Tuesday, August 10, 2021

കൊലക്കളമാകുന്ന ഗർഭപാത്രങ്ങൾ


സാറാസ് എന്ന മലയാള സിനിമ തുടങ്ങിവച്ച ചർച്ചകൾക്ക് ഇനിയും വിരാമമായിട്ടില്ല. ജീവൻ്റെ മൂല്യത്തെപ്പറ്റി സാറാസ് മുന്നോട്ടുവച്ച ചില നിലപാടുകൾ എതിർക്കപ്പെടേണ്ടതും വിമർശിക്കപ്പെടേണ്ടതും ആണെന്ന് ജീവൻ്റെ പക്ഷത്തു നിൽക്കുന്ന വലിയൊരു വിഭാഗം പ്രേക്ഷകർ ശബ്ദമുയർത്തിക്കഴിഞ്ഞു. അതിനിടയിലാണ് ആഗസ്റ്റ് 26 ന് ലക്ഷ്മൺ ഉട്ടേക്കർ സംവിധാനം ചെയ്ത ഹിന്ദി സിനിമ 'മിമ്മി' പുറത്തിറങ്ങിയത്. സാറാസ് മുന്നോട്ടുവെച്ച 'മരണ സംസ്കാരത്തിൻ്റെ' പശ്ചാത്തലത്തിൽ 'ജീവൻ്റെ സംസ്കാരം' ഉയർത്തിപ്പിടിച്ചുകൊണ്ട് മിമ്മി പ്രേക്ഷക ശ്രദ്ധയാകർഷിച്ചു. ഗർഭാശയത്തെ കൊലക്കളമാക്കികൊണ്ട് 1971 ആഗസ്റ്റ് പത്താം തീയതി ഭാരതത്തിൽ MTP ആക്ട് നിലവിൽ വന്നതിൻ്റെ അമ്പതാം വാർഷികം വിലാപ ദിനമായി ആചരിക്കാൻ ഭാരത കത്തോലിക്കാ സഭ തീരുമാനിച്ച സാഹചര്യത്തിൽ, സാറാസ് മുന്നോട്ടുവെച്ച മരണ സംസ്കാരത്തെയും മിമ്മി മുന്നോട്ടുവയ്ക്കുന്ന ജീവ സംസ്കാരത്തെയും ചേർത്തു വായിക്കാൻ ശ്രമിക്കുകയാണ് ഈ ലേഖനത്തിലൂടെ. 

