Thursday, August 5, 2021

ജീവന് വില നല്‍കാതെ "സാറ"


കഴിഞ്ഞ ഒരു മാസത്തിലധികമായി, പ്രത്യേകിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വിഷയമാണ് ജൂഡ് ആന്തണി സംവിധാനം ചെയ്ത സാറാസ് എന്ന സിനിമ. സിനിമ ഒരു കലാരൂപം എന്നതിനെക്കാളപ്പുറത്ത്, ഈ സിനിമ മുന്നോട്ടുവച്ച ആശയങ്ങളുടെയും നിലപാടു കളുടെയും പേരിലാണ് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. സാറാസ് എന്ന സിനിമ ചര്‍ച്ച ചെയ്യുന്ന ചില ആശയങ്ങളെ ക്രിസ്തീയ ധാര്‍മ്മികതയുടെ വെളിച്ചത്തില്‍ വിലയിരുത്തുകയാണ് ഈ ലേഖനത്തിലൂടെ.

സാറയുടെ നിലപാടുകള്‍

സാറാ എന്നു പേരുള്ള ഒരു യുവതിയുടെ കഥയാണ് സാറാസ്. സാറായുടെ കൗമാര പ്രായം മുതലാണ് സിനിമ തുടങ്ങുന്നത്. കൗമാര കാലം മുതലേ ജീവിതത്തെ പറ്റി വ്യക്തവും വ്യത്യസ്തവുമായ കാഴ്ചപ്പാടുള്ളവളായാണ് സാറായെ സിനിമ അവതരിപ്പിക്കുന്നത്.

ഒരു സിനിമ സംവിധായക ആവുക എന്നതാണ് സാറായുടെ ജീവിതാഭിലാഷം. ഇതിനിടയില്‍ കണ്ടുമുട്ടുന്ന ജീവന്‍ എന്ന ചെറുപ്പക്കാരനുമായി അവള്‍ ഇഷ്ടത്തിലാവുകയും. തന്റെ വീക്ഷണങ്ങളോട് ഏതാണ്ടൊക്കെ ചേര്‍ന്നു പോകുന്നവനാണ് ജീവന്‍ എന്നു മനസിലാക്കുകയും അയാളെ വിവാഹം ചെയ്യുകയുമാണ് സാറ.

ജീവനുമായി വിവാഹജീവിതം ആരംഭിച്ച സാറാ അപ്രതീക്ഷിതമായി ഗര്‍ഭിണി യാകുകയാണ്. അതിനിടയില്‍ തന്റെ സ്വപ്നസാക്ഷാത്കാരമായി ആദ്യ സിനിമാ സംവിധാനത്തിന് അവൾക്ക് അവസരമൊരുങ്ങുകയാണ്. കുടുംബാംഗങ്ങളുടെ, ഒരു പക്ഷേ ഭര്‍ത്താവിന്റെ പോലും ഇഷ്ടത്തിന് വിരുദ്ധമായി തന്റെ കുഞ്ഞിനെ ഗര്‍ഭച്ഛിത്രം ചെയ്യാന്‍ തീരുമാനിക്കുകയാണ് സാറാ. ഇവിടെ സാറായുടെ തീരുമാനത്തെ ന്യായീകരിക്കാന്‍ സിനിമ പലകാരണങ്ങളും പറയാന്‍ ശ്രമിക്കുന്നുണ്ട്.

ഒന്നാമതായി കുഞ്ഞുങ്ങളെ ജനിപ്പിക്കാനോ വളര്‍ത്താനോ ചെറുപ്പം മുതല്‍ തന്നെ താല്‍പര്യമില്ലാത്തവളാണ് സാറ. കുഞ്ഞുങ്ങളെ നോക്കി പരിപാലിക്കുവാനുള്ള കഴിവ് അവള്‍ക്ക് കുറവാണ്. രണ്ടാമതായി തങ്ങള്‍ക്ക് കുഞ്ഞുങ്ങള്‍ വേണ്ടായെന്ന് വിവാഹത്തിന് മുമ്പേതന്നെ ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരുമിച്ച് തീരുമാനിച്ചിരുന്നതാണ്. മൂന്നാമതായി വേണ്ടത്ര പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ അവര്‍ സ്വീകരിച്ചിരുന്നുവെങ്കിലും അവ പരാജയപ്പെട്ടു. നാലാമതായി സാറായ്ക്കു മുന്നില്‍ തുറന്നുകിട്ടിയ സിനിമാ സംവിധായികയാകാനുള്ള അസുലഭ അവസരം, അതുവഴി തന്റെ തൊഴില്‍ ജീവിതം വളര്‍ത്താനുള്ള അവസരം, അവള്‍ക്ക് എത്രയുംപെട്ടെന്ന് പ്രയോജനപ്പെടുത്തേണ്ടതുമുണ്ട്. ഗര്‍ഭധാരണവുമായി മുന്നോട്ടുപോയാല്‍ ഒരുപക്ഷേ അവള്‍ക്ക്  ഈ അവസരവും മുന്നോട്ടുള്ള അവസരങ്ങളും നഷ്ടപ്പെട്ടേക്കാം. ഈ കാരണങ്ങളൊക്കെ കണക്കിലെടുത്താണ് സാറ ഗര്‍ഭച്ഛിദ്രം നടത്താന്‍ തീരുമാനിക്കുന്നത്. ഒരു പക്ഷേ നല്ലൊരു ശതമാനം പ്രേക്ഷകരും അവളുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നത് ഇക്കാരണങ്ങള്‍ കൊണ്ടാണ്.

