Friday, August 6, 2021

ജീവൻ പൊന്നുപോലെ കാത്ത് 'മിമ്മി'


സാറാസ് എന്ന മലയാളം സിനിമയുമായി ബന്ധപ്പെട്ട ചില ചർച്ചകളിലാണ് മിമ്മി എന്ന ഹിന്ദി സിനിമയെ പറ്റി കേട്ടത്. മിമ്മി മുന്നോട്ടു വയ്ക്കുന്ന ചില ആശയങ്ങൾ താത്‌പര്യമുണര്‍ത്തുന്നതായിരുന്നതുകൊണ്ട് സിനിമ കാണാൻ തീരുമാനിച്ചു. മിമ്മി എന്ന സിനിമയിലെ ആശയങ്ങളെ സാറാസ് എന്ന സിനിമ മുന്നോട്ടുവയ്ക്കുന്ന ചില നിലപാടുകളുമായി ചേർത്തു വായിക്കാൻ ശ്രമിക്കുകയാണിവിടെ.

മിമ്മിയുടെ കഥ 
കുഞ്ഞുങ്ങൾ ഇല്ലാത്ത അമേരിക്കൻ ദമ്പതികളാണ് ജോണും സമ്മറും. തങ്ങളുടെ കുഞ്ഞിനെ പ്രസവിക്കാൻ ഒരു വാടക ഗർഭപാത്രം (surrogate mother)  തേടിയാണ് അവർ രാജസ്ഥാൻ സന്ദർശിക്കുന്നത്. യാദൃശ്ചികമായി അവർ സുന്ദരിയും നർത്തകിയുമായ മിമ്മിയെ കാണുകയും തങ്ങളുടെ കുട്ടിക്ക് അനുയോജ്യമായ വാടക അമ്മയാകാൻ അവൾ മതിയെന്ന് കരുതുകയും ചെയ്യുകയാണ്. അവരുടെ ടാക്സി ഡ്രൈവർ ഭാനുവിനെ ഇടനിലക്കാരനാക്കി, 20 ലക്ഷം രൂപയ്ക്ക് തങ്ങളുടെ കുഞ്ഞിന് ഗർഭപാത്രം വാടകയ്ക്ക് നൽകാൻ മിമ്മിയെ അവർ സമ്മതിപ്പിക്കുന്നു. അവളുടെ സ്വപ്നം ബോളിവുഡിലെ താരപദവിയാണ്. തന്റെ സ്വപ്നങ്ങളെ പിന്തുടരാൻ ആവശ്യമായ സാമ്പത്തിക ശേഷിയില്ലാത്ത മിമ്മി, തുടക്കത്തിലെ മടിക്ക് ശേഷം, ഈ തുക തനിക്ക് ബോളിവുഡിലേക്കുള്ള വളർച്ചക്ക് സഹായമാകുമെന്നുള്ള പ്രലോഭനത്തിൽ അതിന് സമ്മതിക്കുകയാണ്. IVF നടപടിക്രമം വിജയിക്കുകയും മിമ്മി ഗർഭിണിയാകുകയും ചെയ്യുന്നു. മാതാപിതാക്കളിൽ നിന്ന് ഗർഭം മറയ്ക്കാൻ, ഒരു സിനിമയുടെ ഷൂട്ടിംഗിനായി 9 മാസത്തേക്ക് താൻ മുംബൈയിലേക്ക് പോവുകയാണെന്ന് മിമ്മി കള്ളം പറയുകയാണ്. തുടർന്ന് അവൾ സുഹൃത്ത് ഷാമയോടൊപ്പം ജീവിക്കാൻ തുടങ്ങുന്നു.