സാറയും മിമ്മിയും

സാറയും മിമ്മിയും സൗന്ദര്യവും കഴിവും ഉള്ള യുവതികളാണ്. സാറയുടെ ജീവിതലക്ഷ്യം ഒരു സിനിമാ സംവിധായിക ആവുക എന്നതാണെങ്കിൽ, മിമ്മിയുടെ ലക്ഷ്യം ഒരു ബോളിവുഡ് സിനിമാനടി ആയിത്തീരുക എന്നതായിരുന്നു. രണ്ടുപേർക്കും അതിനുള്ള കഴിവുണ്ട്; അതിനായി അവർ അക്ഷീണം പരിശ്രമിക്കുന്നുണ്ട്. പക്ഷെ അതിനിടയിൽ രണ്ടുപേരുടെയും ജീവിതത്തിൽ ഇടിത്തീ പോലെ  അപ്രതീക്ഷിതമായ ഒന്ന് സംഭവിക്കുകയാണ്. ഒരിക്കലും ഗർഭം ധരിക്കാൻ ആഗ്രഹിക്കാതിരുന്ന, കുഞ്ഞുങ്ങളെ ജനിപ്പിക്കാനോ വളർത്താനോ ഇഷ്ടമില്ലാതിരുന്ന സാറ, ഗർഭനിരോധന ഉപാധികളുടെ പരാജയം മൂലം ഗർഭിണി ആവുകയാണ്.
മിമ്മിയാവട്ടെ ബോളിവുഡിൽ എത്തിച്ചേരാനുള്ള പണം സമ്പാദിക്കാനായി തൻ്റെ ഗർഭപാത്രം ഒരു അമേരിക്കൻ ദമ്പതികൾക്ക് വാടകയ്ക്ക് (Surrogate Mother) നൽകുന്നു. പക്ഷേ പതിവ് പരിശോധനയിൽ കുഞ്ഞിന് ഡൗൺ സിൻഡ്രോം ഉണ്ടെന്ന് കണ്ടെത്തുകയും അമേരിക്കൻ ദമ്പതികൾ കുഞ്ഞിനെ ഉപേക്ഷിച്ചു പോവുകയും ആണ്. അങ്ങനെ സാറയ്ക്കും മിമ്മിയ്ക്കും ഗർഭസ്ഥശിശു ഒരു ബാധ്യതയായി മാറുന്നു. രണ്ടുപേരുടെയും ജീവിതത്തെയും ജീവിതാഭിലാഷങ്ങളെയും തല്ലിത്തകർക്കുന്നതായിരുന്നു ഈ സാഹചര്യം. ഈ വിഷമസന്ധിയിൽ സാറയ്ക്കും മിമ്മിയ്ക്കും മുമ്പിൽ വെച്ചു നീട്ടപെടുന്ന പരിഹാരമാർഗ്ഗം ഗർഭം അവസാനിപ്പിക്കുക അഥവാ കുഞ്ഞിനെ നശിപ്പിക്കുക എന്നതാണ്. അതിനു നിയമ സാധുത നൽകിക്കൊണ്ട് എം ടി പി ആക്ട് എന്ന നിയമവും ഭാരതത്തിൽ നിലവിലുണ്ട്. ആഗ്രഹിക്കാതെയും ഗര്‍ഭനിരോധന ഉപാധികളുടെ പരാജയത്താലും ഗര്‍ഭവതിയായ സാറയ്ക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ തുണയാകുന്നത് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്റ്റ് എന്ന ഈ നിയമമാണ്. സാറ സന്ദര്‍ശിക്കുന്ന ഡോക്ടര്‍ നിയമത്തിലെ ഈ സാധ്യതയെപ്പറ്റി സാറയ്ക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്. ഉപേക്ഷിക്കപ്പെട്ട ശിശുവിനെ വാടക ഗർഭപാത്രത്തിൽ ചുമക്കുന്ന മിമ്മിയ്ക്കും, അവളെ ശുശ്രൂഷിക്കുന്ന IVF ക്ലിനിക്കിലെ ഡോക്ടർ നൽകുന്ന ഒരു ഉപദേശം ഇങ്ങനെയാണ്: "പല വാടക ഗർഭ കേസുകളിലും ദമ്പതികൾ കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു പോകാറുണ്ട്. അപ്പോഴൊക്കെ വാടക ഗർഭപാത്രം നൽകുന്ന സ്ത്രീകൾ കുഞ്ഞിനെ നശിപ്പിക്കാറാണ് പതിവ്".

MTP ആക്റ്റ്
1971 ല്‍ ഭാരതത്തില്‍ ഇത് നിലവില്‍ വരുമ്പോള്‍ 20 ആഴ്ച്ചകള്‍ വരെയുള്ള ഗര്‍ഭത്തെ നിയമപരമായി നശിപ്പിക്കാന്‍ ഈ നിയമം സാധ്യതനല്‍കുന്നു. പ്രധാനമായും നാലുകാരണങ്ങള്‍ ഉള്ളപ്പോഴാണ് ഈ സാധ്യത ഒരു വ്യക്തിക്ക് ഉപയോഗപ്പെടുത്താവു എന്നാണ് നിയമം അനുശാസിക്കുന്നത്. ഒന്നാമതായി ഗര്‍ഭവതിയായ സ്ത്രീയുടെ മാനസികമോ ശാരീരികമോ ആയ ആരോഗ്യത്തിന് ഗര്‍ഭധാരണം തടസമാകുമ്പോള്‍. 
രണ്ടാമതായി ശാരീരികമോ മാനസികമോ ആയ പ്രശ്‌നങ്ങള്‍ കാരണം കുട്ടി ജനിക്കുമ്പോള്‍ ഗുരുതരമായ വൈകല്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളപ്പോള്‍. മൂന്നാമതായി ബലാത്സംഗം മൂലം ഗര്‍ഭധാരണം ഉണ്ടാകുമ്പോള്‍. നാലാമതായി വിവാഹിതയായ ഒരു സ്ത്രീ അല്ലെങ്കില്‍ അവളുടെ ഭര്‍ത്താവ് ഉപയോഗിക്കുന്ന ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ പരാജയം മൂലം ഗര്‍ഭധാരണം സംഭവിക്കുമ്പോള്‍. 2021 മാര്‍ച്ച് മാസം 25ാം തിയതി ഈ നിയമത്തിന് വരുത്തിയ ഒരു ഭേദഗതി പ്രകാരം 24 ആഴ്ച്ചകള്‍ വരെയുള്ള ഗര്‍ഭധാരണത്തെ ഇപ്രകാരം നശിപ്പിക്കാന്‍ നിയമം അനുവദിക്കും. 

