Thursday, April 9, 2020

കൊറോണക്കാലത്തെ ധാർമ്മികത

ആമുഖം 
കോവിഡ് 19 എന്ന മഹാമാരി ലോകമെമ്പാടും വ്യാപിക്കുകയാണ്. നമ്മില്‍ ആരും ഇതുവരെ കണ്ടിട്ടും പരിചയപ്പെട്ടിട്ടില്ലാത്തതുമായ വിധത്തില്‍ ലോകത്തെ മുഴുവന്‍ ഭയപ്പെടുത്തിയും മുള്‍മുനയില്‍ നിര്‍ത്തിയും ഈ പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുന്നു. അപ്രതീക്ഷിതവും അതിവേഗം പടരുന്നതുമായ ഈ പകര്‍ച്ചവ്യാധി, ഇത്തരമൊന്നിനെ നേരിടാന്‍ വേണ്ടത്ര തയ്യാറെടുപ്പുകള്‍ ഇല്ലാതിരുന്ന നമ്മുടെ സമൂഹത്തില്‍ ഉയര്‍ത്തുന്നത് കഠിനമായ  ഒരു വെല്ലുവിളിയാണ്. അപ്രതീക്ഷിതവും അനിതരസാധാരണവുമായ ഈ സാഹചര്യത്തില്‍ ഓരോ വ്യക്തിയും ഉത്തരവാദിത്വബോധത്തോടെ പാലിക്കേണ്ട ചില ധാര്‍മ്മികമൂല്യങ്ങളും മാനദണ്ഡങ്ങളും മുന്നോട്ടുവയ്ക്കാന്‍ ശ്രമിക്കുകയാണ് ഈ ലേഖനത്തിലൂടെ.


I. കൊറോണക്കാലത്തെ ചില അടിസ്ഥാന മൂല്യങ്ങള്‍
കൊറോണക്കാലത്തെ ധാര്‍മ്മികതയെപ്പറ്റി നാം ചിന്തിക്കുമ്പോള്‍ കണക്കിലെടുക്കേണ്ട അടിസ്ഥാനപരമായ ചില ധാര്‍മ്മിക മൂല്യങ്ങളുണ്ട്. 2016ല്‍ ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച Guidance for Managing Ethical Issues in Infectious Disease Outbreaks എന്ന മാര്‍ഗ്ഗരേഖ അത്തരം ചില ധാര്‍മ്മിക മൂല്യങ്ങള്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്.

1. നീതിബോധം
വിഭവങ്ങള്‍, അവസരങ്ങള്‍, ഉത്തരവാദിത്വങ്ങള്‍ എന്നിവയുടെ വിതരണത്തിലെ ന്യായത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. സാഹചര്യങ്ങളെ മുന്‍വിധിയോ വിവേചനമോ ഇല്ലാതെ മനസ്സിലാക്കി, ചൂഷണം ഒഴിവാക്കി, കാര്യക്ഷമമായി ഇവയുടെ വിതരണം നടത്തുക എന്നതാണ് നീതിബോധം ആവശ്യപ്പെടുന്നത്; പ്രത്യേകിച്ച് അവശര്‍ക്കും ആലംബഹീനര്‍ക്കും. നീതിബോധത്തിന്‍റെ മറ്റൊരു തലം നടപടിക്രമങ്ങളിലെ നീതിയാണ്. സുപ്രധാനമായ തീരുമാനങ്ങളെടുക്കുന്നതിലെ നീതി സുതാര്യവുമായ നടപടിക്രമങ്ങള്‍ ഉറപ്പാക്കുന്നു.

2. പ്രയോജനക്ഷമത
പൊതുജനാരോഗ്യ പശ്ചാത്തലത്തില്‍, വ്യക്തികളുടെയും സമൂഹത്തിന്‍റെയും അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സമൂഹത്തിന്‍റെ ബാധ്യതയെ, പ്രത്യേകിച്ച് ഭക്ഷണം, പാര്‍പ്പിടം, നല്ല ആരോഗ്യം, സുരക്ഷ എന്നിവ പോലുള്ള അടിസ്ഥാന മാനുഷിക ആവശ്യങ്ങള്‍ ഉറപ്പു വരുത്തുന്നതാവണം സ്വീകരിക്കുന്ന എല്ലാ നടപടികളും എന്ന് ഈ തത്വം അടിവരയിടുന്നു. തീരുമാനങ്ങളും പദ്ധതികളും സമൂഹത്തിലെ വ്യക്തികള്‍ക്ക് പ്രയോജനം ചെയ്യുന്നതും ഞെരുക്കങ്ങളും ബുദ്ധിമുട്ടുകളും പരമാവധി കുറയ്ക്കുന്നതാവണം.