പക്ഷെ, ഏതാനും ആഴ്‌ചകൾക്കുശേഷം, മിമ്മിയുടെ ഗർഭസ്ഥ ശിശുവിന് ഡൗൺ സിൻഡ്രോം ഉണ്ടെന്ന് ഒരു പതിവു പരിശോധനയിൽ വ്യക്തമായി. ഈ വാർത്ത ജോണിനെയും സമ്മറിനെയും ഞെട്ടിക്കുന്നതായിരുന്നു. ഇനി ഈ കുഞ്ഞിനെ വേണ്ടെന്ന്  തീരുമാനിച്ച് അവർ പെട്ടെന്ന് അമേരിക്കയിലേക്ക് മടങ്ങിപ്പോയി. ഗർഭം ഉപേക്ഷിക്കാൻ അവർ മിമ്മിയോട് നിർദ്ദേശിച്ചു. മിമ്മി തകർന്നുപോയി. പക്ഷേ, ഗർഭച്ഛിദ്രം എന്ന ഡോക്ടറുടെയും ദമ്പതികളുടെയും നിർദ്ദേശം അവൾ നിരാകരിക്കുകയാണ്. കുട്ടിയെ പ്രസവിക്കാൻ അവൾ തീരുമാനിക്കുന്നു. അങ്ങനെ ഗർഭിണിയായ മിമ്മി വീട്ടിലേക്ക് മടങ്ങി. സിനിമയിൽ അഭിനയിക്കാൻ പോയ മകൾ ഗർഭിണിയായി തിരിച്ചു വന്നത് ആ കുടുംബത്തെ വിഷമത്തിലാക്കി. ക്രമേണ, മിമ്മി വാടക ഗർഭധാരണത്തെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തുകയും തുടർന്ന് അവളുടെ ഗർഭസ്ഥ ശിശുവിനെ മാതാപിതാക്കളും കുടുംബവും അംഗീകരിക്കുകയും ചെയ്യുന്നു.
നേരത്തെയുള്ള പരിശോധനാ ഫലത്തിന് വിരുദ്ധമായി മിമ്മി ആരോഗ്യവാനായ ഒരു ആൺകുട്ടിക്ക് ജന്മം നൽകി. അവൾ അവന് രാജ് എന്ന് പേരിട്ടു. അവനോട് അവൾക്കുണ്ടായിരുന്ന സ്നേഹം അഗാധമായിരുന്നു. അവനെ പരിപാലിക്കാൻ അവൾ അവളുടെ ബോളിവുഡ് സ്വപ്‌നങ്ങൾ മാറ്റി വയ്ക്കുകയാണ്. 
നാല് വർഷങ്ങൾക്കു ശേഷം, മിമ്മിയുടെയും രാജിന്റെയും ഒരു വീഡിയോ ഓൺലൈനിൽ കണ്ട്, ജോണും സമ്മറും ഇന്ത്യയിലേക്ക് മടങ്ങി വരുന്നു. അവരുടെ മനസ്സ് മാറിയെന്നും രാജിനെ അമേരിക്കയിലേക്ക്  കൊണ്ടുപോകാൻ ആഗ്രഹിക്കുന്നുവെന്നും അവർ മിമിയോട് പറയുകയാണ്. എന്നാൽ മിമിയ്ക്ക് അത് സങ്കൽപ്പിക്കാൻ പോലും ആകുമായിരുന്നില്ല. രാജ് ഇപ്പോൾ തന്റെ കുട്ടിയാണെന്നും അവനെ തിരികെ നൽകില്ലെന്നും അവൾ വാദിച്ചു നോക്കുന്നുണ്ട്. എന്നാൽ, നിയമപരമായ അതിനെ നേരിടുമെന്ന് ദമ്പതികൾ അവരെ ഭീഷണിപ്പെടുത്തുകയാണ്. കാരണം മിമ്മി വാടക ഗർഭധാരണത്തിനായി ഒരു കരാർ ഒപ്പിട്ടിട്ടുണ്ട്; കൂടാതെ അവളുടെ സേവനങ്ങൾക്ക് അവൾ പ്രതിഫലം സ്വീകരിച്ചിട്ടുമുണ്ട്. അതു കൊണ്ട് കുട്ടിയുടെ മേൽ അവൾക്ക് നിയമപരമായ അവകാശമില്ല. മിമ്മിയുടെ മാതാപിതാക്കൾ കോടതിയിൽ ഇതിനെതിരെ പോരാടാൻ തയ്യാറെടുക്കുകയാണ്. പക്ഷേ മിമ്മി അതിനോട്  വിയോജിക്കുന്നു; കാരണം കോടതി കേസുകളുടെ പോരാട്ടത്തിനു വേണ്ടി രാജിനെ വിട്ടു കൊടുക്കാൻ അവൾക്ക് ആഗ്രഹമില്ല. അതുകൊണ്ട് കുഞ്ഞിനെ ജോണിനും സമ്മറിനും തിരികെ നൽകാൻ അവൾ തീരുമാനിക്കുകയാണ്. 
എന്നാൽ ജോണും സമ്മറും, മിമ്മിക്ക് രാജിനോടുളള അഗാധമായ ബന്ധം മനസ്സിലാക്കി അവനെ അവർക്കുതന്നെ വിട്ടുകൊടുക്കുന്നു. ഒരു കുഞ്ഞിനെ ദത്തെടുത്ത് അവർ അമേരിക്കയിലേക്ക് മടങ്ങുന്നിടത്ത് ഹൃദയ സ്പർശിയായ ഈ കഥ അവസാനിക്കുകയാണ്. 