സാറായുടെയും മിമ്മിയുടെയും തീരുമാനങ്ങൾ 
ഇന്ത്യന്‍ നിയമത്തിലെ ഈ വകുപ്പു നല്‍കുന്ന നിയമസാധ്യതയാണ് സിനിമയിലെ സാറ പ്രയോജനപ്പെടുത്തിയത്. "it is better not to be a parent than to be a bad one" എന്ന ആശയത്തിലൂന്നി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ സാറയെ ഇതു ചെയ്യാന്‍ പ്രേരിപ്പിക്കുന്നുമുണ്ട്. ഇവിടെ സാറായുടെ തീരുമാനത്തെ ന്യായീകരിക്കാന്‍ സിനിമ പലകാരണങ്ങളും പറയാന്‍ ശ്രമിക്കുന്നുണ്ട്. ഒന്നാമതായി കുഞ്ഞുങ്ങളെ ജനിപ്പിക്കാനോ വളര്‍ത്താനോ ചെറുപ്പം മുതല്‍ തന്നെ താല്‍പര്യമില്ലാത്തവളാണ് സാറ. കുഞ്ഞുങ്ങളെ നോക്കി പരിപാലിക്കുവാനുള്ള കഴിവ് അവള്‍ക്ക് കുറവാണ്. രണ്ടാമതായി തങ്ങള്‍ക്ക് കുഞ്ഞുങ്ങള്‍ വേണ്ടായെന്ന് വിവാഹത്തിന് മുമ്പേതന്നെ ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരുമിച്ച് തീരുമാനിച്ചിരുന്നതാണ്. മൂന്നാമതായി വേണ്ടത്ര പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ അവര്‍ സ്വീകരിച്ചിരുന്നുവെങ്കിലും അവ പരാജയപ്പെട്ടു. നാലാമതായി സാറായ്ക്കു മുന്നില്‍ തുറന്നുകിട്ടിയ സിനിമാ സംവിധായികയാകാനുള്ള അസുലഭ അവസരം, അതുവഴി തന്റെ തൊഴില്‍ ജീവിതം വളര്‍ത്താനുള്ള അവസരം, അവള്‍ക്ക് എത്രയുംപെട്ടെന്ന് പ്രയോജനപ്പെടുത്തേണ്ടതുമുണ്ട്. ഗര്‍ഭധാരണവുമായി മുന്നോട്ടുപോയാല്‍ ഒരുപക്ഷേ അവള്‍ക്ക് ഈ അവസരവും മുന്നോട്ടുള്ള അവസരങ്ങളും നഷ്ടപ്പെട്ടേക്കാം. ഈ കാരണങ്ങളൊക്കെ കണക്കിലെടുത്താണ് സാറ ഗര്‍ഭച്ഛിദ്രം നടത്താന്‍ തീരുമാനിക്കുന്നത്.