3. പ്രവര്‍ത്തനക്ഷമത
നടപ്പില്‍ വരുത്തുന്ന തീരുമാനങ്ങളുടെയും നടപടികളുടെയും പ്രവര്‍ത്തനക്ഷമത പരമാവധിയാക്കാനുള്ള പരിശ്രമത്തില്‍ ആനുപാതികത (ആ കാര്യം ചെയ്യുന്നതുകൊണ്ടുള്ള നേട്ടങ്ങളും നഷ്ടങ്ങളും തമ്മിലുള്ള തുലനം), കാര്യക്ഷമത (ഏറ്റവും കുറഞ്ഞ ചെലവില്‍ ഏറ്റവും കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുക) എന്നിവ പരിഗണിക്കേണ്ടതുണ്ട്.

4. വ്യക്തികളോടുള്ള ബഹുമാനം
വ്യക്തികളോടുള്ള ബഹുമാനം എന്നത് നമ്മുടെ പൊതുമാനവികത, മനുഷ്യാന്തസ്സ്, മനുഷ്യന്‍റെ മൗലികമായ അവകാശങ്ങള്‍ എന്നിവ അംഗീകരിക്കുകയും അതിന് അനുയോജ്യമായ വിധത്തില്‍ ഓരോരുത്തരുടെയും പ്രവൃത്തികളെ ക്രമീകരിക്കുകയും ചെയ്യുകയാണ്. നിര്‍ബന്ധമോ അനാവശ്യമായ പ്രേരണയോ ഇല്ലാത്ത, ശരിയായ അറിവോടെയുള്ള സമ്മതം ഇത്തരത്തിലുള്ള തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ ഒരു വ്യക്തിയെ പ്രാപ്തനാക്കും. സ്വകാര്യത, രഹസ്യാത്മകത (വ്യക്തിപരമായ കാര്യങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കാനുള്ള അവകാശം), സാമൂഹിക, മത, സാംസ്കാരിക വിശ്വാസ പ്രമാണങ്ങള്‍, കുടുംബബന്ധങ്ങള്‍ ഉള്‍പ്പെടെയുള്ള ബന്ധങ്ങള്‍ എന്നീ അവകാശങ്ങള്‍ ഈ മൂല്യത്തിന്‍റെ  ഭാഗമാണ്.

5. സ്വാതന്ത്ര്യം (Liberty)
'ലിബര്‍ട്ടി' എന്ന പദം അവകാശങ്ങളുടെ മേല്‍ ഏകപക്ഷീയമായ നിയന്ത്രണങ്ങളുടെ അഭാവത്തെ സൂചിപ്പിക്കുന്നു. ഈ അര്‍ത്ഥത്തില്‍, സ്വാതന്ത്ര്യത്തിന്‍റെ പ്രയോഗം  മറ്റുള്ളവരുടെ അവകാശങ്ങളാല്‍ പരിമിതപ്പെടുത്തപെട്ടിരിക്കുന്നു. ഇത് ഓരോ വ്യക്തിയുടെയും മൗലിക അവകാശമാണ്. സഞ്ചാര സ്വാതന്ത്ര്യം, സമാധാനപരമായ സമ്മേളന സ്വാതന്ത്ര്യം, സംസാര സ്വാതന്ത്ര്യം എന്നിങ്ങനെയുള്ള സാമൂഹിക, മത, രാഷ്ട്രീയ സ്വാതന്ത്ര്യങ്ങളുടെ വിശാലമായ ശ്രേണി ഇതിന്‍റെ പരിധിയില്‍ ഉള്‍പ്പെടുന്നു. സ്വാതന്ത്ര്യം ഉത്തരവാദിത്വപൂര്‍ണ്ണമായ സ്വാതന്ത്ര്യം ആയതുകൊണ്ട് തന്നെ, കോവിഡ് 19 അടിയന്തരാവസ്ഥ പോലെയുള്ള നിര്‍ണ്ണായക ഘട്ടങ്ങളില്‍ പൊതുജന ക്ഷേമത്തെ മുന്‍നിര്‍ത്തി  ഈ അവകാശങ്ങള്‍ക്കും സമയബന്ധിതമായ ചില പരിധികള്‍ നിശ്ചയിക്കാന്‍ സര്‍ക്കാരുകള്‍ക്ക് അവകാശമുണ്ട്.