മിമ്മി നൽകുന്ന പാഠം 
ജീവനേക്കാൾ ജീവിതത്തിന് വിലയുണ്ട് എന്നതായിരുന്നു സാറാസ് നൽകാൻ ഉദ്ദേശിച്ച പാഠം എങ്കിൽ, ജീവന് ജീവിതത്തേക്കാൾ വിലയുണ്ട് എന്ന പാഠമാണ് മിമ്മി നൽകുന്നത്. തങ്ങളുടെ ഗർഭസ്ഥ ശിശുവിനെ ഉപേക്ഷിച്ച് അമേരിക്കൻ ദമ്പതികൾ തിരിച്ചുപോയതിനുശഷം മിമ്മിയനുഭവിക്കുന്ന മാനസിക വ്യഥ ഹൃദയസ്പർശിയായി ഈ സിനിമ അവതരിപ്പിക്കുന്നുണ്ട്. അവിവാഹിതയായ അവൾ നാട്ടുകാരുടെയും വീട്ടുകാരുടെയും മുമ്പിൽ എന്ത് സമാധാനം പറയും? ഡൗൺ സിൻഡ്രോം ഉണ്ടെന്ന് വൈദ്യശാസ്ത്രം പ്രവചിക്കുന്ന കുഞ്ഞിനെ അവൾ എന്തു ചെയ്യും? തന്റെ ബോളിവുഡ് സ്വപ്നങ്ങളെ അവൾ എങ്ങനെ മറക്കും? ഇനി തനിക്കെങ്ങനെ ഒരു കുടുംബ ജീവിതം ഉണ്ടാകും? ഈ ചോദ്യങ്ങളൊക്കെ അവളുടെ മനസ്സിനെ എത്രമാത്രം  കലുഷിതമാക്കിയിട്ടുണ്ടാവും. അവളെ ശുശ്രൂഷിക്കുന്ന IVF ക്ലിനിക്കിലെ ഡോക്ടർ അവൾക്ക് നൽകുന്ന ഒരു ഉപദേശം ഇങ്ങനെയാണ്: "പല വാടക ഗർഭ കേസുകളിലും ദമ്പതികൾ കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു പോകാറുണ്ട്. അപ്പോഴൊക്കെ വാടക ഗർഭപാത്രം നൽകുന്ന സ്ത്രീകൾ കുഞ്ഞിനെ നശിപ്പിക്കാറാണ് പതിവ്". അവരോട് മിമ്മി പറയുന്ന ഒരുത്തരമുണ്ട്, അല്ലെങ്കിൽ, അവൾ ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്: “ഡോക്ടർ, ഞാൻ ഇപ്പോൾ അനുഭവിക്കുന്ന കാര്യങ്ങളിൽ നിന്ന് ഞാൻ വിശ്വസിക്കുന്നു,  എന്റെ ഉള്ളിലെ കുഞ്ഞ് ജീവനുള്ളതാണ്; അത് വളരുന്നു, ശ്വസിക്കുന്നു, ഭക്ഷിക്കുന്നു, കൈകളും  കാലുകളും ചലിപ്പിക്കുന്നു. അത് എന്റെ സംസാരം കേൾക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. വെളിയിൽ വെച്ച് ഒരു കുഞ്ഞിനെ കൊന്നാൽ അത് കുറ്റകൃത്യം ആകുന്നെങ്കിൽ എന്തുകൊണ്ടാണ് ഒരു കുഞ്ഞിനെ ഉള്ളിൽ വച്ചു കൊന്നാൽ അങ്ങനെ ആകാത്തത്? എന്തുകൊണ്ടാണ് ആളുകൾ ഒരു കുഞ്ഞിന്റെ ജീവനെ അതിന്റെ ശാരീരിക മാനസിക അവസ്ഥകൾ പരിഗണിക്കാതെ സ്വീകരിക്കാത്തത്? ഒരു കുഞ്ഞ്  എപ്പോഴും, ഏതവസ്ഥയിലും ഒരു കുഞ്ഞു തന്നെയല്ലേ?" തികച്ചും മൂല്യമുള്ളതും കരളലിയിക്കുന്നതുമായ ചോദ്യങ്ങളാണ് ഇവയൊക്കെ. ജീവിതാഭിലാഷങ്ങൾക്കും സ്വപ്നങ്ങൾക്കും വ്യക്തി സ്വാതന്ത്ര്യത്തിനുമൊക്കെ ഒരു ഗർഭസ്ഥ ശിശുവിന്റെ ജീവനേക്കാൾ വിലയുണ്ട് എന്ന് പഠിപ്പിക്കുന്ന ഈ ആധുനിക ലോകത്തിൽ മിമ്മിയുടെ ഈ ചോദ്യങ്ങൾ പ്രസക്തമാണ്. 