എന്നാൽ മിമ്മിയാകട്ടെ മറിച്ചൊരു തീരുമാനമാണ് സ്വയം എടുക്കുന്നത്. അത് എന്ത് വന്നാലും തന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിനെ താൻ നശിപ്പിക്കില്ല എന്നതായിരുന്നു. കുഞ്ഞിനെ നശിപ്പിക്കാൻ അവളെ ഉപദേശിക്കുന്ന ഡോക്ടറോട് മിമ്മി പറയുന്ന ഒരുത്തരമുണ്ട്, അല്ലെങ്കിൽ, അവൾ ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്: “ഡോക്ടർ, ഞാൻ ഇപ്പോൾ അനുഭവിക്കുന്ന കാര്യങ്ങളിൽ നിന്ന് ഞാൻ വിശ്വസിക്കുന്നു, എൻ്റെ ഉള്ളിലെ കുഞ്ഞ് ജീവനുള്ളതാണ്; അത് വളരുന്നു, ശ്വസിക്കുന്നു, ഭക്ഷിക്കുന്നു, കൈകളും കാലുകളും ചലിപ്പിക്കുന്നു. അത് എൻ്റെ സംസാരം കേൾക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. വെളിയിൽ വെച്ച് ഒരു കുഞ്ഞിനെ കൊന്നാൽ അത് കുറ്റകൃത്യം ആകുന്നെങ്കിൽ എന്തുകൊണ്ടാണ് ഒരു കുഞ്ഞിനെ ഉള്ളിൽ വച്ചു കൊന്നാൽ അങ്ങനെ ആകാത്തത്? എന്തുകൊണ്ടാണ് ആളുകൾ ഒരു കുഞ്ഞിൻ്റെ ജീവനെ, അതിൻ്റെ ശാരീരിക മാനസിക അവസ്ഥകൾ പരിഗണിക്കാതെ സ്വീകരിക്കാത്തത്? ഒരു കുഞ്ഞ് എപ്പോഴും, ഏതവസ്ഥയിലും ഒരു കുഞ്ഞു തന്നെയല്ലേ?" തികച്ചും മൂല്യമുള്ളതും കരളലിയിക്കുന്നതുമായ ചോദ്യങ്ങളാണ് ഇവയൊക്കെ. ജീവിതാഭിലാഷങ്ങൾക്കും സ്വപ്നങ്ങൾക്കും വ്യക്തി സ്വാതന്ത്ര്യത്തിനുമൊക്കെ ഒരു ഗർഭസ്ഥ ശിശുവിൻ്റെ ജീവനേക്കാൾ വിലയുണ്ട് എന്ന് പഠിപ്പിക്കുന്ന സാറമാരുടെ ആധുനിക ലോകത്തിൽ മിമ്മിയുടെ ഈ ചോദ്യങ്ങൾ പ്രസക്തമാണ്. 
ജീവനേക്കാൾ ജീവിതത്തിന് വിലയുണ്ട് എന്നതായിരുന്നു സാറാസ് നൽകാൻ ഉദ്ദേശിച്ച പാഠം എങ്കിൽ, ജീവന് ജീവിതത്തേക്കാൾ വിലയുണ്ട് എന്ന പാഠമാണ് മിമ്മി നൽകുന്നത്. തങ്ങളുടെ ഗർഭസ്ഥ ശിശുവിനെ ഉപേക്ഷിച്ച് അമേരിക്കൻ ദമ്പതികൾ തിരിച്ചുപോയതിനുശഷം മിമ്മിയനുഭവിക്കുന്ന ഭീകരമായ ഒരു മാനസിക വ്യഥയുണ്ട്. അവിവാഹിതയായ അവൾ നാട്ടുകാരുടെയും വീട്ടുകാരുടെയും മുമ്പിൽ എന്ത് സമാധാനം പറയും? ഡൗൺ സിൻഡ്രോം ഉണ്ടെന്ന് വൈദ്യശാസ്ത്രം പ്രവചിക്കുന്ന കുഞ്ഞിനെ അവൾ എന്തു ചെയ്യും? തൻ്റെ ബോളിവുഡ് സ്വപ്നങ്ങളെ അവൾ എങ്ങനെ മറക്കും? ഇനി തനിക്കെങ്ങനെ ഒരു കുടുംബ ജീവിതം ഉണ്ടാകും? ഈ ചോദ്യങ്ങളൊക്കെ അവളുടെ മനസ്സിനെ എത്രമാത്രം കലുഷിതമാക്കിയിട്ടുണ്ടാവും. പക്ഷേ അവളെ സംബന്ധിച്ചിടത്തോളം അവൾ മാറ്റിവച്ച അവളുടെ ജീവിതവും അഭിലാഷങ്ങളും അവളുടെ സ്വപ്‌നങ്ങളും ഒരു കുഞ്ഞിൻ്റെ ജീവന്‍ എന്ന മൂല്യത്തേക്കാൾ ചെറുതായിരുന്നു. അഥവാ ജീവൻ്റെ മൂല്യമെന്നത് മറ്റെന്തിനേക്കാളും അവൾക്ക് വലുതായിരുന്നു.

