഗ്രവും ബന്ധിതവുമായ സ്വഭാവത്തെ മാനിക്കുകയും വേണം.
ആത്യന്തികമായി, സാങ്കേതിക മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ ധാർമ്മിക വിവേചനവും ദൈവശാസ്ത്രപരമായ പര്യാലോചനകളും ഈ രേഖ ആവശ്യപ്പെടുന്നു. ദൈവശാസ്ത്രം, ശാസ്ത്രം, സംസ്കാരം എന്നിവ തമ്മിലുള്ള പരസ്പര സംവാദങ്ങളെ ഇത് പ്രോത്സാഹിപ്പിക്കുന്നു. അങ്ങനെ സാങ്കേതിക വളർച്ച മനുഷ്യജീവിതത്തിന്റെ അർത്ഥത്തെയും അന്തസ്സിനെയും ദുർബലപ്പെടുത്തുന്നതിനുപകരം, ആധികാരികമായ മനുഷ്യവികസനത്തിന് സഹായിക്കണം എന്ന ഓർമ്മപ്പെടുത്തലാണ് ഈ രേഖ.
https://www.vatican.va/roman_curia/congregations/cfaith/cti_documents/rc_cti_doc_20260304_quo-vadis-humanits_en.html

No comments:
Post a Comment
You are Welcome to Comment