6. അന്യോന്യത (Reciprocity)
മനുഷ്യന്‍ അടിസ്ഥാനപരമായി ഒരു സാമൂഹ്യ ജീവിയാണ്. അതുകൊണ്ടുതന്നെ പരസ്പരമുള്ള കൊടുക്കല്‍ വാങ്ങലുകള്‍ മനുഷ്യസഹജമാണ്. ഇത് പരസ്പരമുള്ള  സഹകരണത്തെ പ്രോത്സാഹിപ്പിക്കുകയും സാമൂഹ്യ നീതി ഉറപ്പു വരുത്തുകയും ചെയ്യും. ഇപ്പോഴത്തേതുപോലെയുള്ള ഒരു പ്രതിസന്ധി ഘട്ടത്തില്‍ വിഭവങ്ങളുടെ വിതരണത്തില്‍ അന്യായമായ അസമത്വങ്ങളും ഉചിതമല്ലാത്ത നിയന്ത്രണങ്ങളുടെ ഭാരവും ആനുപാതികമാല്ലാത്ത വിധത്തില്‍ വ്യക്തികളുടെ മേല്‍ വരാതിരിക്കാന്‍ ഇത് സഹായിക്കും.

7. സഹവര്‍ത്തിത്വവും സഹാനുഭൂതിയും
സഹാനുഭൂതി അഥവാ സഹോദരങ്ങളോടുള്ള ഐക്യദാര്‍ഢ്യം സമൂഹജീവിയായ മനുഷ്യന് ഏറ്റവും അത്യാവശ്യമായ ഒരു മൂല്യമാണ്. ഒരു സമൂഹം, ഒരു രാഷ്ട്രം അല്ലെങ്കില്‍ ആഗോളസമൂഹം ഒരേ ലക്ഷ്യത്തെ മുന്‍നിര്‍ത്തി  ഒരേ മനസ്സോടെ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിനെ സഹാനുഭൂതി എന്നുവിളിക്കാം.