ഏതായാലും തന്റെ തീരുമാനവുമായി മുന്നോട്ടുപോകാനും അതുവഴി തന്റെ സംവിധാന സംരംഭത്തിന് നാന്ദികുറിക്കാനും ശ്രമിക്കുന്ന സാറ, അതില്‍ വിജയിച്ച് പുഞ്ചിരിയോടെ, വിജയശ്രീലാളിതയായി പുറത്തിറങ്ങുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. പക്ഷേ, ഈ സിനിമ അവശേഷിപ്പിച്ച “സാറയുടെ തീരുമാനം ശരിയായിരുന്നോ’ എന്ന ചോദ്യം പ്രസക്തമായി അവിടെ നില്‍ക്കുന്നു.

MTP ആക്റ്റ്

ആഗ്രഹിക്കാതെയും ഗര്‍ഭനിരോധനോപാധികളുടെ പരാജയത്താലും ഗര്‍ഭവതിയായ സാറയ്ക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ തുണയാകുന്നത് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്റ്റ് എന്ന നിയമമാണ്. സാറ സന്ദര്‍ശിക്കുന്ന ഡോക്ടര്‍ നിയമത്തിലെ ഈ സാധ്യതയെപ്പറ്റി സാറയ്ക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്. 1971 ല്‍ ഭാരതത്തില്‍ ഇത് നിലവില്‍ വരുമ്പോള്‍ 20 ആഴ്ച്ചകള്‍ വരെയുള്ള ഗര്‍ഭത്തെ നിയമപരമായി നശിപ്പിക്കാന്‍ ഈ നിയമം സാധ്യതനല്‍കുന്നു. പ്രധാനമായും നാലുകാരണങ്ങള്‍ ഉള്ളപ്പോഴാണ് ഈ സാധ്യത ഒരു വ്യക്തിക്ക് ഉപയോഗപ്പെടുത്താവു എന്നാണ് നിയമം അനുശാസിക്കുന്നത്. ഒന്നാമതായി ഗര്‍ഭവതിയായ സ്ത്രീയുടെ മാനസികമോ ശാരീരികമോ ആയ ആരോഗ്യത്തിന് ഗര്‍ഭധാരണം തടസമാകുമ്പോള്‍. രണ്ടാമതായി ശാരീരികമോ മാനസികമോ ആയ പ്രശ്‌നങ്ങള്‍ കാരണം കുട്ടി ജനിക്കുമ്പോള്‍ ഗുരുതരമായ വൈകല്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളപ്പോള്‍. മൂന്നാമതായി ബലാത്സംഗം മൂലം ഗര്‍ഭധാരണം ഉണ്ടാകുമ്പോള്‍. നാലാമതായി വിവാഹിതയായ ഒരു സ്ത്രീ അല്ലെങ്കില്‍ അവളുടെ ഭര്‍ത്താവ് ഉപയോഗിക്കുന്ന ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ പരാജയം മൂലം ഗര്‍ഭധാരണം സംഭവിക്കുമ്പോള്‍. 2021 മാര്‍ച്ച് മാസം 25ാം തിയതി ഈ നിയമത്തിന് വരുത്തിയ ഒരു ഭേദഗതി പ്രകാരം 24 ആഴ്ച്ചകള്‍ വരെയുള്ള ഗര്‍ഭധാരണത്തെ ഇപ്രകാരം നശിപ്പിക്കാന്‍ നിയമം അനുവദിക്കും. ഇന്ത്യന്‍ നിയമത്തിലെ ഈ വകുപ്പു നല്‍കുന്ന നിയമസാധ്യതയാണ് സിനിമയിലെ സാറ പ്രയോജനപ്പെടുത്തിയത്. "it is better not to be a parent than to be a bad one" എന്ന ആശയത്തിലൂന്നി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ സാറയെ ഇതു ചെയ്യാന്‍ പ്രേരിപ്പിക്കുന്നുമുണ്ട്.