ഇതൊക്കെ പറയുമ്പോൾ, "താങ്കൾ എന്തു സ്ത്രീ വിരുദ്ധനാണ്? സ്ത്രീകളുടെ ജീവിതത്തിനും അവരുടെ ആഗ്രഹങ്ങൾക്കും ഒരു വിലയുമില്ലേ? പ്രസവിക്കാനും മക്കളെ വളർത്താനും മാത്രം സ്ത്രീകൾ വീട്ടിലിരിക്കാൻ നിങ്ങൾ ഇത് പറയുന്നത് പതിനെട്ടാം നൂറ്റാണ്ടിലല്ല" എന്നൊക്കെ അഭിപ്രായം പറയുന്ന ധാരാളം ആളുകളുണ്ട്. അവരോടുള്ള മറുപടി ഇങ്ങനെയാണ്. ഗർഭധാരണവും മക്കളെ വളർത്തലുമൊന്നും ഒരു സ്ത്രീയുടെയും സ്വപ്നങ്ങളെ തകർക്കുന്നില്ല. ഇന്ന് ലോകത്തിൻ്റെ ഉയരങ്ങളിൽ നിൽക്കുന്ന സ്ത്രീകളിൽ സിംഹഭാഗവും അവിടെയൊക്കെ എത്തിപ്പെട്ടത് കുഞ്ഞുങ്ങളെ ജനിപ്പിക്കുകയും വളർത്തുകയും ചെയ്യുന്നതിന്റെ ഇടയിൽ തന്നെയാണ്. നൂറുകണക്കിന് ഉദാഹരണങ്ങൾ നമുക്ക് ചുറ്റുപാടും ചൂണ്ടിക്കാണിക്കാനുണ്ട്. അതുമാത്രമല്ല കുഞ്ഞുങ്ങളെ ഗർഭംധരിക്കാനും ജനിപ്പിക്കാനും അവരെ വളർത്താനും ഉള്ള കഴിവുകൾ ദൈവം സ്ത്രീകൾക്കുമാത്രം കൊടുത്തിട്ടുള്ള കഴിവുകളാണ്. ഇതിനെ ഒരു ഭാരമായി കാണാതെ ദൈവത്തിന്റെ ദാനമായി കാണാൻ കഴിയുമ്പോൾ ഇതിൽ വലിയ സന്തോഷം കണ്ടെത്താൻ കഴിയുന്നവരാണ് നമുക്ക് ചുറ്റുമുള്ള എല്ലാ അമ്മമാരും തന്നെ. ഇവിടെ സാറായുടെ തീരുമാനം തീര്‍ച്ചയായും തെറ്റാകുന്നത്, സാറ ജീവിതത്തിലെ ലൗകികമായ ചില താല്‍പര്യങ്ങള്‍ക്കുവേണ്ടി അതിനേക്കാള്‍ എത്രയോ മൂല്യമുള്ള ഒരു ജീവനെ ബലികൊടുത്തു എന്നതുകൊണ്ടാണ്. തീര്‍ച്ചയായും സാറായുടെ ജീവിതത്തെയും വ്യക്തിപരമായ ഇഷ്ടങ്ങളെയും സ്വാതന്ത്ര്യത്തെയും വിലകുറച്ചു കാണുകയല്ല, മറിച്ച് ഇവയൊക്കെയും ജീവൻ്റെ മൂല്യവുമായി തട്ടിച്ചുനോക്കുമ്പോള്‍ തുലോം ചെറുതാണെന്ന് വ്യക്തമാക്കുകയാണ് ചെയ്യുന്നത്. സാറായുടെ തീരുമാനം ശരിവയ്ക്കുന്ന ആളുകള്‍ ചോദിക്കുന്ന മറ്റൊരു ചോദ്യം നിയമം ഇത് അനുവദിക്കുന്നുണ്ട്. പിന്നെ എതിര്‍ക്കാന്‍ നിങ്ങള്‍ക്കെന്തവകാശം? എന്നാണ്. അങ്ങനെ ചോദിക്കുന്നവര്‍ ചിന്തിക്കേണ്ട ഒരു വസ്തുതയുണ്ട്. നിയമം നല്‍കുന്നത് ഒരു സാധ്യതയാണ്. അതുപയോഗപ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഓരോ വ്യക്തിയുടെയും ധാര്‍മിക നിലവാരമാണ്. നിയമസാധുതയെന്നത് എപ്പോഴും ധാര്‍മ്മികമായി ശരിയായി ക്കൊള്ളണമെന്നില്ല എന്നും നാം ഓര്‍ക്കണം. നിയമപരമായി കുഞ്ഞിനെ നശിപ്പിക്കാൻ അവകാശമുണ്ടായിരുന്നിട്ടും മിമ്മി അതു ചെയ്യാതിരുന്നത് ആ ധാർമ്മിക ബോധ്യം കൊണ്ടാണ്. 

