Tuesday, April 21, 2020

NoFap (നോഫാപ്) ചലഞ്ച്

സമൂഹമാധ്യമങ്ങൾ പ്രചാരത്തിൽ വന്ന നാൾ മുതൽ വിവിധതരത്തിലുള്ള സമൂഹ മാധ്യമ ചലഞ്ചുകൾ പ്രചരിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക കാര്യം ഒരു വ്യക്തിയോ ഒരു ഗ്രൂപ്പോ ചെയ്തശേഷം, അതിൻ്റെ ഫോട്ടോയോ വീഡിയോയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയും, തൻ്റെ സുഹൃത്തുക്കളിൽ നിന്ന് ഒരാളെയോ ഒന്നിൽ കൂടുതൽ പേരെയോ അക്കാര്യം ചെയ്യാൻ ക്ഷണിക്കുകയും ചെയ്യുകയാണ് സോഷ്യൽ മീഡിയ ചലഞ്ചുകളുടെ സാധാരണ രീതി. ഐസ് ബക്കറ്റ് ചലഞ്ച്, Until Tomorrow Challenge, ടെൻ ഇയർ ചലഞ്ച്, 7 ബുക്ക് കവർ ചലഞ്ച് എന്നിവയൊക്കെ ഇത്തരത്തിൽ ലക്ഷക്കണക്കിന് പേർ പങ്കുചേർന്ന സോഷ്യൽ മീഡിയ ചലഞ്ചുകളാണ്. ഇത്തരത്തിൽ ശ്രദ്ധയാകർഷിച്ച, എന്നാൽ വ്യത്യസ്തതയുള്ള ഉള്ള ഒരു സോഷ്യൽ മീഡിയ ചലഞ്ച് ആണ് NoFap (നോ ഫാപ്) ചലഞ്ച്. എന്താണ് NoFap ചലഞ്ച്? ആരൊക്കെയാണ് ഈ ചലഞ്ച് ഏറ്റെടുക്കുന്നവർ? എന്തൊക്കെയാണ് ഈ ചലഞ്ച് ലക്ഷ്യം വയ്ക്കുന്നത്? NoFap ചലഞ്ചിനെപ്പറ്റി ചുരുക്കത്തിൽ വിവരിക്കുകയാണ് ഈ ചെറുകുറിപ്പിൽ.

എന്താണ് NoFap (നോഫാപ്)?
അമേരിക്കയിലെ പിറ്റ്സ്ബർഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അലക്സാണ്ടർ റോഡ്സ് എന്ന ഒരു വെബ് ഡെവലപ്പറുടെ നേതൃത്വത്തിൽ 2011 ജൂൺ മാസത്തിൽ അശ്ലീല വീഡിയോകൾ കാണുന്നതും സ്വയംഭോഗം ചെയ്യുന്നതും സ്വമേധയാ വർജ്ജിക്കാൻ ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടി ആരംഭിച്ച ഒരു ഓൺലൈൻ സമൂഹമാണ് 'നോ ഫാപ് കമ്മ്യൂണിറ്റി'. ഇതില്‍ പങ്കുചേരുന്നവര്‍ നിശ്ചിത ദിവസങ്ങളിലേക്ക് സ്വയംഭോഗവും അശ്ലീല വീഡിയോകൾ കാണുന്നതും വര്‍ജ്ജിക്കുകയും തങ്ങളുടെ അനുഭവം മറ്റു കമ്മ്യൂണിറ്റി അംഗങ്ങളുമായി പങ്കുവെക്കുകയും ചെയ്യുന്നു എന്നതാണ് ഇതിൻറെ പൊതു ശൈലി. 90 ദിവസമാണ് സാധാരണ ഈ ചലഞ്ച് ഏറ്റെടുക്കുന്നവർ വയ്ക്കുന്ന സമയ പരിധി. ഫാപ് (Fap) എന്നത് പുരുഷന്മാർ സ്വയംഭോഗം ചെയ്യുന്നതിനെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു സ്ലാങ് (അനൗദ്യോഗിക പദം) ആണ്.