II. പരിഗണിക്കപ്പെടേണ്ട ചില പ്രത്യേക വിഷയങ്ങള്‍ 

1. വിവരങ്ങളുടെ വിനിമയം
കോവിഡ് 19 പോലെ അപകടകരമായ ഒരു പകര്‍ച്ചവ്യാധിയുടെ വ്യാപനത്തില്‍ സമൂഹത്തിന്‍റെ അടിസ്ഥാന ആവശ്യകതകളിലൊന്ന് ആധികാരിക സ്രോതസ്സുകളില്‍ നിന്നു ലഭിക്കുന്ന സംശയാതീതവും വ്യക്തവും ശാസ്ത്രീയവുമായ വിവരങ്ങളും അവയുടെ ഉത്തരവാദിത്വ പൂര്‍ണ്ണമായ വിനിമയവുമാണ്. നിയന്ത്രണ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാന്‍ ജനങ്ങളെ  പ്രേരിപ്പിക്കുന്നതിനും ആവശ്യപ്പെടുന്ന ത്യാഗങ്ങളുടെ മൂല്യത്തെപ്പറ്റി പൗരന്മാരെ പ്രചോദിപ്പിക്കുന്നതിനും അവബോധമുള്ളവരാക്കുന്നതിനും നിയന്ത്രണ നടപടികളോടൊപ്പം തന്നെ വിവരങ്ങള്‍ നിരന്തരം കൃത്യമായി ജനങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ടതുണ്ട്. പൊതുനന്മ മാത്രം കണക്കിലെടുത്ത് മാധ്യമങ്ങളുടെ സമ്പൂര്‍ണ്ണമായ സഹകരണം ഇക്കാര്യത്തില്‍ ആവശ്യമാണ്.  സെന്‍സേഷണലിസവും സ്കൂപ്പുകള്‍ക്കു വേണ്ടിയുള്ള തിടുക്കവും മാറ്റിവെച്ച്, ജനങ്ങളെ അപകടസാധ്യതകളെക്കുറിച്ച് ബോധ്യമുള്ളവരും, എന്നാല്‍ ശാന്തവും ആത്മവിശ്വാസം നിലനില്‍ക്കുന്നതുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ഈ അവസരത്തില്‍ മാധ്യമങ്ങളുടെ ധര്‍മ്മം.
ഇന്നത്തെ സാമൂഹ്യ ജീവിതത്തിന്‍റെ എല്ലാ തലങ്ങളിലും അഭിപ്രായങ്ങളും നിലപാടുകളും  രൂപപ്പെടുത്തുന്നത്തില്‍ സമൂഹമാധ്യമങ്ങള്‍ (social media) വഹിക്കുന്ന പങ്ക് അതിശക്തമാണ്. സമൂഹമാധ്യമങ്ങളുടെ ഈ സ്വാധീനം ഉത്കൃഷ്ടമായ വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ ഇന്നത്തെ സമൂഹത്തിന് എത്രമാത്രം കഴിയുന്നു എന്നത് വളരെ പ്രധാനമാണ്. സമൂഹത്തില്‍ പൊതുവായും, കൊറോണാ വ്യാപനം  പോലെയുള്ള  അവസരങ്ങളില്‍ പ്രത്യേകിച്ചും, ഉത്കൃഷ്ടവും മനുഷ്യാന്തസ്സിനു യോജിച്ചതും വെറുപ്പും വിവേചനവുമില്ലാത്തതുമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് സമൂഹ മാധ്യമങ്ങളെ ഉപയോഗപ്പെടുത്താന്‍ നമുക്ക് കഴിയണം. രോഗവ്യാപനത്തെ ചെറുക്കുന്നതിന് ആഗോള ആരോഗ്യ സംഘടനകളും സര്‍ക്കാരുകളും നിര്‍ദ്ദേശിക്കുന്ന സുരക്ഷാ നടപടികളെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും, നിയന്ത്രണങ്ങളോടുള്ള പൊതുജനങ്ങളുടെ ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ട പ്രചോദനം നല്കുന്നതിനും സമൂഹമാധ്യമങ്ങള്‍ക്ക് സവിശേഷമായ പങ്കു വഹിക്കാന്‍ കഴിയും. അതുപോലെ തന്നെ ലോക്ക് ഡൗണ്‍ ദിനങ്ങളെ എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കാം, ലോക്ക് ഡൗണ്‍ ദിനങ്ങള്‍ നല്കുന്ന സമ്മര്‍ദ്ദങ്ങള്‍ എങ്ങനെ അതിജീവിക്കാം, കുടുംബ ബന്ധങ്ങളെ എങ്ങനെ കൂടുതല്‍ ഊഷ്മളമാക്കാം, തുടങ്ങി സമൂഹമാധ്യമങ്ങള്‍ക്ക് ചെയ്യാന്‍  കഴിയുന്ന ധാരാളം സേവന മേഖലകളുണ്ട്. എന്നാല്‍ പലപ്പോഴും, നിര്‍ഭാഗ്യവശാല്‍ സമൂഹ മാധ്യമങ്ങള്‍ ഇന്ന് ഉപയോഗിക്കപ്പെടുന്നത് വ്യാജ വാര്‍ത്തകളും വിവരങ്ങളും പ്രചരിപ്പിക്കാനും വിദ്വേഷവും അകല്‍ച്ചയും പ്രോത്സാഹിപ്പിക്കാനുമാണ്.