1983 വരെ ഡോക്ടർമാർ എടുത്തിരുന്ന ഹിപ്പോക്രാറ്റിക് ഓത്തിൽ ഒരു വാക്യമുണ്ടായിരുന്നു: "ജീവനെ അതിന്റെ ഗർഭധാരണത്തിന്റെ സമയം മുതൽ ഞാൻ ഏറ്റവും വിലയുള്ളതായി കല്പിക്കും" എന്നായിരുന്നു അത്. എന്നാൽ പിന്നീടത് "ജീവന്റെ ആരംഭം മുതൽ" എന്നും, ഇപ്പോൾ "ജീവനെ" എന്നുമാക്കി തിരുത്തിയിട്ടുണ്ട്. ധാർമ്മികതയുടെ പിന്നോട്ടുള്ള വളർച്ചയുടെ ഉദാഹരണങ്ങളായേ ഇത്തരത്തിലുള്ള പരിഷ്കാരങ്ങളെ കാണാനാവൂ. എന്നാൽ ഇക്കാലത്തും മിമ്മിയെപ്പോലെ ചിന്തിക്കുന്ന മനുഷ്യർ ഉണ്ടെന്നത് ശുഭസൂചകമാണു താനും.  
എന്റെ ഈ അഭിപ്രായ പ്രകടനങ്ങൾ കേട്ട ചിലരിൽ നിന്ന് വന്ന വിമർശനങ്ങൾ ഇങ്ങനെയാണ്: താങ്കൾ എന്തു സ്ത്രീ വിരുദ്ധനാണ് ഹേ? സ്ത്രീകളുടെ ജീവിതത്തിനും അവരുടെ ആഗ്രഹങ്ങൾക്കും ഒരു വിലയുമില്ലേ? പ്രസവിക്കാനും മക്കളെ വളർത്താനും മാത്രം സ്ത്രീകൾ വീട്ടിലിരിക്കാൻ നിങ്ങൾ ഇത് പറയുന്നത് പതിനെട്ടാം നൂറ്റാണ്ടിലല്ല". അവരോടൊക്കെയുള്ള എന്റെ മറുപടി ഇങ്ങനെയാണ്. ഗർഭധാരണവും മക്കളെ വളർത്തലുമൊന്നും ഒരു സ്ത്രീയുടെയും സ്വപ്നങ്ങളെ തകർക്കുന്നില്ല. ഇന്ന് ലോകത്തിന്റെ ഉയരങ്ങളിൽ നിൽക്കുന്ന സ്ത്രീകളിൽ സിംഹഭാഗവും അവിടെയൊക്കെ എത്തിപ്പെട്ടത് കുഞ്ഞുങ്ങളെ ജനിപ്പിക്കുകയും വളർത്തുകയും ചെയ്യുന്നതിന്റെ ഇടയിൽ തന്നെയാണ്. നൂറുകണക്കിന് ഉദാഹരണങ്ങൾ നമുക്ക് ചുറ്റുപാടും ചൂണ്ടിക്കാണിക്കാനുണ്ട്. അതുമാത്രമല്ല കുഞ്ഞുങ്ങളെ ഗർഭംധരിക്കാനും ജനിപ്പിക്കാനും അവരെ വളർത്താനും ഉള്ള കഴിവുകൾ ദൈവം സ്ത്രീകൾക്കുമാത്രം കൊടുത്തിട്ടുള്ള കഴിവുകളാണ്. ഇതിനെ ഒരു ഭാരമായി കാണാതെ ദൈവത്തിന്റെ ദാനമായി കാണാൻ കഴിയുമ്പോൾ ഇതിൽ വലിയ സന്തോഷം കണ്ടെത്താൻ കഴിയുന്നവരാണ് നമുക്ക് ചുറ്റുമുള്ള എല്ലാ അമ്മമാരും തന്നെ. 