Fap എന്ന സ്ലാങ് ആദ്യം ഉപയോഗിക്കപ്പെട്ടത് 1999 ൽ പുറത്തിറങ്ങിയ 'സെക്സി ലൂസേർസ്' എന്ന വെബ് കോമിക്കിലാണ്. പുരുഷന്മാർ സ്വയംഭോഗം ചെയ്യുമ്പോൾ ഉണ്ടാകുന്ന സ്വരത്തെ ദ്യോതിപ്പിക്കുന്ന പദമായി ആണ് ആ പദം ഉപയോഗിക്കപ്പെട്ടത്. സ്വയംഭോഗവും അശ്ലീല വീഡിയോകൾ കാണുന്നതും വർജ്ജിക്കുന്നതിനെ സൂചിപ്പിക്കാൻ Fapstinance എന്ന പദവും ഉപയോഗിക്കപ്പെട്ടു. കൂടാതെ, ഇതിൽ അംഗങ്ങളായവർ Nofapers, അല്ലെങ്കിൽ Fapstinants എന്നും വിളിക്കപ്പെട്ടു.
അക്കാലത്തു നടന്ന ചില പഠനങ്ങളാണ് അലക്സാണ്ടറേയും കൂട്ടുകാരെയും ഇത്തരമൊരു പരീക്ഷണത്തിന് പ്രേരിപ്പിച്ചത്. 2003 ൽ Reddit എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു ചൈനീസ് പഠനം അവകാശപ്പെട്ടത് ഏഴു ദിവസത്തേക്ക് സ്വയംഭോഗം ചെയ്യാതിരിക്കുന്ന പുരുഷന്മാരിൽ Testosterone ലെവൽ 145.7 ശതമാനം വർദ്ധിക്കുന്നു എന്നാണ്. അതുപോലെ അവരുടെ വ്യക്തി ബന്ധങ്ങൾ മെച്ചപ്പെടുന്നതായും ഇച്ഛാശക്തി വർദ്ധിക്കുന്നതായും ഈ പഠനം അവകാശപ്പെട്ടു. അതുകൊണ്ടുതന്നെ 2011 ൽ ഈ കമ്മ്യൂണിറ്റി ആരംഭിച്ചപ്പോൾ ഇതിന് അപ്രതീക്ഷിതമായ സ്വീകാര്യതയാണ്. തുടങ്ങിയ സമയത്ത് ഈ കമ്മ്യൂണിറ്റിയിൽ ചേർന്നിരുന്നത് സിംഹഭാഗവും പുരുഷന്മാരായിരുന്നു എങ്കിലും വളരെ ചെറിയൊരു ന്യൂനപക്ഷം സ്ത്രീകളും പങ്കുചേർന്നു. ഇതിൽ പങ്കു ചേരുന്ന പുരുഷന്മാരെ Fapstronauts എന്നും സ്ത്രീകളെ Femstronauts എന്നുമാണ് വിളിച്ചിരുന്നത്. തുടക്കത്തിൽ സ്ത്രീകൾ ഏകദേശം അഞ്ച് ശതമാനത്തോളമായിരുന്നു. 2020 ലെ കണക്കനുസരിച്ച് NoFap കമ്മ്യൂണിറ്റിയിൽ രണ്ടുലക്ഷത്തിൽ അധികം അംഗങ്ങളുണ്ട്; അതിൽ 99% പുരുഷൻമാരാണ്.

ഇവ വർജ്ജിക്കുന്നവരുടെ അതിനുള്ള കാരണം, മതപരം, ധാർമ്മികം, ആരോഗ്യപരം, എന്നിങ്ങനെ ഓരോരുത്തർക്കും വ്യത്യസ്തവും വ്യക്തിപരവുമാണ്.

NoFap കമ്മ്യൂണിറ്റിയുടെ ലക്ഷ്യം
സ്വയംഭോഗത്തോടും പോൺ വീഡിയോകളോടും അമിത ആസക്തി ഉണ്ടാകുന്നത് അനാരോഗ്യകരമാണെന്നും അതിൽ നിന്നും ആളുകൾ, പ്രത്യേകിച്ച് യുവജനങ്ങൾ പിന്തിരിയണമെന്നും ഉള്ള ലക്ഷ്യത്തോടെയാണ് ഈ കമ്മ്യൂണിറ്റി ഇന്ന് പ്രവർത്തിച്ചുവരുന്നത്. എന്നാൽ സ്വയംഭോഗവും പോൺ വീഡിയോകളും ഒരാളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കില്ല എന്ന മറുവാദവും ശക്തമാണ്. 