2. രഹസ്യാത്മകത
ദുരിതബാധിതരുടെ വിശദാംശങ്ങളുടെ രഹസ്യസ്വഭാവം സൂക്ഷിക്കുന്നത് വളരെ പ്രധാനമാണ്. അവരുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നത് ആരോഗ്യവുമായി ബന്ധപ്പെട്ട ലോലമായ വിവരങ്ങളുടെ (സെന്‍സിറ്റീവ് ഡാറ്റ) സ്വകാര്യ സ്വഭാവത്തിന്‍റെ ഗുരുതരമായ ലംഘനമായിത്തീരാം. കോവിഡ് 19 പോലുള്ള സാമൂഹിക അടിയന്തര സാഹചര്യങ്ങളില്‍, മൗലികാവകാശങ്ങളുടെ കാര്യത്തില്‍ വീഴ്ചകള്‍ സംഭവിക്കാന്‍ എളുപ്പമാണ്. അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനക്ഷേമത്തെയും ആരോഗ്യ പരിപാലനത്തെയും മുന്‍നിര്‍ത്തി ശേഖരിക്കപ്പെടുന്നതും കൈമാറ്റം ചെയ്യപ്പെടുന്നതുമായ വിവരങ്ങള്‍ അനര്‍ഹരുടെ കൈകളില്‍ എത്തിപ്പെടുന്നില്ലെന്നും ആരുടെയും മൗലികാവകാശങ്ങള്‍, പ്രത്യേകിച്ച് ബാധിതരുടെ, ഇതുവഴി ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇപ്പോള്‍ കേരളത്തില്‍ ഉയര്‍ന്നു വന്നിരിക്കുന്ന സ്പ്രിങ്ക്ളര്‍ വിവാദം ഇത്തരത്തില്‍ വിവരങ്ങളുടെ രഹസ്യ സ്വഭാവവും കൈമാറ്റവും സംബന്ധിച്ചാണല്ലോ.

3. മെഡിക്കല്‍ ഉപകരങ്ങളുടെ പരിമിതമായ ലഭ്യത
കോവിഡ് 19 പോലെയുള്ള പകര്‍ച്ചവ്യാധികള്‍ നിയന്ത്രണാതീതമായി പടരുന്ന സാഹചര്യങ്ങളില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ ലഭ്യത കുറയുന്നതും, അവയുടെ എണ്ണം ആവശ്യത്തിന് ആനുപാതികമായി ഉണ്ടാകാതിരിക്കുന്നതും സ്വാഭാവികമാണ്. ജീവന്‍രക്ഷാ മരുന്നുകളും തീവ്രപരിചരണ ഉപകരണങ്ങളും രോഗികളുടെ എണ്ണത്തെക്കാള്‍ കുറവ് ആകുമ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് രോഗികളുടെ പ്രവേശനത്തിന് സാധാരണ ഉപയോഗിക്കുന്ന മാനദണ്ഡങ്ങള്‍ പലപ്പോഴും പുനര്‍നിര്‍വ്വചിക്കേണ്ടി വരാറുണ്ട്. ഏറ്റവും കുറവ് വിഭവങ്ങള്‍ (ഉപകരണങ്ങള്‍) കൊണ്ട് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് എങ്ങനെ സേവനം നല്‍കാമെന്ന മാനദണ്ഡം മുന്‍നിര്‍ത്തിയാവണം രോഗികളുടെ പ്രവേശനം നിശ്ചയിക്കേണ്ടത്. നേരിടാന്‍ കഴിയാത്തത്ര ഗുരുതരമായ ഒരു സാഹചര്യത്തില്‍, നേടാന്‍ കഴിയുന്ന പരമാവധി നډ ഏതാണോ അതിനെ മുന്‍നിര്‍ത്തിയാവണം വിതരണം നടത്തേണ്ടത്. വൈറസ് വ്യാപനം നിയന്ത്രണാതീതമായപ്പോള്‍ ഇറ്റലിയില്‍ വെന്‍റിലേറ്ററുകള്‍ക്ക് ക്ഷാമം നേരിട്ടതും തുടര്‍ന്നുണ്ടായ മാധ്യമ വാര്‍ത്തകളും വിവാദങ്ങളും നാം ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. ഈ നടപടികള്‍ സ്വീകരിക്കുന്നതിന് മുമ്പ് പ്രകൃതിദുരന്തങ്ങള്‍ക്കായും മറ്റ് അടിയന്തര സാഹചര്യങ്ങള്‍ക്കായും സൂക്ഷിച്ചു വെച്ചിട്ടുള്ള കരുതല്‍ ശേഖരവും ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. വിതരണ നീതിയും (distributive justice) സാമൂഹ്യനീതിയും (social justice) ഈ മാനദണ്ഡങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്.