സാറ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

സാറാസ് കണ്ടിറങ്ങിയ ആളുകളില്‍ വലിയൊരു വിഭാഗത്തെ സംബന്ധിച്ചിടത്തോളം സാറായുടെ തീരുമാനത്തെ ന്യായീകരിക്കാന്‍ ഇക്കാരണങ്ങള്‍ ധാരാളമായിരുന്നു. അവളുടെ തീരുമാനത്തിനാകട്ടെ നിയമത്തിന്റെ പരിരക്ഷയുമുണ്ട്. എന്നാല്‍ ക്രൈസ്തവ ധാര്‍മികതയുടെ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍ സാറായ്ക്ക് തന്റെ ഉദരത്തില്‍ വളര്‍ന്നു തുടങ്ങിയ കുഞ്ഞിനെ നശിപ്പിക്കാന്‍ ഇക്കാരണങ്ങള്‍ ആനുപാതികമായി പര്യാപ്തമായിരുന്നോ എന്ന ചോദ്യം പ്രസക്തമാണ്. ഇവിടെ സാറയെടുക്കുന്നത് തികച്ചും വ്യക്തിപരമായ തീരുമാനമാണ്. സാറയെടുക്കുന്ന തീരുമാനത്തിന് രണ്ട് ഫലങ്ങള്‍ ഉണ്ട്. ഒന്നാമതായി, സാറായുടെ ഉദരത്തില്‍ വളരുന്ന ഒരു കുഞ്ഞ് നശിപ്പിക്കപ്പെടുന്നു. രണ്ടാമതായി സാറായ്ക്ക് തന്റെ ആഗ്രഹമനുസരിച്ച് ജീവിക്കാന്‍ സാധിക്കുന്നു. അവള്‍ക്ക് ഇഷ്ടമില്ലാത്തത് തുടരുന്നതില്‍ നിന്ന് അവള്‍ മോചിതയാകുന്നു. അവള്‍ തന്റെ തൊഴില്‍ ജീവിതത്തില്‍ വിജയിയാകുന്നു.

ഒരേ സമയം രണ്ടുഫലങ്ങളുള്ള ഈ പ്രവൃത്തി ധാര്‍മികമായി ശരിയോ തെറ്റോ എന്ന് തീരുമാനിക്കപ്പെടേണ്ടത് ഈ രണ്ടുഫലങ്ങളെ തമ്മില്‍ താരതമ്യം ചെയ്തു കൊണ്ടാണ്. അതായത് ഒരേ സമയം രണ്ടു ഫലങ്ങളുള്ള ഒരു പ്രവൃത്തി ധാര്‍മ്മികമായി ശരി ആകുന്നത് ബലികഴിക്കപ്പെട്ട മൂല്യത്തേക്കാള്‍ നേടിയെടുക്കുന്ന മൂല്യത്തിന് വിലയുണ്ടാകുമ്പോഴാണ്. ഇവിടെ തുലാസിന്റെ ഒരു തട്ടിലുള്ളത് ബലികഴിക്കപ്പെട്ട കുഞ്ഞിന്റെ ജീവനാണ്. മറ്റേ തട്ടിലുള്ളത് നേടിയെടുക്കപ്പെട്ട മൂല്യമായ സാറയുടെ തൊഴില്‍ ജീവിതവും. അഭിലാഷങ്ങളും സ്വപ്‌നങ്ങളുമാണ്. ഇവ രണ്ടും തൂക്കിനോക്കുമ്പോള്‍ തീര്‍ച്ചയായും 'കൂടുതല്‍ മൂല്യമെന്നത്' ഒരു കുഞ്ഞിന്റെ ജീവന്‍ തന്നെയാണ്.