നോ ഫാപ്പേഴ്‌സ് അവകാശപ്പെടുന്ന ഗുണഫലങ്ങൾ
വർജ്ജിക്കണമെന്ന് ആഗ്രഹിക്കുമ്പോഴും നിയന്ത്രിക്കാനാവാത്ത വിധം ഏതെങ്കിലും വസ്തുക്കൾ ഉപയോഗിക്കുന്നത് ഉപേക്ഷിക്കുന്നതിനോ, ചെയ്തു ശീലിച്ച ഏതെങ്കിലും പ്രവർത്തി നിർത്തുന്നതിനോ ഒരാൾക്ക് കഴിയാത്ത അവസ്ഥയെ പൊതുവേ ആസക്തി അഥവാ അഡിക്ഷൻ എന്ന് വിളിക്കാം. അതുകൊണ്ടുതന്നെ സ്വയംഭോഗ ശീലവും പോൺ വീഡിയോകളും ഒരാളിൽ അഡിക്ഷന് കാരണമായി തീരാം. ഇത്തരം ആളുകളിൽ ഉണ്ടാകുന്ന ചില മാറ്റാനാവാത്ത ശീലങ്ങളിൽ നിന്ന് മുക്തി നേടാൻ NoFap സഹായിക്കുമെന്ന് അനുഭവസ്ഥർ അവകാശപ്പെടുന്നു. NoFapers തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന കമ്മ്യൂണിറ്റി സൈറ്റുകളിൽ അവർക്ക് ലഭിച്ചു എന്ന് അവകാശപ്പെടുന്ന ഗുണഫലങ്ങളിൽ പ്രധാനപ്പെട്ടവ ഇവയാണ്:
  • സ്ത്രീകളോട് കൂടുതൽ ആത്മവിശ്വാസത്തോടെ ഇടപെടാൻ കഴിയുന്നു.
  • സ്ത്രീകളെ കാണുമ്പോൾ സ്വകാര്യ ഭാഗങ്ങളിലേക്ക് നോക്കുന്ന പ്രവണത നിയന്ത്രിക്കാൻ കഴിയുന്നു .
  • കൂടുതൽ ആത്മവിശ്വാസം തോന്നുന്നു.
  • സമയം കൂടുതൽ നന്നായി ഉപയോഗിക്കാൻ സാധിക്കുന്നു.
  • കൂടുതൽ ഊർജ്ജസ്വലരാകുന്നു.
  • വർദ്ധിച്ച പ്രചോദനവും ഇച്ഛാശക്തിയും..
  • സ്വയം സ്വീകാര്യത വർദ്ധിച്ചു.
  • എതിർലിംഗത്തിലുള്ളവരോട് മെച്ചപ്പെട്ട മനോഭാവവും വിലമതിപ്പും.
ഉപസംഹാരം
NoFap പ്രസ്ഥാനത്തിൻറെ ആധികാരികതയോ ശാസ്ത്രീയതയോ ധാർമികതയോ വിലയിരുത്തുകയല്ല ഈ കുറിപ്പിന്റെ ലക്ഷ്യം; ഈ പ്രസ്ഥാനത്തെ വായനക്കാർക്ക് പരിചയപ്പെടുത്തുക എന്നത് മാത്രമാണ്. എന്നാൽ സ്വയംഭോഗത്തോടും പോൺ വീഡിയോകളോടുമുള്ള അമിതാസക്തി വ്യക്തികളിൽ പ്രതിലോമകരമായ ഫലങ്ങൾ ഉണ്ടാക്കുമെന്ന് കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. അതുകൊണ്ടുതന്നെ അത്തരത്തിൽ അമിതാസക്തി ഉള്ളവർക്ക് ഒന്ന് പരീക്ഷിച്ചു നോക്കാവുന്ന ഒരു ചലഞ്ചാണിത്.


1 comment:

  1. Good... Continue writing about new topics.

    ReplyDelete

You are Welcome to Comment