മിമ്മി എന്ന സിനിമയുടെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്ന് വാടക ഗർഭ ധാരണം ആയതുകൊണ്ട് അതിനെക്കുറിച്ചുകൂടി പ്രതിപാദിക്കാതെ ഈ കുറിപ്പ് അവസാനിപ്പിക്കാനാവില്ല. പുറത്തുവന്നിട്ടുള്ള ചില കണക്കുകൾ പ്രകാരം, 2 ബില്യൺ ഡോളർ മൂല്യമുള്ള ഈ വ്യവസായത്തിൽ, ഇന്ത്യയിൽ പ്രതിവർഷം 25,000 -ൽ അധികം കുട്ടികൾ വാടക ഗർഭപാത്രത്തിലൂടെ ജനിക്കുന്നുണ്ട്. തന്റെ ശരീരത്തിൽ വളരുന്ന ഒരു കുഞ്ഞിനോട് മിമ്മിയ്ക്കുണ്ടാകുന്ന മാനസിക അടുപ്പം ഈ സിനിമയിൽ വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്. മക്കളില്ലാത്ത ദമ്പതികൾ കുഞ്ഞുങ്ങൾ ഉണ്ടാകാൻ ഈ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കുമ്പോൾ കുഞ്ഞിന്റെ മാനസികവളർച്ചയെ ഇത്തരത്തിലുള്ള രീതികൾ ഏതു രീതിയിൽ ദോഷകരമായി ബാധിക്കും എന്ന് കൂടി ചിന്തിക്കേണ്ടതുണ്ട്. കുഞ്ഞുങ്ങളെ ജനിപ്പിക്കുകയെന്ന ദൈവികമായ ദൗത്യ നിർവഹണത്തിൽ ഇത്തരത്തിലുള്ള വാണിജ്യപരത കടന്നുവരുന്നത് എത്രമാത്രം ആശാവഹമാണ് എന്നുകൂടെ നാം ചിന്തിക്കണം. മിമ്മി എന്ന സിനിമയുടെ അവസാനം എഴുതിക്കാണിക്കുന്നതുപോലെ അനാഥരായ കുട്ടികളുടെ മാത്രം ഒരു രാജ്യമുണ്ടായെങ്കിൽ ആ രാജ്യത്തിലെ ജനസംഖ്യ ഇപ്പോൾ 153  മില്യൺ ആയിരുന്നേനെ; ലോകത്തിലെ ജനസംഖ്യാ കണക്കിൽ ആ രാജ്യം ഒൻപതാം സ്ഥാനത്തും.  അതുകൊണ്ടു തന്നെ മക്കളില്ലാത്ത ദമ്പതികൾ വാടക ഗർഭം പോലെയുള്ള രീതികൾ തിരഞ്ഞെടുക്കാതെ ദത്തെടുക്കലിനെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയാണെങ്കിൽ എത്ര നന്നാകുമായിരുന്നു. 

ജീവനെ സ്നേഹിക്കാനും, അതിനെ ഏതു സാഹചര്യത്തിലും അമൂല്യമായ കരുതാനും, അതിനെ ഇപ്പോഴും സംരക്ഷിക്കാനും, മിമ്മിയെന്ന സിനിമ ചിലരെയെങ്കിലും പ്രേരിപ്പിക്കും എന്നതുകൊണ്ടുതന്നെ ഈ സിനിമ അഭിനന്ദനം അർഹിക്കുന്നു.

2 comments:

  1. Well written..the new generation thinking about life has changed to unimaginable level in few cases

    ReplyDelete
  2. Reflective...Your way of analysing is great.. Continue writing..

    ReplyDelete

You are Welcome to Comment