ജീവൻ്റെ മൂല്യം
മനുഷ്യജീവനെപ്പറ്റി വളരെ വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉള്ളവരാണ് ഇന്നത്തെ സമൂഹം. എന്നാൽ കത്തോലിക്കാ സഭയ്ക്കാകട്ടെ ജീവനെക്കുറിച്ച് വ്യക്തമായ ഒരു കാഴ്ചപ്പാടുണ്ട്. സഭ പഠിപ്പിക്കുന്നത് മനുഷ്യ ജീവന്‍ എന്നത് ഏറ്റവും അടിസ്ഥാനപരമായ ഒരു മൂല്യമാണ് എന്നാണ്. സഭയുടെ എക്കാലത്തെയും നിലപാട് ജീവനുവേണ്ടി എപ്പോഴും നിലകൊള്ളുക എന്നതാണ്. കാരണം ഓരോ മനുഷ്യജീവനും ദൈവത്തിൻ്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെടുന്ന വ്യക്തികളാണ്. അതുകൊണ്ടു തന്നെ ഓരോ മനുഷ്യ ജീവനും ജീവൻ്റെ ആരംഭം മുതല്‍ സ്വാഭാവികമായ അന്ത്യം വരെ സംരക്ഷിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും മൂല്യമുള്ളതായി കണക്കാക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. അമ്മയുടെ ഉദരത്തില്‍ ഒരു ഭ്രൂണമായി രൂപപ്പെടുന്നതുമുതല്‍ അതിന് പുതിയൊരു ജീവന്‍ എന്ന എല്ലാവിധ അവകാശങ്ങളുമുണ്ട്. ഒരു ഭ്രൂണത്തിന്റെ ആരംഭം മുതലുള്ള അതിൻ്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളെ പഠിക്കുന്നവര്‍ക്ക് (embryology) ആ കുഞ്ഞിന്റെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ആരംഭനിമിഷങ്ങള്‍ മുതലേ സജ്ജമാകുന്നു എന്നു മനസിലാക്കാന്‍ സാധിക്കും.
1983 വരെ ഡോക്ടർമാർ എടുത്തിരുന്ന ഹിപ്പോക്രാറ്റിക് ഓത്തിൽ ഒരു വാക്യമുണ്ടായിരുന്നു: "ജീവനെ അതിൻ്റെ ഗർഭധാരണത്തിൻ്റെ സമയം മുതൽ ഞാൻ ഏറ്റവും വിലയുള്ളതായി കല്പിക്കും" എന്നായിരുന്നു അത്. എന്നാൽ പിന്നീടത് "ജീവൻ്റെ ആരംഭം മുതൽ" എന്നും, ഇപ്പോൾ "ജീവനെ" എന്നുമാക്കി തിരുത്തിയിട്ടുണ്ട്. ധാർമ്മികതയുടെ പിന്നോട്ടുള്ള വളർച്ചയുടെ ഉദാഹരണങ്ങളായേ ഇത്തരത്തിലുള്ള പരിഷ്കാരങ്ങളെ കാണാനാവൂ. എന്നാൽ ഇക്കാലത്തും മിമ്മിയെപ്പോലെ ചിന്തിക്കുന്ന മനുഷ്യർ ഉണ്ടെന്നത് ശുഭസൂചകമാണു താനും.
“ഇതൊക്കെ സിനിമകളല്ലേ? ഈ സിനിമകളുടെ നിലപാടുകളെ നിലപാടുകളെ ഇത്രയൊക്കെ ചര്‍ച്ച ചെയ്യേണ്ടതുണ്ടോ?’’ എന്നൊക്കെ ചോദിക്കുന്നവരുണ്ട്. സിനിമയെന്നത് ജനമനസുകളെ വളരെയധികം സ്വാധീനിക്കുന്ന ഒരു മാധ്യമം തന്നെയാണ്. അതുകൊണ്ടു തന്നെ സമൂഹത്തിന്റെ മനസാക്ഷി രൂപീകരണത്തില്‍ സിനിമകളിലൂടെ മുന്നോട്ടുവയ്ക്കപ്പെടുന്ന ആശയങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ട്. എന്തിനുമേതിനും വേണ്ടി