4. പൂഴ്ത്തിവെപ്പും വിലകയറ്റവും
കൃത്രിമക്ഷാമം സൃഷ്ടിക്കുന്നതിനും ആവശ്യം വര്‍ദ്ധിപ്പിച്ച് കൂടുതല്‍ വില നേടുന്നതിനുള്ള ശ്രമത്തിന്‍റെ  ഭാഗമായി ഒരാളുടെ ഉടനടിയുള്ള ഉപയോഗത്തിന് ആവശ്യം ഉള്ളതിനേക്കാള്‍ വിഭവങ്ങള്‍ ശേഖരിക്കുകയും രഹസ്യമായി കൈവശം വയ്ക്കുകയും ചെയ്യുന്നതിനെയാണ് പൂഴ്ത്തിവയ്ക്കല്‍ എന്നു പറയുന്നത്. അതുപോലെതന്നെ അടിയന്തര സാഹചര്യങ്ങളില്‍ പെട്ടെന്ന് തീര്‍ന്നു പോകുമെന്ന് കരുതുന്ന അവശ്യ സാധനങ്ങളുടെ കുറവുണ്ടാകുമോ എന്ന സ്വാഭാവിക ഭയത്തോടെയുള്ള സാധനങ്ങളുടെ വാങ്ങിക്കൂട്ടലും ഉണ്ടാകാം. നിലവിലെ, അല്ലെങ്കില്‍ പ്രതീക്ഷിക്കപ്പെടുന്ന സാഹചര്യങ്ങളില്‍ വിപണികള്‍ അടച്ചിടുമെന്ന ഭയവും സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിലേക്ക് നയിക്കാം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് കൃത്യമായ നിര്‍ദ്ദേശങ്ങളും കര്‍ശനമായ നടപടികളും ആവശ്യമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഉത്തരവാദിത്വത്തോടും വിവേകത്തോടും കൂടെ പെരുമാറാന്‍ പൗരന്മാര്‍ക്ക് കഴിയണം. കൃത്രിമമായ വിലക്കയറ്റം അനീതിയും ചൂഷണവുമാണ്, പ്രത്യേകിച്ച് കൊറോണക്കാലം പോലെയുള്ള അടിയന്തരഘട്ടങ്ങളില്‍.

5. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അടിയന്തര തൊഴിലാളികള്‍ക്കും സുരക്ഷയും പരിരക്ഷണവും
ആരോഗ്യമേഖലയിലും അടിയന്തരണ്‍അവശ്യ സേവനമേഖലകളിലും സേവനം ചെയ്യുന്നവരുടെ ശുശ്രൂഷ കോവിഡ് 19 കാലം പോലെയുള്ള സാഹചര്യങ്ങളില്‍ അത്യാവശ്യമാണ്. തൊഴിലുടമകളും തൊഴിലാളികളും സാങ്കേതിക വിദഗ്ധരും സര്‍ക്കാരും കൂടിയാലോചിച്ച് ഇത്തരം ഘട്ടങ്ങളില്‍ എങ്ങനെ സുരക്ഷിതവും കാര്യക്ഷമവുമായ സേവനം ഉറപ്പാക്കാമെന്നു തീരുമാനിച്ചു നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെടുന്നതും അടിയന്തരവുമായ സാഹചര്യങ്ങള്‍ തരണം ചെയ്യുന്നതിലെ അപകടസാധ്യതകള്‍ കൈകാര്യം ചെയ്യുന്നതില്‍ തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങളും കടമകളും ഉത്തരവാദിത്വങ്ങളും 1981 ല്‍ International Labour Organization (ILO) സംഘടിപ്പിച്ച Occupational Safety and Health Convention ന്‍റെ  മാര്‍ഗ്ഗരേഖ, ആര്‍ട്ടിക്കിള്‍ 155,  വ്യക്തമാക്കുന്നുണ്ട്. തൊഴില്‍പരമായ അപകടസാധ്യതകള്‍ ഏറ്റവും കുറയ്ക്കുന്നതിനു വേണ്ട പ്രായോഗികമായ എല്ലാ പ്രതിരോധവും സംരക്ഷണ നടപടികളും സ്വീകരിക്കുമെന്ന് ഉറപ്പാക്കുന്നതിന് തൊഴിലുടമകള്‍ക്കും  സര്‍ക്കാരിനും ഉത്തരവാദിത്വമുണ്ട്. മതിയായ വിവരങ്ങള്‍, സമഗ്രമായ ശിക്ഷണം, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, കൃത്യമായ പരിശീലനം എന്നിവ നല്‍കുന്നതിന് തൊഴിലുടമകള്‍ക്ക് ഉത്തരവാദിത്വമുണ്ട്. ഒപ്പംതന്നെ തൊഴിലാളികള്‍ക്ക് മതിയായ സംരക്ഷണവസ്ത്രങ്ങളും ഉപകരണങ്ങളും അവയുടെ ഉപയോഗത്തെപ്പറ്റിയുള്ള സമഗ്രമായ പരിശീലനവും നല്‍കേണ്ടതുണ്ട്. അതുപോലെ, ഇത്തരം സങ്കീര്‍ണ്ണമായ സാഹചര്യങ്ങളെ നേരിടാന്‍ അവരെ കരുത്തുറ്റവരാക്കും വിധത്തില്‍ മനഃശാസ്ത്രപരമായ പിന്തുണയും ഉറപ്പുവരുത്തണം. തൊഴിലാളികള്‍ നല്‍കുന്ന പ്രത്യേക സേവനങ്ങള്‍ക്ക്  അവര്‍ക്കും അവരുടെ കുടുംബത്തിനും അപകടസാധ്യതാ അധിക വേതനവും (risk premium) ഇന്‍ഷുറന്‍സും, അപകടമോ അണുബാധയോ സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരവും മറ്റാനുകൂല്യങ്ങളും നല്‍കേണ്ടത് തൊഴില്‍ദാതാവിന്‍റെ കടമയാണ്.  അതോടൊപ്പം തന്നെ അവര്‍ നല്‍കുന്ന സേവനത്തിന്‍റെ ഫലപ്രാപ്തി ശരിയായ വിധത്തില്‍ വിലയിരുത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. തൊഴിലാളികള്‍ക്ക് തൊഴില്‍ മേഖലയില്‍ അവരോട് പാലിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന നടപടിക്രമങ്ങളും പെരുമാറ്റച്ചട്ടങ്ങളും കൃത്യമായി പാലിക്കുന്നതിന് ഗൗരവതരമായ ഉത്തരവാദിത്വം ഉണ്ട്. അതിനുവേണ്ടി തൊഴില്‍ദാതാവോ സര്‍ക്കാരോ നടത്തുന്ന പരിശീലന പരിപാടികളില്‍ പങ്കെടുക്കുക എന്നതും അവരുടെ ഉത്തരവാദിത്വമാണ്.