ഇവിടെ സാറാക്കു മുന്നിലുണ്ടായിരുന്ന തിരഞ്ഞെടുപ്പ് ഒരു ബുദ്ധിമുട്ടനുഭവിക്കണോ ഒരു  ജീവന്‍ നശിപ്പിക്കണോ എന്നതായിരുന്നു. തീര്‍ച്ചയായും സാറായുടെ തീരുമാനം തെറ്റാകുന്നത്, സാറ ജീവിതത്തിലെ ലൗകികമായ ചില താല്‍പര്യങ്ങള്‍ക്കുവേണ്ടി അതിനേക്കാള്‍ എത്രയോ മൂല്യമുള്ള ഒരു ജീവനെ ബലികൊടുത്തു എന്നതുകൊണ്ടാണ്. തീര്‍ച്ചയായും സാറായുടെ ജീവിതത്തെയും വ്യക്തിപരമായ ഇഷ്ടങ്ങളെയും സ്വാതന്ത്ര്യത്തെയും വിലകുറച്ചു കാണുകയല്ല, മറിച്ച് ഇവയൊക്കെയും ജീവന്റെ മൂല്യവുമായി തട്ടിച്ചുനോക്കുമ്പോള്‍ തുലോം ചെറുതാണെന്ന് വ്യക്തമാക്കുകയാണ് ചെയ്യുന്നത്. സാറായുടെ തീരുമാനം ശരിവയ്ക്കുന്ന ആളുകള്‍ ചോദിക്കുന്ന മറ്റൊരു ചോദ്യം നിയമം ഇത് അനുവദിക്കുന്നുണ്ട്. പിന്നെ എതിര്‍ക്കാന്‍ നിങ്ങള്‍ക്കെന്തവകാശം? എന്നാണ്. അങ്ങനെ ചോദിക്കുന്നവര്‍ ചിന്തിക്കേണ്ട ഒരു വസ്തുതയുണ്ട്. നിയമം നല്‍കുന്നത് ഒരു സാധ്യതയാണ്. അതുപയോഗപ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഓരോ വ്യക്തിയുടെയും ധാര്‍മിക നിലവാരമാണ്. നിയമസാധുതയെന്നത് എപ്പോഴും ധാര്‍മ്മികമായി ശരിയായിക്കൊള്ളണമെന്നില്ല എന്നും നാം ഓര്‍ക്കണം.

ജീവന്റെ മൂല്യം

മനുഷ്യ ജീവന്‍ എന്നത് ഏറ്റവും അടിസ്ഥാനപരമായ ഒരു മൂല്യമാണ്. സഭയുടെ എക്കാലത്തെയും നിലപാട് ജീവനുവേണ്ടി എപ്പോഴും നിലകൊള്ളുക എന്നതാണ്. കാരണം ഓരോ മനുഷ്യജീവനും ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെടുന്ന വ്യക്തികളാണ്. അതുകൊണ്ടു തന്നെ ഓരോ മനുഷ്യ ജീവനും ജീവന്റെ ആരംഭം മുതല്‍ സ്വാഭാവികമായ അന്ത്യം വരെ സംരക്ഷിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും മൂല്യമുള്ളതായി കണക്കാക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. അമ്മയുടെ ഉദരത്തില്‍ ഒരു ഭ്രൂണമായി രൂപപ്പെടുന്നതുമുതല്‍ അതിന് പുതിയൊരു ജീവന്‍ എന്ന എല്ലാവിധ അവകാശങ്ങളുമുണ്ട്. ഒരു ഭ്രൂണത്തിന്റെ ആരംഭം മുതലുള്ള അതിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളെ പഠിക്കുന്നവര്‍ക്ക് ആ കുഞ്ഞിന്റെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ആരംഭനിമിഷങ്ങള്‍ മുതലേ സജ്ജമാകുന്നു എന്നു മനസിലാക്കാന്‍ സാധിക്കും.

“സാറാസ് ഒരു സിനിമയല്ലേ? സാറായുടെ നിലപാടുകളെ ഇത്രയൊക്കെ ചര്‍ച്ച ചെയ്യേണ്ടതുണ്ടോ?’’ എന്നൊക്കെ ചോദിക്കുന്നവരുണ്ട്. സിനിമയെന്നത് ജനമനസുകളെ വളരെയധികം സ്വാധീനിക്കുന്ന ഒരു മാധ്യമം തന്നെയാണ്. അതുകൊണ്ടു തന്നെ സമൂഹത്തിന്റെ മനസാക്ഷി രൂപീകരണത്തില്‍ സിനിമകളിലൂടെ മുന്നോട്ടുവയ്ക്കപ്പെടുന്ന ആശയങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ട്. എന്തിനുമേതിനും വേണ്ടി വലിച്ചെറിയാനും നശിപ്പിക്കാനും മാത്രം മൂല്യമില്ലാത്തതാണ് ഒരു ഗര്‍ഭസ്ഥ ശിശുവിന്റെ ജീവനെന്ന പ്രതിലോമകരമായ ആശയം സമൂഹത്തില്‍ വളര്‍ത്താന്‍ സാറാസ് കാരണമാകും എന്നതുകൊണ്ടു തന്നെ സാറാസ് മുന്നോട്ടു വയ്ക്കുന്ന ഈ നിലപാടുകള്‍ വിമര്‍ശിക്കപ്പെടേണ്ടതും എതിര്‍ക്കപ്പെടേണ്ടതുമാണ്.


Published in MALABAR VISION, July, 2021




1 comment:

  1. Thought provoking....Let it be an eye opener for many.

    ReplyDelete

You are Welcome to Comment