വലിച്ചെറിയാനും നശിപ്പിക്കാനും മാത്രം മൂല്യമില്ലാത്തതാണ് ഒരു ഗര്‍ഭസ്ഥ ശിശുവിന്റെ ജീവനെന്ന പ്രതിലോമകരമായ ആശയം സമൂഹത്തില്‍ വളര്‍ത്താന്‍ സാറാസ് കാരണമാകും എന്നതുകൊണ്ടു തന്നെ സാറാസ് മുന്നോട്ടു വയ്ക്കുന്ന നിലപാടുകള്‍ വിമര്‍ശിക്കപ്പെടേണ്ടതും എതിര്‍ക്കപ്പെടേണ്ടതുമാണ്. എന്നാൽ ജീവനെന്നത് അമൂല്യമാണെന്നും ഏതു സാഹചര്യത്തിലും അവസ്ഥയിലും അത് ബഹുമാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യണമെന്ന മിമ്മി മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുകയും പ്രഘോഷിക്കപ്പെടുകയും ചെയ്യേണ്ടതുമാണ്. 
മനുഷ്യ ജീവൻ്റെ ഉറവിടം ദൈവമാണ് (സങ്കീ. 16: 5). ജോൺപോൾ രണ്ടാമൻ മാർപാപ്പ പറയുന്നത് ജീവനിലും മരണത്തിലും അവൻ അത്യുന്നതൻ്റെ ഹിതത്തിന് സ്നേഹപൂർണമായി സമർപ്പിക്കണം എന്നാണ് (ജീവൻ്റെ സുവിശേഷം 38, 46).  ദൈവം മാത്രമാണ് ജീവൻ്റെ നാഥൻ. അതുകൊണ്ട് മനുഷ്യജീവനെ ലംഘിക്കുക എന്നത് പ്രത്യേകമായ രീതിയിൽ ഗൗരവമായ തിന്മയാണ്. എല്ലാവർക്കും ഒരുപോലെ ജീവിക്കുവാനുള്ള അവകാശം ഉണ്ട്. മറ്റുള്ള എല്ലാവരെയും പോലെ ഗർഭപാത്രത്തിലുള്ള നിഷ്കളങ്കരായ മനുഷ്യ ഭ്രൂണങ്ങൾക്കും ജീവിക്കാനുള്ള അവകാശം തുല്യമാണ് (ജീവൻ്റെ സുവിശേഷം 57). മനുഷ്യ വ്യക്തിയുടെ അലംഘ്യങ്ങളായ അവകാശങ്ങൾ സംരക്ഷിക്കു കയും അവൻറെ കടമകളുടെ നിർവഹണം സുഗമമാക്കുകയും ചെയ്യുക എന്നത് ഓരോ പൊതു അധികാരിയുടെയും പ്രധാന ധർമ്മമാണ്. നിരപരാധിയായ ഓരോ മനുഷ്യനെയും ജീവിക്കാനുള്ള അവകാശം സംരക്ഷിക്കേണ്ടത് രാഷ്ട്ര സമൂഹമാണ് (CCC 2275). തീർച്ചയായും ഓരോ മനുഷ്യ ജീവനെയും ബഹുമാനിക്കുക, സംരക്ഷിക്കുക, സ്നേഹിക്കുക, ശുശ്രൂഷിക്കുക, എന്നതാണ് നമ്മുടെ ഉത്തരവാദിത്വം. സ്വജീവനെയും മറ്റുള്ളവരുടെ ജീവനെയും സംരക്ഷിക്കാൻ നമുക്ക് ഉത്തരവാദിത്വമുണ്ട്. അതുകൊണ്ടു തന്നെ, മനുഷ്യനെ തിന്മ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന MTP Act പോലെയുള്ള കരിനിയമങ്ങൾ ചോദ്യം ചെയ്യപ്പെടേണ്ടതുമുണ്ട്.  'ഞാൻ എൻ്റെ സഹോദരൻ്റെ കാവൽക്കാരനാണോ' എന്ന കായേൻ്റെ മനോഭാവം മാറ്റി, അനുകമ്പാർദ്രമായ ഉത്തരവാദിത്വത്തോടെ  മറ്റൊരു ജീവനെ കാണാൻ നമുക്ക് കഴിയണം.

******************************************************

Published in DEEPIKA Daily, on 10th August 2021




No comments:

Post a Comment

You are Welcome to Comment