6. വിശ്വാസി സമൂഹത്തിന്‍റെ ഉത്തരവാദിത്വങ്ങള്‍
കോവിഡ് 19 പോലെയൊരു പകര്‍ച്ചവ്യാധിയുടെ കാലത്ത് മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം ചില പ്രത്യേക നിയന്ത്രണങ്ങള്‍ക്ക് മറ്റുള്ളവരെക്കാളധികം അവര്‍ വിധേയരാക്കപ്പെടുന്നുണ്ട്. അതുവരെ അവര്‍ ശീലിച്ചുപോന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും അതുപോലെ പാലിക്കാന്‍ സാമൂഹ്യ നിയന്ത്രണങ്ങള്‍ അവരെ അനുവദിക്കുന്നില്ല. അതുകൊണ്ടുതന്നെ വിശ്വാസികള്‍ ഇക്കാര്യങ്ങളെപ്പറ്റി ബോധ്യവും ഉത്തരവാദിത്വവും സഹകരണമനോഭാവവും ഉള്ള പൗരന്മാര്‍ ആയിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യണം. പ്രതിരോധ നടപടികളുടെ ഭാഗമായി സര്‍ക്കാര്‍-മത അധികാരികള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അവര്‍ ഏറ്റെടുക്കണം. സമ്മേളനങ്ങളും പൊതുവായുള്ള ആചാരാനുഷ്ഠാനങ്ങളും ചടങ്ങുകളും ഒഴിവാക്കേണ്ടതാണെങ്കില്‍ നിര്‍ബന്ധമായും അവ ഒഴിവാക്കാന്‍ തയ്യാറാകണം. ഇക്കാര്യങ്ങളില്‍ പുരോഹിതര്‍ക്ക്  ഗൗരവതരമായ ഉത്തരവാദിത്വമുണ്ട്. വിശ്വസികള്‍ക്കിടയിലെ പെരുമാറ്റങ്ങളില്‍ പൊരുത്തക്കേടുകള്‍ ഒഴിവാക്കാന്‍, മതാധികാരികള്‍ അവരുടെ വിശ്വാസി സമൂഹങ്ങള്‍ക്ക് കര്‍ശനവും വ്യക്തവുമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും അവ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.  അധികാരികള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ മാനിക്കാന്‍ വിശ്വാസികള്‍ക്ക് ഗുരുതരമായ ധാര്‍മിക ബാധ്യതയുണ്ട്.

ഉപസംഹാരം
മനുഷ്യന്‍റെ സാമൂഹ്യജീവിതം ശരിതെറ്റുകളെ അടിസ്ഥാനമാക്കിയാണ് മുന്നോട്ട് പോകുന്നത്. ഇവ നിര്‍ണ്ണയിക്കുന്നതിന് സഹായിക്കുന്നത് അടിസ്ഥാനപരമായ ചില ധാര്‍മ്മിക മൂല്യങ്ങളാണ്. ഇവയുടെ പാലനം സമൂഹജീവിതം കൂടുതല്‍ എളുപ്പവും കാര്യക്ഷമവുമാക്കുന്നു. തങ്ങളുടെ അവകാശങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചും വ്യക്തമായ ബോധ്യമുള്ളവരാണ് നാം. ഈ കൊറോണക്കാലം നമുക്ക് നല്‍കുന്ന ധാര്‍മ്മിക ഉത്തരവാദിത്വങ്ങളെ ഏറ്റെടുത്ത് ഈ പ്രതിസന്ധിയെ നമുക്ക് ഒറ്റക്കെട്ടായി നേരിടാം, അതിജീവിക്കാം.

(ഏപ്രിൽ 22 , 2020 ബുധനാഴ്ച ദീപിക പത്രത്തിൽ ഭാഗികമായി പ്രസിദ്ധീകരിക്കപ്പെട്ടത്)

14 comments:

  1. Great effort... Worth reading...

    ReplyDelete
    Replies
    1. സൂപ്പർ ... നല്ല അവതരണം ...

      Delete
    2. Benedict ChennnamkulathApril 16, 2020 at 4:39 PM

      Good Writen and Informative Renjith acha

      Delete
  2. Good thoughts... Informative too..congrats

    ReplyDelete
  3. നല്ല ഇടപെടൽ. നന്ദി

    ReplyDelete
  4. Hi Dr. Renjith,
    Thanks for sending me your write up and I appreciate it very much. I should say, first of all, it is a timely article that shed light to the various corners of life. You highlighted the seriousness of this epidemic and the need of the humanity as a whole to raise up to wage war against it. All sectors and nations have to rise up to the challenge beyond political or religious barriers. We realise that it is a common enemy that is capable of eliminating the whole humanity unless we are aware of the seriousness and conscientise the people to wake them up who still believe it is not serious enough.
    You can also think about an area, which might be of course the area of psychologists. How this coronavirus is affecting individually as he/she is in 'distance, isolation and quarantine'? Some of the studies and articles published say that due to this situation the pornography industry and consumption of alcohol in the West as well as in countries like India have increased. It raises so many moral issues and so how you are going to address them?
    Keep on writing and you are doing a good job. God bless you.

    ReplyDelete
  5. Thank you Rev Vincent for your comments, support and encouragement, as you do always.

    ReplyDelete
  6. Really worth reading...unique perspective..

    ReplyDelete

You are Welcome to Comment